സർവകലാശാലാ സംശയങ്ങൾ
Sunday, August 31, 2025 11:43 PM IST
അടുത്ത കാലത്തായി രാജ്യത്തെ പല സർവകലാശാലകളും ഹിന്ദു റിലിജിയനിൽ ബിരുദവും ബിരുദാനന്തര പ്രോഗ്രാമുകളും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏതൊക്കെ സർവകലാശാലകളാണ് ഈ വിധത്തിൽ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്?
വിനീത് നമ്പൂതിരി, ഏറ്റുമാനൂർ
ഹിന്ദു റിലിജിനുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ രാജ്യത്തെ പല സർവകലാശാലകളും അടുത്തകാലത്ത് ഓഫർ ചെയ്യുന്നുണ്ട്. പ്രധാനമായും താഴെപ്പറയുന്ന സർവകലാശാലകളാണ് ഈ പ്രോഗ്രാം ഓഫർ ചെയ്യുന്നത്.
ബിഹാറിലെ നളന്ദ സർവകലാശാലയുടെ സ്കൂൾ ബുദ്ധ സ്റ്റഡീസ്, ഫിലോസഫി ആൻഡ് കംപാരിറ്റീവ് റിലിജിയൻസ് എന്ന ഡിപ്പാർട്ട്മെന്റിനു കീഴിൽ മാസ്റ്റേഴ്സ് ഇൻ സനാതന ഹിന്ദു സ്റ്റഡീസ് എന്ന ബിരുദാനന്തര പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്. 55 ശതമാനം മാർക്കോടെ അല്ലെങ്കിൽ 2.2/4.0 ജിപിഎഓടെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദം നേടിയിട്ടുള്ള പഠിതാക്കൾക്ക് ഈ പ്രോഗ്രാമിന് അപേക്ഷിക്കാം.
പ്രോഗ്രാം പൂർണമായും ഇംഗ്ലീഷിലായതിനാൽ പഠിതാവിന് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കേഷനുണ്ടായിരിക്കണം.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അടുത്തകാലത്ത് പ്രോഗ്രാം ഇൻ ഹിന്ദു ധർമ എന്ന പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലയുടെ ഭാരത് അധ്യായൻ കേന്ദ്ര എന്ന സെന്ററാണ് ഈ പ്രോഗ്രാം നടത്തുന്നത്. ഈ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കുക എന്നതാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ബറോഡയിലെ ദ് മഹാരാജ് സായ്ജി റാവു യൂണിവേഴ്സിറ്റി ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഹിന്ദു സ്റ്റഡീസിൽ പ്രോഗ്രാമുകൾ നടത്തുന്നുണ്. ബിരുദതലത്തിൽ പന്ത്രണ്ടാം ക്ലാസും ബിരുദാനന്തരതലത്തിൽ ഏതെങ്കിലും ഒരു ബ്രാഞ്ചിൽ ബിരുദവുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഓഫർ ചെയ്യുന്ന എംഎ ഇൻ ഹിന്ദു സ്റ്റഡീസ് പ്രോഗ്രാമിൽ ചേരുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ സർവകലാശാലയുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് ([email protected])