ADVERTISEMENT
ADVERTISEMENT
13
Sunday
July 2025
4:42 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Back to Home
Tuesday, September 29, 2015 3:03 AM IST
X
ADVERTISEMENT
ഉരുള്‍
സമാധാനത്തിന്റെ, ആശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ജയദേവന് എന്നും എപ്പോഴും അമ്മ. അസ്വസ്ഥതകള്‍ ചിറകുവിരിച്ചു കൂര്‍ത്ത പല്ലും നഖവുമായി കൂട്ടമായി കടന്നാക്രമിക്കുമ്പോള്‍ അമ്മ അവയെ ആട്ടിയോടിച്ചു. അയാളുടെ നെറുകയില്‍ തലോടി, തലമുടിയിഴകളില്‍ അമ്മയുടെ ശുഷ്ക്കിച്ച കൈവിരലുകള്‍ ഓടിനടന്നു. അവിടെ സുരക്ഷിതത്വത്തിന്റെ ഒരു ശാന്തിമന്ത്രം അലയടിക്കുമായിരുന്നു. ആ സ്വര്‍ഗീയ നിമിഷങ്ങളില്‍ അമ്മയുടെ മടിയില്‍ തലവച്ചു പലപ്പോഴും അയാളുറങ്ങിയിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷങ്ങളെതേടി എത്ര തിരക്കായാലും എത്ര ദൂരത്തിലായാലും അയാള്‍ ഇന്നും ഇടയ്ക്കിടെ കുതിച്ചെത്തുമായിരുന്നു. സ്വസ്തി. മനസിലെ കളകള്‍ പാടെ പിഴുതെറിയുന്ന സമയം ആയിരിക്കും അത്. മനസിന്റെ ആഴങ്ങളിലെ കറുത്ത കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞിരിക്കും. തന്റെ സങ്കടങ്ങള്‍ എല്ലാം അയാള്‍ അമ്മയോട് പറയുമായിരുന്നു. അമ്മ അതെല്ലാം മൂളിക്കേള്‍ക്കും. അമ്മയുടെ മാന്ത്രിക സ്പര്‍ശമുള്ള തലോടലില്‍ അതെല്ലാം ഉരുകിയൊലിച്ചു പോകുന്നത് അയാളറിയുമായിരുന്നു. പലപ്പോഴും അയാള്‍ അമ്മയുടെ മടിയില്‍ തലവെച്ചു കൊച്ചു കുട്ടികളെപ്പോലെ കരയുകയും ചെയ്യുമായിരുന്നു. ഹൃദയാഴങ്ങളിലെ മുറിപ്പാടുകളില്‍ നിന്നും കിനിയുന്ന തന്റെ ദുഃഖഭാണ്ഡത്തിലെ വേദനകള്‍ പെയ്തൊഴിയുന്നത് വരെ. അമ്മ അയാളെ തടസപ്പെടുത്തിയിരുന്നുമില്ല. ഒടുവില്‍ ദുഃഖ ഭാണ്ഡത്തില്‍ ഒന്നും അവശേഷിപ്പിക്കാതെ അയാള്‍ തിരിച്ചു പോകും. അപ്പോഴും അമ്മ നിര്വികാരയായിരിക്കും. അത് തന്റെ സ്വാര്‍ഥതയാണെന്നു പലപ്പോഴും ജയദേവനും തോന്നിയിരുന്നു... തനിക്കു മാത്രമേ ഈ ലോകത്തില്‍ പ്രയാസങ്ങളുള്ളൊ.? പ്രായമായ ഈ അമ്മയ്ക്ക് കാണില്ലേ. അറിയില്ല. ചോദിക്കാറുമില്ല. അകെ അയാള്‍ക്ക് പറയാനുണ്ടായിരുന്നത് സ്വന്തം പ്രയാസങ്ങള്‍ മാത്രമായിരുന്നല്ലോ. അമ്മയെ വിട്ടു പോകുന്ന ഓരോ നിമിഷത്തിലും അയാള്‍ ഒരുപാട് വേദനിച്ചു. തിരക്കുകളില്‍ നിന്നും തിരക്കുകളിലുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കിട്ടുന്ന ഇടവേളകില്‍ അയാള്‍ അമ്മയുടെ അടുത്തേക്ക് പാഞ്ഞെത്തുകയായി. അയാള്‍ പിന്നെ അമ്മയുടെ കുഞ്ഞുജയയായി. അമ്മയുടെ മടിയില്‍ തലവച്ചു കിടക്കും. അമ്മ പതിയെ അയാളുടെ തലമുടിയിഴകളില്‍ കൈയ്യോടിക്കും. താരാട്ടു പാടും, പതിയെ തട്ടിയുറക്കുകയും ചെയ്യും. അവിടം ശാന്തിയാണ്. സമാധാനത്തിന്റെ പറുദീസയാണ്. അയാള്‍ എല്ലാ മാനസിക സംഘര്‍ഷങ്ങളും അവിടെ ഇറക്കി വയ്ക്കുകയയായി. കണ്ണുകള്‍ അടഞ്ഞുവരുന്നു. ജയദേവന് സമാധാനത്തോടെ ഉറങ്ങി. കുത്തിയൊലിക്കുന്ന മഴയായിരുന്നു പുറത്ത്. കൊടും തണുപ്പും. ""ഉടനെയൊന്നും തോരുന്ന ലക്ഷണമില്ല'. മണ്‍തറയിലെ കല്ലടുപ്പിന്റെ ചുവട്ടിലിരുന്നുതീ കാഞ്ഞു കൊണ്ട് അച്ഛന് പറഞ്ഞു. തെരുവപ്പുല്ല് മേഞ്ഞ പുരയായതു കൊണ്ട് മഴ തുള്ളികള്‍ വീടിനു പുറത്തു വീഴുന്നത് കേള്‍ക്കാനും കഴിയില്ല. പക്ഷെ, മുറ്റത്ത് മഴ ഊക്കോടെ വന്നു പതിക്കുന്നത് ശരിക്കറിയാനുമാകും. തുള്ളിക്കൊരു കുടം വെച്ച് ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ ശബ്ദം. ഒപ്പം നല്ല കാറ്റും. പുറത്ത് മരങ്ങള്‍ ആടിയുലയുന്നു. ഇപ്പോള്‍ ലോകം അവസാനിക്കുമെന്നൊരു തോന്നല്‍. വീഞ്ഞപ്പെട്ടിയുടെ പലകകള്‍ അടര്ത്തിയുണ്ടാക്കിയ കതകു പാളികള്‍ക്കു ജീവന് വെക്കുന്നത് കുഞ്ഞു ജയദേവന് ഭീതിയോടെ നോക്കി നിന്നു.. അമ്മ മഴയ്ക്ക് മുന്‍പേ പെറുക്കിക്കൂട്ടിയ കശുവണ്ടി ചുട്ടെടുത്തു പൊട്ടിക്കുന്ന തിരക്കിലാണ്. അമ്മയുടെ കൈകളില്‍ നിറയെ കശുവണ്ടിത്തോടിന്റെ കറുപ്പ് നിറം പടര്‍ന്നു. കശുവണ്ടിത്തോടിനകത്തെ വെളുത്ത രുചിയുള്ള കശുവണ്ടികള്‍. ജീവിതവും ഒരു തരത്തില്‍ അതുപോലെയല്ലേ എന്നവന് ഈയിടെയായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗക്കളത്തിനിടയിലൂടെയുള്ള ഒരു യാത്ര. അതാണ് ശരിക്കും ജീവിതം എന്നവന് തോന്നി. ഏതു കളത്തിലൂടെയാണ് മുന്‍പോട്ടു സഞ്ചരിക്കേണ്ടതെന്ന് അറിയാതെ നട്ടം തിരിയുന്ന അവസ്ഥ. കട്ടന്‍ കാപ്പിയോടൊപ്പം കശുവണ്ടി വറുത്തതും അമ്മ അവര്‍ക്കു കൊടുത്തു. ചേച്ചിമാര് കറുത്ത കരിമ്പടം പോലിരിക്കുന്ന പുതപ്പുകള്‍ വാരിചുറ്റി അടുപ്പിനു ചുറ്റിനും വന്നിരുന്നു. അവര്‍ തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു. മഴ തകര്‍ത്തു പെയ്യുകയാണ്. ഇടയ്ക്കെപ്പോഴോഅടുക്കളയുടെ മണ് തറയിലെ ഒരു കോണില്‍ നിന്നും ഉറവ പൊട്ടിയൊലിച്ചു. ഭൂമിയുടെ അടിത്തട്ടില്നിന്നുമുള്ള ഉറവ. അത് പടരാന്‍ തുടങ്ങി. അമ്മ തവി വെച്ച് ചെറിയ അലുമിനിയം പാത്രത്തില്‍ അത് കോരിയെടുക്കാന്‍ തുടങ്ങി. ഒരു കലമായി, അത് അമ്മ, കട്ടികുറഞ്ഞ വീഞ്ഞപ്പെട്ടിപ്പലക കൊണ്ടുണ്ടാക്കിയ കതകു തുറന്നു പുറത്തേയ്ക്ക് കളഞ്ഞു. രണ്ടു ...മൂന്ന്... കലങ്ങള്‍ നിറഞ്ഞു കൊണ്ടിരുന്നു. പുത്തനുറവകള്‍ രൂപം കൊണ്ട് കഴിഞ്ഞിരിക്കുന്നു. ഉറവകള്ക്ക് കനം വച്ച് തുടങ്ങി. മറ്റു കലങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്, വാശിയോടെ... ഇടയ്ക്കു തല തല്ലിക്കരയുന്ന കാറ്റും.... തേകി നിറക്കലുകള്. അത് മൂത്തേച്ചി ഏറ്റെടുത്തു. കയ്യില്‍ തവി വേറൊരു കലം. ""മഴ തോരണെ''- എന്ന് അമ്മ മുട്ടിപ്പായി പ്രാർഥിക്കുന്നതവന് കണ്ടു. മഴ കുറയുന്നില്ല, എന്ന് മാത്രവുമല്ല. പിന്നെയും ശക്തി കൂടിയും വരുന്നു. അരി മേടിക്കാന്‍ പോയ അമ്മാവനെയും കാണുന്നില്ല. അമ്മ ഇടയ്ക്കിടെ പുറത്തേക്കു നോക്കുന്നുണ്ട് ""അവന് ഇപ്പൊ എത്തിക്കോളും' അച്ഛന് വളരെ സാവധാനത്തില്‍ ഒരു ആശങ്കയുമില്ലാതെ പറഞ്ഞു. അമ്മയില്‍ ഒരാധി അവന് ദര്‍ശിച്ചു. ""ദൈവമേ തോട് നിറഞ്ഞു കാണും....''- വീണ്ടും അമ്മ ചെറിയ ഒരു മഴ പെയ്താല്‍ പോലും തോട് നിറഞ്ഞു കവിയുമായിരുന്നു. ഇതെത്ര ദിവസമായ മഴയാണ് . പുറത്തേക്കിറങ്ങാന്കൂടി കഴിയുന്നില്ല അരിയും കുറച്ചു സാധങ്ങളും കടം മേടിക്കാന്‍ ഒടുവില്‍ അമ്മാവന് ഇറങ്ങിതിരിച്ചതാണ്. അച്ഛന് കൈയില്‍ കെട്ടിയിരുന്ന പഴയ "എച്ച്എം ടി' വാച്ചു പരിശോധിക്കുന്നു. അതില്‍ ഒരു സൂചിയെ ഉണ്ടായിരുന്നുള്ളു. അത് നോക്കി അച്ഛന് സമയം പറഞ്ഞു. സമയം പോകുന്നത് പോലും അറിയുന്നുമുണ്ടായിരുന്നില്ല. അമ്മ റേഡിയോ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചു. പഴയ ബാറ്റെറിയായിരുന്നു ആ റേഡിയോയില്‍ ഉണ്ടായിരുന്നത്. തണുത്തു മരവിച്ച റേഡിയോയില്‍ നിന്നും അനക്കമൊന്നുമില്ല. അത് ചത്തിരുന്നു. അമ്മ റേഡിയോ അടുപ്പിനരികെക്കൊണ്ടു വച്ചു. റേഡിയോ ചൂട് പിടിച്ചു തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ റേഡിയോ വിറയാര്‍ന്ന സ്വരത്തില്‍ ചുമക്കാനും പൊട്ടനും ചീറ്റാനും ഒക്കെ തുടങ്ങി. റേഡിയോയ്ക്ക് ജീവന് വച്ച് തുടങ്ങിയിരിക്കുന്നു. ചത്ത റേഡിയോ അടുപ്പിനരികെ ചൂട് പിടിപ്പിച്ചാല്‍ ജീവന് വെക്കുമെന്നുള്ള സത്യം അവന് ആദ്യമായി മനസിലാവുകയായിരുന്നു. റേഡിയോയിലെ പ്രതാപന് വൈകിട്ടത്തെ വാര്‍ത്ത വായിക്കുന്നു. ഇരമ്പലോടെ... ഇടയ്ക്കു റേഡിയോ ശബ്ദം കാറ്റു പിടിച്ചെങ്ങോട്ടോ കൊണ്ട് പോകുന്നു. കറങ്ങി തിരിഞ്ഞു വരുന്നതിനിടയ്ക്ക് അല്‍പ്പം കേള്‍ക്കാം. അവ്യക്തത കൂടുതല്‍..... അപ്പോള്‍ കേട്ടു... കാലാവസ്ഥാ പ്രവചനവും.... മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന്.... "കടയില്‍ പോകാന്‍ പറ്റുന്നില്ല ...പിന്നല്ലേ കടലില്‍.'- ജയാദേവന് ഓര്‍ത്തു. അല്‍പ്പം മഴ ശമിച്ചു കഴിഞ്ഞപ്പോള്‍ കതകു തുറന്നു അമ്മ പുറത്തേക്കുനോക്കി... പുറത്ത് ഇരുട്ട് പരന്നിരുന്നു.... തോട് മുറിച്ചു കടന്നാലും ഇടവഴിയിലൂടെ കുറ്റാക്കുറ്റിരുട്ടത്ത് അമ്മാവന് എങ്ങനെ എത്തും. പഴയ കുട എടുത്തിട്ടുണ്ടായിരുന്നു എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛന് പ്ളാസ്റ്റിക് കവര്‍ തലേല് കൂടി ഇട്ടു. പിന്നെ മങ്ങിയ പ്രകാശമുള്ള ഡബിള്‍ ബാറ്ററി ടോര്‍ച്ചുമായി മുറ്റത്തിറങ്ങി നീട്ടി കൂകി വിളിച്ചു. ആ കൂവല്‍ അമ്മാവനുള്ളതാണ്. അത് കേട്ടു കഴിഞ്ഞാല്‍ അമ്മാവന് സമീപത്തെവിടെകിലുമുണ്ടെങ്കില് തിരികെ കൂവും. അപ്പോള്‍ പിന്നെ അന്വേഷിച്ചു പോകേണ്ട കാര്യമില്ല. പക്ഷെ, അച്ഛന്റെ കൂവല്‍ തന്നെ അടുത്ത മലയില്‍ തട്ടി തിരികെ പ്രതിധ്വനിച്ചു. അമ്മയുടെ മുഖം വാടി... അച്ഛന് രണ്ടു തവണ കൂടി കൂവി.... പ്രകമ്പങ്ങള്‍ മാത്രം.... പിന്നെ കനത്ത ഇരുട്ടിലേക്ക് അച്ഛന് ഇറങ്ങി ... പിന്നെ നടന്നകന്നു.... പെട്ടെന്നെന്തോ വലിയ ശബ്ദം... തറ ഇളകുന്നതുപോലെ .... ഭൂമി കുലുക്കമോ...? അകലെയെവിക്കെയോ നിന്ന് ആരുടെയൊക്കെയോ കൂവലുകള്‍ .... ഇരമ്പങ്ങള്‍ വീടിന്റെ ഒരു വശത്തുകൂടി മലയില്‍ നിന്നും ഒഴുകിയിറങ്ങി വന്ന മഴവെള്ളം ഇരമ്പിയാര്‍ത്ത് അച്ഛന് പോയ വഴിയേ കല്ലും മണ്ണുമായി കടന്നു പോയി. ജയദേവന് അച്ഛന് പോയ ഭാഗത്തേക്ക് ഒരാവേശത്തില്‍ ഇരുട്ടിനെ കീറി മുറിച്ചു കുതിച്ചു പാഞ്ഞു. തൊട്ടടുത്ത നിമിഷത്തില്‍ പിന്നില്‍ നിന്നിരുന്ന വീട്, ആരവത്തോടെ അലമുറയിട്ടുവരുന്ന ഇരുണ്ട ഉരുളിന്റെ കരാള ഹസ്തങ്ങള്‍ കവര്‍ന്നെടുത്തു. തന്റെ അരികിലൂടെ പാഞ്ഞു പോകുന്നതു ഒരു മിന്നലിന്റെ അല്പം നിമിഷത്തെ വെളിച്ചത്തില്‍ അവനറിഞ്ഞു. അവന്റെ തൊണ്ടയില്‍ ആര്‍ത്തനാദം കുരുങ്ങി . ചെളിയും മണ്ണും അവന്റെ മേല്‍ ശക്തിയായി തെറിച്ചു വീഴുന്നുണ്ടായിരുന്നു. വഴിയിലെ അഴുക്കലില് അവന് തെന്നി വീണു. മഴ വീണ്ടും ശക്തമായി. ഒരു കൊള്ളിയാന്‍ മിന്നിമറഞ്ഞു. വെളിച്ചത്തില്‍ അവന് കൃത്യമായിഅത് കണ്ടു. ചെളിവെള്ളത്തില്‍ അച്ഛന് കെട്ടിയിരുന്ന "ഒറ്റ സൂചിയിലോടുന്ന വാച്ച്'... ഹൃദയാഴങ്ങളില്‍ നിന്നും തികട്ടി വന്ന വേദന തൊണ്ടക്കുഴിയില്‍ കുരുങ്ങി ശ്വാസം മുട്ടി. അവന് ഉച്ചത്തില്‍ നിലവിളിച്ചു .......................... ജയദേവന് പാട്പെട്ട് കണ്ണുകള്‍ വലിച്ചു തുറന്നു. തന്നെ തലോടിയുറക്കിയ അമ്മയുടെ കൈകള്‍ തിരഞ്ഞു. തികഞ്ഞ നിശബ്ദതയില്‍ വൈദ്യുത വിളക്കിന്റെ പ്രകാശം മാത്രം. ആ വീടിന്റെ വലിയ വരാന്തയില്‍ നിന്നും അവന് പതിയെ എഴുന്നേറ്റു. പിന്നെ അകത്തേക്ക്. ചുവരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന അമ്മയുടെ ഛായാ ചിത്രത്തില്‍ ഇട്ടിരുന്ന പൂമാല കരിഞ്ഞിരിക്കുന്നു...! വലിയ തടി അലമാരയിലെ വലിപ്പ് തുറന്നു അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടിതുറന്നു. അതിനുള്ളില്‍ വിലപ്പെട്ട ആ സാധനം ഭദ്രമായപ്പോഴും ഉണ്ടായിരുന്നു. അതയാള്‍ നെഞ്ചോട് ചേര്‍ത്തു, അച്ഛന് കയ്യില്‍ കെട്ടിയിരുന്ന ആ പഴയ പഴയ തുരുമ്പെടുത്ത "ഒറ്റ സൂചിയുള്ള വാച്ച്'...! *
പൂന്തോട്ടത്ത് വിനയകുമാര്‍
ഒരു ചരമഗീതം പോലെ!
നീ ഓർക്കുന്നുണ്ടോ ആവോ നിന്നെ കണ്ടു മുട്ടിയ ആ കാലം. മനസുനിറയെ സ്വപ്നങ്ങൾ കൊരുത്ത ആ കാലം . പൂത്തലഞ്ഞ മോഹങ്ങൾ. എല്ലാം വെട്ടിപ്പിടിക്കണമെന്ന ത്വര. കളിയും ചിരിയും പോലെയല്ല ജീവിതമെന്നു പെട്ടെന്ന് മനസിലാക്കി. ജീവിതത്തിലേക്കുള്ള മുങ്ങാംകുഴിയിടുമ്പോൾ നീന്തലറിയാത്തവനെപ്പോലെ തല്ലിപ്പിടഞ്ഞു. കൈകാലിട്ടടിച്ചു. മുങ്ങിപ്പൊങ്ങി. എല്ലാവരും കയ്യൊഴിഞ്ഞപ്പോൾ നിന്റെ കൈകൾ മാത്രമായിരുന്നു താങ്ങിന്. സ്വന്തമെന്നു കരുതിയതെല്ലാം മിഥ്യമാത്രമായിരുന്നു. സ്വാർഥതയുടെ ലോകത്ത് നീയും ഞാനും ഒറ്റപ്പെട്ടു പോവുകയായിരുന്നു! ഇനിയൊരു തിരിഞ്ഞോട്ടം പാടില്ല. മനുഷ്യനു വേണ്ടത് സ്വന്തമായ നിശ്ചയദാർഢ്യവും പരിശ്രമവുമാണെന്ന് ജീവിതം പഠിപ്പിച്ചു തന്നു. ജീവിതം എല്ലാം പഠിപ്പിക്കുന്ന ഒരു സർവകലാശാല ആണെന്നാണല്ലോ പറയുന്നതും! അലച്ചിൽ മാറിയിട്ട് വിശ്രമിക്കാം എന്നു കരുതി. പക്ഷെ അലച്ചിൽ മാത്രമായിരുന്നു എന്ന് നിനക്കറിയാമല്ലോ? തോരാത്ത മഴപോലെ വിഷാദങ്ങൾ മുറ്റിയ മനസും നിറഞ്ഞ കണ്ണുകളും ഒരിക്കലും നിന്നെ ഞാൻ കാണിച്ചിട്ടില്ല. ജനനവും മരണവും തമ്മിലുള്ള ദൂരത്തിനിടയിൽ പാഞ്ഞു കൊണ്ടിരുന്നു. എനിക്കുവേണ്ടിയല്ല. നിനക്കും കുട്ടികൾക്കും വേണ്ടി മാത്രം. മോഹങ്ങളും മോഹഭംഗങ്ങളും നിരവധിയായിരുന്നു. അതൊക്കെ ഞാൻ വിഷംപോലെ സ്വയം കുടിച്ചു. വിഷം കൊടുത്ത് കൊല്ലുന്ന സമൂഹമല്ലെ ഇന്ന്. പക്ഷെ എന്റെ വിയർപ്പിന്റെ വില നിങ്ങൾ അറിയുന്നെണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരുന്നു എന്നെത്തന്നെ നിങ്ങൾക്കായി സമർപ്പിക്കുവാൻ കിട്ടിയ പ്രചോദനം! സ്ത്രീകളുടെ ആഗ്രഹങ്ങൾ പലതാണെന്ന് വായിച്ചിട്ടുണ്ട്. ഊഷ്മളമായ ജീവിതം അവർക്കു വേണം. ഒരു പുരുഷായുസ് അതിനുവേണ്ടി ചിലവഴിച്ചാലും തീരാത്ത ആഗ്രഹങ്ങൾ. ഒരുപക്ഷെ പുരുഷന് ഉത്തേജനം നല്കുന്ന ചേതോവികാരവും ഇത്തരം അവസാനമില്ലാത്ത ആഗ്രഹങ്ങൾ ആയിരിക്കും! മക്കളെ കാലിൽ നില്ക്കാൻ പാകത്തിലാക്കി. അതിന്റെ പിന്നിലെ സങ്കീർണതകൾ ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. അതുപിന്നെ തിരിച്ചു ചോദിക്കും. എല്ലാവരും മക്കൾക്കുവേണ്ടി ചെയ്യുന്നതല്ലെ എന്ന്! ആരുടെയും മുന്നിൽ കൈ നീട്ടരുത്. അതിന്റെ ആവശ്യം നിനക്കില്ല. മക്കൾ കൂടെക്കൂടെ ക്ഷണിക്കും അവർക്കൊപ്പം വന്നു താമസിക്കാൻ. ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് സ്വാതന്ത്ര്യം ഇല്ലാതാക്കും. പിന്നെ തഴയപ്പെടും. പൊയ്ക്കോ എന്നു പറയാതെ പറയും. പിന്നെ തനിയെ പോരണം. അതിന് നീയായി അവസരങ്ങൾ ഉണ്ടാക്കരുത്. ഒറ്റയ്ക്കാണെങ്കിലും അതാണ് നല്ലത്. എന്റെ ഓർമ്മകൾ നിനക്ക് കൂട്ടിനുണ്ടാവുമെന്ന് ഞാൻ കരുതിന്നില്ല. കാരണം എന്റെ മുശടൻ സ്വഭാവം നിനക്ക് പിടിച്ചിരുന്നില്ലല്ലോ. കുട്ടികൾ ഉണ്ടായതിനു ശേഷം പിന്നെ ഒട്ടും ഓർക്കാനായി ഒന്നും നിന്റെ പക്കൽ ബാക്കിവയ്ക്കാൻ എന്റെ ഓർമകൾ കാണില്ല. ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടിനു തുല്യമായിരിക്കും എന്നെക്കുറിച്ചുള്ള നിന്റെ ഓർമകളുടെ ശേഷിപ്പ്. ഞാൻ എത്ര സത്യവാൻ ആയിരുന്നെന്നു പറഞ്ഞാലും വിശ്വസിക്കില്ല. കാരണം നമ്മുടെ മനസ്സുതന്നെയാണല്ലോ മറ്റുള്ളവരെയും അളക്കുന്നത്! അതുകൊണ്ട് എത്രമാത്രം നിന്റെ മനസിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയില്ല. ജനനവും മരണവും ഒരു സത്യമല്ലെ. അതിനെ തടഞ്ഞുവയ്ക്കാൻ ആർക്കും കഴിയില്ലല്ലോ! പറ്റുമെങ്കിൽ എന്റെ മരണവാർത്ത ഫേസ്ബുക്കിലെ എന്റെ വാളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും കൊടുക്കണം. ആരെങ്കിലും എന്നെ സ്നേഹിച്ചിരുന്നവരും വെറുത്തവരും മനസിലെങ്കിലും ഓർത്ത് തരംപോലെ അവർക്ക് തോന്നുന്നത് പറഞ്ഞോട്ടെ. പന്തൽ ആവശ്യമെങ്കിൽ ഇട്ടാൽ മതി. ചിലവുകൾ പലതും ഉണ്ട്. നിന്റെ അക്കൗണ്ട് വെറും പേരിന് വെച്ചിരിക്കുന്നതാണ്. അതിൽ പൈസ കാണില്ല. പിന്നെ ജോയിന്റ് അക്കൗണ്ടിൽ ഒട്ടും കാണില്ല. പെൻഷൻ വന്നാൽ എല്ലാം പെട്ടെന്ന് ചിലവായിപ്പോകും. അതെല്ലാം നിനക്കാറിയാമല്ലോ. ഇത്തിരി കാശ് നിന്റെ കൈയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആശിച്ചിരുന്നു. പെൻഷൻ എടുത്താൻ ആദ്യം അതിൽ നിന്നു തരാമെന്ന് കരുതും. നടക്കാറില്ല. മറിച്ച് നീ പുകകൊള്ളിച്ച് ഉണക്കിവെച്ച കുടംപുളി വിറ്റതും, ആക്രി വിറ്റതും, തൊടുവിൽ നിന്നു വല്ലപ്പോഴും കിട്ടുന്ന വാഴക്കുലയും അടയ്ക്കയും പെട്ടിക്കടക്കാരന് വിറ്റ് സ്വരുകൂട്ടിയ പൈസയും ഞാൻ തരമ്പോലെ വാങ്ങാറാണ് പതിവ്. തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയതൊന്നും തിരിച്ച് തരാൻ പറ്റാറില്ല. ആവശ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. പിന്നെ നിനക്ക് അല്ലലും അലച്ചിലും ഇല്ലതെ ജീവിക്കാൻ വെച്ചിരിക്കുന്ന എഫ് ഡി പൊട്ടിച്ച് അതിൽ നിന്നു എടുക്കുക. ആരുടെയും ഔദാര്യങ്ങൾ കൈപ്പറ്റണ്ട. തരുന്നവരുടെ തരത്തിന് തിരിച്ചു കൊടുക്കാൻ പറ്റാതെ വന്നൽ ബുദ്ധിമുട്ടാകും. യാന്ത്രികമായ ജീവിതത്തിൽ ആർക്കും ഒന്നിനും സമയം ഇല്ല. ചിലർ വന്ന് അടിമുടി നോക്കി സഹതാപ രസങ്ങൾ നിറഞ്ഞ നോട്ടവുമായി കടന്നു പോവും. മറ്റു ചിലർ അല്പ നേരം ചുറ്റിപ്പറ്റി നില്ക്കും. പരിചയക്കാരെ കണ്ട് കുശലങ്ങൾ പറഞ്ഞ് അവരും കടന്നുപോകും. ഇനി കുറെപ്പേർ ശവസംസ്കാരം നടക്കുന്ന സമയം തിരക്കി വരാനിരിക്കും. അത്രയും സമയം അവർക്ക് തങ്ങളുടെ ജോലികൾ ചെയ്യാം. അവസാന ഭാഗം വരെ പങ്കെടുത്ത അഭിമാനം അവർക്കു നേടാം. അടക്കത്തിനു ശേഷം കാപ്പി കൊടുക്കണം. പാൽ ചായയോ കാപ്പിയോ ആയിരിക്കണം. കഴിഞ്ഞ ഏതോ അടക്കത്തിന് പങ്കെടുത്തപ്പോൾ അവിടെ കട്ടൻ കാപ്പി കൊടുത്തതിന് ആരോ പരിഭവം പറയുന്നതു കേട്ടു. ഇന്നത്തെ കാലത്ത് പുലയൊന്നും നോക്കണ്ട. പാൽ ചായയോ പറ്റുമെങ്കിൽ മീറ്റ് ബർഗർ തന്നെ കൊടുത്തോണം. കാപ്പി കുടി കഴിഞ്ഞ് നിന്നെ കാണാൻ മിക്കവരും വരും യാത്ര പറയാൻ. തലയാട്ടി പൊയ്ക്കാളാൻ അനുവാദം കൊടുത്തേരെ. കാരണം മുൾ മുനയിലെന്നപോലെയാണ് ഇത്രയും സമയം അവർ നിന്നത്. നീയും ഞാനും പലയിടത്തും അങ്ങനെ ചെയ്തതിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. അനുഭവങ്ങളിൾ കൂടെയല്ലെ ഓരോന്നും പറയാനും എഴുതാനും കഴിയുള്ളു. പൊട്ടിപ്പൊട്ടി കരയുവാൻ മാത്രം കുറെ നല്ല അനുഭവങ്ങൾ ഞാൻ നിനക്കു തന്നിട്ടില്ല. മിക്ക സ്ത്രീകളും ഭർത്താക്കന്മാർ മരിച്ചതിനു ശേഷമാണ് എണ്ണിപ്പെറുക്കി കരയാറ്. അതുവരെ അവർ ചെയ്തതൊന്നും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്! ജീവിതം വെറും അലച്ചിൽ മാത്രമാണ്. ഒരു പടയോട്ടം. മുഷിപ്പിക്കൽ വെറുപ്പിക്കൽ, മറ്റുള്ളവരെ സുഖിപ്പിച്ചില്ലെങ്കിലുള്ള ഒറ്റപ്പെടൽ, ഒരു പ്രതിബന്ധത്തിൽ നിന്ന് അടുത്ത പ്രതിബന്ധത്തിലേക്കുള്ള എടുത്തു ചാട്ടം. വിശ്രമിക്കാൻ തുനിഞ്ഞില്ല. കാരണം വിശ്രമിച്ചാൽ ഇഴഞ്ഞു നീങ്ങുന്ന മുയൽ മുന്നിൽ കേറുമോ എന്ന ചിന്ത! പക്ഷെ ഒരു ഫിനിഷിംഗ് പോയിന്റ് എല്ലാത്തിനു മുണ്ടല്ലോ! അവിടെ എല്ലാവരും വന്ന് നില്‍ക്കണം. ഇനി ഒന്നും എനിക്ക് സ്വന്തമെന്നു പറയാനായി ഇല്ല. പള്ളിക്കലെ കല്ലറ. അതും എന്റേതല്ല. എന്നോടുള്ള പരിഭവങ്ങളും, ഞാൻ ദേഷ്യപ്പെടാറുള്ളതും, എന്റെ തുറിച്ചു നോട്ടവും എല്ലാം നീ മനസിൽ കരുതി അവിടേക്ക് ഒരുപക്ഷെ വന്നില്ലെങ്കിൽ അതുമാത്രം സ്വന്തമാവും! എനിക്കവിടെ ആ ഇരുട്ടറയിൽ എന്റെ ആത്മഗതങ്ങളോട് മത്സരിക്കാം ശണ്ഠകൂടാം തുറിച്ചു നോക്കാം പരിഭങ്ങളില്ലാതെ !. ഫോൺ നീണ്ട റിംഗടിച്ചു. വളരെ പഴയ സുഹൃത്ത്. എന്താടാവെ ഫോൺ എടുക്കാൻ താമസിച്ചത്? അവനോടു മറുപടി പറഞ്ഞു. ഒരു ചരമഗീതം പോലെ എന്റെ മനസ് എവിടെയൊക്കയോ പായുകയായിരുന്നു.
