സർവകലാശാലാ സംശയങ്ങൾ
Monday, September 8, 2025 12:01 AM IST
മൈക്രോബയോളജി പഠനം ഏതെല്ലാം മേഖലകളിലാണ് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നത്?
അനന്തു അഭിലാഷ്, ചങ്ങനാശേരി.
മൈക്രോബയോളജി പഠനം ലൈഫ് സയന്‍സ് സബ്ജക്ടുകളില്‍ കൂടുതല്‍ ഡിമാന്‍ഡ് കാണിക്കുന്ന ഒന്നാണ്. ബയോ ടെക്നോളജി, മൈക്രോബയോളജി, മോളിക്കുളര്‍ സയന്‍സ് മുതലായ മേഖലകളാണ് ലൈഫ് സയന്‍സില്‍ തൊഴിലവസരങ്ങള്‍ തുറക്കുന്ന പഠന മേഖലകള്‍.
എംഎസ്സി മൈക്രോബയോളജി കഴിയുന്നതു മുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലയെക്കുറിച്ചാണ് പ്രധാനമായും ഇവിടെ പരാമര്‍ശിക്കുന്നത്.ചില തൊഴിലുകള്‍ക്ക് യോഗ്യത ഉള്ളവരാകാന്‍ എംഎസ് സി മൈക്രോബയോളജിക്ക് പുറമേ ചില ആഡോണ് പ്രോഗ്രാമുകള്‍കൂടി പൂര്‍ത്തീകരിക്കുന്നവര്‍ക്കാണ് തൊഴില്‍ സാധ്യത കൂടുതല്‍.
1. ഫാര്‍മസ്യൂട്ടിക്കല്‍/ ആരോഗ്യരംഗങ്ങള്‍
മൈക്രോബയോളജിസ്റ്റുകള്ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന മേഖല ഈ മേഖലയിലെ തൊഴിലുകള്‍ താഴെ സൂചിപ്പിക്കുന്നവയാണ്.
ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റ്
ആശുപത്രികളിലും ചെറുതും വലുതുമായ ക്ലിനിക്കുകളിലും ഡയഗ്നോസ്റ്റിക് ലാബുകളിലും രോഗനിര്ണയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍ ഏതൊക്കെയാണ് എന്നു മനസിലാക്കുക, ആ രോഗം ഭേദമാക്കുന്നതിനുള്ള ചികിത്സ നല്‍കുന്നതിന് സഹായിക്കുക എന്നീ ജോബ് റോളാണ് ക്ലിനിക്കല്‍ മൈക്രോബയോജസ്റ്റിനുള്ളത്.
ക്വാളിറ്റി കണ്ട്രോള്/ ക്വാളിറ്റി അഷ്വറന്‍സ്
മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ മരുന്നുകള്‍, വാക്സിനുകള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തില്‍ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമില്ലെന്ന് പരിശോധിച്ചു കണ്ടെത്തി ഉറപ്പുവരുത്തുക. അസംസ്കൃത വസ്തുക്കള്‍ മുതല്‍ ഫൈനല്‍ പ്രോഡക്റ്റ് വരെ സൂക്ഷ്മമായി പരിശോധിച്ചു സര്‍ട്ടിഫൈ ചെയ്യുക എന്നത് ഇവരുടെ ഉത്തരവാദിത്തമാണ്.
റിസര്‍ച്ച് & ഡെവലപ്മെന്റ് സയന്റിസ്റ്റ്
മുകളില്‍ സൂചിപ്പിച്ച ജോലികളില്‍നിന്ന് ഭിന്നമായി ഫാര്‍മസ്യൂട്ടികൽ ഉത്പാദനം കൂടുതല്‍ നടക്കുന്ന കമ്പനികളില്‍ പുതിയ മരുന്നുകള്‍, വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നു.
2. ഭക്ഷ്യപാനീയ വ്യവസായം
മേഖലകളില്‍ മൈക്രോബയോളജിസ്റ്റുകള്ക്ക് കരിയര്‍ സാധ്യത ഏറെയുണ്ട്. പാക്ക് ചെയ്തും ബോട്ടിലിംഗ് നടത്തി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണ, പാനീയങ്ങള്‍ നിര്മിക്കപ്പെടുമ്പോഴും വിതരണം ചെയ്യുമ്പോഴും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ മൈക്രോബയോളജിസ്റ്റ് സേവനം വളരെയേറെ ആവശ്യമുള്ളതാണ്.
