തരംഗമായി ടോ റിങ്ങ്
Friday, September 18, 2015 4:19 AM IST
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്കിൽ തുടങ്ങി സ്വർണത്തിൽ വരെ തീർത്ത മിഞ്ചികളാണ് വിപണി കീഴടക്കിയിരിക്കുന്നത്.

‘അമ്മി മെതിച്ച് അരുന്ധതി മുഖം കണ്ട’ശേഷമാണു തമിഴ്നാട്ടുകാർ മിഞ്ചി അണിയുന്നത്. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിലെ വിശേഷാഭരണമാണിത്. പക്ഷേ നമ്മുടെ ടീനേജേഴ്സിന് മിഞ്ചി ഫാഷൻതന്നെയാണ്. വിവാഹത്തിനു മുമ്പും ശേഷവുമൊക്കെ ഇവർ മിഞ്ചി അണിയുന്നു. മൊട്ടലും മെട്ടി, ബിച്ചിയാ, ജോദാവി തുടങ്ങി മിഞ്ചിയുടെ നാമങ്ങൾ ഏറെയാണ്.

പരമ്പരാഗത മിഞ്ചികൾ സ്വർണത്തിലും വെള്ളിയിലും തീർത്തവയാണ്. പഴയകാലത്തെ മിഞ്ചികൾ വെള്ളിയിൽ മുത്തും ഞാത്തുമൊക്കെയായി കല്ലുകൾ പിടിപ്പിച്ച് വളരെ വലുപ്പമുള്ളവയായിരുന്നു. കാലം മാറിയപ്പോൾ മിഞ്ചിയിലും മാറ്റങ്ങൾ വന്നു. പ്ലാസ്റ്റിക്, സ്റ്റീൽ, അലൂമിനിയം, മെറ്റൽ, സ്റ്റോൺ എന്നിവയിൽ ഡിസൈൻ ചെയ്ത മിഞ്ചികളാണ് പെൺകൊടികളുടെ കാൽവിരലുകളെ ഇന്നു മനോഹരമാക്കുന്നത്.

സിംഗിൾ റിംഗ്, ഡബിൾ റിംഗ്, ഒറ്റക്കല്ലുള്ളവ, മൾട്ടി സ്റ്റോണിലുള്ളത്, പാദസരം ചേർന്നവ, തൊങ്ങലോടു കൂടിയത്... ഇങ്ങനെ പോകുന്നു മിഞ്ചി ഡിസൈൻസ്. സിംഗിൾ റിംഗിനും സിൽവർ നിറത്തിൽ ഒറ്റക്ക്ലിലുള്ളവയ്ക്കുമാണ് ഡിമാൻഡ്. സിംപിൾ മിഞ്ചികളോടാണു ടീനേജേഴ്സിനു പ്രിയമെങ്കിലും ആഘോഷവേളകളിൽ തിളങ്ങാൻ പാർട്ടിവെയർ മിഞ്ചികളും ലഭ്യമാണ്.


ഇവ വിരലുകളുടെ വണ്ണം അനുസരിച്ചു വലുപ്പം കൂട്ടിയും കുറച്ചും ഇടാനാവും. ചൂണ്ടുവിരലിൽ ധരിച്ചിരുന്ന മിഞ്ചികൾ ഇന്നു നടുവിരലിലേക്കു ചുവടുമാറി. പക്ഷേ ലേറ്റസ്റ്റ് ഫാഷൻ കാലിലെ എല്ലാ വിരലുകളിലും മിഞ്ചി അണിയുന്നതാണ്. ഇതിനായി കാലിലെ പത്തു വിരലുകളിലും അണിയാൻ കഴിയുന്ന പത്തു മിഞ്ചികളടങ്ങിയ സെറ്റും വിപണിയിലുണ്ട്. പ്ലാസ്റ്റിക്ക് മിഞ്ചികൾക്ക് 10 മുതൽ 80 രൂപ വരെയാണു വില. സിൽവർ കോട്ടിംഗ് ഉള്ളവ 25 രൂപ മുതൽ ലഭ്യമാണ്. ഡിസൈനർ മിഞ്ചികൾക്ക് 50 രൂപയിൽ കൂടുതൽ വില വരും.

<യ> – സീമ