ജോയ് നെടിയാലിമോളേൽ
കനലായി മാറിയ കരോള്‍
ഫോണ്‍ ബെല്‍ തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല. കാരണം ഇന്ന് രാത്രിയിലും ജോലിയുണ്ട്. അതുകൊണ്ടു തന്നെ മന:പൂര്‍വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍ ഞാന്‍ എടുത്തു. അത് എന്റെ സുഹൃത്ത് റോസിയായിരുന്നു “എടി നീ അറിഞ്ഞോ, അവള് പോയി'' ആര് പോയി? നമ്മുടെ റിന്‍സി… ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു. “ആ അത് എനിക്ക് അറിയാമല്ലോ. അവള് പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു”. അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ. അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള് ഈ ലോകത്തു നിന്നു തന്നേ പോയി, അവള് ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു. ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ റിന്‍സി മരിച്ചു പോയെന്നോ. അടുത്ത ആഴ്ചയില്‍ നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് എടുത്തു വച്ചിരിക്കുകയാണല്ലോ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് എന്ന് എവിടേയോ വായിച്ചത് പെട്ടെന്ന് ഓര്‍ത്തു പോയി. അവള്‍ക്ക് ജോലിക്കിടയില്‍ ഒരു തലചുറ്റല്‍ വന്ന് പെട്ടെന്ന് ബോധം മറഞ്ഞു. കൂടെ ഉണ്ടായിരുന്നവര്‍ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ അവള് പരാതികള്‍ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഞാന്‍ എന്റെ ദേഹത്ത് ഒന്നു നുള്ളി നോക്കി ഈ കേള്‍ക്കുന്നത് സ്വപ്നം അല്ല എന്ന് ഉറപ്പു വരുത്തുവാന്‍ വേണ്ടി. ഫോണ്‍ താഴെ വച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ അവളുമായുള്ള സ്നേഹബന്ധത്തിലെ ഒരുപാട് ഓര്‍മകള്‍ മിന്നി മറഞ്ഞു. എന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന റിന്‍സി മരിച്ചു പോയി എന്ന് വിശ്വസിക്കുവാന്‍ വേണ്ടി എന്റെ മനസിനെ പാകപ്പെടുത്തി എടുത്തു. ചില സത്യങ്ങള്‍, സത്യമാണ് എന്ന് അറിയാമെങ്കിലും അതിനെ പൂര്‍ണമായും വിശ്വസിക്കുവാന്‍ സമയം എടുക്കും. ഒരു സുഹൃത്ത് മരിച്ചു എന്നു കേട്ടാല്‍ ആദ്യം തോന്നുന്ന വികാരം ഒരു ഞെട്ടല്‍ പ്രത്യേകിച്ചു പ്രായം കുറഞ്ഞവര്‍ ആണെങ്കില്‍ അതിന്റെ ശക്തി കൂടും. പിന്നെ ചിന്തിക്കുന്നത് മുഴുവന്‍ നമ്മള് അവരുമായി ഇടപ്പെട്ടിട്ടുള്ള നിമിഷങ്ങളായിരിക്കും. ഞങ്ങള്‍ രണ്ടു പേരും വിപരിത ഷിഫ്റ്റില്‍ ആയിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത്. അവള്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുവാനും മേടിക്കുവാനും ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു. ചില ആളുകള്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞാല്‍ നമ്മളുടെ അന്നത്തെ സന്തോഷം മുഴുവനും പോയി കിട്ടും. അധികം ആരോടും മിണ്ടുന്ന ഒരു സ്വഭാവം ആയിരുന്നില്ല അവളുടേത്. കഴിഞ്ഞ ദിവസം അവള് എന്നോടു പറഞ്ഞ ഒരു സംഭവം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ക്രിസ്മസിന്റെ ഭാഗമായി പാട്ടുപാടി ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് ഒരു കൂട്ടം വിശ്വാസികള്‍ ക്രിസ്മസ് ഫാദറുമായി ഒരോ വീടുകളിലുമായി കയറി്യിറുങ്ങുന്നത്. സാധരണമാണ് അവര്‍ വീടുകളില്‍ വന്ന് പാട്ടു പാടി ആ വീട്ടിലെ അംഗങ്ങള്‍ക്ക് ക്രിസ്മസ് പുതുവത്സരാശംസകള്‍ നല്‍കികൊണ്ട് കടന്നു പോകും. പാചകത്തില്‍ മിടുക്കിയായിരുന്ന അവളോടു ഞാന്‍ ചോദിച്ചു. നിന്റെ വീട്ടീല് ക്രിസ്മസ് കരോള്‍ വന്നപ്പോള്‍ നീ എന്താണ് അവര്‍ക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കി വച്ചത്. അവള് പെട്ടെന്ന് വല്ലാതാകുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചോദിച്ചു എന്തു പറ്റി? ഞാന്‍ അരുതാത്തത് ഒന്നും ചോദിച്ചില്ലല്ലോ… ഹേയ് അതൊന്നുമല്ല ഞങ്ങളുടെ വീട്ടില്‍ ഈ പ്രവശ്യം കരോള്‍ ഉണ്ടായില്ല. എനിക്ക് വീട്ടില്‍ പാട്ടുപാടി വരുന്നവരേയും ഉണ്ണിയിശോയെയും എതിരേല്ക്കാന് വളരെ ഇഷ്ടമാണ്. പിന്നെ എന്തു പറ്റി ഈ വര്‍ഷം വേണ്ടയെന്നു വച്ചത്? അച്ചായന് സമ്മതിച്ചില്ല. അദ്ദേഹം പറയുന്നത് ക്രിസ്മസിന്റെ അലങ്കാരത്തിനും കരോളുകാര് വരുന്ന സമയവും നോക്കി ഇരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം ഒളിപ്പിച്ചു വച്ചു. വിട്ടുവീഴ്ചയില്‍ കൂടി നമ്മള് കടന്നു പോകണം എന്നല്ലേ അച്ചന്റെ പ്രസംഗത്തിലും പറയുന്നത്. അപ്പോള്‍ ഞാന്‍ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു നിന്റെ അച്ചായന് എന്തു കൊണ്ടു നിനക്കു വേണ്ടി വിട്ടു വീഴ്ച ആയികൂടാ. അവള് അതിന് ഒരു മറുപടിയും പറഞ്ഞില്ല. ജോലിയില്‍ ആയിരുന്നതു കൊണ്ട് മറ്റുള്ളവര്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്‍ ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു പോയി. ഇപ്പോള്‍ തോന്നുന്നു അവളോട് ഞാന്‍ അങ്ങിനെ പറഞ്ഞു വേദനിപ്പിക്കണ്ടായിരുന്നു എന്ന്… വീണ്ടും ദേ റോസിയുടെ ഫോണ്‍ വരുന്നു. ഫോണ്‍ പെട്ടെന്ന് ചാടി എടുത്തു. ഞാന്‍ ചോദിച്ചു വേറെ വല്ല വിവരവും അറിഞ്ഞോ. ഉടന്‍ തന്നെ റോസി അവളുടെ വീട്ടിലേക്ക് പോയി. ഞാന്‍ ചോദി ച്ചു ചടങ്ങുകളുടെ സമയം എപ്പോഴാണ് ?അവള്പറഞ്ഞു. ഇടവകയിലെ അ ച്ചനെ വിളിച്ച് സംസാരിച്ചതിനു ശേഷമേ ബാക്കിയുള്ള ക്രമികരണങ്ങള്തീരുമാനിക്കുകയുള്ളു. നാട്ടില്‍ കൊണ്ടു പോകുന്നതിനെ കുറി ച്ചും ആലോചനയുണ്ട്. കാരണം അവളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടല്ലോ. വീട്ടില്‍ ചെന്നേപ്പാള് അവളുടെ ഭര്‍ത്താവ് ഫോണില്‍ കൂടി പല കാര്യങ്ങളും വിളി ച്ചു പറയുന്നുണ്ടായിരുന്നു. ആ സംസാരത്തില്‍ ക്രിസ്മസ്, കരോളുകാര് വീട്ടീല് വന്നില്ല എന്നൊക്കെ പറയുന്നതു കേട്ടു. അവളുടെ മരണവും കരോളുമായി എന്താണ് ബന്ധം എന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ എല്ലാം എനിക്ക് മനസിലായി. കാരണം റിന്‍സി ആ കഥ എന്നോടു പങ്കിട്ടിരുന്നു. എങ്കിലും അതിനെ കുറിച്ച് ഒന്നും ആ സമയത്ത് പറയുവാന്‍ എനിക്കു തോന്നിയില്ല. അത് ഒരു സ്വകാര്യതയായി എന്റെ ഉള്ളില്‍ തന്നെ സൂക്ഷിക്കാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്. എന്തായാലും "അവള് പോയി' എന്നു മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ഫോണ്‍ താഴെ വച്ചു.
ലാലി ജോസഫ്
അപ്പുണ്ണിയും ഓപ്പോളും
അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുകയായിരുന്നു. എത്തിയപ്പോള്‍ കുറുമ്പ് കാട്ടിയാല്‍ തന്നെ മീനുകള്‍ക് ഇട്ടു കൊടുക്കുമെന്ന് പറഞ്ഞ്! ഓപ്പോള് പേടിപ്പിച്ചത് കൊണ്ട് തന്നെ നല്ല കുട്ടി ആകാന്‍ അപ്പുണ്ണി നോക്കി. തന്റെ കാര്യങ്ങള്‍ എല്ലാം നോക്കി ഇരുന്നത് ഒപ്പോളാരുന്നു. ഓപ്പോള് എനിക്ക് ഏടത്തി മാത്രല്ലാരുന്നു. സ്നേഹിക്കുമ്പോള്‍ കെെയില്‍ കോരിയെടുക്കുമ്പോള്‍ ഒരു അമ്മയെ പോലെ. കോലായില്‍ മഴ വെള്ളം കെട്ടി നില്കുമ്പോള് കടലാസ് തോണി ഉണ്ടാക്കി കൂടെ കൂടുമ്പോളും തെക്കേ തൊടിയില്‍ കാറ്റു വീശുമ്പോള്‍ ഓടി ചെന്ന് മാമ്പഴം പെറുക്കി കുടുക്കയില്‍ നിറയ്ക്കാന്‍ ഒപ്പം ചേരുമ്പോളും വെള്ളാരം കല്ല് കൊണ്ട് കൊത്താംകല്ല് കളിക്കുമ്പോള്‍ കൂട്ടുകാരിയും ഒക്കെ ആയിരുന്നു. ഭഗവതി കാവില്‍ വിളക്കെടുക്കാന്‍ ഓപ്പോളും ഉണ്ടാരുന്നു. പെണ്ണുങ്ങള്‍ക് മാത്രേ വിളക്കെടുക്കാന്‍ പാടുള്ളൂ. എന്ത് കഷ്ടാ ഇത്, എനിക്കും വേണം വിളക്ക്. അപ്പുണ്ണി ചിണുങ്ങി. അപ്പുണ്ണി നല്ല കുട്ട്യല്ലേ നല്ല കുട്ട്യോള് ഇങ്ങനെ കരയാന്‍ പാടില്യ. പോയി വരുമ്പോള്‍ ഓപ്പോള് എന്റെ കുട്ടിക്ക് വര്‍ണ കടലാസില്‍ തീര്‍ത്ത പമ്പരം കൊണ്ട് തരാട്ടോ. അപ്പുണ്ണിക്ക് സന്തോഷായി. യാത്ര പറഞ്ഞിറങ്ങിയ ഓപ്പോളെ രാത്രി ആയിട്ടും കണ്ടില്ല. കാത്തിരുന്നു മുഷിഞ്ഞ അപ്പുണ്ണിപതിയെ കുഞ്ഞി കണ്ണുകള്‍ പൂട്ടി. മുറ്റത്തു നിറയെ ആളുകള്‍. ചിലര്‍ കുള കടവിലേക്ക് പായുന്നു. അപ്പുണ്ണിയും പോയി അങ്ങടേക്ക്. പടവില്‍ പൊന്തി കിടക്കുന്നു ഓപ്പോള്. കുസൃതി കാട്ടീട്ടാവും ഓപ്പോളുടെ ചുണ്ടുകള്‍ പരല്‍ മീനുകള്‍ കൊത്തി വലിച്ചത്. കഴുത്തില്‍ നീര് പാമ്പുകള്‍ മാന്തി കീറീത്. താന്‍ കുറുമ്പ് കാട്ടിയാല്‍ മീനുകള്‍ക്ക് അപ്പുണ്ണിയെ ഇട്ടു കൊടുക്കുന്ന് ഓപ്പോള് തന്നെ പറഞ്ഞിട്ട് ഇപ്പൊ ആരാ കാട്ടിയേ. അച്ഛനിങ് വരട്ടെ ശരിയാക്കി തരാട്ടോ. വീട്ടില്‍ പറയാന്‍ അപ്പുണ്ണി വേഗം ഓടി.
കാവ്യാ ദേവദേവൻ
വിഗ്രഹമോഷണം
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു. "വിശ്വകർമ്മാവ് പണികഴിപ്പിച്ച ഒരു ദേവ വിഗ്രഹം പണ്ട് പാലാഴിയിൽ പതിക്കുകയും കാലാന്തരത്തിൽ അത് പല പ്രളയങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ഇപ്പോൾ അത് താങ്കൾ നിവസിക്കും ദേശത്ത് ഒഴുകിയെത്തിയിരിക്കുന്നു. ഇനിയും ആ ചൈതന്യത്തെ ജലത്തിൽ അലയാൻ അനുവദിച്ചുകൂടാ. എത്രയും വേഗം ആ വിഗ്രഹം കണ്ടെടുത്ത് യോഗ്യമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുക.' പിറ്റേന്ന് സ്നാനത്തിനിടയിൽ വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ എന്തോ ഒന്ന് പോറ്റിയുടെ തലയിൽ തട്ടി. നോക്കുമ്പോൾ ഒരു ദേവ വിഗ്രഹം തന്നെ! പോറ്റി അതിനെ ഭക്തിയോടെ തന്റെ തേവാരത്തിൽ കൊണ്ടുപോയി ദിനപൂജ ചെയ്യാൻ തുടങ്ങി . അതോടൊപ്പം കരപ്രമാണിമാരോട് തന്റെ സ്വപ്നത്തെ കുറിച്ചും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും പറയുകയും ചെയ്തു. പ്രമാണിമാർ കൂടിയാലോചിച്ച് പഴയമ്പലത്തിന്റെ കിഴക്ക് സ്ഥാനത്ത് പുതിയൊരു ക്ഷേത്രം പണിത് ദേവവിഗ്രഹത്തെ യഥാവിധി പ്രതിഷ്ഠിക്കണം എന്ന് തീരുമാനിച്ചു. അവർ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഇരിക്കവെയാണ് തെക്കുംകൂർ ദേശത്തെ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയെന്നും അതിനെ സംബന്ധിച്ചുള്ള പോലീസ് അന്വേഷണം നടക്കുകയാണെന്നും വാർത്ത വരുന്നത് . വെള്ളത്തിൽ നിന്നൊരു വി ഗ്രഹം കിട്ടിയെന്നറിഞ്ഞ് പോലീസുകാർ നീലാണ്ടൻ പോറ്റിയെ അന്വേഷിച്ചു വന്നു. അവർ,അദ്ദേഹത്തിന് കിട്ടിയ വിഗ്രഹം തീണ്ടാപ്പടകലെ നിന്ന് വീക്ഷിച്ചു. തെക്കും കൂറ് കാണാതായ വിഗ്രഹവുമായി ഈ വിഗ്രഹത്തിന് സാമ്യമുണ്ടെന്ന് അവർക്ക് മനസിലായി. അതിനാൽ തെക്കുംകൂർ ക്ഷേത്ര കാര്യക്കാരെയും ശാന്തിക്കാരനെയും ഇങ്ങോട്ടു വരുത്തി. ശാന്തി, വിഗ്രഹം കയ്യിലെടുത്ത് പരിശോധിച്ചു. "ഇത് അവിടെ കാണാതായ വിഗ്രഹം തന്നെയാണ്. ചെറിയൊരു നിറവ്യത്യാസം ഉണ്ടെന്നേയുള്ളൂ.' "അത് കുറേ ദിവസം വെള്ളത്തിൽ കിടന്നതുകൊണ്ടാകാം' കാര്യദർശിയും ശാന്തിയുടെ അഭിപ്രായത്തെ പിന്താങ്ങി. ഇത്രയുമായപ്പോൾ പോലീസ്, ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. "വേണമെങ്കിൽ നമുക്ക് ശാസ്ത്രീയ പരിശോധന നടത്താം.' കാര്യദർശി അതിനെ എതിർത്തു: "പാടില്ല. വിഗ്രഹം അങ്ങനെ പലരും തൊട്ടശുദ്ധമാക്കാൻ പാടില്ല.' "ശാന്തി പറഞ്ഞല്ലോ അവിടുത്തെ വിഗ്രഹം ഇതുതന്നെയാണെന്ന്. ഇക്കാര്യത്തിൽ ശാന്തി തന്നെയാണ് അവസാനവാക്ക്.' സഹകാര്യക്കാരും അഭിപ്രായ ഐക്യം പ്രകടിപ്പിച്ചു. പിന്നെ വൈകിയില്ല, നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിഗ്രഹം തെക്കുംകൂർകാർക്ക് വിട്ടുകൊടുത്തു. അവർ ശാന്തിയുടെ നേതൃത്വത്തിൽ യഥാവിധി പുനപ്രതിഷ്ഠ നടത്തി, പൂജാകർമങ്ങൾ പുനരാരംഭിച്ചു. വിഗ്രഹം കിട്ടിയെങ്കിലും വിഗ്രഹ മോഷ്ടാവിനെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല. മാസം രണ്ടു കഴിഞ്ഞപ്പോൾ, അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാർ മന്ത്രിയെ കണ്ടു. മന്ത്രി പോലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. "സർ, ചോദ്യംചെയ്യൽ തുടർന്നുവരുന്നു.' - അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. "മോഷ്ടാവിന്റെ കാര്യം പറയൂ'-മന്ത്രി. "കള്ളനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല സാർ' - അന്വേഷണ ഉദ്യോഗസ്ഥൻ "എന്നു പറഞ്ഞാലെങ്ങനെ? ഐജി എന്തു പറയുന്നു?'. ഐജി പറയാൻ തുടങ്ങുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ തുടർന്നു. "വേറൊരു മാർഗമുണ്ട് സർ.' " പറയൂ' -മന്ത്രി."ആ പോറ്റി ,സ്വപ്ന ദർശനത്തിലാണ് വെള്ളത്തിൽ കിടക്കുന്ന വിഗ്രഹത്തെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയെങ്കിൽ ആ സ്വപ്നത്തിന്റെ പൂർണ്ണരൂപം കിട്ടുകയാണെങ്കിൽ അതിൽ കള്ളനെ കുറിച്ചുള്ള സൂചനയും ഉണ്ടാകും' -അന്വേഷണ ഉദ്യോഗസ്ഥൻ "അത് ആ പോറ്റിയോടു തന്നെ ചോദിച്ചാൽ പോരേ ?'-മന്ത്രി. "ചോദിച്ചു പക്ഷേ അദ്ദേഹത്തിന് എല്ലാം ഓർമയില്ല എന്നാണ് പറയുന്നത് ' -അന്വേഷണ ഉദ്യോഗസ്ഥൻ. "പിന്നെന്ത് ചെയ്യും?'- മന്ത്രി. "മറന്നതെല്ലാം മണി മണി പോലെ പറയിക്കുന്ന ഒരു വേലാം പിള്ള സ്വാമിയുണ്ട്. അദ്ദേഹം പഴയ ഒരു പോലീസുകാരനാണ്. ഇപ്പോൾ ആശ്രമത്തിലെ സ്വാമിയാണ്'. -അന്വേഷണ ഉദ്യോഗസ്ഥൻ "വല്ല മൂന്നാം മുറ പ്രയോഗത്തിലൂടെയാണോ പറയിപ്പിക്കുന്നത്?'-മന്ത്രി. "അല്ലയല്ല. അദ്ദേഹം ചില ആഭിചാരക്രിയകളിലൂടെ പോറ്റി കണ്ട സ്വപ്നം മുഴുവൻ പറയിക്കും.' - അന്വേഷണ ഉദ്യോഗസ്ഥൻ "ഇതൊക്കെ നടക്കുന്ന കാര്യമാണോ?' -മന്ത്രി. "സാർ ഇതിനു മുമ്പും അപൂർവ്വം ചില കേസുകളിൽ രഹസ്യമായി ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്'. - അന്വേഷണ ഉദ്യോഗസ്ഥൻ "ഐജി എന്തുപറയുന്നു?' -മന്ത്രി. "ഇത്തരം അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഫോഴ്സിനു പറ്റിയ പണി അല്ല സർ.' - ഐ.ജി. "ഓകെ. ഐ എഗ്രീഡ്. ദെൻ വാട്ട് ഈസ് നെക്സ്റ്റ്?'-മന്ത്രി. "സ്വപ്നത്തെക്കുറിച്ച് പഠനം നടത്തുന്ന പല ഡോക്ടർമാരും ഉണ്ട് നമുക്ക് അവരുടെ സഹായം തേടാം. അവർക്ക് ആ പോറ്റിയെ വിട്ടുകൊടുത്താൽ ഒരാഴ്ചയ്ക്കകം ആ സ്വപ്നത്തിന്റെ ഫുൾ ഡീറ്റെയിൽസ് കളക്ട് ചെയ്തു തരും.' - ഐ.ജി "ഓക്കേ അതുമതി. അതാകുമ്പോ ഒരു ശാസ്ത്രീയ അടിത്തറയുണ്ട്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരല്ല ഇവിടെയുള്ളത്.'-മന്ത്രി. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പ്രഖ്യാപിച്ചു: "ഒരു മാസത്തിനകം കള്ളനെ കസ്റ്റഡിയിലെടുത്തിരിക്കും.' ഈ സമയം വിഗ്രഹമോഷ്ടാവ് വടക്കോട്ടുള്ള ഒരു ട്രെയിനിൽ യാത്രയിലാണ്. അയാളുടെ കൈയിലിരിക്കുന്ന ദിനപത്രത്തിൽ തെക്കുംകൂർ ദേശത്തെ വിഗ്രഹമോഷണവും മന്ത്രിയുടെ പ്രഖ്യാപനവും പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. മോഷ്ടാവ് പിടിയിലായില്ലെങ്കിലും മോഷണം പോയ വിഗ്രഹം ചുരുങ്ങിയ നാളുകൾക്കുള്ളിൽ കണ്ടെടുത്ത പോലീസ് ഫോഴ്സിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു. ആ വാർത്ത വായിച്ച്, താൻ ആസൂത്രണം ചെയ്ത പദ്ധതി വിജയിച്ചതിൽ മോഷ്ടാവ് ആശ്വാസം പൂണ്ടു. തെക്കുംകൂറു നിന്ന് താൻ കട്ടെടുത്ത പഞ്ചലോഹ വിഗ്രഹം നേരെ തമിഴ്നാട്ടിൽ കൊണ്ടുപോയി, അതേ രൂപത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം നിർമിക്കുകയും അതിനെ ഇവിടെ കൊണ്ടുവന്ന് ആറ്റിൽ ഒഴുക്കുകയും ചെയ്തത് ജനങ്ങളെയും പോലീസിനെയും തെറ്റിധരിപ്പിക്കാൻ വേണ്ടിത്തന്നെയായിരുന്നു. അയാൾ തന്റെ അരികിലിരുന്ന ബാഗ് സാവധാനം തുറന്ന് യഥാർഥ വിഗ്രഹം ബാഗിനുള്ളിൽ തന്നെയുണ്ട് എന്ന് ഉറപ്പു വരുത്തി. കോറിഡോറിലൂടെ ആരൊക്കെയോ നടന്നുവരുന്ന ശബ്ദം കേട്ട് അയാൾ ബാഗ് അടച്ച് സീറ്റിനടിയിലേക്ക് മാറ്റിവച്ചു.. പോലീസാണെന്നു തോന്നുന്നു. റെയിൽവേ പോലീസ്!. അയാൾ വേഗം കണ്ണുകളടച്ച് ഉറക്കം നടിച്ചു.