ഫുഡ് മൈക്രോബയോളജിസ്റ്റ്
ഭക്ഷണപാനീയ ഉത്പാദന മേഖലയില്‍ ഫുഡ് മൈക്രോബയോളജിസ്റ്റുകളുടെ ജോലി പാക്ക് ചെയ്യപ്പെട്ട ഭക്ഷ്യ ഉത്്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ രോഗം പരത്താന്‍ സാധ്യതയുള്ള സൂക്ഷ്മാണുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ്. കൂടാതെ, ഇതുമൂലം സംഭവിക്കാന്‍ സാധ്യതയുള്ള ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നതിലേക്കും മൈക്രോബയോളജിസ്റ്റുകളെ ആവശ്യമുണ്ട്.
ക്വാളിറ്റി കണ്ട്രോള്/അഷ്വറന്
സ് ഓഫീസര്‍: ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നു.
ഡയറി, ബ്രൂവറി ഇന്ഡസ്ട്രികള്:പാല് ഉത്പന്നങ്ങള്‍, ബിയര്‍, വൈന്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ സൂക്ഷ്മാണുക്കളുടെ പങ്കാളിത്തം അനിവാര്യമാണ്. ഈ പ്രക്രിയകള്‍ നിയന്ത്രിക്കുന്നതും ഗുണനിലവാരം ഉറപ്പാക്കുന്നതും ഇവരുടെ ഉത്തരവാദിത്വമാണ്.
3. പരിസ്ഥിതി മേഖല എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജിസ്റ്റ്
ജലം, മണ്ണ്, വായു എന്നിവിടങ്ങളിലെ സൂക്ഷ്മാണുക്കളെക്കുറിച്ച് പഠിക്കുകയും മലിനീകരണ നിയന്ത്രണത്തിനും മാലിന്യ സംസ്കരണത്തിനും സഹായിക്കുകയും ചെയ്യുന്നതിനാവശ്യമായ നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുക.
വാട്ടര്‍ ക്വാളിറ്റി അനലിസ്റ്റ്
കുടിവെള്ളത്തിന്റെയും മറ്റ് ജലസ്രോതസുകളുടെയും ഗുണനിലവാരം പരിശോധിച്ച് രോഗാണുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലും വാട്ടര്‍ അഥോറിറ്റികളിലും അവസരങ്ങളുണ്ട്.
4. കാര്‍ഷിക രംഗം
അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജിസ്റ്റുകള്ക്ക് കാര്‍ഷിക മേഖലയില്‍ വളരെ മികച്ച തൊഴിലവരമുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന സൂക്ഷ്മാണുക്കളെക്കുറിച്ച് പഠിക്കുന്നത്തിനും ആ വിധത്തിലുള്ള ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവ വികസിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെടുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴിലവസരങ്ങള്‍ ലഭിക്കുന്നു.
പ്ലാന്റ് പാത്തോളജിസ്റ്റ്
സസ്യങ്ങള്‍ക്ക് രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ കണ്ടെത്തി പ്രതിവിധികള്‍ നിര്‍ദേശിക്കുക എന്നതാണ് ഒരു പ്ലാന്റ് പത്തോളജിസ്റ്റിന്റെ ജോബ് റോള്‍.
5. ഗവേഷണവും അധ്യാപനവും
മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം ഗവേഷണ രംഗത്തേക്ക് തിരിയാം. പഠിതാക്കള്‍ ഗവേഷണത്തിനായി ദേശീയതലത്തില്‍ നടത്തുന്ന CSIRUGC NET, ICMRJRF, DBTBET, GATE പോലുള്ള യോഗ്യതാ പരീക്ഷകള്‍ വിജയിച്ച് ICMR, CSIR ലാബുകള്‍, ICAR, IISc, എന്നിവിടങ്ങളില്‍ ജൂണിയര്‍/സീനിയര്‍ റിസര്‍ച്ച് ഫെലോ ആയി ഗവേഷണം ആരംഭിക്കണം .
അധ്യാപകന്/ അസിസ്റ്റന്റ് പ്രഫസര്‍ എന്നീ ജോലികള്‍ക്ക് മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം നെറ്റ് യോഗ്യത കൂടി നേടി കോളജുകളിലും സര്‍വകലാശാലകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍, ടെക്നിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകള്‍ മൈക്രോബയോളജിയില്‍ ബിരുദാനന്തര യോഗ്യതകള്‍ ഉള്ളവര്‍ക്കു തൊഴിലവസരം തുറക്കുന്നു. കൂടാതെ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനില്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍, സയന്റിഫിക് ഓഫീസര്‍ തസ്തികകളില്‍ ജോലി ലഭിക്കാം.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്് ഓര്‍ഗനൈസേഷനില്‍ വിവിധ തൊഴിലുകളില്‍ പ്രവേശിക്കാന്‍ കഴിയും. രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലെ വ്യത്യസ്തതകളില്‍ തൊഴില്‍ ലഭിക്കാം.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
([email protected])