ലേപനങ്ങൾ ചർമഭംഗി കൂട്ടുമോ?
deepika helth
Thursday, March 23, 2023 6:23 PM IST
ആസിഡുകള്‍, ആല്‍ക്കലികള്‍, തണുപ്പ്, ചൂട്, കാറ്റ്, വരള്‍ച്ച ഇവയില്‍ നിന്നൊക്കെ ചര്‍മത്തെ രക്ഷിക്കാനുള്ള ക്രീമുകള്‍ കുറെയൊക്കെ ഫലപ്രദമാണ്. കലാമിന് അടങ്ങിയ ലേപനങ്ങളും ലോഷനുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.
പോഷണം (Nutrition)
ചര്‍മകോശങ്ങള്‍ക്ക് പോഷകങ്ങള്‍ കിട്ടുന്നത്, തൊലിക്ക് താഴെയുള്ള രക്ത ധമനികളില്‍ നിന്നാണ്. അതുകൊണ്ട്, നഖത്തിലും മുടിയിലും തൊലിയിലും പുരട്ടുന്ന ലേപനങ്ങള്‍ കൊണ്ട് അവ പുഷ്ടിപ്പെടുമെന്ന അവകാശവാദം ശരിയാണെന്ന് തോന്നുന്നില്ല. പെല്ലാഗ്ര (Pellagra) പോലെയുള്ള വിറ്റാമിന്‍ കുറവുണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ക്ക് അവ ഫലപ്രദമായേക്കാം. ആഹാരത്തില്‍ ആ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് അസുഖത്തിന് ശമനമുണ്ടാകും.
തൊലിയുടെ ഏറ്റവും പുറത്തുള്ള പാളിയും നഖവും മുടിയുമെല്ലാം മൃതകോശങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട്, അമിനോ ആസിഡ്, കൊളാജന്‍, ഇലാസ്റ്റിന്, ന്യൂക്ലിക് ആസിഡ് തുടങ്ങിയവ പുരട്ടി ചര്‍മ ഭംഗി കൂട്ടുമെന്നുള്ള പരസ്യ കോലാഹലങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനാവില്ല. ചിലപ്പോള്‍ ത്വക്കിന്റെ ബാഹ്യഭംഗിയില്‍ വ്യത്യാസം വന്നേക്കാം. അത് താല്‍ക്കാലികം മാത്രമാണ്.
ഫേഷ്യലുകള്‍ (Facials)
സോപ്പിനു പകരം, ക്ലെന്‍സിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമുള്ളതായി തോന്നുന്നില്ല.
* അധികം ക്ഷാരമില്ലാത്ത സോപ്പുപയോഗിക്കുന്നത് ഒട്ടും ഹാനികരമല്ല. ചിലര്‍ക്ക് ഈ ക്ലെന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുന്നത് മുഖക്കുരു കൂടുതലാകാന്‍ ഇടയാകുന്നുണ്ട്.
* പക്ഷേ, അധികം തവണ മുഖം സോപ്പിട്ടു കഴുകുന്നത്, മുഖത്ത് വരള്‍ച്ച കൂടുതലാകാന്‍ സാധ്യതയുണ്ട്. മൂന്നോ നാലോ തവണയേ മുഖം കഴുകേണ്ട കാര്യമുള്ളൂ - സാധാരണ ചര്‍മ്മത്തിന്; എന്നാല്‍ എണ്ണമയമുള്ള ത്വക്കിന്, അതില്‍ കൂടുതല്‍ തവണ കഴുകേണ്ടിവരും; മൃദു സോപ്പ് ഉപയോഗിച്ച് കൈകളും മുഖവും കഴുകുന്നതു കൊണ്ട് വലിയ ദോഷങ്ങള്‍ ഉണ്ടാകാനിടയില്ല.
തൊലിയുടെ പിഎച്ച് മൂല്യം 6.8 ആണ്, അതുകൊണ്ട് ഇതിനോട് അടുത്ത പിഎച്ച് ഉള്ള സോപ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. എന്നാല്‍, പിഎച്ച് ബാലൻസ്ഡ്(‘pH balanced') എന്ന വാദവുമായി വരുന്ന സൗന്ദര്യവര്‍ധക സാധനങ്ങള്‍ക്ക് സാധാരണ സോപ്പിനേക്കാള്‍ മേന്മയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമില്ല. അധിക ക്ഷാരഗുണവും ആസിഡ് ഗുണവുമുള്ള സോപ്പുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. (തുടരും)
വിവരങ്ങൾ: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.