വി.സുരേശൻ നർമ്മകൈരളി
ഒരു കോടി രൂപ
രാത്രി നന്നേ കനത്തു. ലണ്ടൻ നഗരം മഞ്ഞിൽ കുളിരുപടർത്തി ഒഴുകിക്കൊണ്ടേയിരുന്നു. ബാറുകളിൽ തിരക്ക് വർധിച്ചു വരുന്നു. സ്വദേശത്തും വിദേശത്തും അറിയപ്പെടുന്ന ഒരു സാഹിത്യകാരനാണ് "ഫിജൊ വർക്കി മണ്ടൻ'. ഒരിക്കല്‍ ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്ത് വരുന്ന വഴിക്ക് ഒരാള്‍ ചോദിച്ചു: "ബുദ്ധിജീവിയായ താങ്കൾ എന്തിനാണ് മണ്ടൻ എന്ന തൂലികാ നാമം സ്വീകരിച്ചത്?. ആദ്യം രൂക്ഷമായി നോക്കിയെങ്കിലും ആ മുഖത്തെ നിഷ്കളങ്ക ഭാവം കണ്ട് കുസൃതിച്ചിരിയോടെ പറഞ്ഞു. "എവിടെ നോക്കിയാലും കുറെ മന്ദബുദ്ധികളായ എഴുത്തുകാർ. ആ കുട്ടത്തിൽ ഒരു "മണ്ടൻ' ഇരിക്കട്ടെ' എന്ന് കരുതി! സത്യത്തിൽ ഫിജൊ അതൊരു ബഹുമതിയായിട്ടാണ് കൊണ്ടുനടക്കുന്നത്. സാഹിത്യ ലോകത്ത് ഉന്നതങ്ങളിലെത്താൻ വളരെ ദീര്‍ഘവീക്ഷണത്തോടെ താൻ കണ്ടെത്തിയ പേരാണ് ഇത്. ജനൽപ്പാളികളിൽ കാറ്റിനോടൊപ്പം തണുപ്പും അരിച്ചരിച്ചിറങ്ങുന്നുണ്ടായിരുന്നു . ഫിജൊ, ഒരു തട്ടിപ്പിന്റെ കഥ കംപ്യൂട്ടറിൽ തയാറാക്കിക്കൊണ്ടിരിക്കെ സുഹൃത്തായ വിപിൻ ഫോണിൽ വിളിച്ചു പറഞ്ഞു. അച്ചായനെ സംബന്ധിച്ച ഒരു വീഡിയോ ഞാൻ ഇ-മെയിലിൽ അയച്ചിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. വിപിന്റെ ശബ്ദത്തിന് നല്ല പതർച്ച തോന്നി. വീഡിയോ ഉണ്ടാക്കിയ ജയൻ എന്നയാളുടെ ഫോൺ നമ്പർ തന്നിട്ട് സംസാരിക്കാൻ പറഞ്ഞു. ഞാൻ ഇ-മെയിൽ തുറന്നു. അത്ഭുതം കൂറുന്ന മിഴികളോടെ ഏകദേശം മൂന്നര മിനിറ്റ് ദൈർഘ്യമുളള വീഡിയോ മുഴുവൻ കണ്ടു. ഫിജൊന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അയാളുടെ ഓരോ രോമവും എഴുന്നുനിന്നു. വീഡിയോയിൽ ജയൻ എന്നയാൾ ആരോപിക്കുന്നത് അയാളുടെ ഇന്റര്‍നെറ്റ് ബ്ലോഗില്‍ നിന്നും നാലര പേജ് യാത്രാ വിവരണം എന്റെ ലേഖനത്തില്‍ വന്നിട്ടുണ്ടത്രേ. ഫിജൊ കുറേ നിമിഷങ്ങൾ ആലോചനാനിമഗ്നനായി. മനസ് ആശങ്കപ്പെട്ടിരിക്കെ വിപിൻ തന്ന നമ്പറിൽ ജയനെ വിളിച്ചു. മറുതലക്കൽ നിന്ന് കേട്ടു - ഹലോ, ജയനാണ് സംസാരിക്കുന്നത്..... ഞാൻ, ഫിജൊ. നിങ്ങളുടെ വീഡിയോ കണ്ടിരുന്നു. നിങ്ങളുടെ ആരോപണങ്ങളും കേട്ടു. ഞാൻ കുറച്ച് ഗൗരവത്തോടെ, എന്നാൽ ശാന്തനായി ചോദിച്ചു: "താങ്കളുടെ ഉദ്ദേശമെന്താണ്?' ഫോണിന്റെ മറുതലക്കൽ നിന്ന് അയാൾ തീവ്രമായ ശബ്ദത്തിലറിയിച്ചു (ആക്രോശിക്കുകയായിരുന്നോ, എന്ന് സംശയം) "എനിക്ക് ഒരു കോടി രൂപ വേണം. ഇല്ലെങ്കിൽ നിങ്ങളുടെ എഴുത്തു് ഞാനവസാനിപ്പിക്കും'.അപ്പോഴതാണ് കാര്യം. ഇതിലൂടെ അയാളുടെ മനസിലിരിപ്പ് പിടികിട്ടി. കേരളത്തിൽ ഒരു മാഫിയ സംഘം വിദേശ എഴുത്തുകാരെ "ബ്ലോഗ്' എന്ന ഓല പാമ്പിനെ കാട്ടി പണം പിടുങ്ങുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. ഉളളിൽ ദേഷ്യം നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നെങ്കിലും, അയാൾ പറഞ്ഞതെല്ലാം നിശബ്ദനായി കേട്ടിരുന്നു. ഞാൻ ഗൗരവത്തോടെ പറഞ്ഞു: "ഞാനെഴുതിയത് സർഗ സാഹിത്യമല്ല മറിച്ച് വൈജ്ഞാനിക-വിവരങ്ങളുടെ പുസ്തകം മാത്രമാണ്. ഈ ശ്രേണിയിലുളള പുസ്തകങ്ങൾ എഴുതാൻ ഈ കംമ്പ്യൂട്ടർയുഗത്തിൽ എല്ലാവരും ഇന്റര്‍നെറ്റിനെ (ഗൂഗിളും വിക്കിപീഡിയയും) അവലംബിക്കാറ് പതിവാണ്. അത് ഒരു കുറ്റകരമായ പ്രവര്‍ത്തിയായി നിയമം അനുശാസിക്കുന്നില്ല. പിന്നെന്താ?' തണുത്തതൊന്നും കഴിക്കരുതെന്ന ഡോക്ടറുടെ നിർദ്ദേശത്തെ പാടെ അവഗണിച്ചുകൊണ്ട് ഞാൻ ഫ്രിഡ്ജ് തുറന്ന് കുറച്ച് തണുത്ത വെളളം എടുത്തു മടമടാന്ന് കുടിച്ച് കുറച്ചുകൂടി ശാന്തത കൈവരുത്തി. ആദ്യം വീഡിയോ അത്ഭുതപ്പെടുത്തി. ഇപ്പോൾ നാലര പേജുവരുന്ന ഒരു "വിവരണ കുറിപ്പിന്' അഥവാ "വിവരണ ലേഖനത്തിന്' ഒരു കോടി ചോദിച്ചപ്പോഴാണ് കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ!! പ്രഷറിനുളള ഗുളിക സമയാസമയങ്ങളിൽ കഴിക്കുന്നത് നന്നായി എന്ന് ഫിജൊന് തോന്നി. ഗുണ്ടകൾ കത്തി, തോക്ക് മുതലായ മാരകായുധങ്ങൾ കാട്ടി ഭയപ്പെടുത്തുമ്പോൾ, കടലാസ് പുലികൾ വീഡിയോകളിറക്കി കൊളളയടിക്കാൻ ശ്രമിക്കുന്നു. അന്യരുടെ പണം തട്ടിയെടുക്കാൻ എന്തെല്ലാം കുതന്ത്രങ്ങളാണ് ഈ കലിയുഗത്തിൽ മനുഷ്യർ മെനയുന്നത് ദൈവമേ! ഫിജൊ തെല്ല് പരിഹാസത്തോടെ മനസിലോർത്തു. മലയാള ഭാഷയിലെ ആധുനിക കണ്ടുപിടുത്തമെന്ന് തോന്നി. വിദേശത്തുള്ള ചില അഭിനവ എഴുത്തുകാർ ഈ ഗുണ്ടകളുടെ കളിപ്പാവകളായി മാറി കേരളത്തിൽ കൊളളയടിയും പിടിച്ചുപറിയും ഒരു വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ഇതൊന്നും ഇപ്പോഴും സാഹിത്യലോകത്തെ പല പ്രമുഖരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു കോടി വാങ്ങി ആനന്ദോത്സവം നടത്താനിരുന്ന ജയൻ നിരാശനായതോടെ സമൂഹ മാധ്യമങ്ങളിൽ കൂട്ടം ചേർന്ന് ഫിജൊനെ കൊട്ടാനും പാടാനും തുടങ്ങി. പല, പല കിംവദന്തികൾ പരന്നു. നാലര പേജ് നാല്പതായി. പല, പല കഥകൾ മെനഞ്ഞു. കൊട്ടുന്ന താളത്തിന് തുള്ളാൻ സമൂഹ മാധ്യമങ്ങളില്‍ ആസ്വാദകർ ഏറെ ആണല്ലോ? കഥയറിയാതെ ആട്ടം കാണുന്നവർ!! ഫിജൊനെ വ്യക്തിഹത്യ നടത്തുന്നത് ചില പ്രമുഖ എഴുത്തുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർ ഫോണിൽ വിളിച്ചു സാന്ത്വനമേകി. ഫിജൊന് മുന്നിൽ ശത്രുക്കളുണ്ടെങ്കിലും പിന്നിൽ എഴുത്തുകാരനെ സ്നേഹിക്കുന്ന ധാരാളം മനുഷ്യസ്നേഹികളും ഉണ്ടായിരുന്നു. അവരിലൊരാൾ പറഞ്ഞു: "എഴുത്തുകാർ വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ്'. മാങ്ങയുള്ള മാവിലാണ് ഏറ് കിട്ടുന്നത് എന്നിരുന്നാലും ആരെയും ഇങ്ങനെ ആക്രമിച്ചതായി കേട്ടിട്ടില്ല. അഞ്ചു് വർഷങ്ങൾ പിന്നിട്ടിട്ടും, വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ പിന്നിൽ ഗുഢലക്ഷ്യങ്ങളാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്?" മറ്റുള്ളവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്താനാണോ, ഗുഡാലോചനയുടെ ഭാഗമായാണോ, പണത്തിനാണോ, അതൊ പ്രമുഖരുടെ പേരിൽ കീർത്തി നേടാനായാണോ, എന്താണെന്നറിയില്ല ജയൻ പ്രതീക്ഷിക്കാത്ത വിധം, "എഴുത്തു അവസാനിപ്പിക്കും' എന്ന വെല്ലുവിളി ഏറ്റെടുത്ത ഫിജൊന്റെ സാഹിത്യ സൃഷ്ടികൾ അനവരതം വായനാലോകത്തിന്, പ്രത്യേകിച്ച് നല്ലവരായ മലയാളി സമൂഹത്തിന്, ഒരു തടസവും ഇല്ലാതെ ലഭ്യമായിക്കൊണ്ടിരുന്നു. സാഹിത്യ ലോകം രണ്ട് കൈയും നീട്ടി ഫിജൊന്റെ സൃഷ്ടികൾ സ്വീകരിക്കുന്നത് കണ്ട ജയനെന്ന കപട സാഹിത്യകാരന്റെ ഹൃദയത്തിൽ അത് വലിയ ആഘാതങ്ങൾ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. എന്നാലും അയാൾ വെറുപ്പിന്റെ ഈർഷ്യയുടെ തിരി സമൂഹ മാധ്യമങ്ങളില്‍ കത്തിച്ചുകൊണ്ടിരിക്കാൻ മറന്നില്ല. സമൂഹ മാധ്യമങ്ങളിൽ, കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്തു് പാഞ്ഞു നടക്കുന്ന, ഹൃദയത്തിൽ തെല്ലും നനവില്ലാത്ത ചില ജയൻമാരെ ഓർത്ത് ഫിജൊ നിമിഷങ്ങളിരിന്നു. എങ്ങും നിശബ്ധത പരന്നു. മഞ്ഞിൽ മങ്ങിയ നിലാവിൽ മനസിനെ ദുർബലപ്പെടുത്താതെ, തയാറാക്കിക്കൊണ്ടിരുന്ന തട്ടിപ്പിന്റെ കഥ ഫിജൊ കമ്പ്യൂട്ടറിൽ തുടർന്നു.
കാരൂർ സോമൻ, ചാരുംമൂട്
മരണം പൂക്കുന്ന പാടങ്ങള്‍
തരിശായ പാടത്തിനരികിലെ മരക്കൊന്പിലിരുന്ന കിളി തന്റെ ഇണയോട് പറഞ്ഞു. നമുക്ക് പോയി ആ കര്‍ഷകനെ നോക്കാം. അയാള്‍ വരുന്നുണ്ടെങ്കില്‍ നമുക്ക് മുന്‍പത്തെ പോലെ ഇവിടെ തന്നെ കൂടുകൂട്ടാം. ഇന്നെങ്കിലും വരാതിരിക്കില്ല എത്രയോ കാലമായി നമ്മെ പോറ്റുന്ന മണ്ണാണിത്. അദ്ദേഹത്തിന് എന്തു പറ്റിയെന്ന് നമുക്കൊന്ന് പോയി നോക്കിയിട്ട് വരാം. അവര്‍ പറന്നുപറന്നു കര്‍ഷകന്റെ വീടിന്റെ മുകളില്‍ എത്തി. നിറയെ ആള്ക്കാര്, അവര്‍ പരസ്പരം നോക്കി താഴ്ന്നു പറന്ന് കര്‍ഷകന്റെ ജീവനറ്റ ശരീരം കണ്ടവര്‍ തിരികെ പറന്ന് മുഖാമുഖമായി മരക്കൊമ്പില്‍ ഇരുന്നു. ഒരു വലിയ ആള്‍ക്കൂട്ടം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഉച്ചവെയിലിനെ വകവയ്ക്കാതെ കടന്ന് പോയെങ്കിലും കിളികള്‍ നിശബ്ദരായിരുന്നു.
സുഭാഷ് പയ്യാവൂർ
ഹെയർ സ്റ്റൈലിസ്റ്റ്
ആഡംബരപൂർണമായ സലൂണുകളോ ബ്യൂട്ടി കെയർ സെന്ററുകളോ, മസാജ് പാർലറുകളോ വർഷങ്ങൾക്കു മുൻപ് ഒരു കോംപറ്റിറ്റീവ് ബിസിനസ് മേഖലയായിരുന്നില്ല. അതുകൊണ്ടുതന്നെ മഞ്ചാടിക്കരി ഗ്രാമനിവാസികളുടെ ഏക ആശ്രയമായിരുന്ന മുടിവെട്ട് കേന്ദ്രവും മൊണോപൊളി ബിസിനസ് സംരംഭകൻ രാഘവൻ ചേട്ടനും അദ്ദേഹത്തിന്റെ ബാർബർ ഷോപ്പുമായിരുന്നു. ഷെവരക്കാരൻ ശങ്കുണ്ണിയുടെ മകൻ പാരമ്പര്യ തൊഴിലിലേർപ്പെടുന്നത് ജീവിതത്തിലെ മറ്റൊരു സുവർണകാലം അവസാനിപ്പിച്ചുകൊണ്ടായിരുന്നു. ആ സുവർണകാലത്തിന്റെ വഴി പുറകെ പറയാം. ഓരോ നാണയത്തിനും ഇരുപുറമുണ്ടാകുന്നതുപോലെ ജീവിതത്തിനുമുണ്ട് രാവും പകലും പകരുന്ന ഇരുളിന്റെയും വെളിച്ചത്തിന്റെയും പ്രകാശകിരണങ്ങൾ എന്ന് വിശ്വസിക്കുന്ന ആളായിരുന്നു ബാർബർ രാഘവൻ അല്ല ഹെയർ സ്റ്റൈലിസ്റ്റ് രാഘവൻ. ഈ സവിശേഷ നാമപ്പട്ടം മഞ്ചാടിക്കരിയിൽ സ്ഥിതി ചെയ്തിരുന്ന "ഇട്ടി അച്യുതൻ വൈദ്യൻ സ്മാരകം' കാണാനും ഔഷധ സസ്യങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനുമായി സന്ദർശിക്കാനുമെത്തിയ ഡച്ചുകാരനായ ഔഷധസസ്യ ശാസ്ത്ര ഗവേഷകൻ ഹെൻട്രി നിക്കോളാസ് നൽകിയതായിരുന്നു. ഡച്ചുകാരൻ വരെ രാഘവന്റെ മുടിമുറിക്കൽ സേവനം സ്വീകരിച്ചിട്ടുണ്ടെന്ന് കൃതാർഥതയോടെ പറയുമ്പോൾ അഭ്യസ്തവിദ്യരായ യുവാക്കൾ ഹെയർ സ്റ്റൈലിസ്റ്റ് രാഘവൻ' എന്ന് വിളിച്ചുപോരുകയും അത് ഗ്രാമവാസികൾ ഏറ്റെടുക്കുകയുമായിരുന്നു. ബാർബർ ഷോപ്പിന്റെ മുതലാളിയും തൊഴിലാളിയും രാഘവൻ മാത്രമായിരുന്നതിനാൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും പ്രത്യേകിച്ച് യുവാക്കൾ അദ്ദേഹത്തിന്റെ മുടിമുറിക്കൽ സേവനം കൂടുതൽ ആശ്രയിച്ചു പോന്നിരുന്നു. ആധുനികതയോടു മത്സര ബുദ്ധിയിൽ കിടപിടിക്കുന്ന ഒന്നും തന്നെ രാഘവന്റെ കടയിൽ ഇല്ലായിരുന്നു. തടിയിൽ തീർത്ത കസേരയ്ക്കു റെക്സിനുകൾകൊണ്ട് നിർമിച്ച ഒരു കുഷ്യനായിരുന്നു മോടിയേറിയ ആഡംബര വസ്തുവായി ആ കടയിൽ ഉണ്ടായിരുന്നത്. വെട്ടി വെട്ടി പല്ലു കൊഴിഞ്ഞിട്ടും രാകി മിനുക്കിയ നാലോ അഞ്ചോ കത്രികകൾ, മൂന്നോ നാലോ തരം കളറുകളുള്ള വ്യത്യസ്തമായ ചീപ്പുകൾ. അതിലെല്ലാത്തിലും ഉപരി കുമ്മായം തേച്ചു മിനുക്കിയ ഭിത്തിയിൽ രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒത്തിണങ്ങിയ കണ്ണാടി എടുത്തു പറയത്തക്ക മറ്റൊരു വിശിഷ്ട വസ്തുവായിരുന്നു. ഈ കണ്ണാടിയിലൂടെ അവിടെ വന്നു പ്രതിബിംബപ്പെടുന്ന ഓരോ മുഖവും അവരവരെ തന്നെ അതീവ സുന്ദരന്മാരാക്കിത്തീർക്കുന്ന ഒരു തരം പ്രത്യേക ജാലവിദ്യ രാഘവന്റെ കടമുറിയിലെ കണ്ണാടിക്കുണ്ടായിരുന്നു. ഇതൊരു ബിസിനസ് തന്ത്രമാക്കി വകയിരുത്തി രാഘവൻ ചിലപ്പോഴൊക്കെ മുടി മുറിക്കാൻ വരുന്ന യുവാക്കളോട് പൊടിതൊങ്ങലുകൾ ചേർത്ത് പറയും. നീ സൈഡ് ചരിച്ചു മുടി ക്രോപ്പ് ചെയ്താൽ ഷാരൂഖ് ഖാനെപ്പോലെ തോന്നും. മറ്റുചിലപ്പോൾ മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബനോട് ചേർത്ത് വയ്ക്കും. ഉള്ളിൽ കാമുക ഹൃദയമില്ലാത്ത യുവാക്കൾ ആരാ മലയാളക്കരയിലില്ലാത്തതു എന്ന് ബോധപൂർവം മനസിലാക്കിയ രാഘവൻ തന്റെ മുടിവെട്ട് പരിശീലനങ്ങൾ അങ്ങനെ തലകൾ മാറി മാറിയും ആളുകളുടെ സൗന്ദര്യത്തെ വാക്കിലെ ഉപമ പ്രേയോഗങ്ങൾ മാറ്റി മാറ്റി പരീക്ഷിച്ചുകൊണ്ടും നാളുകൾ മുന്നോട്ടു തള്ളിനീക്കി. പേരിന്റെ ഘനഗാഭീര്യം ആകാര വർണ്ണനയിൽ ഇല്ലാത്ത നേർത്ത ശരീര പ്രകൃതക്കാരനായിരുന്നു രാഘവൻ എന്ന് എടുത്തുപറയേണ്ടതായിരുന്നു. മഞ്ചാടിക്കരിയുടെ ഹൃദയ ഭാഗത്തായിരുന്നു ബാർബർ ഷോപ്പ് എങ്കിലും രഘവൻ താമസിച്ചിരുന്നത് മൂന്നു കിലോമീറ്റർ അകലെയായിരുന്നു. ഇതൊരു ദൂര പ്രശ്നമല്ലാത്തതു മൂലം അതിരാവിലെ തന്നെ ബാർബർ ഷോപ് തുറക്കുമായിരുന്നു. "ചൊവ്വാഴ്ച കട അവധി' എന്ന പലകയിൽ ചോക്കുകൊണ്ടു എഴുതിയ ബോർഡ് കടയ്ക്കു മുന്നിൽ തൂങ്ങിയിരുന്നു. പ്രതാപിയായി സവാരിക്ക് ഉപയോഗിച്ചിരുന്ന ക്യാര്യറോട് കൂടിയ ഹെർകുലീസിന്റെ ലോഡ് സൈക്കിൾ ആയിരുന്നു രാഘവന്റെ വാഹനം. മഞ്ചാടിക്കരിയിലെ നല്ലൊരു ശതമാനം ആളുകളും സഞ്ചാരയോഗ്യമാക്കി ഉപയോഗിച്ചിരുന്നത് സൈക്കിൾ തന്നെയായിരുന്നു. തന്മൂലം ഇതും തനിക്കൊരു ബിസിനസ് സ്ട്രാറ്റെജിപോലെ രാഘവൻ മുതെലെടുത്തു പ്രയോജനപ്പെടുത്തിയിരുന്നു. രണ്ടു സെറ്റ് സൈക്കിൾ പമ്പുകൾ കടയിൽ സ്ഥാപിക്കുകയും ആവശ്യക്കാർ സൈക്കിൾ പമ്പ് സൈക്കിൾ ടയറിൽ കാറ്റടിക്കാനായി ഉപയോഗപ്പെടുത്തുമ്പോൾ ഒരു രൂപ ചാർജും ഈടാക്കിയിരുന്നു. ഇതര നാട്ടിലെയും ജനങ്ങളുടെയും വർത്തമാന വിഷയങ്ങൾ അറിയുന്നതിനും അതിനെക്കുറിച്ചു അപബോധം സൃഷ്ടിക്കുന്നതിനും രാഘവന്റെ പക്കൽ ഉപാധികൾ ഉണ്ടായിരുന്നു. സിനിമ വിശേഷങ്ങൾ അടങ്ങുന്ന വാരികകളും ദിനപത്രങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന മൂന്നു ദിനപത്രങ്ങളും കൂടാതെ കട തുറക്കുന്നത് മുതൽ അടക്കുന്നത് വരെ നിർത്താതെ സംപ്രേഷണം വിധേയമായി ഓടുന്ന ആകാശവാണിയും കടയിൽ ഇടംപിടിച്ചിരുന്നു. ആകാശവാണിയിലെ എല്ലാ പരിപാടികളും രാഘവന്റെ ബാർബർ ഷോപ്പിലെ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്ന വിനോദ വിവര സാങ്കേതിക വിനിമയോപാധികളായിരുന്നു. ദൃശ്യമാധ്യമമായ ടെലിവിഷനെക്കാൾ ഏറേ പ്രചാരത്തിൽ നിലകൊണ്ടിരുന്നത് ആകാശവാണിയായിരുന്നതിനാലും ആകാശവാണിയിലെ ഓരോ പരിപാടിയും ഏതൊക്കെ സമയത്തു സംപ്രേഷണം ചെയുമെന്നുള്ളത് രാഘവന് ഹൃദ്യസ്ഥമായിരുന്നു. വൈകുന്നേരങ്ങളിൽ വാർത്തകൾക്കു ശേഷം കർഷകന്റെ പ്രശ്നങ്ങളും പരാതികളും പുതു കൃഷി രീതികളെക്കുറിച്ചും പ്രതിപാദിച്ചു സംപ്രേഷണം ചെയ്തിരുന്ന വയലും വീടും പരിപാടിയും കേൾക്കാൻ ശ്രോതാക്കളും സന്നിഹിതരായിരുന്നു. വെള്ളിയാഴ്ച ദിനങ്ങളിൽ യുവാക്കളുടെ തിരക്ക് തന്റെ ബാർബർ ഷോപ്പിലുണ്ടാകുമായിരുന്നു, കാരണം മറ്റൊന്നുമല്ല പുതു സിനിമാ വിശേഷങ്ങളും പുതുമുഖ നടിമാരുടെയും ആ കാലയളവിൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടികളുടെയും താരങ്ങളുടെയും ചിത്രങ്ങൾ നാനയിലും സിനിമാ മാസികയിലും വരുമായിരുന്നു. ഓരോ യുവാക്കൾക്ക് അവരവരുടെ ഇഷ്ട നായികമാരുടെ ഗ്ലാമറസായുള്ള ഫോട്ടോകൾ നയനമനോഹരമാക്കി നിറഞ്ഞു തുളുമ്പി നിൽക്കുന്ന രംഗങ്ങൾ കണ്ടു ആനന്ദിക്കുകയും ചൂടോടെ അത് ഒപ്പിയെടുക്കുകയും ഹൃദയത്തിൽ പതിപ്പിക്കുകയും ചെയ്യുന്നതിനുള്ള തിരക്കുകൾ കടയുടെ മുന്നിലുണ്ടാകുമായിരുന്നു. ഈ രണ്ടു മാസികളിലും നടുഭാഗത്തു ഗ്ലാമറസ്സായിട്ടുള്ള നടിമാരുടെ ശരീര വർണനകൾ പകർന്നാടുന്ന ഫുൾ സൈസ് ഫോട്ടോ പ്രത്യക്ഷപ്പെടുന്ന ദിനം ആദ്യമെത്തി ദർശന ഭാഗ്യം നേടിയില്ലെങ്കിൽ രാഘവൻ പോലുമറിയാതെ ചൂഴ്ന്നുകൊണ്ടുപോകുന്ന തരം യുവാക്കൾ മഞ്ചാടിക്കരിയിൽ ഉണ്ടായിരുന്നു. സിസി ടീവി സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സിനിമാ നടികളുടെ പോസ്റ്ററുകൾ മോഷണം നടത്തുന്ന യുവാക്കളുടെ കഴിവിനെ രാഘവൻ പ്രശംസിക്കുമായിരുന്നു. ഇന്നേവരെ മഞ്ചാടിക്കരിയിൽ മോഷണ കേസുകൾ പ്രദേശവാസികൾ പോലീസു സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുമില്ല അങ്ങയുള്ള സംഭവങ്ങൾ അവിടെ അരങ്ങേറിയിട്ടുമില്ല. പോസ്റ്ററുകൾ മോഷണം കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു അവ കടത്തികൊണ്ടുപോയിരുന്നത്. എന്നിരുന്നാലും രാഘവൻ പോലീസ് സേനകൾക്കു മുന്നിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിന്റെ പ്രധാന കാരണമായി രാഘവൻ പറയുന്നത് യൗവനകാലമായ പ്രായത്തിന്റെ കുല്സിതങ്ങളിൽ വിധേയത്വം പ്രാപിക്കാത്ത മനുഷ്യരില്ലല്ലോ എന്ന് കരുതി ആ സംഭവങ്ങളെ അതിന്റെ വഴിക്കു വ്യതിചലിപ്പിച്ചായിരുന്നു രാഘവൻ ദീർഘ വീക്ഷണത്തോടെ കണ്ടിരുന്നത്. മുൻകൂട്ടി ഫോൺ മുഖേനെയുള്ള ബുക്കിങ്ങുകളോ കസ്റ്റമർ കെയർ സർവീസ് റെപ്രസെന്ററ്റീവ്മാരുടെ റിമൈൻഡറുകളോ പ്രവർത്തന സജ്ജമായി സൗകര്യങ്ങൾ തരപ്പെടുത്തിട്ടില്ലാതിരുന്നതിനാൽ വരുന്നവരുടെ മുൻഗണനാ സ്ഥിതി അനുസരിച്ചാണ് ഓരോരുത്തർക്കും മുടി മുറിക്കലിനായി രാഘവൻ അവസരം നൽകിയിരുന്നത്. ട്രെൻഡിംഗുകളോ ഫാഷൻ ഡിമാന്റോ സ്റ്റൈലുകളോ നിറഞ്ഞ മുടിവെട്ട് രീതികൾ രാഘവന്റെ പക്കൽ ഇല്ലായിരുന്നു. പക്ഷേ ചെറുപ്പക്കാരുടെയും മറ്റു ആളുകളുടെയും ഇങ്കിതം കൈയ്യിലെടുക്കുന്ന തരത്തിലും വിധത്തിലും കത്രികപ്പാടില്ലാതെ അവരവരുടെ ഇഷ്ടാനുസരണം മുടി മുറിച്ചു വൃത്തിയാക്കുന്ന ശീലം രാഘവൻ സ്വായത്തമാക്കിയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ കടയിൽ പൊതുവെ നല്ല തിരക്കുകൾ അനുഭവപ്പെടാറുണ്ടായിരുന്നു. കടയുടെ അകത്തു സ്ഥാപിച്ചിരുന്ന നാലു ഇരുമ്പു കസേരയിലും പുറത്തു വരാന്തയിൽ ഇട്ടിരുന്ന തടി ബെഞ്ചിലും ഉപഭോക്താക്കളുടെ നിറസാന്നിധ്യമുള്ളതുകൊണ്ടു ഒരു നാട്ടു സഭയ്ക്കുള്ള ജനക്കൂട്ടം രാഘവന്റെ കടയ്ക്കു മുന്നിൽ ഞായറാഴ്ച ദിവസങ്ങളിൽ പതിവായിരുന്നു. അന്നേദിവസത്തെ പ്രാതൽ കാര്യമായിട്ട് കഴിക്കുകയും മധ്യാഹ്നത്തിനായി കൊണ്ടുവരുന്ന ആഹാരം ഏറേ വൈകിയുമായിരിന്നു കഴിച്ചുകൊണ്ടിരുന്നത്. സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന വളരെ ലളിതവും ഭേദപ്പെട്ടതുമായ സേവന നിരക്കുകൾ അണിനിരത്തിയായിരുന്നു ബാർബർ ഷോപ്പിൽ രാഘവൻ പണം ഈടാക്കിയിരുന്നത്. മുടിമുറിക്കൽ മാത്രം ചെയ്യുന്നവർക്ക് ഇരുപതു രൂപയും ഷേവിംഗ് മാത്രം ആണെങ്കിൽ പതിനഞ്ചു രൂപയും എന്നാൽ കട്ടിങ്ങും ഷേവിങ്ങും ചേർത്ത് ചെയ്യുന്നവർക്ക് പ്രത്യേക നിരക്കിൽ ഉൾപ്പെടുത്തി മുപ്പതു രൂപയ്ക്കു രണ്ടുകാര്യങ്ങളും തീർപ്പുകൽപ്പിക്കാമായിരുന്നു. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് പതിനഞ്ചു രൂപ നിരക്കിലും രാഘവൻ തന്റെ ഉപജീവനമാർഗ്ഗമായിരുന്ന ബാർബർ ഷോപ്പിലെ സേവനങ്ങൾക്ക് നിരക്കുകൾ നിജപ്പെടുത്തിയിരുന്നു. സ്വന്തം കൈപ്പടയിൽ പ്രത്യേകം എഴുതി തയ്യാറാക്കിയ ബോർഡിൽ തന്റെ സേവനങ്ങൾക്കായി വരുന്ന ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തിരുന്നു. മഞ്ചാടിക്കരിയിലെ ഗ്രാമവാസികളെക്കൂടാതെ സമീപ പ്രദേശത്തുള്ള യുവാക്കളും രാഘവന്റെ സേവനങ്ങൾ തേടി എത്തിയിരുന്നു. സേവനനിരക്കുകൾ കുറവായതിനാലും ആളുകളുടെ ഇഷ്ടാനുസരണം മുടി മുറിച്ചു നൽകിയിരുന്നതിനാലും രാഘവന്റെ ബിസിനസ് ദിനംപ്രതി പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടു കടന്നുപോയിക്കൊണ്ടിരുന്നു. കടയിലെ തിരക്കും സേവനങ്ങൾക്കായി വന്നുപോയിക്കൊണ്ടിരുന്ന തലയുടെ എണ്ണവും വർധിച്ചു വരുന്നത് കൂടുതലായിരുന്നെങ്കിലും രാഘവൻ തന്റെ പതിവു ശൈലികൾ തെറ്റിക്കാറില്ലായിരുന്നു. രാവിലെ ഏഴിന് മുൻപേ തുറന്നു പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് രാത്രി എട്ടു ഒൻപതു വരെയും പ്രവർത്തന സജമാക്കിയായിരുന്നു രാഘവൻ തന്റെ ഉദ്യോഗത്തെ നടത്തിക്കൊണ്ടുപോയിരുന്നത്. സമയപരിധികളെ കൈക്കുള്ളിൽ ഒതുക്കിപ്പിടിക്കുന്ന രാഘവൻ അപ്പോഴും കടയിൽ എത്തിച്ചേർന്നിരുന്നത് തന്റെ പഴയ ഹെർക്കുലീസ് സൈക്കിൾ ഓടിച്ചു തന്നെയായിരുന്നു. ജീവനോപാധിയായതു മൂലം കിടപ്പു രോഗികൾക്കും നേരിൽ എത്താൻ ആരോഗ്യ സ്ഥിതി മോശമായവർക്കും കടയിലെ പ്രവർത്തന സമയത്തിൽ നേരിയ മാറ്റം വരുത്തി വീടുകളിൽ ചെന്നും രാഘവൻ മുടി മുറിക്കൽ സേവനം നടത്തിയിരുന്നു. രോഗികളുടെ ബന്ധുക്കളുടെയോ കുടുംബക്കാരുടെയോ നിർദ്ദേശത്തിന് വഴങ്ങി വീട് വീടാന്തരം എന്ന നിലയിലുള്ള സേവനമായതുകൊണ്ടു പ്രത്യക ചാർജായി പത്തു രൂപ അധികം വാങ്ങിയിരുന്നു. ചിലപ്പോഴൊക്കെ ദയാവായ്പ്പിൽ മുങ്ങിയും കഠിനതരമായ ഹൃദയധാരിയല്ലാത്തതിനാലും രാഘവൻ അധിക തുക വാങ്ങാതെ പോരുകയാണ് ചെയ്തിരുന്നത്. കുട്ടികളെ മുറിമുറിക്കലിനായി കടയിൽ കൊണ്ടുവരുമ്പോൾ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞു ചെറുപൊടികൈ വേലകൾ ഒക്കെ കലർത്തി രാഘവൻ കുട്ടികളെ ശാന്തരാക്കി പിടിച്ചിരുത്തുമായിരുന്നു. ചിലപ്പോൾ കത്രികകൾകൊണ്ട് വായുവിൽ ശബ്ദമുണർത്തിയും മുഖത്ത് ഗോഷ്ടികൾ കലർത്തിയും വെള്ളം സ്പ്രേ ചെയ്യുന്ന കുപ്പിയിലെ വെള്ളം മുറിക്കുള്ളിൽ പതിയെ സ്പ്രേ ചെയ്തും കുട്ടികളെ പൊട്ടി പൊട്ടി ചിരിപ്പിച്ചുകൊണ്ടു രാഘവൻ മുടിമുറിക്കൽ ചടങ്ങു അവരെ കരയിപ്പിക്കാതെ ചെയ്യുമായിരുന്നു. കുട്ടികൾക്കായി ഒരു ചെറിയ പലക കഷ്ണത്തിൽ കുഷ്യൻ പിടിപ്പിച്ചു രാഘവൻ അവർക്കായി കരുതി വെച്ചിരുന്നു. മുടിമുറിക്കലിനായി കുട്ടികൾ എത്തിച്ചേരുമ്പോൾ കസേരയുടെ കൈവരിയിടെ മേലെ ചേർത്തുവെച്ചു അതിൽ കയറ്റിയിരുത്തി പൊക്കത്തിന് സമാനമാക്കി സുരക്ഷിതരായി ഇരുത്തുകയും ചെയ്യും. പിന്നീട് ദേഹത്ത് മുറിച്ച മുടികൾ വീഴാതിരിക്കുന്നതിനു ഉജാലയ്ക്കു പകരമായി നീലം മുക്കിയ വെള്ളമുണ്ട് കുട്ടികളെ പുതപ്പിച്ചിരുത്തി രാഘവൻ തന്റെ ഉദ്യമത്തിലേക്ക് കടക്കുകയാണ് ചെയ്തിരുന്നത്. കുട്ടികളുടെ തല ഇളക്കാതെയും പറയാതെയും കത്രികകൾ മാത്രം "ക്ലിക്ക്' "ക്ലിക്ക്' കരഞ്ഞുകൊണ്ട് രാഘവൻ അവരുടെ മുടികൾ മുഴുവനായും മുറിച്ചു മറ്റുമായിരുന്നു. വൃത്തിയാക്കിയതിനു ശേഷം കുട്ടികളുടെ മുഖത്ത് അല്പം പൗഡർ കൂടി ചേർത്തൊപ്പിയതിനുശേഷം സുന്ദരനായി എന്ന അഭിസംബോധനകൂടി പറഞ്ഞു കസേരയിൽ നിന്നും താഴെയിറക്കുന്നതിനു മുൻപ് കണ്ണാടിയിൽ അവരുടെ മുഖം ഒന്ന് ഉയർത്തി കാണിക്കുമ്പോൾ കുട്ടികൾ വളരെ സന്തോഷിച്ചിരുന്നു. ചെറിയ കുട്ടികൾ കരച്ചിലില്ലാതെയും ബഹളമുണ്ടാക്കാതെയും മുടിവെട്ടുന്ന സേവനം രാഘവൻ ചെയിതു തീർക്കുമ്പോൾ കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കളും അതീവ സന്തുഷ്ടരായിരുന്നു. രാഘവന്റെ ബാർബർ ഷോപ്പ് നാലു കടമുറികളുള്ള കെട്ടിട സമുച്ചയത്തിൽ ഒന്നായിരുന്നു. കുറച്ചുകൂടി അതിനെ നവീനവൽക്കരിച്ചു പറഞ്ഞാൽ മഞ്ചാടിക്കരിയിലെ പ്രദേശവാസികളുടെ ഷോപ്പിംഗ് കോംപ്ലക്സ് എന്ന് തന്നെ തലയെടുപ്പോടെ പറയാമായിരുന്നു. തിലകൻ ചേട്ടന്റെ പലവ്യഞ്ജന കടയും സ്ഥല ഉടമയായ വറീത് മാപ്ലയുടെ പച്ചക്കറിക്കടയും മഞ്ചാടിക്കരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് വേണ്ടി വറീത് മാപ്ലയുടെ അപ്പൻ ചാണ്ടിക്കുഞ്ഞു വിഭാവനം ചെയുകയും അതിനു വേണ്ടി രൂപകൽപനയായി വറീത് ക്ലബിന്റെ ആവശ്യങ്ങൾക്കായി ഒരു കടമുറി മാറ്റി നൽകുകയും ചെയ്തിരുന്നു. മഞ്ചാടിക്കരിയുടെ മുഖമുദ്ര വറീത് പണി കഴിപ്പിച്ച ഈ കെട്ടിട സമുച്ചയം തന്നെയായിരുന്നു. ചാണ്ടിക്കുഞ്ഞു വലിയ കായിക പ്രേമിയായിരുന്നതിനാൽ തന്റെ ഗ്രാമവാസികൾക്ക് വേണ്ടി തുടങ്ങിയ ക്ലബ്ബായിരുന്നു മഞ്ചാടിക്കരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. തുടക്ക കാലത്തു ക്ലബിന് നേതൃത്വം നൽകുകയും വോളി ബോൾ, കബഡി, വടംവലി തുടങ്ങിയ കായികയിനങ്ങൾ വർഷാവർഷം മത്സരമായി സംഘടിപ്പിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടന്ന് കിടപ്പിലായതിനു ശേഷം മകൻ കായിക മാമാങ്കളും കലാപരിപാടികളും ക്ലബിന്റെ അഭിമുഖത്തിൽ നടത്തി. ചാണ്ടിക്കുഞ്ഞു കുറച്ചു കാലത്തിനു ശേഷം ഡിസംബർ മാസത്തിൽ മരണപ്പെടുകയും ചെയ്തു. മകൻ വറീത് പിന്നീട് മഞ്ചാടിക്കരിയിൽ ബിസിനസിലേക്കു തിരിഞ്ഞു അവിടെ കെട്ടിടത്തിന്റെ പണിപൂർത്തിയാക്കിയപ്പോൾ ക്ലബിന് വേണ്ടി ഒരു കടമുറി അപ്പന്റെ ഓർമയ്ക്കായി മാറ്റി നൽകി. തുടർന്ന് ക്ലബിന്റെ നടത്തിപ്പുകൾ നാട്ടിലെ യുവാക്കൾക്കായി കൈമാറുകയായിരുന്നു. മഞ്ചാടിക്കരിയിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ കലാകായിക പരിപാടികൾ പ്രായഭേദ വ്യത്യാസമില്ലാതെ സംഘടിപ്പിച്ചിരുന്നു. ചാണ്ടിക്കുഞ്ഞു തുടങ്ങിവെച്ച ഈ കായിക മാമാങ്കങ്ങൾ വറീതിലൂടെ നേതൃത്വം നൽകികൊണ്ട് ഒരുകൂട്ടം യുവാക്കൾ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് സുസജരായി പ്രവർത്തിക്കുകയും അതിനു അഹോരാത്രം പരിശ്രമങ്ങൾ നടത്തുന്നതിനായി തുനിഞ്ഞിറങ്ങുകയും ചെയ്തിരുന്നു. പ്രദേശവാസികളുടെ വിനോദത്തിനും അവരവരുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഗംഭീര പരിപാടിയായി പരിപൂർണ്ണതയിലെത്തിക്കാനും അവർക്കു സാധിച്ചിരുന്നു. എല്ലാ നാട്ടിലും യുവജനങ്ങളും കലയോടും കായികപരമായും അഭിരുചിയുള്ള ജനങ്ങൾ ഇതുപോലെ മുൻകൈയെടുത്തു കാര്യപരിപാടികൾക്കായി നേതൃത്വം വഹിക്കുകയും അതിനായി ഉൾക്കൊള്ളുകയും ചെയ്യുന്നതുകൊണ്ട് ഇപ്പോഴും കല കായിക സാഹിത്യ പരിപാടികൾ ക്ലബുകൾപോലെ രൂപവൽക്കരിച്ചു അതിന്റെ നടത്തിപ്പുകൾ പരിപോഷിപ്പിക്കപ്പെട്ടുപോരുന്നുണ്ട്. ചില സമയങ്ങളിൽ ക്ലബിന്റെ ഓഫീസ് പാർട്ടിയുടെ ലോക്കൽ നേതാക്കൾ കമ്മിറ്റി മീറ്റിംഗിനായി ക്ലബിന്റെ മുറി ഉപയോഗപ്പെടുത്തുമ്പോൾ അതിൽ നിന്നും സ്ഥല വാടകയിനത്തിൽ ലഭിക്കുന്ന വിഹിതം ക്ലബിന്റെ പ്രവർത്തന ഫണ്ടിലേക്ക് വന്നു ചേരുമായിരുന്നു. മഞ്ചാടിക്കരിയിലെ ജനങ്ങൾക്ക് റിക്രിയേഷൻ എന്ന നിലയിലും ഈ ക്ലബ് മുറി ഇടംകൊണ്ടിരുന്നു. ഏതാണ്ട് അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഒരു കോണിലായി നിലയുറപ്പിച്ചിരുന്നു. ക്യാരം ബോർഡ്, ചെസ്സ് ബോർഡ് പതിവായി എത്തുന്ന ദിനപത്രങ്ങൾ, സ്പോർട്സിനു വേണ്ടി വോളിബോളും ഫുട്ബോളും കരുതിയിരുന്നു. ക്ലബിന്റെ മുന്നിലെ വരാന്തയിൽ സ്ഥിരമായി "നിര' "പതിനാറുകാ' കളിക്കുകയും ചെയ്യുന്ന വയോധികരും ഉണ്ടായിരുന്നു. പക്ഷേ മഞ്ചാടിക്കരിയിലെ ഒരു കൂട്ടം ആളുകൾ കബഡി കളിയും മറ്റൊരു പ്രധാന വിനോദമായി കൂടെ കൂട്ടുകയും അതിൽ വ്യാപൃതരാകുകയും ചെയ്തിരുന്നു. മഞ്ചാടിക്കരി ക്ലബ്ബിൽ ചാണ്ടിക്കുഞ്ഞിന്റെ സ്മരണാർഥം വോളിബോൾ ടൂർണമെന്റ് എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടത്തപ്പെടാറുണ്ടായിരുന്നു. അതിനു ചുക്കാൻ പിടിക്കുന്നതും കാർമ്മിഹത്വം വഹിക്കുന്നതും രാഘവനായിരുന്നു. ആ കാലയളവിൽ രാഘവൻ ഹെയർ സ്റ്റൈലിസ്റ്റ് എന്ന പരിവേഷം മാറ്റി നിർത്തുക പതിവായിരുന്നു. ഈ സമയത്തു മാത്രമാണ് മഞ്ചാടിക്കരിയിലെ ജനങ്ങൾ രാഘവനിലെ സ്പോർട്സ്മാൻ ഉണർന്നു പ്രവർത്തിക്കുന്നത് കാണുന്നത്. തൊണ്ണൂറുകളിൽ ആലപ്പി യംഗ്സ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റനായ രാഘവനെയാണ് മഞ്ചാടിക്കരി ജനങ്ങൾ കാണുന്നത്. അക്കാലത്തിൽ രാഘവൻ തുടർച്ചയായി ആലപ്പി യംഗ്സ്റ്റേഴ്സിനു വേണ്ടി കളിക്കുകയും സംസ്ഥാന തലത്തിൽ ചാമ്പ്യൻഷിപ്പ് നേടിയെടുക്കുകയും ചെയ്യുമായിരുന്നു. നമ്മൾ അറിയപ്പെടാതെ പോകുന്ന ഓരോ മനുഷ്യനും അവരവരുടേതായ ഇരിപ്പിടങ്ങൾ വരച്ചു കാട്ടിയ കാലയളവ് ഉണ്ടാകും. ഒരു പക്ഷേ മാറിപ്പോകുന്നതും അഭിരുചികളെയും വ്യക്തിമുദ്ര പതിപ്പിക്കേണ്ടാതായ ഇടങ്ങളെയും രേഖപ്പെടുത്താതെ വ്യതിചലിക്കുന്നതു ജീവിതത്തിൽ എടുക്കുന്ന ചില തീരുമാനങ്ങളുടെയോ സാഹചര്യങ്ങളുടെയോ സമ്മർദ്ദത്തിന് വഴങ്ങി സ്വയം രൂപമാറ്റം വരുത്തി കടന്നു പോകേണ്ടിവരായി മാറുന്നതുകൊണ്ടാണ്. തുടക്കത്തിലേ പറഞ്ഞ രാഘവന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. ആലപ്പി യംഗ്സ്റ്റേഴ്സ് ടീമിനു വേണ്ടി വോളി ബോൾ പ്ലെയറായി രാഘവൻ തകർത്താടിയിരുന്ന കാലം. ചില നിമിഷങ്ങൾ ചില തീരുമാങ്ങൾ ചില സാഹചര്യങ്ങൾ മനുഷ്യനെ അടിമുടി മാറ്റിമറിക്കും. അങ്ങനെ രാഘവനെയും കാലം തിരുത്തിക്കുറിച്ചു. അച്ഛന്റെ മരണശേഷം പാരമ്പര്യ തൊഴിലിലേക്കു രാഘവനും പരകായപ്രേവേശം നടത്തുകയായിരുന്നു. ജീവിക്കുകയെന്ന കലയെക്കാൾ വലിയ ഒരു അതിജീവന കലയും ഭൂമിയിൽ പിറവിയെടുത്തിട്ടില്ല. ഉപജീവനത്തിനും തന്റെ കുടുംബത്തിനും വേണ്ടി രാഘവൻ ഹെയർ സ്റ്റൈലിസ്റ്റായി മാറിയപ്പോൾ തന്റെ ഇച്ഛാശക്തിയും അഭിനിവേശവും എല്ലാം സ്വയം കാറ്റിൽ പറത്തുകയായിരുന്നു. ആകാശംമുട്ടെ പറക്കാൻ കൊതിച്ച പട്ടങ്ങൾ നൂലുപൊട്ടിയ സ്വപ്നങ്ങൾ പോലെ നിലംപതിക്കുന്ന അവസ്ഥയാണ് രാഘവന്റെ ജീവിതത്തിലും ഉണ്ടായത്. പക്ഷേ ആരോടും പരിഭവപ്പെടാതെ സ്വയം മൺമറയിച്ച ആത്മാവിനെ മറ്റൊരു ജീവിതത്തിൽ സന്നിവേശിപ്പിച്ചുകൊണ്ടു ജീവുക്കുന്നു. മഞ്ചാടിക്കരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വോളിബോൾ ടൂർണമെന്റിൽ തന്റെ നാടിനു വേണ്ടി വർഷത്തിലെ പത്തു ദിനങ്ങളിൽ മാത്രം അതിന്റെ കാർമികത്വത്തിൽ വിഹരിച്ചുകൊണ്ടു ആത്മ സംതൃപ്തി നേടി രാഘവൻ മാസ്റ്റർ ഹെയർ സ്റ്റൈലിസ്റ്റ് രാഘവനായി മറ്റുള്ളവരുടെ തലയ്ക്കും സ്വപ്നങ്ങൾക്കും ജീവനേകി ജീവിതം തുടരുന്നു.
