രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്: വെബ്പോർട്ടൽ നിലവിൽവന്നു
Saturday, September 13, 2025 12:20 AM IST
തിരുവനന്തപുരം: പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ് പോർട്ടൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ (rpscholarship. norkaroots .kerala.gov.in) പ്രകാശനം ചെയ്തു. പദ്ധതിയിലെ ആദ്യ ബാച്ചിലേക്കു വിദ്യാർഥികൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് 30നകം അപേക്ഷ നൽകാം.
ഹയർസെക്കൻഡറി തലത്തിൽ സ്റ്റേറ്റ് സിലബസിൽ 950 പേർക്കും സിബിഎസ്ഇയിൽ 100 പേർക്കും ഐസിഎസ്ഇയിൽ 50 ഉൾപ്പെടെ 1100 വിദ്യാർഥികൾക്ക് 50,000 രൂപയുടെയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ (ഒന്നേകാൽ ലക്ഷം രൂപ വിതം) 200 വീതം വിദ്യാർഥികൾക്കും ഉൾപ്പെടെ 1,500 പേർക്കാണ് ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കുക.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ വിദേശ രാജ്യത്തുള്ള പ്രവാസി കേരളീയരുടെ (പ്രവാസി ഐഡി കാർഡ് നിർബന്ധം) മക്കൾക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും നീക്കിവച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ പ്ലസ് വണ്‍ പഠിക്കുന്നവർക്കും, ബിരുദ വിഭാഗത്തിൽ ഒന്നാം വർഷത്തെയും രണ്ടാം വർഷ വിദ്യാർഥികൾക്കുമാണ് അപേക്ഷ നൽകാൻ കഴിയുക. പിജി സ്കോളർഷിപ്പിലേക്ക് രണ്ടാം വർഷ വിദ്യാർഥികൾക്കു മാത്രമേ (റെഗുലർ മോഡ്) അപേക്ഷ നൽകാനാകൂ.
മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവർക്കുമാകും സ്കോളർഷിപ്പിന് അർഹത.