ഓർമകൾ ഉണ്ടായിരിക്കണം.. പോലീസ് കസ്റ്റഡി മർദനങ്ങൾ തുടരുമ്പോൾ
ഋഷി
Thursday, September 18, 2025 3:46 PM IST
രാജൻ ഒരു അവസാനമല്ല ഓർമപ്പെടുത്തലാണ്, ഇവിടെ സിസ്റ്റം ഇങ്ങനെയൊക്കെയാണ് എന്ന്. ഓർമപ്പെടുത്തൽ. അധികാരവും അഹന്തയും ഒരു ഭാഗത്തു തിളച്ചു മറിയുമ്പോൾ സാധാരണക്കാരൻ നീതി തേടി കോടതി മുറികൾ കയറി ഇറങ്ങുന്ന അവസ്ഥ.
ചോദ്യം ചോദിക്കുന്നവനെ നിശബ്ദരാക്കുന്ന സിസ്റ്റം. പക്ഷേ ഈ സിസ്റ്റത്തിനെതിരേ പോരാടിയ ഒരച്ഛനുണ്ട്. ആ അച്ഛന് നഷ്ടപ്പെട്ട മകനുണ്ട്.. കാലമെത്ര കഴിഞ്ഞാലും കേരളത്തിന്റെ മനുഷ്യത്വം നഷ്ടപ്പെടാത്ത മനസുകളിൽ തീരാ നോവാണ് രാജനും അച്ഛൻ ഈച്ചര വാര്യരും.
കേരളം പോലീസ് കസ്റ്റഡി മർദനങ്ങളുടെ പുതിയ കഥകൾ കേട്ടുണരുമ്പോൾ കേരളത്തിന്, പ്രത്യേകിച്ച് തൃശൂരിന് മറക്കാനാകില്ല രാജൻ എന്ന ചെറുപ്പക്കാരനെയും നീതി തേടി വർഷങ്ങൾ കോടതി കയറിയിറങ്ങി വ്യവഹാരം നടത്തിയ രാജന്റെ അച്ഛൻ ഈച്ചര വാര്യരെയും.
ഓരോ അടിയന്തരാവസ്ഥ ദിനം വരുമ്പോഴും അടിയന്തരാവസ്ഥയുടെ ഭീകരതയുടെ പ്രതീകമായി രാജൻ കേസ് പലപ്പോഴും ഓർമിക്കപ്പെടാറുണ്ട്. ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന പോലീസ് കസ്റ്റഡി മർദനങ്ങളുടെ ഭീകരത വീണ്ടും രാജൻ കേസും ഈച്ചര വാര്യരുടെ പോരാട്ടവും ഓർമിപ്പിക്കുകയാണ്.
കോഴിക്കോട് റീജിയണൽ എഞ്ചിനീറിങ് കോളജിലെ (ഇന്നത്തെ എൻഐറ്റി) വിദ്യാർഥിയായിരുന്ന പി. രാജൻ വാര്യരെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നതോടെയാണ് ഏറെ കോളിളക്കവും വേദനയും നൊമ്പരവും സൃഷ്ടിച്ച രാജൻ കേസ് ആരംഭിക്കുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ആദ്യമായി കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഈ സംഭവത്തിൽ ആയിരുന്നുവെന്നതും ചരിത്രം. നക്സലുകളെ പിടിക്കുന്നതിനായി പ്രവർത്തിച്ചുവന്ന കക്കയം പോലീസ് ക്യാമ്പിൽ വച്ച് രാജൻ ക്രൂരമായ പോലീസ് മർദനത്തിന് ഇരയായി.
അടിയന്തരാവസ്ഥയ്ക്കു ശേഷം ഈ കേസിൽ കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനു മന്ത്രിസഭയൊഴിയേണ്ടി വന്നതും കേരള രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്ര സംഭവം.
ആരും അധികം കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകളിലും പറഞ്ഞു കേട്ടതിലും കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് കസ്റ്റഡി മർദനമാണ് രാജന് ഏൽക്കേണ്ടി വന്നത്. എസ്ഐ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ പലയിടത്തും പറഞ്ഞിട്ടുണ്ട്.
പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും, ബീരാൻ എന്ന പോലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട് ബീരാൻ എഴുന്നേറ്റുവെന്നും എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ മറ്റുള്ളവർ ഉരുട്ടൽ നിർത്തിയെന്നും സഹതടവുകാരൻ വെളിപ്പെടുത്തിയിരുന്നു.
പോലീസിന്റെ കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജന്റെ മൃതദേഹം എന്തു ചെയ്തു എന്നതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. രാജന്റെ മൃതദേഹം പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയെന്ന് പറയപ്പെടുന്നു.
രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, പഞ്ചസാരയിട്ട് പൂർണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിച്ചെന്നും ചിലർ പറയുന്നു.
രാജനെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽ കൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയും, മൃതദേഹം പുറത്തെടുത്ത് കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാകാം എന്ന വാദവും അടുത്തിടെ പുറത്തുവന്നിരുന്നു.
എന്തുതന്നെയായാലും മകന്റെ മരണകാരണവും മറ്റും അന്വേഷിച്ച പിതാവ് ഈച്ചര വാര്യർ നടത്തിയ നിയമ പോരാട്ടം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഇടംപിടിച്ചു.
എന്റെ മകനെ ഒരിക്കലും തിരിച്ചുകിട്ടില്ല എന്നെനിക്കറിയാം. എന്നാൽ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയതോന്നണം - എന്ന ഈച്ചര വാര്യരുടെ വാക്കുകൾ കേരളത്തിൽ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് പുളയുന്ന മക്കളുടെ അച്ഛൻമാർ ഓർക്കുന്നുണ്ട്.
കസ്റ്റഡി മർദ്ദനങ്ങളുടെ പുതിയ കഥകൾ ഓരോ ദിവസവും കേൾക്കുമ്പോൾ കേരളത്തിന്റേയും തൃശൂരിന്റേയും ഓർമകളിൽ രാജനും ഈച്ചര വാര്യരും മായാതെ ക്ലാവ് പിടിച്ചു നിൽക്കുകയാണ്.