വിനീത് വിശ്വദേവ്
സൈക്കിൾ കള്ളൻ
കൊല്ലവർഷം 1199 ചിങ്ങം ഏഴ്, ഇംഗ്ലീഷ് വർഷം 2023 ഓഗസ്റ്റ് 23 കഥ നടക്കുന്നത് ഷാർജയിലെ നാഷണൽ പെയിന്റ് ഏരിയ. എപ്പോഴും അവനോട് പറയാറുണ്ട് ആ സൈക്കിൾ പൂട്ടിയിട്ട് പോകാൻ, ജോലിക്ക് പോകാൻ താത്കാലിക ആശ്വാസം ആ വണ്ടിയെ ഉള്ളൂ. നാട്ടിൽ പ്ലമ്പർ പണി എടുക്കുമ്പോൾ യമഹ ബൈക്കിൽ ചെത്തി നടന്നതാ, പക്ഷെ ഇവിടെ പൈസ ഉണ്ടാക്കാൻ ഉള്ള തത്രപ്പാടിൽ ആണ്. അവിടെയാണ് ഇവന്റെ വില, പാക്കിസ്ഥാനിയോട് ചുളു വിലക്ക് അടിച്ചെടുത്തതാണ്. "ഈ സൈക്കിൾ ആരെടുക്കാനാ എന്റെ ശിവാ, ഇനി എടുത്താൽ തന്നെ മുകളിൽ കാമറ ഉണ്ട് കള്ളനെ എന്തായാലും കണ്ടുപിടിക്കാൻ പറ്റും'. അപ്പോഴാണ് ഞാൻ അത് നോക്കിയത് പുഞ്ചിരി നിൽക്കുന്ന ആ കണ്ണുകൾ, കാമറ കണ്ണുകൾ!. "എടാ... എന്റെ സൈക്കിൾ കളവ് പോയി'. ആദ്യം ഞാൻ പൊട്ടി പൊട്ടി ചിരിച്ചു "നിന്നോട് അന്നേ പറഞ്ഞതല്ലേ അതു പൂട്ടിയിട്ട് പോകാൻ'. സാരമില്ല കാമറ കണ്ണുകൾ ഉണ്ടല്ലോ?. ഏതെങ്കിലും ബംഗാളികൾ അടിച്ചു മാറ്റിയത് ആകും. അല്ലെകിൽ പാക്കിസ്ഥാനികൾ, ഇവരിൽ രണ്ടു പേർ ഉറപ്പാ. രണ്ടായാലും സൈക്കിൾ കിട്ടാൻ പോകുന്നില്ല, പിന്നെ നിന്റെ സമാധാനത്തിനു സിസിടിവി കാമറ ചെക്ക് ചെയ്യാം. നാട്ടിൽ ബൈക്ക് വിറ്റ് കാറ് വാങ്ങിയത് എല്ലാം ഈ സൈക്കിൾ വെച്ചാണ്. ഈ സൈക്കിളിൽ ഒരുപാട് അറ്റാച്ച് ഉണ്ട്, അവൻ സ്ഥിരം ക്ലീഷേ ഡയലോഗുകൾ അടിക്കാൻ തുടങ്ങി. എടാ നാട്ടുകാർ ആരെങ്കിലും വിശ്വസിക്കുമോ ഞാൻ ഈ സൈക്കിളിൽ പോയാണ് ജോലി ചെയ്യുന്നതെന്ന്. അതാണ് ഈ ഗൾഫിന്റെ ഒരു ശക്തി. അല്ലെ. സാരമില്ലെടാ വൈകുന്നേരം എന്തായാലും നിന്റെ സൈക്കിൾ കള്ളനെ കണ്ടുപിടിച്ചു തരാം. ഞാൻ ഫോൺ കട്ട് ആക്കി. നമുക്ക് എല്ലാവർക്കും ഒരു സൈക്കിൾ അറ്റാച്ച്മെന്റ് ഉണ്ടാകും. ആദ്യം പഠിച്ച ഒരു വാഹനം, അല്ലെങ്കിൽ ആദ്യം പോറൽ ഏൽപ്പിച്ച ഒരു വാഹനം, ഓർമ വച്ച കാലത്തെ സൈക്കിൾ കഥകൾ. എന്തായാലും എന്റെ കുട്ടിക്കാലത് ഒന്നും സൈക്കിൾ കിട്ടിയിരുന്നില്ല, പത്താം ക്ലാസ്സ് പാസ്സ് ആയപ്പോൾ ഒരു സൈക്കിൾ കിട്ടി, അതിൽ ഇരുന്നു പോകുമ്പോൾ ആകാശത്തുകൂടെ പ്ലെയിൻ പറത്തുന്ന ഒരു സുഖം ആയിരുന്നു. മനസിൽ ആയിരം ബെല്ലുകൾ നിർത്താതെ അടിഞ്ഞു. വൈകുന്നേരം സിസിടിവി പരിശോധന ആരംഭിച്ചു. കണ്ണുകൾ ആ നിർത്തിയിട്ട സൈക്കിളിൽ മാത്രം. അതിലെ വന്ന പൂച്ച സൈക്കിളിന്റെ സീറ്റിൽ കയറിയിരുന്നു. പിന്നെയും സമയം പോകുന്നത് അല്ലാതെ സൈക്കിൾ അവിടെ നിന്നും അനങ്ങുന്നില്ല. കുറച്ചു ഫാസ്റ്റ് ആയി അടിച്ചാലോ, വേണ്ട പൂച്ചയുടെ അഭ്യാസം കാണുക തന്നെ. ആ സമയം ഒരു എട്ടു ഒൻപതു വയസുള്ള ഒരു കുട്ടി സൈക്കിളിന്റെ അടുത്ത് വരുകയും, തന്റെ സൈക്കിൾ എന്നവണ്ണം ഒരു കൂസലും ഇല്ലാതെ അതു ഓടിച്ചു പോവുകയും ചെയ്തു. അതു ഞാൻ വീണ്ടും വീണ്ടും കാണുകയും മൊബൈലിൽ റിക്കാർഡ് ചെയ്യുകയും ചെയ്തു. പ്രതീക്ഷകൾ ആസ്ഥാനത്തായി, കാമറ കണ്ണുകൾ കണ്ണ് പൊത്തി ചിരിച്ചു. ഈ പയ്യനെ എവിടെയോ വെച്ച് കണ്ടത് പോലെ.. അതേ.. പക്ഷെ പേര് കിട്ടുന്നില്ല, അവന്റെ ഉപ്പയുടെ മുഖം മനസിൽ നിറഞ്ഞു വന്നു. ഗ്രോസറി നടത്തുന്ന ബിലാൽ. ഉറപ്പില്ല, എങ്കിലും ആ വിഡിയോ അയാളെ കാണിക്കുക തന്നെ. ബിലാൽ ആ വീഡിയോ കണ്ട് കണ്ണ് നീർ വർക്കുമ്പോൾ ഞാൻ ഉറപ്പിച്ചു, അതു കൊച്ചു ബിലാൽ തന്നെ. ബിലാൽ എന്റെ കൈ പിടിച്ചു, ഇത് എന്റെ മോൻ ആണ്, ഈ കളവിന് ഞാൻ തന്നെയാണ് ഉത്തരവാദി. കാരണം, അവന്റെ പ്രായത്തിൽ എല്ലാവർക്കും സൈക്കിൾ ഉണ്ട്, എന്നോട് വാങ്ങിതരാൻ പല തവണ അവൻ പറഞ്ഞതാണ് പക്ഷെ..., ഈ വീഡിയോ പുറത്തു പോകരുത് ആയാൾ എന്റെ ഹൃദയം തൊട്ടു. "ഞാൻ ആയിരം ദിർഹം തരാം. ഈ സൈക്കിൾ തിരിച്ചെടുക്കരുത്, അതു അവന് താങ്ങാൻ പറ്റില്ല, അവനെ സമയം കിട്ടുമ്പോൾ, ഈ തെറ്റ് ബോധ്യപ്പെടുത്താം'. ബിലാലിന്റെ കണ്ണിൽ നിന്നും കണ്ണീർ വീണു. സാരമില്ല പൈസ ഒന്നും വേണ്ട അതു അവൻ എടുക്കട്ടെ. പക്ഷെ തെറ്റ് അവനെ പറഞ്ഞു മനസിലാക്കണം. ഞാൻ തിരികെ നടന്നു, നടന്ന കാര്യം ശിവനെ വിളിച്ചു പറഞ്ഞു, നമുക്ക് നല്ല ഒരെണ്ണം വാങ്ങാം, ഞാനും ഹെല്പ് ചെയ്യാം എന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ സൈക്കിൾ യഥാസ്ഥാനത്തു ഭദ്രമായി ഇരിക്കുന്നു. കാമറ കണ്ണ്, കണ്ണ് നീർ പൊഴിച്ചു. പുറത്തു കൊച്ചു ബിലാൽ പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിൽ ഷാർജ കീഴടക്കുന്നു. ഒരിറ്റ് കണ്ണീർ മരുഭൂമിയിൽ പിറക്കുമ്പോൾ, ഭൂമിയിൽ മാലോകർ ഓണം ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു.
യാഷേൽ ഉരുവച്ചാൽ
മണിക്കുട്ടന് അക്കാദമി അവാര്‍ഡ്
ആര്‍ത്തുലയ്ക്കുന്ന തിരകള്‍ പോലെ ലണ്ടന്‍ നഗരമുണര്‍ന്നു. നഗരം കാണാനെത്തിയ കവി ഗംഗാധരനും സുഹൃത്ത് മണിക്കുട്ടനും ഗാഢനിദ്രയിലാണ്. ഗംഗാധരന്റെ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നുള്ള സിനിമ എഴുത്തുകാരന് പൂന്തോപ്പ് പുഷ്പനാണ്. "തന്റെ കൂട്ടുകാരന് മണി ഒപ്പിച്ചെടുത്തല്ലോ സിനിമ പുസ്തകത്തിന് അക്കാദമി അവാര്‍ഡ്. എന്ത് യോഗ്യതയാടോ അയാള്‍ക്ക് അവാര്‍ഡ് കിട്ടാന്‍? ഭാഷയുടെ ഹൃദയം അപഹരിച്ചു കൊണ്ടുപോകുന്ന കുറേ വിദ്വാന്മാര്' അത് കേട്ട ഗംഗ തരിച്ചിരുന്നു. "എനിക്കൊന്നും അറിയില്ല. സാറിനോട് ഇതാരാണ് പറഞ്ഞത്?' ഇന്നത്തെ വാര്‍ത്തയാ. അയാള്‍ പല ദേശങ്ങളില്‍വെച്ച് ഈ പുസ്തകം പ്രമുഖര്‍ വഴി പ്രകാശനം നടത്തിയപ്പോള്‍ കരുതിയത് ഏറ്റവും കൂടുതല്‍ പ്രകാശനം നടത്തി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനായിരിക്കുമെന്നാണ്. എഴുത്തുകാരന് പേരുണ്ടാക്കേണ്ടത് അക്ഷരത്തിന്റെ ആത്മാവ് കൊണ്ടാകണം അല്ലാതെ സ്വാധീനം കൊണ്ടല്ല. പൂന്തോപ്പിന്റെ വാക്കുകള്‍ മനസ്സിനെ മുറിപ്പെടുത്തുകതന്നെ ചെയ്തു. നിമിഷങ്ങള്‍ ഉറക്കത്തിലാണ്ടുകിടന്ന മണിയെ നോക്കി. ഇവന് സോഷ്യല്‍ മീഡിയയില്‍ പലതും തള്ളുമെന്നല്ലാതെ ഒരു പുസ്തകമെഴുതാനുള്ള അറിവുള്ളവനല്ല. ഉത്കണ്ഠയോടെ മണിയെ കുലുക്കി വിളിച്ചു. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കയില്‍ നിന്ന് ഞെട്ടിയെണീറ്റ് തുറിച്ചുനോക്കി. "എന്താടാ ലണ്ടന്‍ കുലുങ്ങിയോ' "ലണ്ടന്‍ കുലുങ്ങിയില്ല. നീയൊരു കുലുക്കം നടത്തി. നിന്റെ സിനിമ പുസ്തകത്തിന് അക്കാദമി അവാര്‍ഡ് കിട്ടി. അതിനെച്ചൊല്ലി പലരും കുലുങ്ങി ചിരിക്കുന്നു. പരിഹസിക്കുന്നു'. മണിക്ക് ആ വാര്‍ത്ത ആത്മനിര്‍വൃതി നല്‍കിയെങ്കിലും മനവും മിഴിയും തളര്‍ന്നിരുന്നു. ഇങ്ങനെ പ്രതിഫലിക്കുമെന്ന് കരുതിയില്ല. ആ മുഖത്തു യാതൊരു ഭാവപ്പകര്‍ച്ചയോ സന്തോഷത്തിന്റെ ഒരു കണികപോലുമില്ല. ഗംഗയും നിമിഷങ്ങള്‍ പകച്ചിരുന്ന് കണ്ണ് മിഴിച്ചു നോക്കി. ഇവന് എന്ത് സംഭവിച്ചു? മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് തോന്നി. ഈ അവാര്‍ഡിന്റെ പിന്നില്‍ എന്തൊക്കെയോ നിഗുഢതകളുണ്ട്. എത്രയോ പ്രമുഖരുടെ നെഞ്ചത്ത് ചവിട്ടിയാണ് ഇത്തരക്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങുന്നത്? എത്ര ഉന്നതര്‍ ശുപാര്‍ശ ചെയ്താലും പുരസ്കാരം കൊടുക്കുന്നവര്‍ ഒരെഴുത്തുകാരന്റെ സാഹിത്യ സംഭാവനകള്‍ വിലയിരുത്തേണ്ടതല്ലേ? നിശബ്ദനായിരിക്കുന്ന മണിയെ ഗംഗ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളില്‍ എന്തൊക്കൊയോ കുരുങ്ങികിടക്കുന്നതായി തോന്നി. എഴുത്തുലോകത്ത് സജീവമല്ലാത്ത ഇവന് ഒറ്റപുസ്തകത്തിലൂടെ ഇതെങ്ങനെ ഒപ്പിച്ചെടുത്തുവെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. സര്‍ഗ്ഗസിദ്ധി, പ്രപഞ്ച വിജ്ഞാനം, അനുഭവമൊക്കെയുള്ളവരാണ് ഈ രംഗത്ത് ശോഭിച്ച് കണ്ടിട്ടുള്ളൂ. അവരൊക്കെ ഈ രംഗത്ത് സജീവമാണ്. സത്യം എന്തെന്ന് ചോദിച്ചാലും ഇവന് വ്യക്തമായൊരു ഉത്തരം തരില്ല. നിഴല്‍പോലെ ഒപ്പം നടക്കുന്ന സുഹൃത്ത് അസൂയകൊണ്ട് പറയുന്നതല്ലെന്ന് മണിക്കറിയാം. അവാര്‍ഡ് കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കിട്ടുമെന്ന് പ്രതിക്ഷിച്ചതല്ല. ഗംഗയുടെ വാക്കുകള്‍ ദുഃഖഭാരത്തോടെ മനസിന്റെ കോണിലൊതുക്കിയതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. നാവിന്തുമ്പില് സൂക്ഷിച്ച ഒരു സംശയം ചോദിച്ചു. "ഗംഗേ, ഇനിയും നൂറായിരം ചോദ്യങ്ങള്‍ ഇതിന്റെ മുകളില്‍ ഉയരും. എന്ത് മറുപടികൊടുക്കണമെന്ന് എനിക്കറിയില്ല' മണിയുടെ മുഖത്ത് വിഷാദത്തിന്റെ നിഴലുകള്‍ തെളിഞ്ഞു കണ്ടു. അവനെ ആശ്വസിപ്പിച്ചു പറഞ്ഞു. "എടാ മണി ഇതില്‍ ആരും പുണ്യവാളന്മാരല്ല. അതിന് എം.രാജീവ് കുമാറിന്റെ' പിള്ള മുതല്‍ ഉണ്ണിവരെ' എന്ന പുസ്തകം വായിച്ചാല്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. നീ ലോകമെങ്ങും നടന്ന് ഇതിന്റെ പ്രകാശനം പലയാവര്‍ത്തി നടത്തിയപ്പോഴേ പലര്‍ക്കും സംശയങ്ങളുണ്ടായി. "എടാ കുറെ പുസ്തകങ്ങള്‍ കാശ് കൊടുത്ത് എഴുതിച്ചാല്‍ എഴുത്തുകാരനാകില്ല. അവരാണ് പലരുടെയും പിറകെ വാലാട്ടികളായി നടക്കുന്നത്. സമ്മാനപ്പൊതികള്‍ കൊടുത്ത് പുസ്തകമിറക്കുന്നത്. സര്‍ഗ്ഗ പ്രതിഭകള്‍ അത്തരക്കാരല്ല. ഈ പുസ്തകമെഴുതാന്‍ മറ്റൊരാള്‍ നിന്നെ സഹായിച്ചു. എഡിറ്റിംഗ് ആര്‍ക്കും ചെയ്യാം. അതില്‍ തെറ്റൊന്നുമില്ല. സാഹിത്യത്തിന്, ഭാഷക്ക് യാതൊരു സംഭാവനയും നല്‍കാത്ത നിനക്ക് ഈ പുരസ്കാരം എങ്ങനെ കിട്ടിയെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. ഗംഗ എല്ലാം മണത്തറിഞ്ഞിരിക്കുന്നു. ഇനിയും സ്വന്തം ദൗര്‍ബല്യം ഒളിപ്പിച്ചുവെക്കാതെ മാര്‍ഗമില്ല. മാനസിക സമ്മര്‍ദ്ദം ശരീരമാസകലം പടര്‍ന്നു. നിരാശനായിരുന്ന മണിയെ ആശ്വസിപ്പിച്ചു പറഞ്ഞു. "ഇതൊരു സാഹിത്യ സൃഷ്ടിയല്ല. വൈഞ്ജാനിക സൃഷ്ടിയാണ്. ആര്‍ക്കും എവിടെനിന്ന് വേണമെങ്കിലും എടുക്കാം, എഴുതാം, പുസ്തകമാക്കാം. പുരസ്കാരവും വാങ്ങാം. ഇന്ത്യന്‍ നിയമത്തില്‍ പുസ്തകത്തില്‍ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം അല്ലാതെ ഇന്റര്‍നെറ്റ് അല്ല. നീ ധൈര്യമായിരിക്ക്'. ഒരു ദീര്‍ഘനിശ്വാസത്തോടെ ഗംഗയെ നോക്കി. ആ വാക്കുകള്‍ തെല്ലഭിമാനത്തോടെ കണ്ടു. മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞ ഭയാശങ്കകള്‍ മാറി. മുഖം പ്രസന്നമായി. "അളിയാ ഇന്നത്തെ രാത്രി നമുക്ക് അടിച്ചുപൊളിക്കാം' സുസ്മേരവദനനായ മണി ആത്മസുഹൃത്തിനെ കെട്ടിപ്പുണര്‍ന്നു.
പെരുമാൾ രാജൻ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽ അങ്ങനെ അല്ലെന്നുമാത്രവുമല്ല ആളേ നേരിൽ കണ്ടാൽ കൊന്നപ്പത്തൽ ഉണങ്ങിയ ശരീരപ്രകൃതം. രാജനു നാട്ടുകാർ ആലംകാരികമായി ചാർത്തിക്കൊടുത്ത പേരായിരുന്നു പെരുമാളെന്നത്. സത്യത്തിൽ രാജൻ പെരുമാളാണൊന്നു ചോദിച്ചാൽ പത്തിരുപതു വർഷക്കാലം നാട്ടുകാരായ നാട്ടുകാരെ എല്ലാം തന്നെ ചെറിയ തീർഥയാത്ര സംഘങ്ങളാക്കി പഴനിമല കാണിക്കാനായി കൊണ്ടുപോകുകയും തിരികേ സുരക്ഷിതരായി വീട്ടിലെത്തിക്കുകയും ചെയ്തപ്പോൾ ഭക്തമനസുകളും കുടുംബിനികളും ചേർന്ന് രാജനെ പെരുമാളാക്കിമാറ്റിയതായിരുന്നു. ഞായറാഴ്ചദിവസങ്ങളിൽ അതിരാവിലെ കക്ഷത്തിൽ ഒരു ഡയറിയും രാമൻനായരുടെ കടയിലെ ചില്ലുകൂട് അലമാരയിൽ രണ്ടു ഗോതമ്പു ഉണ്ടകൾ പുറത്തേക്കു തള്ളി നിൽക്കുന്നപോലെ തോന്നണിക്കുന്ന ഒരു കണ്ണാടിയും മുഖത്തുചാർത്തി സ്റ്റൈൽമന്നനെപോലെ നടന്നു വരുന്ന രാജന്റെ കെെയിൽ കൂട്ടിനു ഒരു കാലൻകുടയും പതിവായിരുന്നു. വാരാന്ത്യങ്ങളിൽ രാവിലെ തന്നെ വീട്ടുപടിക്കൽ നിൽക്കുന്ന പെരുമാൾ രാജനെ കാണാത്ത പ്രദേശവാസികൾ ചുരുക്കമായിരുന്നു. കൂലിപ്പണിക്കാരന്റെയും അന്നന്നു അന്നത്തിനു വഴിതേടുന്നവന്റെയും അല്ലലിൽനിന്നു മിച്ചംപിടിക്കുന്ന കാശുകൊണ്ട് യാത്രപോകണം അല്ലെങ്കിൽ തീർത്ഥയാത്ര നടത്തണമെന്ന മോഹത്തിനു പാതയൊരുക്കിയ വഴികാട്ടി ദൂതനായിരുന്നു രാജൻപെരുമാൾ. അങ്ങനെ രാജൻ ആ അംബേദ്കർ ഗ്രാമവാസികളിൽ യാത്രയുടെ അനുഭൂതിയിൽ വിരിയുന്ന ആത്മസംതൃപ്തിക്കു വഴിയൊരുക്കിയ ഒരു കുഞ്ഞു സംഭരംഭകനായിരുന്നു. രാജൻ തന്റെ രാജേശ്വരി തീർഥയാത്ര സംഘങ്ങളെ ഇന്നുപറയുന്നപോലെ ടൂർ പാക്കേജ് സംരംഭംത്തിനു തുടക്കമിട്ടത് ഏപ്രിൽ മാസം വിഷുദിനത്തിലായിരുന്നു. പ്രാരംഭ നടപടിയെന്നപോലെ കുടുക്കപ്പാട്ടയിൽ ചില്ലറകൾ നിറക്കുന്ന കൗതകകരമായ പ്രവർത്തികൾ ഒരുവർഷക്കാലത്തോളമായി തുടരുന്നതായിരുന്നു രാജന്റെ പ്രമാണത്തിലെ നാട്ടു ശാസ്ത്രം. രാജേശ്വരി തീർഥയാത്രയെന്ന പാസ്ബുക്കിൽ കൈയിലുള്ളതുപോലെ ഇറക്കുസംഖ്യ വരവുവച്ചുകൊണ്ടു അതെ ആളുടെപേരിൽ തന്റെ കറുത്ത ഡയറിയിൽ രേഖപ്പെടുത്തിയും ഇത് ഒരു തുടർക്കഥപോലെ എല്ലാ ഞാറാഴ്ച ദിവസങ്ങളിൽ തുടർന്നുകൊണ്ടേയിരുന്നു. സ്വന്തം മകളുടെ പേരുതന്നെയാണ് പെരുമാൾ രാജൻ തന്റെ ആദ്യ സംരംഭത്തിന് കണ്ടെത്തി നൽകിയതും. ഈശ്വരാനുഗ്രഹത്താലും തന്റെ മകളുടെ സൗഭാഗ്യത്താലുമാണ് യാതൊരുവിധ കുഴപ്പങ്ങളും സംഭവിക്കാതെ എല്ലാം യാത്രകളും മംഗളമായി നടത്തിതിരിച്ചു വന്നിരുന്നതെന്ന പക്ഷക്കാരനായിരുന്നു രാജൻ. മാത്രവുമല്ല രാജൻ പെരുമാൾ കൊണ്ടുപോയിക്കൊണ്ടിരുന്ന തീർത്ഥയാത്ര സംഘങ്ങൾക്ക് ആഗ്രഹങ്ങളുടെ ഉന്നതിയിൽ യാത്ര ചെയിതിരുന്നവരുടെ പ്രാർത്ഥനയും നാമജപങ്ങളും തുണയായിതീർന്നിരുന്നു. മണ്ണിൽ പൊന്നുവിളയിച്ച ഒരു ജൈവ കർഷകൻകൂടിയായിരുന്നു പെരുമാൾ രാജൻ. സൂര്യോദയം മുതൽ പകലന്തിയോളം പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന രാജനു കൂട്ടായി പാടവരമ്പത്തും പറമ്പിലും ആയി ഭാര്യയും പണിയെടുത്തിരുന്നു. അപ്രേതീക്ഷിതമെന്നപോലെ രാജന്റെ ഭാര്യയ്ക്ക് വീശുത്തൊട്ടിലെ മലിനജലത്തിൽ നിന്നും എലിപ്പനി പിടിപെട്ടു. സ്വയം ചികിത്സയെന്നവിധം മെഡിക്കൽ ഷോപ്പുകളിലെയും മാധവൻ നായരുടെ മരുന്ന് കഷായങ്ങളും ഫലം കാണാതെ മൂർധന്യാവസ്ഥയിലെത്തിയപ്പോൾ നിമോണിയ കേറിപ്പിടിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഭാര്യയെ വിദഗ്ത ചികിത്സയ്ക്കെന്നപോലെ അവിടെ നിന്നും അങ്ങനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സകൾ തുടർന്നുകൊണ്ടിരുന്നു നാളുകൾക്കൊടുവിൽ ഫലം കണ്ടുതുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി രാജന്റെ സമ്പാദ്യങ്ങളും കിടപ്പാടം കടപ്പെടുത്തിയും ജീവന്മരണപ്പോരാട്ടത്തിനൊടുവിൽ ഒരുവശം തളർന്ന അവസ്ഥയിൽ ഭാര്യ സാവിത്രിയേ രാജനും മകൾക്കുമായി തിരികേ കിട്ടി. അന്ന് ആശുപത്രിയുടെ വരാന്തയിൽ മകളുമൊത്തു ഭാര്യയുടെ ജീവനുവേണ്ടി ദൈവ വിളിക്കായുള്ള നാമജപങ്ങൾക്കു പിരിമുറുക്കം കൂടിയപ്പോൾ നേർന്ന നേർച്ചകളിൽ ഒന്നായിരുന്നു നൂറു വീടുകളിൽ ഭിക്ഷാടനം നടത്തി ഭാര്യയും മകളുമൊത്തുള്ള പഴനിമല ദർശനവും അടിവാരം മുതൽ സന്നിധാനം വരെ പാൽ കാവടിയാട്ട നേർച്ചയും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയെങ്കിലും പഴനിമല മുരുകനെക്കാണാൻ പോകുന്നത് അത്ര എളുപ്പമായ നടപടികൾ അല്ലായിരുന്നു. കുറച്ചു നാളുകൾ അങനെ നീണ്ടുപോയി. കൂട്ടിയാൽ കൂടാത്ത മുറിവുകളെ തുന്നികെട്ടുകതന്നെ ചെയ്യണമെന്ന ഉറച്ചനിലപാടിൽ രാജൻ തന്റെ മകളുടെ പിൻബലത്തിൽ കൃഷിപ്പണിയും വീട്ടുജോലിയുമെല്ലാം നോക്കിപ്പോരുന്ന സമയത്താണ് വീട്ടു മുമ്പിൽ ഏതൊരു ദേശത്തുനിന്നും ഊരുതേടി "ഹര ഹാരോ ഹര ഹര" നാമജപം മുഴക്കിക്കൊണ്ട് കെെയിൽ ഒരുപാത്രത്തിൽ കുറച്ചു ഭസ്മവും മൂന്നു നാലു മയിൽപ്പീലിയുമായി ഒരു കഷായവസ്ത്രധാരി നിൽക്കുന്നു. മകളെ രാജേശ്വരി എന്നു നീട്ടിവിളിച്ചിട്ടു പറഞ്ഞു ആ മേശപ്പുറത്തിരുന്ന പൈസ ഇരിപ്പുണ്ട് അത് എടുത്തുകൊണ്ടു വാ മോളെ. നാണയവുമായി വന്ന മോളുടെ കെെയാൽ തന്നെ ആ പാത്രത്തിൽ ഇട്ടുകൊടുത്തു കുറച്ചു ഭസ്മം വാങ്ങി നെറ്റിയിൽ കുറിതോട്ടത്തിനുശേഷം അച്ഛന്റെ നെറ്റിയിലും രാജേശ്വരി കുറിവരച്ചു കൊടുത്തു. കാഷായ വസ്ത്രധാരിയായ ആ സ്ത്രീ ഒരു കപ്പു വെള്ളം വാങ്ങി കുടിച്ചുകൊണ്ട് മറ്റൊരു വഴിയിലേക്ക് അപ്രത്യക്ഷയായി. അപ്പോഴാണ് ഭാര്യക്ക് വേണ്ടി നേർന്ന നേർച്ചയുടെ മനസിന്റെ ആധാരത്തിൽ കുറിച്ചിട്ട ബാക്കിപത്രംപോലെ പഴനിമല ദർശനവും കാവടിയാട്ടവും ഓർമ്മവന്നതു. നേർച്ചവഴിപാടുകൾ നീട്ടിവെയ്ക്കാതെ ഭാര്യാസഹോദരിയെ വിളിച്ചുവരുത്തി വീട് സൂക്ഷിക്കുന്നതിനും കൃഷിയിടങ്ങൾ രണ്ടുമൂന്നു ദിവസത്തേക്ക് കാവലാകാനും ഏർപ്പാടുകൾ നടത്തി. സാവിത്രി അപ്പോഴേക്കും പരസഹായത്തോടെ ചുവടുകൾ വച്ച് നടക്കാൻതുടങ്ങിയിരുന്നു. അതിനുശേഷം രാജൻ അടുത്ത ആഴ്ചയിൽ തന്നെ ഭാര്യയും മോളുമൊത്തു പഴനി മലയ്ക്ക് യാത്രയായി. മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാടുവരെ ട്രെയിൻ യാത്രയും അവിടെ നിന്നും പൊള്ളാച്ചി വഴി പഴനിയിലേക്കും യാത്ര തുടർന്നുപോയി. അങ്ങനെ ഭാര്യയുടെ രോഗശമനത്തിനായി രാജൻ ആദ്യമായി പഴനിമല കുടുംബസമേതം കേറുന്നത്. യാത്രയുടെ ഉദ്ദേശ ലക്ഷ്യം ഭഗവാൻ മുരുകനെകണ്ടു തൊഴുന്നതിലും ഭാര്യയുടെ രോഗശമനത്തിനുള്ള വഴിപാടുകൾ നടത്തിത്തീർക്കുക എന്നതായിരുന്നെങ്കിലും അവിടെ ചെന്ന് കണ്ടു പരിചയപ്പെട്ട ഒരു തൃശൂർക്കാരൻ സദാനന്ദൻ തന്റെ ചെറിയ ഒരു തീർഥയാത്ര സംഘത്തിനെ കൊണ്ടുവന്നു അവർക്കു വേണ്ടുന്ന കാര്യങ്ങൾ എല്ലാംതന്നെ ഒരുക്കിക്കൊടുക്കുന്നതു രാജന്റെ ശ്രദ്ധയിൽപെട്ടത്. അയാളിൽ നിന്നും എങ്ങനെ ഒരു യാത്ര സംഘത്തിനെ കൊണ്ട് വരുമെന്നുള്ള ഒരുപാടുകാര്യങ്ങൾ വിശദമായി രാജൻ സ്വായത്തമാക്കിയിരുന്നു. ഇതു തനിക്കു വീണുകിട്ടിയ ഒരു അവസരമായി കണക്കിലെടുത്തു രാജനിലെ സംരംഭകനുണരുവാൻ വേണ്ടുന്ന ഉപാധികൾ തന്റെ കീശയിലാക്കുന്നതിനു വേണ്ടി തേടി നടന്നു. പഴനിയടിവാരത്തെ പേരുകേട്ട സത്രങ്ങളിൽ ഒന്നായിരുന്നു രങ്കയ്യ മഠം. വളരെ തുച്ഛമായ വാടകയ്ക്കു മുറി ലഭിക്കുന്ന ഹേമ വെങ്കയ്യ എന്ന കൗണ്ടറുടെ പൊണ്ടാട്ടി മുതലാളത്തിയായി നടത്തുന്ന സ്ഥാപനം. സദാനന്ദന്റെ നിർദ്ദേശപ്രേകാരം പണ്ട് മാരാരിക്കുളം ലക്ഷി ടാക്കീസിൽ വന്ന തൈൽവ രജനിയണ്ണന്റെ പടം കണ്ട പിൻബലത്തിലെ മുറിത്തമിഴിൽ കാര്യങ്ങൾ രാജൻ പറഞ്ഞൊപ്പിച്ചു. അവിടെ പത്തോ ഇരുപതോ മുപ്പതോ ആളുകളടങ്ങുന്ന ചെറിയ സംഘങ്ങളെ കൊണ്ടുവന്നാൽ മുറി വാടക കുറച്ചു നൽകാമെന്നും രാജൻ തുടങ്ങാൻപോകുന്ന ബിസിനസ്സിനെ തന്നാൽ കഴിയും വിധം സഹായിക്കാമെന്നും ഹേമ വെങ്കയ്യ ഉറപ്പുനൽകികൊണ്ട് പറഞ്ഞു സാമി നീങ്ക പോയിട്ട് വാങ്കോ മത്തപടി എല്ലാമേ നാൻ പത്തുക്കിറേൻ. അങ്ങനെ അവിടെ നിന്നും ഹേമാക്കയുടെ സത്രത്തിന്റെ ബിസിനെസ്സ് കാർഡും വാങ്ങി രാജൻ ഭാര്യയും മോളുമായി നാട്ടിലേക്കു യാത്രയായി. തിരിച്ചുള്ള യാത്ര ബസുതന്നെയായിരുന്നു ശരണം. പഴനി മുതൽ പാലക്കാട്ടേക്കും അവിടെനിന്നും മാരാരിക്കുളം വരെ തിരുവനന്തപുരം എക്സ്പ്രസ് ബസും ഉപകരിച്ചു. അങ്ങനെ കളത്തിൽ ഹോട്ടൽ ഉടമയായ വർക്കിച്ചനിൽനിന്നും കടം വാങ്ങിയ അഞ്ഞൂറ് രൂപ കൊണ്ട് ഗാന്ധി പ്രസ്സിലെത്തി രാജേശ്വരി തീർഥയാത്ര എന്ന ആഴ്ച്ചവരി പാസ് ബുക്ക് പ്രിന്റിംഗിനു ഓർഡർ കൊടുത്തു. രണ്ടു ദിവസത്തിനുള്ളിൽ നിയമവലികളും മാറ്ററും ഒത്തുനോക്കുന്നതിനു വിളിക്കാമെന്ന് മാർത്താണ്ഡൻ പറഞ്ഞു. അഞ്ഞൂറ് പാസ് ബുക്കിനു ഇരുന്നൂറ് രൂപയാകുമെന്നതിനാൽ നൂർ രൂപ മുൻകൂർ പണം നൽകി രാജൻ വീട്ടിലേക്കു മടങ്ങും വഴി അശോകന്റെ കടയിൽ നിന്നും വീട്ടിലേക്കു വേണ്ടുന്ന പലവ്യഞ്ജനങ്ങളും പച്ചക്കറിയും വാങ്ങി. സാധനങ്ങൾ എടുത്തുതരുന്ന കൂട്ടത്തിൽ അശോകനോട് തന്റെ സംരംഭത്തിന്റെ മാർക്കറ്റിംഗ് ജോലിപോലെ ഒന്ന് പ്രൊമോഷനും കൊടുത്തുകൊണ്ടാണ് രാജൻ വീട്ടിലേക്കു പോയത്. ആ പ്രൊമോഷനിൽ രണ്ടുണ്ട് കാര്യമെന്ന് രാജന് കൃത്യമായി അറിയാമായിരുന്നു. ഒന്ന് അശോകൻ അത് കൃത്യമായി നാട്ടുകാരിലെത്തിക്കുമെന്നും മറ്റൊന്ന് വൈകുന്നേരം പീടികയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വീട്ടമ്മമാരുടെ കാതുകയിൽ ചെന്ന് ചേരുമെന്നും അശോകന്റെ മനസറിഞ്ഞ രാജനറിയാമായിരുന്നു. പാസ് ബുക്കിന്റെ ആദ്യപേജിൽ പേരും അഡ്രസ്സും എഴുതുവാനും പിൻപുറത്തായി യാത്രയുടെ നിയമവാളികളും മാനദണ്ഡങ്ങളും, യാത്ര വരാതിരുന്നാൽ ഇറക്കുസംഖ്യ മാത്രവും നിശ്ചിത തുക അതിൽ നിന്നും കുറവുവരുത്തുമെന്നുള്ള ചട്ടഭേദഗതികൾ ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചമുതൽ രാജൻ തന്റെ ഉദ്യമത്തിൽ വ്യാപൃതനായി. അംബേദ്കർ ഗ്രാമവാസികൾക്ക് മുന്നിലായി തന്റെ പുതിയ ബിസിനസിന്റെ ഉദ്യമത്തിനുള്ള മാർക്കറ്റിംഗ് അഡ്വെർടൈസിംഗും ആഴ്ച്ചവരി പിരിവുകൾ അങ്ങനെ എല്ലാം തന്നെ എംഡിയും എംപ്ലോയീയുമായ രാജൻ പെരുമാൾ തന്നെ നിർവഹിച്ചിരുന്നു. പതിനൊന്നു മാസക്കാലത്തിലെ പിരിവുകൾ പുരോഗമിച്ചപ്പോൾ യാത്ര സംഘത്തിന് പോകേണ്ടതായ എല്ലാ സാധന സാമഗ്രികളും നടപടികർമ്മങ്ങളും രാജൻ ഒരുക്കി തീർത്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ തന്റെ ആദ്യ തീർഥയാത്ര സംഘത്തിൽ ഇരുപത്തിയഞ്ചുപേർ കടന്നുകൂടിയിരുന്നു. കൊടുങ്ങല്ലൂർ, ഗുരുവായൂർ, പഴനി ഭക്ഷണവും താമസവും ചേർത്തു ഒരാളിൽ നിന്നും അഞ്ഞൂറ് രൂപ ഈടാക്കിക്കൊണ്ടു വിഷുദിനത്തിൽ രാജൻ തന്റെ ആദ്യയാത്ര ആരംഭിച്ചു. എല്ലാ ഭക്ത മനസുകളെയും സംപ്രീതരാക്കി രാജൻ തന്റെ ലക്ഷ്യപ്രാപ്തിയിൽ വിജയം കൈവരിച്ചു സുരക്ഷിതരായി ആളുകളെ മൂന്നാം ദിവസം തിരിച്ചു വീട്ടിലെത്തിച്ചു പിന്നീടുള്ള രാജന്റെ യാത്ര വെറും യാത്രകൾ മാത്രമായിരുന്നില്ല. പെരുമാളെന്ന പദത്തിലേക്ക് എത്തിക്കുന്നവിധത്തിലായിരുന്നു. നീണ്ട ഇരുപതു വർഷക്കാലത്തെ തീർഥയാത്രയുടെ ഭാഗവാക്കായി ആയിരക്കണക്കിന് ഭക്തമനസുകൾ പഴനിമല കേറിയിറങ്ങിയ സൗഭാഗ്യത്തിന് രാജൻ പെരുമാളെന്നും ഒരു വഴികാട്ടിയായിരുന്നു.
വിനീത് വിശ്വദേവ്
ചുവന്നനീർ നിർണ്ണയം
വിനീത് വിശ്വദേവ്
സോഷ്യൽ മീഡിയകളിൽ "രക്ത ദാനം മഹാദാനം', "ഡൊണേറ്റ് ബ്ലഡ് സേവ് ദി ലൈഫ്' എന്നൊക്കെ പോസ്റ്ററുകളിട്ടു മുറവിളികൂട്ടുന്നതുമായ നേതാക്കന്മാർ സ്റ്റാറ്റസും ഹാഷ് ടാഗുകളുംകൊണ്ട് ചേർത്തുവെക്കുന്നവരുമായ ജീവസ്നേഹികളോട് അവരെ നേരിൽ കാണുമ്പോൾ നിന്റെ സ്വന്തം ബ്ലഡ് ഗ്രൂപ്പ് ഏതാണ്? അതുതന്നെയാണോടാ? എന്ന് തറപ്പിച്ചു ചോദിച്ചാൽ പതറിപോകുന്ന കാലമാണിപ്പോൾ. ഇരുപതാം വയസ്സ് മുതൽ തുടർച്ചയായി എല്ലാവർഷവും രക്തദാനം നടത്തിയിരുന്ന ആളായിരുന്നു യദുകൃഷ്ണൻ. കൃത്യമായി കണക്കുകളുടെ ഇഴകീറി പരിശോധിച്ചു പറഞ്ഞാൽ പത്തു വർഷമായി ഒരുതവണയെങ്കിലും മംഗോഫ്രൂട്ടിയും അഞ്ചു രൂപയുടെ ഗുഡ് ഡേ ബിസ്കറ്റ് പായ്ക്കറ്റും വാങ്ങി കഴിക്കാതെ സർക്കാർ ഹോസ്പിറ്റലിൽ നിന്നും വിട്ടുപോയ ചരിത്രമില്ലെന്നു തന്നെ പറയാം. ഇപ്പോഴത്തെ കാലഘട്ടത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കുമ്പോൾ തന്നെ അപേക്ഷാഫോമിൽ അച്ഛനമ്മമാർ വ്യക്തമായി പൂരിപ്പിക്കേണ്ട ഒരു കോളം അവരുടെ കുട്ടികളുടെ ബ്ലഡ് ഗ്രൂപ്പ് തന്നെയാണ്. നാട്ടുമ്പുറത്തുള്ള സർക്കാർ സ്കൂൾ ആയതുകൊണ്ടുതന്നെ യദുകൃഷ്ണന്റെ പഠനകാലം തുടങ്ങുന്ന സമയത്തു അങ്ങനെ ഒരു ആചാരം സ്കൂളുകളിൽ തുടങ്ങിയിട്ടില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഫീസടയ്ക്കുന്നതിനു വേണ്ടിയുള്ള അപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ സ്വന്തമായി അവരവരുടെ കൈയ്യൊപ്പ് പഠിക്കണമെന്നും അപ്ലിക്കേഷൻ ഫോമിൽ ബ്ലഡ് ഗ്രൂപ്പ് രേഖപ്പെടത്താനുമുണ്ട് എന്നു ക്ലാസ് ടീച്ചറായ ചന്ദ്രലേഖ ടീച്ചർ പറയുമ്പോളാണ് അതിനെക്കുറിച്ചുള്ള അറിവ് ക്ലാസിലുണ്ടായിരുന്ന എല്ലാ കുട്ടികളിലും ഉദിക്കുന്നത്. എല്ലാവർക്കും അവരവരുടെ ബ്ലഡ് ഗ്രൂപ്പ് അറിയുമോയെന്നു ചന്ദ്രലേഖ ടീച്ചർ ചോദിച്ചപ്പോൾ പരസ്പരം മുഖത്തോടു മുഖം നോക്കി നിനക്കറിയാമോ നിന്റെ ബ്ലഡ് ഗ്രൂപ്പ് എന്ന അതിശയോക്തി കലർന്ന ചോദ്യം ചോദിക്കുകയായിരുന്നു ഓരോരുത്തരും. അന്ന് ക്ലാസിലെ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രം അവരുടെ ബ്ലഡ് ഗ്രൂപ്പ് കൃത്യമായി അറിയാമായിരുന്നുള്ളു. പഠിപ്പികളാണെന്നു തെറ്റിധരിക്കേണ്ട, ആശുപത്രി നിത്യ സന്നർശകരായിരുന്ന ഏതാനും ചില കുട്ടികൾ അല്ലാണ്ട് ആരാകാനാണ്. ചന്ദ്രലേഖ ടീച്ചർ കുട്ടികളുടെ അമ്പരപ്പും ശബ്ദകോലാഹലവും കൊണ്ട് ബ്ലഡ് ഗ്രൂപ്പ് അറിയാവുന്നവരുടെ കണക്കെടുത്തു. അമ്പതുപേരിൽ ഏഴുപേർക്ക് മാത്രം രക്ത ഗ്രൂപ്പ് ഏതാണ് എന്ന് നിശ്ചയമുണ്ടായിരുന്നുള്ളു. അടിയന്തിരമായി അന്ന് വൈകുന്നേരം സ്റ്റാഫ് റൂമിൽ ചർച്ച തുടങ്ങി ക്ലാസിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും ബ്ലഡ് ഗ്രൂപ്പ് അറിയില്ല. ഈ കാര്യം അതാതു ക്ലാസിലെ ക്ലാസ് ടീച്ചർമാർ ചേർന്ന് പ്രിൻസിപ്പളായ പണിക്കർ സാറിനോട് പരിഹാര നടപടി കൈക്കൊള്ളണമെന്ന് ഉണർത്തിച്ചു. പണിക്കർ സാറിന് ചെറിയ രീതിയിൽ പൊതുപ്രവർത്തനമുള്ളതുകൊണ്ടു അതിനുള്ള ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞ് സാർ സ്റ്റാഫ്റൂമിൽ നിന്നും ഇറങ്ങിപ്പോയി. യുവർ ചോയ്സ് ട്യൂഷൻ സെന്റർ നടത്തിയിരുന്ന തോമസ് സാറിന് ഒട്ടുമിക്ക ജില്ലകളിലെയും ബ്ലഡ് ബാങ്കുമായും അടിയന്തിരമായി രക്തം ആവശ്യം വേണ്ടവർക്ക് അതിനു വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്യുന്ന ആളായിരുന്നു. സർവ്വോപരി ഓൾ കേരള ബ്ലഡ് അസോസിയേഷൻ സംഘടനയുമായി നല്ല ബന്ധം പുലർത്തുന്ന ആളുമായിരുന്നു. പണിക്കർ സാറിന്റെ സഹപാഠിയായിരുന്നതിനാൽ തോമസ് സാർ അദ്ദേഹത്തിന്റെ അഭ്യർഥനമാനിച്ചു രണ്ടാം ദിവസം രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കാമെന്നു വാക്ക് നൽകി. അപ്രകാരം സ്കൂളിൽ രക്ത നിർണ്ണയ ക്യാമ്പ് ഉണ്ടാകുമെന്നു ക്ലാസ് ടീച്ചർമാർ മുഖേന എല്ലാ ക്ലാസ്സിലും അറിയിപ്പ് നൽകി. കുട്ടികളാകെ രക്ത നിർണ്ണയ ക്യാമ്പിനായി തയാറായിരുന്നു. ഒരു പീരീഡ് കഴിഞ്ഞു സ്കൂൾ വരാന്തയിൽ വരിവരിയായി നിൽക്കുമ്പോൾ സൂചിമുനകൾ പേടിയുള്ളവനും ഇല്ലാത്തവനും ഉന്തും തള്ളുമുണ്ടാക്കികൊണ്ടു ചെറിയ സ്വകാര്യ വർത്തമാനങ്ങൾ ചികഞ്ഞുതുടങ്ങി. ആ വർത്തമാനങ്ങൾ കായൽപ്പരപ്പിലൂടെ മെല്ലെയലയടിക്കുന്ന ഒരു കുഞ്ഞു ഓളം പോലെ അവിടെ അലയടിച്ചു തുടങ്ങി. വലിയ സൂചിയായിരിക്കുമോ? കൈയ്യിലാണോ അതോ ശരീരത്തിന്റെ വേറേ ഏതെങ്കിലും ഭാഗത്താണോ കുത്തുന്നേ? ചന്തിക്കണോ ഇനി കുത്തുന്നതെങ്കിൽ നാണക്കേടാകും താൻ അടിവസ്ത്രം ഇട്ടിട്ടില്ലെന്ന മുകേഷിന്റെ നിഷ്കളങ്കതയിൽ ഉരുത്തിരിഞ്ഞ ആ വാക്യം പണിക്കർ സാറിന്റെ കാലടികളെ ആനയിച്ച നിശബ്തത വരാന്തയിൽ പ്രതിധ്വനിപ്പിച്ചുകൊണ്ടു നിമിഷനേരം അട്ടഹാസ പുളകിതമാക്കിത്തീർത്തിരുന്നു. അൽപസമയത്തിനു ശേഷം ഓരോരുത്തരായി ക്ലാസ്സ് മുറിയിലേക്ക് കയറിത്തുടങ്ങി. ആദ്യം കയറിപ്പോയ ബിനീഷ് തിരിച്ചു വന്നു. ജിജ്ഞാസയുടെ നിറകുടം തുളുമ്പി അവരാന്തയിൽ നീണ്ടുനിന്ന ജനവേണിക്കു അവനോടായി ചോദ്യമുനകൾ ഒരുപാടുണ്ടായിരുന്നു. എല്ലാവർക്കുമായി ഒരു ഒറ്റമൂലി മറുപടിപോലെ അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു "വിരൽത്തുമ്പിൽ കുത്തുകുത്തി ഒരു ചില്ലു ഫലകത്തിൽ നാലുതുള്ളി രക്തം മാത്രമേ എടുത്തുള്ളുഡാ...' ബിനീഷിനു അതൊരു ചെറിയ കാര്യമായിട്ടാണ് അവതരിപ്പിച്ചെങ്കിലും ആദ്യമായി സൂചിമുനകാണുന്ന പല കുട്ടികളുടെയും മനസിൽ അപ്പോഴും ഒരു വെമ്പൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. വരിയിൽ ഏഴാമതു നിന്നിരുന്ന യദുവിന്റെ ഹൃദയമിടുപ്പിന്റെ താളങ്ങൾ ഉച്ചത്തിലും മുറുകാനും തുടങ്ങി. ഓരോരുത്തരായി പൂരിപ്പിച്ച കടലാസുകളുമായി അകത്തേക്ക് പോയിവന്നുകൊണ്ടിരുന്നു. രക്ത പരിശോധന കഴിഞ്ഞു തിരുച്ചു വരുന്നവന്റെ മുഖത്ത് കണ്ടത് എവറസ്റ്റു കീഴടക്കിയവന്റെ മന്ദഹാസമായിരുന്നു. അടുത്ത് യദുകൃഷ്ണന്റെ ഊഴമായിരുന്നു. നെറ്റിയിലെ വിയർപ്പുതുള്ളികൾ വലത്തേ കയ്യുടെ ഫുൾ സ്ലീവിൽ ഒപ്പിയെടുപ്പിച്ചുകൊണ്ടു അകത്തേക്ക് ചെന്ന് നിന്നു. രക്ത ഗ്രൂപ്പ് നിർണ്ണയത്തിനുള്ള അപ്ലിക്കേഷൻ വാങ്ങിച്ചുകൊണ്ടു അതിലെ പേരും മേൽവിലാസവും ഒന്നുകൂടി ഉറപ്പു വരുത്തുന്നതിനായി അവർ എന്റെ പേര് ചോദിച്ചു? തൊണ്ടക്കുഴിയിൽ വെള്ളം വറ്റിച്ചുകൊണ്ടു വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങിയ കണ്ഠനാളത്തിൽ നിന്നും പേര് പുറത്തേക്കു വന്നില്ല. അവർ വീണ്ടു ഉച്ചത്തിൽ ചോദിച്ചു ചെവികേട്ടൂടേ പേരെന്താന്നാ ചോദിച്ചേ? അൽപം ഉമിനീര് ആർജ്ജിച്ചെടുത്തു ദീർഘ ശ്വാസംവിട്ടു പറഞ്ഞു യദുകൃഷ്ണൻ ഭാഗ്യം ഇത്തവണ എന്റെ മറുപടി ഞാനും അവരും മാത്രം അത് കേട്ടു. അങ്ങനെ രക്ത നിർണ്ണയ ക്യാമ്പിലെ രജിസ്റ്ററിൽ യദുകൃഷ്ണന്റെ പേരും ഇടം നേടി. ക്ലാസ്മുറിയുടെ കോണിലായി ചേർത്തുവച്ച ഡെസ്കിന്റെ പുറത്തുനിന്നും എന്തോ ഒന്നു പറത്തിക്കൊണ്ട് കെെയുറയൊക്കെ ധരിച്ച ഒരു സിസ്റ്റർ എന്റെ നേർക്ക് നടന്നു വന്നു. വീണ്ടുമെന്റെ ഹൃദയമിടിപ്പ് നൂറു നൂറ്റിപത്തടിക്കാൻ തുടങ്ങി. എന്റെ അടുത്ത് വന്നുനിന്നിട്ടു എന്നെ കുത്തുവാനുള്ള സൂചിയും ചെറിയ ചില്ലുഫലകവുമായി അടുത്തുവന്നു നിന്നു. ഞാൻ വെട്ടി വിയർക്കുന്നതുകണ്ടു അവർ എന്നോട് പറഞ്ഞു പേടിക്കാനൊന്നുമില്ല ഒരു ഉറുമ്പുകടിക്കുന്ന വേദന അതേയുള്ളു. ജീവിതത്തിൽ ആദ്യമായി സൂചികാണുന്നവന്റെ പേടിയും പരിഭ്രമവും എന്റെ മുഖത്ത് നിഴലിച്ചു കണ്ടതുകൊണ്ടാവും അവരെ എന്നെ സമാധാനപ്പെടുത്തുന്ന രീതിയിൽ ആ വാക്കുകൾ പറഞ്ഞത്. പിന്നീട് അവരെയെനിക്ക് പരിചയപ്പെടുത്തി ഞാൻ സിസ്റ്റർ ഗിരിജ. മറുപടിയെന്നപോലെ ഒന്നു മൂളികൊണ്ടു ഞാൻ തലയാട്ടി. എന്റെ കൈവിരലുകൾ നീട്ടാനാവശ്യപ്പെട്ടതുമൂലം ഇടതെന്നോ വലതെന്നോ അറിയാതെ കൈകൾ നീട്ടി. ഏതോ വിരലിൽ നിന്നും അവർക്കു വേണ്ടത്രയും ആവശ്യമായ തുള്ളി രക്തം എടുത്തുകൊണ്ടു സാമ്പിൾ പരിശോധിക്കാനായികൊടുത്തു. കണ്ണുമടച്ചിരുന്ന എന്റെ തോളിൽതട്ടികൊണ്ടു പറഞ്ഞു കഴിഞ്ഞു അടുത്ത ബെഞ്ചിലേക്കിരുന്നോളു. ആ ശബ്ദത്തിൽ ഞാൻ കണ്ണുകൾതുറന്നു ഇത്രേ ഉള്ളോ എന്നമട്ടിൽ അടുത്ത ബെഞ്ചിൽ പോയിരുന്നു. ഏതാണ്ട് പത്തുമിനിറ്റിനുശേഷം ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം നടത്തി അവർ എന്നോട് പറഞ്ഞു യദുകൃഷ്ണൻ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് അആ(+) ആണ്. നിങ്ങൾ ഒരു യൂണിവേഴ്സൽ റീസിവർ ഗ്രൂപ്പിൽപ്പെട്ട ആളാണ്. സ്വന്തം ജീവനതന്തു ഓടുന്ന സിരകളിലും തുടിക്കുന്ന ഹൃദയത്തിലും ഒഴുകുന്നത് അആ(+) രക്തമാണെന്നറിഞ്ഞവന്റെ ആത്മനിർവൃതിയിൽ ആ ക്ലാസ്സ് മുറിയിൽ നിന്നും തന്റെ പേരെഴുതിയതും ബ്ലഡ് ഗ്രൂപ്പ് രേഖപ്പെടുത്തിയതുമായ ചെറിയ ഒരു കാർഡുമായി യദുകൃഷ്ണൻ ആ വരാന്തയിലൂടെ നടന്നു നീങ്ങി. സൈക്കിൾ ഷെഡിൽനിന്നും സൈക്കിൾ എടുക്കുമ്പോൾ കറുത്ത കട്ടികൂടിയ റബ്ബർ ബാൻഡ് കൊണ്ട് പുസ്തകസഞ്ചി കാര്യറിൽ ബന്തവസ്ഥക്കിയിട്ടു, സൈക്കിളിൽ നേരേ അച്ഛന്റെ കടയിലേക്ക് ചവിട്ടി വിട്ടു. വഴിയിൽ കണ്ടവരോടൊക്കെ രക്ത ഗ്രൂപ്പറിഞ്ഞവന്റെ ആഹ്ലാദപ്രകടനം പോലെ മനസ്സിൽ എല്ലാരോടും പറഞ്ഞുകൊണ്ട് സൈക്കിൾ നിന്നും ഇരുന്നുമായി ചവിട്ടി കടന്നു പോയി. സ്കൂൾ വിട്ടു പതിവിലും നേരത്തേയെത്തിയതുകൊണ്ടു അച്ഛന്റെ ചോദ്യം വരുന്നതിനു മുമ്പുതന്നെ മറുപടിപോലെ "അച്ഛാ ഇന്ന് ഞങ്ങളുടെ സ്കൂളിൽ രക്ത നിർണ്ണയ ക്യാമ്പുണ്ടായിരുന്നു. എന്റെ രക്തം അആ(+) ഗ്രൂപ്പ് ആണ്. അഞ്ഞൂർ വാട്ട് ബള്ബിട്ടവന്റെ മുഖ പ്രസാദം കണ്ടു അച്ഛൻ ഒന്നു പുഞ്ചിരിച്ചു. എന്റെ മുഖത്ത് മിന്നിയ ആ പ്രേസരിപ്പിനു അച്ഛന്റെ മുഖത്ത് നേരിയ പുഞ്ചിരി വന്നതിൽ ഞാൻ അതിയായി സന്തോഷിച്ചു. പത്തു രൂപ എടുത്തു തന്നിട്ട് പറഞ്ഞു റഷീദിക്കായുടെ കടയിലേക്ക് പൊക്കോ അവിടെ ചെന്ന് അച്ഛൻ പറഞ്ഞ പതിവ് പൊതി തരാൻ പറഞ്ഞാമതി ആ പൊതി ഇക്ക തന്നോളും. സമ്മതം മൂളിക്കൊണ്ടു വടക്കുംകര പാലം കേറിയിറങ്ങി ഞാൻ സൈക്കിൾ കൈവിട്ടു ചവിട്ടി പോയി. റഷീദിക്കായെന്ന് നീട്ടി വിളിച്ചുകൊണ്ടു സൈക്കിൾ സഡൻ ബ്രേക്കിട്ടു നിർത്തി പത്തുരൂപ നീങ്ങിയിട്ടു ഉച്ചത്തിൽ പറഞ്ഞു അച്ഛൻ പറഞ്ഞു പതിവ് പൊതി തരാൻ. ഇപ്പൊ ശരിയാക്കിത്തരാമെന്നുപറഞ്ഞു ഇക്ക മൊയ്തീനെന്നും വിളിച്ചുകൊണ്ടു കടയുടെ അകത്തേക്ക് പോയി. അഞ്ചു മിനിറ്റുകൊണ്ട് പൊതിയുമായി ഇക്ക പുറത്ത് വന്നു പത്തുരൂപ കൊടുത്തു യദുകൃഷ്ണൻ അതെ സ്പീഡിൽ തിരിച്ചു കടയിലേക്ക് എത്തിച്ചേർന്നു. അവിടെ എത്തിയപ്പോഴേക്കും എന്നെയും കാത്തു അച്ഛന്റെ വക പതിവ് പടുതി വെള്ളച്ചായ കാത്തിരിപ്പുണ്ടായിരുന്നു. വെള്ളച്ചയായെന്നുവച്ചാൽ ഫുൾ ഗ്ലാസ് പാലിൽ നേരിയ കടുപ്പത്തിൽ മീഡിയം മധുരമുള്ള ചായ, അത് എനിക്ക് മാത്രം സ്പെഷ്യൽ ആയിരുന്നു. അങ്ങനെ കടയിലിരുന്നു റഷീദിക്കയുടെ കടയിൽ നിന്നും കൊണ്ടുവന്ന പൊതി തുറന്നു ആഹാ... ചുറ്റിയൊഴിച്ച ചാറിൽ മുങ്ങിയ ചൂട് പൊറോട്ടയിൽ രണ്ടു കഷ്ണം ബീഫ് എന്നെ നോക്കി ചിരിക്കുന്നു. വായിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം പൊന്തിച്ചുകൊണ്ടു യദുകൃഷ്ണൻ ആ പൊറോട്ട കരിമ്പിൻകാട്ടിൽ ആനപൂണ്ടു വിളയാടുമ്പോലെ വലിച്ചുകീറി കഴിച്ചു തീർത്തു. കുതിരനായി തൊള്ളതുറന്നു വെള്ള ചായയും ഒഴിച്ചുകൊടുത്തു. നീട്ടിയൊരു ഏമ്പക്കവും ഏമ്മം... പതിവിലും വലിയ ഒരാനന്ദത്തിന്റെ പ്രതിധ്വനിയായി ആ ഏമ്പക്കം എന്നിൽ കേട്ടു. ജീവിതത്തിന്റെ വഴിത്തിരിവെന്നപോലെ സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു, തുടർ പഠനത്തിനായി കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. യവ്വനകാലത്തെ ചോരതിളപ്പായിരിക്കുമെന്ന പഴമക്കാരുടെ സ്ഥിരം പല്ലവി യദുകൃഷ്ണന്റെ പഠനകാലത്തും ആ പഴമൊഴി കേൾക്കേണ്ടി വന്നിരുന്നു. കോളജ് സജീവ രാഷ്ട്രീയത്തിലും ആരെയും ധിക്കരിക്കുന്ന ധീരമായതുമെന്നു ഓരോ ചെറുപ്പക്കാരനിലും ഉടലെടുക്കുന്ന പ്രായത്തിന്റെ നീക്കുപോകുലായിരുന്നു അതിനു കാരണം. ആദ്യ വർഷം സീനിയർമാരായ കുട്ടി സഖാക്കന്മാരുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റും ഓൾ കേരള ബ്ലഡ് ഡോണെറ്റ് അസോസിയേഷനും സംയുക്ത ആഭിമുഖ്യത്തിൽ കോളജിൽ രക്തദാന ക്യാമ്പ് നടത്തി. അന്ന് നാട്ടുകാർ യദുകൃഷ്ണനു മുദ്ര കുത്തിയ പ്രായത്തിന്റെ ചോരത്തിളപ്പനെന്നു പറയുന്ന തിളച്ചുമറിയുന്ന ചുടുചോര ആദ്യമായി ദാനം ചെയിതു. അങ്ങനെ ആദ്യമായി യദുകൃഷ്ണനു ഒരു മംഗോ ഫ്രൂട്ടിയും ഗൂഡ് ഡേ ബിസ്ക്കറ്റും കപ്പ് കേക്കും ലഭിച്ചു. അന്ന് തുടങ്ങിയ പ്രയാണത്തിൽ കോട്ടയം ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ അങ്ങനെ ഒട്ടുമിക്ക ഹൊസ്പിറ്റലുകളിലേയും രജിസ്റ്ററുകളിൽ യദുകൃഷ്ണന്റെ പേര് ഇടം നേടിയിരുന്നു. റെഡ് ക്രെസ്സ്ന്റിന്റെയും ഓൾ കേരളാ ബ്ലഡ് ഡോനെഷൻ അസോസിയേഷന്റെയും ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഭാഗഭാക്കായിരുന്നു യദുകൃഷ്ണൻ. അന്നുമുതൽ തന്റെ ഹൃദയത്തിൽ യദുകൃഷ്ണൻ കുറിച്ചിട്ട വാക്കുകളായിരുന്നു. തുടിക്കുന്ന ഹൃദയത്തിന്റെ ചുവന്നനീർ വറ്റാത്ത പുഴപോലെ ചുവപ്പോഴുകട്ടെ ഒരിറ്റു ജീവന്റെ ആത്മാവിലേക്കായി.
കല്ലുമഴ
വി.സുരേശൻ
കല്ലുമഴയെന്ന് പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടിട്ടുള്ളതല്ലാതെ അത് ആരെങ്കിലുംനേരിട്ടു കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കല്ലോട്ട് കുടുംബത്തിൽ അതു സംഭവിക്കുന്നു. അവിടെ ഇടയ്ക്കിടെ കല്ലുമഴ! അത് ഒന്നോ രണ്ടോ തുള്ളികളായി അഥവാ കൊച്ചുകല്ലുകളായി ലഭിക്കുന്നതുകൊണ്ട് വലിയ അപകടം ഇല്ല .അപകടം ഒട്ടുമില്ല എന്നു പറയാൻ പറ്റില്ല. ഗൃഹനാഥനായ കേശവൻ്റെ ദേഹത്ത് മുകളിൽ നിന്നു മാത്രമല്ല വശങ്ങളിൽ നിന്നും കല്ലുകൾ പതിക്കാറുണ്ട്. സംശയമുണ്ടെങ്കിൽ ശരീരത്തിലെ കൽപ്പാടുകൾ കേശവൻ കാട്ടിത്തരും. വിശേഷം അറിഞ്ഞ് കണ്ടു രസിക്കാനും പറഞ്ഞു ചിരിക്കാനും കുറ്റവും കുറവും വിളമ്പാനുമൊക്കെയായി അയൽക്കാരും നാട്ടുകാരും കല്ലോട്ടു കുടുംബത്തിൽ എത്തിത്തുടങ്ങി. പക്ഷേ പെട്ടെന്ന് അടുത്ത വാർത്ത പരന്നു. കല്ലോട്ടുകുടുംബത്തിൽ അന്വേഷിച്ചു ചെല്ലുന്നവരെയും കല്ലുകൾ പിന്തുടരുന്നു. അവരുടെ വീടുകളിലും കല്ലുമഴ ഉണ്ടാകുന്നു. ഈ വാർത്ത പരന്നതോടെ പേടിച്ച് ആരും അങ്ങോട്ടു പോകാതെയായി. എന്നിട്ടും നാട്ടുകാരുടെ സാക്ഷ്യം പറച്ചിലിന് കുറവൊന്നുമില്ല. "ഞാൻ കണ്ടതാണ്, കല്ലുകൾ മുകളിൽ നിന്നും നാലു ദിക്കുകളിൽ നിന്നും മാത്രമല്ല ,തറയിൽ നിന്നുപോലും ഉയർന്ന് വീടിൻറെ മേൽക്കൂരയിൽ പതിക്കും. കുട്ടിച്ചാത്തൻറ്റെ പണി പോലെ തോന്നും " കല്ലുമഴ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് വിവരമറിഞ്ഞ് കല്ലോട്ട് തായ് കുടുംബാംഗവും ഇപ്പോൾ കല്ലമ്പലത്ത് താമസക്കാരനുമായ കല്ലൂരാൻ അവിടെ എത്തുന്നത്. അയാൾ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വീടും പരിസരവും ടെറസ്സും ഷീറ്റും കക്കൂസും കുളിമുറിയും എല്ലാം വിശദമായി തന്നെ നോക്കി മനസിലാക്കി. കേശവന്റെ ഭാര്യ പവാനിയും മകൻ മനോജും ഒപ്പമുണ്ട്. കല്ലൂരാൻ താഴെ പതിച്ചു കിടന്ന ചില കല്ലുകൾ എടുത്ത് മണത്തു നോക്കി. പിന്നെ പ്രശ്നത്തിന്റെ ഉറവിടം കണ്ടെത്തിയ പോലെ ഒന്നു ചിരിച്ചു. "കല്ലുകൾക്ക് പുകയിലയുടെ മണമുണ്ട് .ഞാൻ ഉദ്ദേശിച്ച ആള് തന്നെ'. "ആര്?' - പവാനി ചോദിച്ചു' "ഞാൻ ഇന്നലെ സ്വപ്നത്തിൽ ഒരാളെ ദർശിച്ചു'. "ആരെ?' "കേശവന്റെ അച്ഛൻ കുഞ്ഞപ്പൻഗുരുക്കളെ'. "മരിച്ച ആളിനെയോ?' "അതെ.ദുർമരണം ആയിരുന്നല്ലോ' "ങാ - പക്ഷേ പോലീസിന്റെ അന്വേഷണം എങ്ങും എത്തിയില്ലല്ലോ'. "എന്തായാലും ഗുരുക്കളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല. അതു തന്നെയാണ് ഈ കാണുന്നത്'. "ഏത്? ഈ കല്ലുകളോ?" പവാനിയും മനോജും മുറ്റത്ത് വീണു കിടക്കുന്ന കല്ലുകളിലേക്ക് സൂക്ഷിച്ചു നോക്കി. ആത്മാവിന്റെ കിടപ്പുകണ്ട് പവാനി മൂക്കത്തും മനോജ് താടിയിലും വിരൽ വച്ചു. "ഗുരുക്കളുടെ ആത്മാവാണ് ഇവിടെ കറങ്ങി നടന്ന് കല്ലുമഴയും മറ്റ് ശല്യങ്ങളും ഉണ്ടാക്കുന്നത്. പേടിക്കേണ്ട. ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞാനിവിടെ നിന്നു പോകുന്നുള്ളൂ'. ഇത്രയും പറഞ്ഞ് ആരോടും അനുവാദം ചോദിക്കാതെ കല്ലൂരാൻ തന്റെ സഞ്ചി അകത്തെ മുറിയിൽ കൊണ്ടുപോയി വച്ചു.കല്ലുമഴയെങ്കി കല്ലുമഴ .ഇനി ഒരു മാസത്തോളം പരമസുഖമായി ഇവിടെ കൂടാം. ഗുരുക്കളമ്മാവാ, കത്തോളണേ.. രണ്ടാഴ്ചത്തെ കല്ലു മഴ നിരീക്ഷിച്ചപ്പോൾ പവാനിക്ക് ഒരു കാര്യം മനസിലായി. ഈ കല്ലുമഴ ലക്ഷ്യം വയ്ക്കുന്നത് തന്റെ ഭർത്താവ് കേശവനെയാണ്. അയാൾ വീട്ടിൽ ഉള്ളപ്പോഴാണ് കല്ലുമഴ കൂടുതലായി പെയ്യുന്നത്. രാത്രി അയാൾ കുടിച്ചു ലക്കില്ലാതെ വരുമ്പോഴും അയാൾക്കു മേൽ കല്ലുകൾ പതിക്കുന്നുണ്ട്. ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, കേശവൻ മദ്യപിച്ചുകൊണ്ട് വരുമ്പോഴാണ് കല്ലുകൾ പതിക്കുന്നത് എന്നുകൂടി പവാനിക്ക് മനസിലായി. അതിനാൽ വെള്ളമടി മതിയാക്കി മര്യാദയ്ക്ക് വീട്ടിലിരുന്നു നോക്കാൻ പവാനി കേശവനോട് പറഞ്ഞു നോക്കി. പക്ഷേ കേശവൻ അനുസരിക്കുന്ന മട്ടില്ല. അങ്ങനെ കല്ലോട്ട് വീട്ടിൽ മദ്യപാനവും കല്ലു മഴയും തുടർന്നുകൊണ്ടേയിരുന്നു. ഇതിന്റെ പേരിൽ കല്ലൂരാൻ കൂടി ഈ വീട്ടിൽ കയറി താമസം ആയ സ്ഥിതിക്ക് ഇനി ഇതിനൊരു അവസാനം കണ്ടെത്തിയേ പറ്റൂ എന്നുറച്ച് പവാനി പോലീസിൽ ഒരു പരാതി കൊടുത്തു. അസാധാരണമായ ഈ പരാതി വായിച്ചശേഷം ഐപ്പെസ്സൈ അന്നു സന്ധ്യയ്ക്കു പോലീസുകാരുമായി കല്ലോട്ട് വീട്ടിലെത്തി. പോലീസ് വന്നതിനാൽ കാഴ്ചക്കാരായി ചില സ്ഥലവാസികളും ചുറ്റും എത്തിനോക്കി. ഐപ്പെസ്സൈ കാര്യങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ട് വീടും ചുറ്റുപാടും വിശദമായി പരിശോധിച്ചു. അതിനിടയിൽ, മുറ്റത്തു നില്‍ക്കുകയായിരുന്ന എസ്സൈയുടെ തലയിൽ എന്തോ ചെറുതായി വന്നു വീണു. തലയിൽ തൊപ്പി ഉണ്ടായിരുന്നതിനാൽ എസ്സൈക്ക് ഒന്നും പറ്റിയില്ല. അവർ പെട്ടെന്ന് തിണ്ണയിൽ കയറി. "കണ്ടോ പോലീസ് വന്നിട്ടും പേടിയുണ്ടോന്ന് നോക്കണേ - " കാഴ്ചക്കാരിൽ ആരോ പറഞ്ഞു. ഐപ്പെസ്സൈ അരണ്ട വെളിച്ചത്തിൽ പുറത്തേക്ക് കൈചൂണ്ടി പറഞ്ഞു: "ഈ ഐപ്പെസ്സൈ ആരാണെന്ന് നിനക്കൊന്നും അറിയില്ല. ഇതിലും വലിയ കല്ലെറിഞ്ഞവരെപുല്ലുപോലെ നേരിട്ടിട്ടുണ്ട്. വേണ്ടിവന്നാൽ ജലപീരങ്കിയോ ടിയർഗ്യാസോ ലാത്തിച്ചാർജോ നടത്താനും ഞങ്ങൾ മടിക്കില്ല. ഓർത്തു കളിച്ചോ… " "സാർ കണ്ടില്ലേ- മഴ പെയ്യും പോലെ ആകാശത്തു നിന്നാണ് കല്ലുകൾ വരുന്നത്. " പവാനി പറഞ്ഞു. "ആ നോക്കാം. ഇത് അവസാനിപ്പിക്കാൻ, വേണ്ടിവന്നാൽ ആകാശത്തേക്ക് വെടിവെക്കാനും ഞങ്ങൾ മടിക്കില്ല" ഇതിനിടയിൽ ഒരു പോലീസുകാരൻ മുറ്റത്തിറങ്ങി ഒരു കൊച്ചങ്ങയുമായി വന്നു. "സാർ,തെങ്ങിൽനിന്ന് ഈ കൊച്ചങ്ങ ആണ് സാറിൻ്റെ തലയിൽ വീണതെന്നു തോന്നുന്നു'. "എങ്കിൽ അതിന്റെ മണ്ടയിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്ക്'. അവർ തെങ്ങിന്റെ മണ്ടയിലേക്ക് ടോർച്ചടിച്ചു നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല. അപ്പോൾ കല്ലൂരാൻ പറഞ്ഞു: "സാർ ആത്മാവിന് രൂപമില്ല. അതിനാൽ കാണാനും കഴിയില്ല'. "താൻ ആര്' ? "കല്ലൂരാൻ' "കല്ലൂരാനായാലും എല്ലൂരാനായാലും ആ ആത്മാവിനോട് പറഞ്ഞേക്ക്, അടുത്ത വരവിന് ഞങ്ങൾ പോലീസ് പട്ടിയെയും കൊണ്ടായിരിക്കും വരുന്നത്. അപ്പോൾ ,എറിഞ്ഞത് ആത്മാവ് ആണെങ്കിലും മനുഷ്യൻ ആണെങ്കിലും ആ കൈ, പട്ടി കടിച്ച എടുത്തോളും'. എന്നിട്ട് പവാനിയോടായി പറഞ്ഞു: "ഇനി അടുത്ത കല്ലു വീഴുന്നത് വ്യക്തമായി കാണുമ്പോൾ ആ കല്ലിൽ ആരും തൊടാതെ ഞങ്ങളോട് പറഞ്ഞാൽ മതി. അപ്പോൾ തന്നെ ഞങ്ങൾ പട്ടിയുമായി വരാം. പോലീസിനോടാണ് അവന്റെ കളി!' ഇരുട്ടിൽ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ ശേഷം പോലീസ് സംഘം മടങ്ങി. അന്നുരാത്രി കേശവന്റെ മകൻ മനോജിന് വിറയലും പനിയും തുടങ്ങി .വീട്ടിലുണ്ടായിരുന്ന മരുന്നു കൊടുത്തു നോക്കിയെങ്കിലും വലിയ കുറവില്ല.അതിനാൽ രാവിലെ ആശുപത്രിയിൽ കൊണ്ടു പോകാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് പതിവുപോലെ കാല് നിലത്തുറയ്ക്കാതെ കേശവന്റെ വരവ്.മറ്റുള്ളവരോടൊപ്പം അയാളും പനിച്ചു കിടക്കുന്ന മോന്റെ അടുത്തിരുന്നു. രാത്രി പാതിയുറക്കത്തിൽ മനോജ് പിച്ചും പേയും പറയാൻ തുടങ്ങി. "പട്ടി… പട്ടി… പോലീസ് പട്ടി….. " അതുകേട്ട് കല്ലൂരാൻ പറഞ്ഞു: "കണ്ടോ ആത്മാവ് ഇളംതലമുറക്കാരനിൽ കയറിയിരിക്കുകയാണ്. പോലീസ്പട്ടിയെ എത്രയും വേഗം കൊണ്ടുവരാനാണ് അവൻ പറയുന്നത്. അതെന്തിനാന്ന് കേശവന് സംശയം. "പട്ടി വന്നാൽ ആദ്യം കല്ലിൽ മണം പിടിക്കും. കല്ല് എന്നുവച്ചാൽ ആത്മാവ്. ആത്മാവിൻറെ മണം കിട്ടിയാൽ പട്ടി ഗുരുക്കളുടെ ശത്രുക്കളുടെ നേരെ തിരിയും .ഗുരുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നടന്നവരൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. പട്ടി ഏതു നിമിഷവും വരാം." കല്ലൂരാന്റെ വിശദീകരണം കേട്ട്,ഉള്ളിൽ ഉരുണ്ടുകൂടിയ ഭയം പുറത്തുകാട്ടാതെ കേശവൻ തൻ്റെ മുറിയിൽ കയറി ഒറ്റകിടപ്പ്. അധികം വൈകിയില്ല, കേശവനും വിറയലും പനിയും തുടങ്ങി. ഗുരുക്കൾ ജീവിച്ചിരുന്നപ്പോൾ അയാളെ തട്ടും എന്ന് കേശവൻ പലപ്പോഴും പറഞ്ഞു നടന്നിട്ടുണ്ട് എന്നതു വാസ്തവമാണ്. കേശവൻ പണമോ വസ്തുവോ ഗുരുക്കളോടു ചോദിച്ചാൽ ഗുരുക്കൾ ആട്ടിയോടിക്കുമായിരുന്നു. ആ അമർഷത്തിലാണ് കേശവൻ അങ്ങനെ പറഞ്ഞു നടന്നത്. എന്നാലും സ്വന്തംമകൻ തന്നെ,അച്ഛനെ തട്ടും എന്നുപറഞ്ഞുനടന്നത് വലിയ അപരാധമായാണ് കുടുംബക്കാരിൽ പലരും കണ്ടത്. പക്ഷേ കേശവന്റെ മകനായ മനോജിന് അത് വലിയ അപരാധമായൊന്നും തോന്നാറില്ല. കാരണം ഈ കേശവൻ തന്നെ വീട്ടിൽ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ഇയാൾക്കിട്ട് എന്തെങ്കിലും പണി കൊടുക്കണമല്ലോ എന്ന് പലപ്പോഴും മനോജിനും തോന്നാറുണ്ട്. "ഇനി പോലീസും പട്ടിയും വരാതിരിക്കാൻ എന്താ വഴി?' ചുക്കുകാപ്പിയുമായി വന്ന പവാനിയോട് കേശവൻ പതുക്കെ ചോദിച്ചു. "നിങ്ങള്‍ ലക്കും ലഗാനുമില്ലാതെ കയറി വരുമ്പോഴാണ് കല്ലു മഴ പെയ്യുന്നത്. നിങ്ങളുടെ ഈ നശിച്ച കുടി എന്ന് നിർത്തുമോ അതോടെ ഈ മഴയും നിൽക്കും'. കേശവൻ ആലോചിച്ചപ്പോൾ ആ പറഞ്ഞത് ശരിയാണ്. മറ്റ് സമയങ്ങളിൽ കല്ലുമഴ പെയ്തതായി ഓർമ്മയില്ല. കല്ലൂരാൻ പറമ്പിൽ നിന്ന് കുറച്ചു ദർഭപുല്ലും തുളസിയിലയും വേപ്പിലയും എടുത്തു. പിന്നെ അടുക്കളയിൽ നിന്ന് കുറച്ചു ഉപ്പും മുളകും .ഒരു നാക്കില വെട്ടി എല്ലാം കൂടി അതിൽ വച്ച് കർപ്പൂരം കത്തിച്ചു .അതിനു ശേഷം പതിഞ്ഞസ്വരത്തിൽ എന്തോ ഓതിക്കൊണ്ട് വീടിന് ഒരു വലംവച്ചു. എന്നിട്ട് ആ ഉപ്പും മുളകും അടുപ്പിൽ കൊണ്ട് ഇടാൻ പറഞ്ഞു. ഒരു കിണ്ടിയിൽ വെള്ളമെടുത്ത് ഇലകൾ മുഴുവൻ അതിലിട്ട ശേഷം കത്തിച്ച കർപ്പൂരം ആ വെള്ളത്തിലിട്ട് അണച്ചു. പിന്നെ കിണ്ടിയുമായി അകത്തുകയറി, പനിച്ചു കിടന്നു മനോജിൻ്റെയും കേശവൻ്റെയും ദേഹത്ത് ചെറുതായി ആ ജലം തളിച്ചു. ഒപ്പം അല്പം കുടിക്കാനും കൊടുത്തു. അടുത്ത പ്രഭാതത്തിൽ ആ കുടുംബത്തിൽ പല മാറ്റങ്ങളും സംഭവിച്ചു. കേശവനും മനോജിനും പനി കുറഞ്ഞു. കേശവൻ, ഇനി കുടിക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. പിന്നീട് ഇതുവരെ ആ വീട്ടിൽ കല്ലുമഴ പെയ്തിട്ടുമില്ല. താൻ ചില കർമ്മങ്ങളിലൂടെ ഗുരുക്കളുടെ ആത്മാവിന് ശാന്തി കൊടുത്തതുകൊണ്ടാണ് കല്ലുമഴ ഇല്ലാതായതെന്നു കല്ലൂരാനും, തൻറെ ഭർത്താവ് കുടി നിർത്തിയതുകൊണ്ടാണ് കല്ലുമഴയും നിന്നതെന്ന് പവാനിയും, പോലീസ് പട്ടിയെ കൊണ്ടുവരും എന്നു പറഞ്ഞതുകൊണ്ടാണ് കല്ലുമഴ അവസാനിച്ചതെന്ന് ഐപ്പെസ്സൈയും പ്രതികരിച്ചു. എല്ലാം കേട്ട് കേശവൻറ്റെ മകൻ മനോജ് മാത്രം തന്റെ പ്രതികരണം ഒരു പുഞ്ചിരിയിൽ ഒതുക്കി.
പ്രബുദ്ധ വിശ്വാസ കേരളം
കാരൂര്‍ സോമന്
ക്ലോക്കിലെ അക്കങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിന്നു. അറുപത് വയസ്സുള്ള ഭാര്യ ഏലിയാമ്മ അകത്തെ മുറിയില്‍ സീരിയല്‍ കാണുമ്പോള്‍ അറുപത്തിയഞ്ചു് വയസ്സുള്ള ഭര്‍ത്താവ് ഡാനിയേല്‍ പൂമുഖ മുറിയില്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച കണ്ടിരിക്കും. മക്കള്‍ മൂന്നുപേര്‍ ഇംഗ്ലണ്ടിലാണ്. യൂ.ക്കെയിലെ വന്‍ തുക പെന്‍ ഷന് വാങ്ങി നാട്ടിലെ വലിയ കൊട്ടാരംപോലുള്ള വീട്ടിലാണ് താമസം. ലണ്ടനിലെ ജീവിതം സന്തോഷപ്രദമെ ങ്കിലും ജനിച്ച മണ്ണില്‍ ജീവിക്കാനാണ് ഏറെ ഇഷ്ടം. ഇവിടുത്തെ ജാതി രാഷ്ട്രീയ ഭ്രാന്തിനോട് ഒട്ടും താല്പര്യ മില്ല. സമൂഹം മൂല്യത്തകര്‍ച്ചയുടെ പാതയിലാണ്. ഗാന്ധിജിയെപോലെ സാമൂഹ്യ താല്പര്യങ്ങള്ക്കായി സ്വയ മുഴിഞ്ഞുവെച്ചവര് ആരുമില്ല. എല്ലാം സ്വാര്ത്ഥന്മാര്. ഇന്ത്യയെ ലോക ദാരിദ്ര്യ പട്ടികയില്‍ നൂറിന് മുകളില്‍ എത്തിച്ചത് വായിച്ചപ്പോള്‍ കടുത്ത മനോവേദന തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരിന്നു രാജഭരണം അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണം. ഏതുനിമിഷവും ഒരു രക്തരഹിത വിപ്ലവം പൊട്ടിപുറപ്പെടുമോയെന്ന് തോന്നി. ഡാനിയേലും ഏലിയാമ്മയും സ്നേഹസമ്പന്നരാണ്. ഇപ്പോഴുള്ള പ്രശ്നം നേരം പുലര്‍ന്നാല്‍ പാതിരാ വരെ ഡാനിയേല്‍ ഏഷ്യാനെറ്റ് ചാനലിന്റെ മുന്നിലാണ്. അതില്‍ കടുത്ത അമര്‍ഷമാണ് ഏലിയാമ്മയ്ക്ക്. ഡാനിയേലിന് ഏഷ്യാനെറ്റിനോട് എന്തെന്നില്ലാത്ത മതിപ്പാണ്. അവര്‍ പണം വാങ്ങി ആര്‍ക്കും സ്തുതിഗീത ങ്ങള് നടത്താറില്ല. ഓരോ ദിവസവും എന്തെല്ലാം കഥകളാണ് ഓരോ ചാനലുകള്‍ ചൂടാക്കി ഉല്പാദിപ്പിക്കുന്നത്. വീടിനുള്ളിലെ എല്ലാം മുറികളിലും ഇന്റര്‍കോം സംവിധാനമുണ്ട്. ഭാര്യയും ഭര്‍ത്താവും ആശയവിനിമയം നടത്തുന്നത് ഇന്റര്‍കോമിലൂടെയാണ്. പരസ്പരം വാതില്പടികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കുമെങ്കിലും ഭക്ഷണ സമയം തീന് മേശക്ക് മുന്നിലാണ് പരസ്പരം കാണുക. ജോലിക്കാരി ഉഷ നിത്യവും ഭക്ഷണമുണ്ടാ ക്കാനും വീട് തുടച്ചു് വൃത്തിയാക്കാനും വന്നുപോകുന്നുണ്ട്. ഒരു ഞായര്‍ ദിവസം രണ്ടുപേരും ഏറ്റുമുട്ടി. രാവിലെ ഭര്‍ത്താവ് ചാനല്‍ ചര്‍ച്ച കണ്ടതാണ് ഏലിയാ മ്മയെ പ്രകോപിപ്പിച്ചത്. ഏലിയാമ്മ ചോദിച്ചു. 'കഴിഞ്ഞ ആഴ്ച ചാനല്‍ കത്തിച്ചുവിട്ട രാഷ്ട്രീയ നേതാവിന്റെ സാമ്പത്തിക റിസോര്‍ട്ട് വിവാദം, സ്കൂള്‍ കലോത്സവത്തിലെ ഇറച്ചി വിവാദം, വയനാട്ടില്‍ കടുവയുടെ കടിയേറ്റ് നല്ല ചികിത്സ കിട്ടാതെ രോഗി മരിച്ച തൊക്കെ ഇപ്പോള്‍ എവിടെ? എല്ലാം ശ്മശാനമണ്ണിലായി. ഈ മാധ്യമങ്ങളും നാടുവാഴികളും ചേര്‍ന്ന് ഈ നാടിനെ കുട്ടിച്ചോറാക്കും. ഇതെല്ലാം കണ്ട് രസിക്കുന്ന കുറെ പമ്പര വിഡ്ഢികള്‍'. ചാരുകസാലയില്‍ കിടന്ന ഡാനിയേല്‍ ഭാര്യയുടെ വാക്കുകളില്‍ ചില അപ്രിയ സത്യങ്ങള്‍ കണ്ടു. അത് മനസ്സിനെ അസ്വസ്ഥമാക്കി. ബ്രിട്ടനെപോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തെ ആരും കശാപ്പ് ചെയ്യാറില്ല. കറപുരണ്ട രാഷ്ട്രീയ നേതാവിനെ കുപ്പത്തൊട്ടിയിലിലേക്ക് വലിച്ചെറിയും. സ്വന്തം പാര്‍ട്ടി പോലും സംരക്ഷിക്കില്ല. ഭയാനകമായ ഒരു രാഷ്ട്രീയ അസ്വാതന്ത്ര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. എങ്ങും വരിഞ്ഞുമുറുക്കിയ ആത്മാക്കള്‍. എന്ത് ക്രൂരതയും എത്ര വേഗത്തിലാണ് ഈ പ്രബുദ്ധ കേരളം മറക്കുന്നത്? സന്ധ്യ മാഞ്ഞുതുടങ്ങി. പ്രസന്നവതിയായ ഏലിയാമ്മ കുളിച്ചൊരുങ്ങി പ്രാര്‍ത്ഥനാമുറിയില്‍ കണ്ണടച്ചി രുന്ന് പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. ശരീരത്തില്‍ കുടിയേറിയ ആത്മാവ് ഏലിയാമ്മയുടെ തലച്ചോറിനെ അപഹ രിച്ചു കഴിഞ്ഞു. ആരാധനാപുസ്തകത്തിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കെ കണ്ണുകള്‍ മങ്ങി. ആ കണ്ണുകള്‍ ശൂന്യതയിലേക്ക് നോക്കി സ്വയം ചോദിച്ചു. 'എല്ലാവരും ആശ്വാസം കൊള്ളുന്നത് എത്രയോ അന്ധമായ വിശ്വാസ കീഴ്വഴക്കങ്ങളിലാണ്. ദേവാല യത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുന്നത്. മുറിക്കുള്ളിലെ മെഴുകുതിരി വെളിച്ചത്തില്‍ ഏലിയാമ്മ വിശ്വാസപ്രമാണങ്ങളുടെ ശവവും പേറി പോയ്കൊണ്ടിരിക്കെ ഡാനിയേല്‍ ഏകാന്തതയുടെ തടവറയില്‍ കോഴിക്കാലുകളുടെ അസ്ഥികൂടങ്ങളെ കീറിമുറിച്ചു് മദ്യ സേവയിലായിരിന്നു. അയാളുടെ രോമങ്ങള്‍ ഓരോന്നും എഴുന്നു നിന്നു. ഏലിയാമ്മ കണ്ണട ഊരിവെച്ചിട്ട് ഭര്‍ത്താവിനെ അത്താഴത്തിന് ക്ഷണിച്ചെങ്കിലും മറുപടിയില്ല. അകത്തേക്ക് ചെന്ന് നോക്കി. ഭര്‍ത്താവ് ലഹരിയുടെ മൃദുലശയ്യയില്‍ നിലാവ് നല്കിയ കുളിരിളം കാറ്റില്‍ സ്വര്‍ഗ്ഗ കവാടം തേടി പറന്നു. ഏലിയാമ്മ നിസ്സഹായതയോടെ നോക്കി നിന്നു.
കിയാവിലെ കണ്ണുനീർ
ഡാനിയേല, ചെറിയ ക്യാനിന്റെ മൂട്ടിൽ പറ്റിയിരുന്ന പുഡിംഗ് കത്തികൊണ്ട് വടിച്ചെടുത്തു അവശേഷിച്ച ബ്രഡിന്റെ കഷണത്തിൽ തെയ്ച്ചു, നിലത്തിരുന്നു കടലാസിൽ എന്തോ കുത്തിവരച്ചുകൊണ്ടിരുന്ന അലക്സിക്കു കൊടുത്തു. അവനതൊരു നിധി കിട്ടിയമാതിരി അതുവാങ്ങി തിന്നു തുടങ്ങി. നേരം വെളുത്തുവരുന്നു, വെളിയില്‍ ബോംബുകൾ വീണു പൊട്ടുന്ന ശബ്ദം കേൾക്കാം. കഴിഞ്ഞ രാത്രിയിൽ മാത്രമല്ല ശരിക്കൊന്ന് ഉറങ്ങിയിട്ട് ഒരു ആഴ്ച്ചയാകുന്നു ഇപ്പോൾ നാലു വയസിലേക്ക് നീങ്ങുന്ന അലക്സി ഒരുവിധം നന്നായി ഉറങ്ങുന്നുണ്ട് എന്നത് ഒരു ആശ്വാസം. യുദ്ധം തുടങ്ങിയിട്ട് ഇന്ന് എട്ടാംദിനം. രണ്ടു ദിനങ്ങൾക്ക് മുൻപ് ഞങ്ങൾ താമസിക്കുന്ന ചെറിയ കെട്ടിടത്തിനു സമീപം വീണു പൊട്ടിയ ബോംബിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞു വീണു. ഈ കെട്ടിടത്തിൽ മൂന്നു അപ്പാർട്ടുമെന്റുകളാണുള്ളത്. ഇത് കിയാവ് നഗരത്തിൽ നിന്നും ഏകദേശം ഏഴ് മൈലുകൾ അകലെ. അവിടെ അലക്സിയുടെ പിതാവ്, തന്റെ ഭർത്താവ് ഡിമിട്രി ഒരു ഐടി സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ആദ്യത്തെ വീട്ടിൽ മരിയ എന്ന ഏതാണ്ട് അറുപതുവയസു പ്രായമുള്ള ഒരു ആന്റി അവരുടെ ഭത്താവ് നിക്കോളായ് തന്റെ കെട്ടിയവനെ പോലെതന്നെ യൂകരെനെ റഷ്യൻ അതിക്രമത്തിൽ നിന്നും രക്ഷിക്കുന്നതിന്,യുകാറിൻ സൈന്യത്തിൽ അംഗമല്ല എങ്കിലും ഒരു സന്നദ്ധ ഭടനായി പോയിരിക്കുന്നു. ഞങ്ങൾ താമസിക്കുന്നത് നടുക്കത്തെ അപ്പാർട്ട്മെന്റ് മൂന്നാമത്തേതിൽ ഭർത്താക്കൾ 2014 യുദ്ധത്തിൽ മരിച്ചുപോയ യോദ്ധാക്കളുടെ ഭാര്യമാർ ഗ്ലോറി,ബോയിക്ക ഇവർക്ക് ഏകദേശം അറുപതു വയസു കാണും. തൻറ്റെ വീടിന്റെ കിടപ്പുമുറിയുടെ മേൽക്കൂര തകർന്നു വീണിരുന്നു. ബോംബ് മുന്നറിയിപ്പ് സൈറൺ കേട്ടപ്പോൾ അലക്സിയെയും എടുത്തു ഊണുമേശയുടെ അടിയിൽ ചെന്നിരുന്നതിനാൽ തങ്ങളുടെ മേൽ ഒന്നും വന്നു വീണില്ല.എങ്കിലും ഇപ്പോൾ കിടപ്പു മുറിയും ബാത്തുറൂമും ഉപയോഗ്യ ശൂന്യം. ഹീറ്റ് , വൈദ്യുതി ഇവ നഷ്ട്ടപ്പെട്ടിട്ട് മൂന്നു ദിവസമാകുന്നു. അടുക്കളയിലെ പൈപ്പിൽ നിന്നും വല്ലപ്പോഴുമൊക്കെ അൽപ്പം വെള്ളം കിട്ടും അങ്ങനെ കിട്ടുന്നസമയം വീട്ടിലുള്ള എല്ലാ പാത്രങ്ങളിലും ജലം ശേഖരിച്ചുവയ്ക്കും. കെട്ടിടം ഉപയോഗ്യ ശൂന്യമായി എങ്കിലും ഭാഗ്യത്തിന് ആർക്കും അപായം ഒന്നും സംഭവിച്ചില്ല. പിറ്റേദിനം തന്നെ ഗ്ലോറിയും, ബോയിക്കയും സ്ഥലം വിട്ടു. ഗ്ലോറിയുടെ ഒരുസഹോദരൻ പോളണ്ടിൽ താമസിക്കുന്നു അയാളുടെ അടുത്തേക്ക് ഞങ്ങളെയും, മരിയയെയും കൂടെ ചെല്ലുവാൻ നിർബന്ധിച്ചു, എന്നാൽ ഞങ്ങൾ പോയില്ല. ഭർത്താക്കന്മാർ യുദ്ധക്കളത്തിൽ വേണമെങ്കിൽ റഷ്യക്കാർ ഞങ്ങളെയും കൊല്ലട്ടെ . ഇവർ പോകുന്നതിനു മുൻപ് പറഞ്ഞിരുന്നു. അടുക്കളയിൽ ഭാഗികമായി തകർന്നു വീണിരുന്ന ഷെൽഫുകളിൽ എന്തോക്കെയോ ഭക്ഷണ സാധനങ്ങൾ കാണും എടുത്തു കഴിച്ചോളൂ. രണ്ടു വീടുകളും തമ്മിൽ വേർതിരിച്ചിരുന്ന ഭിത്തി തകർന്നു വീണിരുന്നു. അവരുടെ ബാത്ത് റൂം കുറെയൊക്കെ ഉപയോഗപ്രദം. എല്ലാം നഷ്ട്ടപ്പെട്ട വിഷമത്തിൽ കരഞ്ഞുകൊണ്ട് ഇരുവരും ഓരോ ബാഗുമായി സ്ഥലം വിട്ടു, പുറം ലോകവുമായി യാതൊരു ബന്ധവുമില്ല മൊബൈൽ ഫോൺ മൂന്നു ദിവസങ്ങൾക്കു മുൻപ് ചലിക്കാതായി ടിവി തകർന്നു പോയി ആകെ ചിലപ്പോൾ കിട്ടുന്ന വാർത്തകൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറിയ റേഡിയോ വഴി അതും എപ്പോഴും പ്രവർത്തിക്കുന്നുമില്ല. ഡാനിയേലയും അലക്സിയും കിടക്കുന്ന സ്ഥലം അടുക്കളയിലെ മേശക്കടിയിൽ. തണുപ്പൽപ്പം കുറഞ്ഞതിനാൽ ഹീറ്റർ പ്രവർത്തിക്കുന്നില്ല എങ്കിലും പുതപ്പുകൾ പുതച്ചു കിടക്കാം. മേശക്കടിയിലെ തുണി മെത്തയിൽ. എന്തോ വരച്ചുകൊണ്ടിരുന്ന അലക്സി തറയിൽ ഉറക്കത്തിലായി . ഈ സമയം ഡാനിയേലയുടെ ചിന്തകൾ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് പറന്നു പോയി. ഈ യുദ്ധം തുടങ്ങുന്നതിന് മുൻപ് എത്ര സുഖമായി അല്ലലുകൾ ഒന്നും കൂടാതെ ടിമിട്രിയോടും അലക്സിയോടും കൂടെ ജീവിച്ചിരുന്നു. താൻ അലക്സിയെ ആദ്യമായി പരിചയപ്പെടുന്നത് പോളണ്ടിൽ ക്രാക്കോവ് എന്ന പട്ടണത്തിൽ ഒരു സ്കൂളിൽ അമേരിക്കൻ ഇഗ്ലീഷ് പഠിപ്പിക്കുന്ന സമയം. തന്റെ മാതാപിതാക്കൾ അഞ്ചു വർഷത്തോളം അമേരിക്കയിൽ യൂകാറിൻ എംബസിയിൽ പ്രവർത്തിച്ചിരുന്നു ആ സമയം താൻ ഇംഗ്ലീഷ് നന്നായി പഠിച്ചു . ക്രാക്കോവിൽ തൻ താമസിച്ചിരുന്ന അതേ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽത്തന്നെ ഡിമിട്രിയും താമസിച്ചിരുന്നു. ഒരു നാൾ താനും ഡിമിട്രിയും ലിഫ്റ്റിൽ താഴേക്ക് വരുന്ന സമയം പെട്ടെന്ന് ലിഫ്റ്റ് നിന്നുപോയി ഞങ്ങൾ ഇരുവരും പേടിച്ചു. ഡിമിട്രി ഉടനെ ലിഫ്റ്റിലെ ഒരു ബട്ടണിൽ നോക്കി ഉത്തരം കിട്ടി അവർക്കറിയാം പേടിക്കേണ്ട ഉടൻ ലിഫ്റ്റ് പ്രവർത്തിക്കും. അന്നാണ് താൻ ആദ്യമായി ഡിമിട്രിയെ പരിചയപ്പെടുന്നത് പിന്നീട് പലേതവണ കാണുവാൻ തുടങ്ങി ആ പരിജയം നല്ലരീതിയിൽ മുന്നോട്ടു പോയി. ഞങ്ങളുടെ വിവാഹത്തിലെത്തി ഇപ്പോൾ അഞ്ചു വർഷമാകുന്നു .വിവാഹം കഴിഞ്ഞു ആറുമാസം ആയപ്പോൾ, ഡിമിട്രി ജോലി ചെയ്തിരുന്ന സ്ഥാപനം അവരുടെ കിയാവിലുള്ള ശാഖയിലേയ്ക്ക് ഒരു ഉദ്യോഗക്കയറ്റവും നൽകി വിട്ടു അതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. താൻ ജനിച്ചു വളർന്നത് യൂകറിനിൽ ലിവിവ് എന്ന പട്ടണത്തിലാണ് ഇത് ഒരു സൈനിക താവളം കൂടിയാണ് തന്റെ പിതാവ് അമേരിക്കയിൽ എംബസി ജോലിക്കു പോകുന്നതിനു മുൻപ് സൈന്യത്തിൽ ഒരു ക്യാപ്റ്റൻ ആയിരുന്നു. ഇപ്പോൾ പ്രായമായി പെൻഷൻ പറ്റി ലിലിവിവ്ൽത്തന്നെ ജീവിക്കുന്നു. ഞങ്ങൾ കിയാവിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടപ്പോൾ എന്നിൽ അലക്സി രൂപം കൊണ്ടിരുന്നു. ഡിമിട്രിയുടെ ജോലി സ്ഥലമാണ് ഈ താമസ സൗകര്യം ഒരുക്കിത്തന്നത്. ചെറുതെങ്കിലും എല്ലാ സ്വകര്യങ്ങളും ഇവിടെയുണ്ട്. ഞങ്ങൾക്ക് ഒരു കാറുമുണ്ട് പത്തു മിനിറ്റുകൊണ്ട് ഡിമിട്രിക്ക് ജോലി സ്ഥലത്തെത്താം. ഇപ്പോൾ ആ കാർ മുന്നിലെ തെരുവിൽ ചില്ലുകൾ പൊട്ടി ചളുങ്ങി കിടക്കുന്നു. തനിക്കും അടുത്തുള്ള ഒരു സ്കൂളിൽ ജോലി ലഭിച്ചു അവിടെയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന്. കിയാവ് ഒരു ആധുനിക പട്ടണമാണ് വളരെ സുരക്ഷിതമായ പട്ടണം. എല്ലാത്തരം ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെത്തിയിരിക്കുന്നു ജോലിക്കായും പഠനത്തിനായും. ഇവിടുള്ള മെഡിക്കൽ കോളജുകളിൽ നിരവധി അന്തര്‍ദേശീയ വിദ്യാർഥികൾ പഠിക്കുന്നു.യൂകറിൻ ജനത പൊതുവെ എല്ലാവരെയും സ്വീകരിക്കുന്ന ശാന്ത ശീലർ. ഞങ്ങൾക്ക് ഒരുപാടു മോഹങ്ങൾ ഉണ്ടായിരുന്നു ഡിമിട്രിക്ക് നല്ലജോലി താനും കുറച്ചു മണിക്കൂറുകൾ സ്കൂളിൽ പഠിപ്പിക്കുന്നു. ഓരോ മാസവും പണം സൂക്ഷിച്ചവയ്ക്കുവാൻ തുടങ്ങി. സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങുന്നതിന് മുന്‍പണം നൽകിയിരുന്നു. കഴിഞ്ഞ ദിവസവും പണിതീർന്നുവരുന്ന ഫ്ലാറ്റ് പോയി കണ്ടിരുന്നു അതിപ്പോൾ ബോംബിംഗിൽ തകർന്നു വീണുകാണും. ഈ സമയം ആദ്യത്തെ വീട്ടിലെ മരിയ തന്നെവിളിച്ചു അത് ചിന്തകളിൽ നിന്നും തന്നെ വേർപ്പെടുത്തി. മരിയ പറഞ്ഞു അവർ പുറത്തേക്കു പോകുന്നു എത്ര ദിവസങ്ങളായി ഇങ്ങനെ അകത്തു കുത്തിയിരിക്കുന്നു. ഇതും പറഞ്ഞു മരിയ കോട്ടുമിട്ടു നടന്നുതുടങ്ങി. ഞാൻ വിളിച്ചു പറഞ്ഞു ആന്റി സൂക്ഷിക്കണേ ഇപ്പോഴും വെടിയുടെയും പൊട്ടലുകളുടെയും ശബ്ദം കേൾക്കുന്നുണ്ട്. അതിനു മറുപടിയായി മരിയ പറഞ്ഞു 'ഓ ഞാനധികം ദൂരെ പോകുന്നില്ല ഏറിയാൽ രണ്ടു ബ്ലോക്കകലത്തിലുള്ള ചെറിയ കട അതിപ്പോഴും ഉണ്ടോ എന്ന് നോക്കുവാൻ’. താൻ വീണ്ടും പറഞ്ഞു "സൂക്ഷിക്കണേ" ഇതായിരുന്നു അവസാനമായി ഞാൻ മരിയയോട് സംസാരിക്കുന്നതെന്ന് അപ്പോൾ തോന്നിയില്ല. മരിയ ഒരു നൂറടിദൂരം നടന്നുകാണും റോഡിന്റെ ഇരു വശങ്ങളിൽ നിന്നും നിലക്കാത്ത വെടി കൂടാതെ സ്പോടനങ്ങൾ. ഞാൻ അലക്സിയെ തൂക്കിയെടുത്തു അടുക്കളയിലെ ഫ്രിഡ്ജിന്റെ പാർശ്വത്തിൽ പതുങ്ങിയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വെടിശബ്ദം കുറഞ്ഞു എന്നാൽ മരിയ തിരികെ വന്നില്ല. താൻ തകർന്നു കിടക്കുന്ന മുൻ വാതിലിൽകൂടി പുറത്തേക്കു നോക്കി. കാണുന്നത് രണ്ടുമൂന്നുപേർ ചേർന്ന് ഏതാനും ചലനമില്ലാത്ത വികൃതമായ ശരീരങ്ങൾ ഒരു വാഹനത്തിൽ കയറ്റുന്നത്. ഞാൻ അലക്സിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഓരോ ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ആഹാര സാധനങ്ങൾ തീർന്നു വരുന്നു. ചൂടുള്ള ഭക്ഷണം കഴിച്ച നാൾ മറന്നിരിക്കുന്നു. ഒരു സമയം റേഡിയോയിൽ കേട്ടു വീടുകളിൽ ഇപ്പോഴും താമസിക്കുന്നവർ തുകറെൻ പതാക ഉണ്ടെങ്കിൽ അത് അഥവാ ഒരു വെള്ള ക്കൊടി മുന്നിൽ വയ്ക്കുക ആരെങ്കിലും വന്നു സഹായം വേണമോ എന്ന് അന്വേഷിച്ചെന്നുവരും . അങ്ങനെ മൂന്നുതവണ ആരോക്കെയോ വീടിനുമുന്നിൽ എത്തിയിരുന്നു വിളിച്ചു ചോദിച്ചിരുന്നു ഞാൻ സേഫ് എന്നു പറഞ്ഞാൽ ഒരു പൊതി മുന്നിൽ വച്ചശേഷം വന്നയാൾ പോയിരുന്നു. ഈ പൊതിയിൽ വെള്ളവും റൊട്ടിയും ജാമുo, ചെലപ്പോൾ കാൻഡിബാറും എല്ലാം ഉണ്ടായിരിക്കും. കാൻഡി കാണുമ്പോൾ ഡിമിട്രിയുടെ മുഖം തെളിയും. അവൻ ഇടക്കിടെ ചോദിക്കും "പാപ്പ എപ്പം വരും" അവനോട് എന്തു മറുപടി പറയണം കരച്ചിൽ വന്നാൽ അത് കടിച്ചമർത്തുക. യുദ്ധം തുടങ്ങിയിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. വല്ലപ്പോഴും കേൾക്കുന്ന വാർത്തകളിൽ രാജ്യത്തിന്റെ പ്രസിഡൻറ്റ് പറയുന്നത് കേട്ടിരുന്നു "യൂകാറിൻ റഷ്യക്കുകീഴടങ്ങില്ല നാം വിജയിക്കും" ഇത് തീർച്ചയായും ആശ്വാസ വചനങ്ങൾ ആയിരുന്നു. ഇപ്പോൾ നേരത്തെമാതിരി ഉണ്ടായിരുന്ന ബോംബ് അലട്ടൽ സൈറൺ കേൾക്കുന്നില്ല വെടിപൊട്ടുന്ന ശബ്ദവും കുറഞ്ഞു. പതിവുപോലെ രാവിലെ അലക്സിക്ക് എന്തെകിലും കഴിക്കുവാൻ കൊടുക്കുന്ന സമയം ആരോ കെട്ടിടത്തിന്റെ വാതുക്കൽ എത്തിയതായി തോന്നി എഴുന്നേറ്റു നോക്കുന്പോൾ കാണുന്നത് മരിയയുടെ ഭർത്താവ് നിക്കോളായ് ഒരു ചെറിയ ബാഗുമായി ആകുലതയോടെ തകർന്നുകിടക്കുന്ന അപ്പാർട്ട്മെന്റ് കണ്ടുനിൽക്കുന്നു വിളിക്കുന്നു "മരിയ നീ എവിടെ" ഇതു കേട്ട് ഞാൻ കരഞ്ഞുപോയി നിക്കോളായ്ക്ക് അറിഞ്ഞുകൂട ഭാര്യക്ക് എന്തുപറ്റി. ഞാൻ എഴുന്നേറ്റു നിക്കോളയുടെ മുന്നിലെത്തി ഒന്നും പറയുവാൻ പറ്റാതെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാൾക്കു മനസിലായി മരിയക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ആദ്യമേ കരുതിയത് ബോംബ് സ്ഫോടനത്തിൽ വീട് തകർന്നപ്പോൾ അക്കൂടെ മരിയ മരണപ്പെട്ടുകാണും. കരച്ചിൽ അടക്കുവാൻ ശ്രമിച്ചുകൊണ്ട് നിക്കോളായ് ചോദിച്ചു "ഡാനിയേല നിനക്കറിയാമോ മരിയയുടെ ശരീരം എവിടെ എന്ന് " അതിനു മറുപടിയായി ഞാൻ വിവരിച്ചു കൊടുത്തു എങ്ങനെ എപ്പോൾ എവിടെ മരിയ മരണപ്പെട്ടു. നിക്കോളായ് ഉത്തരമൊന്നും പറയാതെ, ഇടിഞ്ഞു കിടക്കുന്ന കല്ലുകളിൽ ചവുട്ടി തകർന്നു കിടക്കുന്ന കിടപ്പുമുറിയിലേയ്ക് നടന്നു വിതുമ്പിക്കൊണ്ട്. ഡാനിയേല താനെ പറഞ്ഞു അവളുടെ മനസിൽ ‘എന്തിനീ ക്രൂരത ഞങ്ങൾ റഷ്യയോട് എന്തപരാധംകാട്ടി ? നന്നായി ജീവിച്ചിരുന്ന എത്രയോ ജീവിതങ്ങൾ ഇല്ലാതായിരിക്കുന്നു എത്രയോ മോഹങ്ങൾ ആശകൾ തകർന്നിരിക്കുന്നു. ഇതെല്ലാം ആർക്കുവേണ്ടി എന്തിനുവേണ്ടി ആരോട് പരാതിപറയും?’ പിറ്റേന്ന് ഏതാണ്ട് ഈ സമയം രാവിലെ പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു ഞാൻ പോയിനോക്കി പുറകെ അലക്സിയും. വാനിന്റെ പുറകിലെ വാതിൽ തുറക്കപ്പെട്ടതു അതിൽനിന്നും ഒരു വീൽ ചെയർ പുറത്തുവന്നു അതിൽ ഇരിക്കുന്ന ആളെക്കണ്ട് ഡാനിയേല പൊട്ടിക്കരഞ്ഞു അലക്സിയെ എടുത്തുകൊണ്ടു വാനിനടുത്തേക്കോടി.
ബി. ജോൺ കുന്തറ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Useful Links
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD