കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ സ്‌ഥാപകനേതാക്കളായ ബയാട്രിസ്–സിഡ്നി വെബ് ദമ്പതികൾ പ്രസിദ്ധീകരിച്ച 1200 പേജുള്ള പുസ്തകത്തിന് അവരിട്ട പേര് ‘സോവ്യറ്റ് കമ്മ്യൂണിസം–ഒരു പുതിയ നാഗരികത’ എന്നാണ്. പിന്നീട് സ്റ്റാലിന്റെ ഭീകരഭരണത്തിൻകീഴിൽ പട്ടിണിമരണം വ്യാപകമായപ്പോൾ ആ രാജ്യം സന്ദർശിച്ച ബർണാർഡ് ഷാ അവിടെ കണ്ടത് അമിതഭാഷണംമൂലം തടിച്ചുകൊഴുത്ത മനുഷ്യരെ മാത്രം. 1934 –ൽ സ്റ്റാലിനെ സന്ദർശിച്ച് സംഭാഷണം നടത്തിയതിനുശേഷം എച്ച്.ജി. വെൽസ് എഴുതി: ‘‘സ്റ്റാലിനെപ്പോലെ ഉദാരശീലനും നീതിനിഷ്ഠനും സത്യസന്ധനുമായ വേറൊരു മനുഷ്യനെ ഈ ഭൂമുഖത്തൊരിടത്തും കണ്ടെത്താനാവില്ല.’’

പ്രശസ്തരായ ഈ എഴുത്തുകാരെല്ലാം സത്യത്തിൽനിന്ന് ഏറെ വിദൂരത്തായിരുന്നു എന്ന് പിൽക്കാലപഠനങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്. അതൊന്നും തിരിച്ചറിയാനാവാത്തവിധം പ്രത്യയശാസ്ത്രതിമിരം ബാധിച്ച കമ്മ്യൂണിസ്റ്റുകാർ കേരളത്തിലും ബംഗാളിലും മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റിടങ്ങളിലെല്ലാം കമ്മ്യൂണിസം ഏറെക്കുറെ ‘ഓർമ്മയായി’ക്കഴിഞ്ഞു. ഈ വസ്തുത അംഗീകരിക്കാൻ വേണ്ട സുതാര്യത ചിലരുടെ ചിന്താമണ്ഡലത്തിനു നഷ്ടപ്പെട്ടിരിക്കയാണോ എന്നുപോലും സംശയിക്കേണ്ടതുണ്ട്. പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ സംഖ്യ പക്ഷേ, കുത്തനെ ഇടിയാൻ തുടങ്ങിയിട്ടുണ്ടെന്നാണു സമീപകാല തെരഞ്ഞെടുപ്പുകണക്കുകൾ സൂചിപ്പിക്കുന്നത്.

കടുത്ത കമ്മ്യൂണിസവിരോധത്തിന്റെ ഫലമാണ് ഇതുപോലുള്ള നിരീക്ഷണങ്ങൾ എന്നു പറയുന്നവർ ധാരാളമുണ്ടാകും. മറിച്ചു ചിന്തിക്കുന്നവർക്കെതിരേ ശുംഭൻ, കൊഞ്ഞാണൻ, നികൃഷ്ടജീവി, അരാഷ്ട്രീയൻ തുടങ്ങിയ ദുഷ്പദങ്ങൾ വാരിക്കോരി പ്രയോഗിക്കുന്ന പ്രവണതയും നിലവിലുണ്ട്. കമ്മ്യൂണിസത്തെപ്പറ്റി കേരളീയർക്കുള്ള അറിവു മുഴുവനുംതന്നെ സോവ്യറ്റ് യൂണിയന്റെ പ്രാബല്യകാലത്ത് പാർട്ടിമാദ്ധ്യമങ്ങളിലൂടെയും സഹയാത്രികരിലൂടെയും കൈവന്നതത്രേ. അവയിൽ പൊതുവെ പാർട്ടിയും അതിന്റെ പ്രവർത്തനങ്ങളും അത്യാകർഷകങ്ങളായി ചിത്രീകരിക്കപ്പെട്ടിരുന്നു. അതിനെതിരേ ശബ്ദമുയർത്താൻ അധികമാരും ധൈര്യപ്പെട്ടില്ല.

മാർക്സ്–ലെനിൻ–സ്റ്റാലിൻ– മാവോമാരും അവരുടെ പിൻഗാമികളും ചെയ്തുകൂട്ടിയ വൻകാര്യങ്ങളുടെ സഞ്ചിതചരിത്രം ഈയിടെ പുസ്തകരൂപത്തിൽ പുറത്തുവന്നു. കമ്മ്യൂണിസത്തോടു കടുത്ത വിരോധമോ അന്ധമായ ആരാധനാഭാവമോ പുലർത്തുന്നവരല്ല ഗ്രന്ഥകർത്താക്കൾ. മുൻവിധികൾക്കു വഴിപ്പെടാതെ വസ്തുനിഷ്ഠവും സത്യസന്ധവുമായ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് അനുവാചകസമക്ഷം അവതരിപ്പിക്കുന്ന വിശിഷ്ടകൃതിയാണത്. പ്രശസ്ത പണ്ഡിതന്മാരായ യൂണിവേഴ്സിറ്റി പ്രൊഫസർമാരാണ് അക്കാര്യം നിർവഹിച്ചത്. റഷ്യ, പോളണ്ട്, ഹങ്കറി തുടങ്ങി ചൈനയും വിയറ്റ്നാമും ക്യൂബയും ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ്രാജ്യങ്ങളിൽ നടന്ന യഥാർത്ഥസംഭവങ്ങളുടെ ആകെത്തുകയാണ് ‘കമ്മ്യൂണിസത്തിന്റെ കറുത്ത പുസ്തകം’ (ഠവല ആഹമരസ യീീസ ീള വേല ഇീാാൗിശൊ) വിശദമായ അടിക്കുറിപ്പുകളും വിഷയസൂചികയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫ്രാൻസിലെ ശാസ്ത്രീയ ഗവേഷണ ദേശീയകേന്ദ്രം ഡയറക്ടറും ‘കമ്മ്യൂണിസം’ എന്ന ഫ്രഞ്ചു മാസികയുടെ പത്രാധിപരുമായ സ്റ്റെഫൻ കുർത്വാ, സോവ്യറ്റ് യൂണിയന്റെ ചരിത്രത്തിൽ സവിശേഷപാണ്ഡിത്യം നേടിയ നിക്കൊലാസ് വേർത്ത്, ദേശാന്തരീയ കമ്മ്യൂണിസ്റ്റു പ്രസ്‌ഥാനം ഐച്ഛികമായെടുത്തു പഠിച്ച ഷാൻ ലൂയി പനേ, പോളിഷ് അക്കാദമി ഓഫ് സയൻസസിന്റെ ഉപാദ്ധ്യക്ഷനും ആഭ്യന്തര വകുപ്പിന്റെ പുരാരേഖാകമ്മീഷൻ അംഗവുമായ അന്ത്രേജ് പക്സോസ്കി തുടങ്ങിയ പതിനൊന്നു പ്രസിദ്ധരായ എഴുത്തുകാർ സഹകരിച്ചു നിർമ്മിച്ച അത്യസാധാരണമായ പുസ്തകമാണിത്. മിഖായേൽ ഗോർബച്ചേവിന്റെ രംഗപ്രവേശത്തെത്തുടർന്നു 1989–ൽ സോവ്യറ്റ് സ്വേച്ഛാധിപത്യം തകർന്നടിഞ്ഞപ്പോൾ അന്നുവരെ രഹസ്യഅറകളിൽ സൂക്ഷിച്ചിരുന്ന പോലീസ് വകുപ്പിന്റെ ഔദ്യോഗികരേഖകൾ ചരിത്രഗവേഷകർക്കു ലഭ്യമായി. അവയിൽനിന്നു ശേഖരിച്ച വിവരങ്ങളാണ് ഈ കൃതിക്ക് അഭൂതപൂർവ്വമായ വിശ്വാസ്യതയും ആധികാരികതയും നൽകുന്നത്.

മൂലകൃതി ഫ്രഞ്ചിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ജോനാഥൻ മർഫി, മാർക്ക് ക്രീമർ എന്നിവരത്രേ. ഹാർവാർഡ്–കേംബ്രിജ് സർവ്വകലാശാലകളുടെ സംയുക്‌താഭിമുഖ്യത്തിലാണ് അതു പ്രസിദ്ധീകരിക്കപ്പെട്ടത്. 1917–ലെ ഒക്ടോബർ വിപ്ലവം മുതൽ അഫ്ഗാനിസ്‌ഥാനിലെ സോവ്യറ്റ് ആധിപത്യത്തിന്റെ പതനം വരെയുള്ള ഏഴു പതിറ്റാണ്ടുകൾക്കുള്ളിൽ മാർക്സിസ്റ്റ് – ലെനിനിസ്റ്റുകൾ ചെയ്തു കൂട്ടിയ കൊടുംപാതകങ്ങളുടെയും ഭീകരതയുടെയും അടിച്ചമർത്തലിന്റെയും വിവരണമാണിതെന്നു മാർട്ടിൻ മാലിയ അവതാരികയിൽ പറയുന്നു. ‘ഭൂഖണ്ഡാത്മകമാനങ്ങളാർന്ന വൻദുരന്തം’ എന്നാണ് കുർത്വാ കമ്മ്യൂണിസത്തെ വിശേഷിപ്പിക്കുന്നത്. അതു തുറന്നുവിട്ട ഭീകരതയ്ക്ക് ഇരയായിത്തീർന്നവരുടെ ആകെ സംഖ്യ എട്ടര കോടിക്കും പത്തുകോടിക്കും ഇടയിലത്രേ. മനുഷ്യരാശിയുടെ നീണ്ട ചരിത്രത്തിൽ ഇത്ര വമ്പിച്ച വേറൊരു രാഷ്ട്രീയ നരഹത്യ നടന്നിട്ടില്ല. ഈ പുസ്തകം പുറത്തുവന്നപ്പോഴാണ് ഈ വസ്തുതകളെല്ലാം ആദ്യമെന്നോണം ഫ്രഞ്ചുകാരുടെ ബോധതലത്തിൽ ആഴ്ന്നിറങ്ങിയത്. അതിൻഫലമായി വാദപ്രതിവാദങ്ങളുടെ ഒരു വൻ സുനാമി തന്നെ പെട്ടെന്നുയർന്നു. ഫ്രാൻസിലെങ്ങും അതു കോളിളക്കം സൃഷ്ടിച്ചു.

കമ്മ്യൂണിസം എന്ന ദുരന്തത്തിന്റെ സ്തോഭജനകങ്ങളായ വിശദാംശങ്ങൾ ഇരുപതാംനൂറ്റാണ്ടിന്റെ ചരിത്രം പഠിച്ചിട്ടുള്ളവർക്ക് അജ്‌ഞാതമായിരുന്നില്ല. സ്റ്റാലിന്റെ ഗുലാഗുകൾ, മാവോയുടെ സാംസ്കാരികവിപ്ലവം, പോൾ പോട്ടിന്റെ കെമേർ റൂജ്, കബോഡിയ, വിയറ്റ്നാം, ക്യൂബ, എത്യോപ്യ എന്നീ രാഷ്ട്രങ്ങളിൽ നടന്ന കൂട്ടക്കൊലകൾ! എത്ര പെട്ടെന്നാണ് അതെല്ലാം ലോകജനത മറന്നുകളഞ്ഞത്! മനുഷ്യന്റെ ഓർമ്മശക്‌തിക്കു ദീർഘകാലം താങ്ങാനാവാത്ത ഞെട്ടലും നൊമ്പരവും പേറുന്ന വിവരങ്ങളാണവ. ചരിത്രത്തിന്റെ ഏടുകളിൽനിന്ന് അവയെല്ലാം ചികഞ്ഞെടുത്തു വീണ്ടും പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ അടുത്തകാലംവരെ ആരും തുനിഞ്ഞില്ല. അതുകൊണ്ടാണ് ‘കറുത്ത പുസ്തക’ത്തിന്റെ പ്രകാശനം ഇത്ര വമ്പിച്ച ആഘാതം ലോകമെങ്ങും ഉളവാക്കിയത്.

നാസിസത്തിന്റെ പേരിൽ ഹിറ്റ്ലർ കൊന്നതു രണ്ടരക്കോടി മനുഷ്യരെയത്രേ. പത്തുകൊല്ലം മാത്രമേ അത് പ്രാബല്യത്തിലുണ്ടായിരുന്നുള്ളൂ. നാസിസവുമായി താരതമ്യപ്പെടുത്തുമ്പോൾ പത്തുകോടി ജനങ്ങളെ നിഷ്കരുണം ഉന്മൂലനം ചെയ്തശേഷം ഇന്നും ജീവനോടെ അവശേഷിക്കുന്ന കമ്യൂണിസം അത്യപൂർവ്വമായ സാമൂഹിക–രാഷ്ട്രീയപ്രതിഭാസം തന്നെയെന്നു നാം തിരിച്ചറിയണം.


ഇന്ത്യയ്ക്കു ഗാന്ധിജി നൽകിയതിനു സമാനമായ നേതൃത്വമാണു ലെനിൻ റഷ്യയ്ക്കു നൽകിയതെന്നു വി.ആർ. കൃഷ്ണയ്യരുൾപ്പെടെയുള്ള ഇടതപക്ഷസഹയാത്രികർ പറഞ്ഞു പരത്തി. ഗാന്ധിജിയെപ്പോലെ ലെനിനും അഹിംസയുടെ അപ്പസ്തോലൻ ആയിരുന്നു എന്ന നുണക്കഥയ്ക്കു ജനപ്രിയരൂപം നൽകി അവതരിപ്പിക്കാനും അവർക്കു കഴിഞ്ഞു. അത്തരം ധാരണകളുടെ പൊള്ളത്തരമാണ് ഈ നവഗ്രന്ഥം മറനീക്കിക്കാട്ടുന്നത്.

1918 മാർച്ചിൽ ലെനിന്റെ ദുർഭരണം ആറുമാസം തികയ്ക്കുന്നതിനുമുമ്പുതന്നെ ആയിരക്കണക്കിനു റഷ്യൻ പൗരന്മാരെ രഹസ്യപ്പോലീസും പട്ടാളവും ചേർന്നു കൊന്നൊടുക്കിയിരുന്നു. പണ്ടത്തെ സർ ചക്രവർത്തിമാരുടെ ദീർഘമായ ചരിത്രത്തിലാകെ വധശിക്ഷയ്ക്കു വിധേയരായവരെക്കാളേറെ മനുഷ്യരെയാണ് ലെനിൻ ആറുമാസത്തിനുള്ളിൽ വകവരുത്തിയത്.

‘തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിന്റെ ഉരുക്കുമുഷ്ടി’ എന്ന പേരിലത്രേ ലെനിൻ നേരിട്ടു രൂപപ്പെടുത്തിയ ആ അധികാര സംവിധാനം (കമാണ്ട് സ്ട്രക്ചർ) അറിയപ്പെട്ടത്. പ്രസ്തുത ഭീകരമർദ്ദനയന്ത്രം സ്റ്റാലിനും അതേപടി നിലനിർത്തി. 1922–നും 1933–നുമിടയ്ക്ക് സ്റ്റാലിൻ മനപ്പൂർവ്വം സൃഷ്ടിച്ച ഭക്ഷ്യക്ഷാമത്തിൽ മരണമടഞ്ഞത് 60 ലക്ഷം റഷ്യൻ പൗരന്മാരാണ്. കൊസാക്കുകൾ, കുലാക്കുകൾ, മൂരാച്ചികൾ, ബൂർഷ്വാസികൾ എന്നിങ്ങനെ ജനങ്ങളെ തരംതിരിച്ചു അവയിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെടുന്നതുതന്നെ കനത്ത കുറ്റമാണെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കൂട്ടക്കൊല.

നാസിസം ജർമ്മിനിയിൽ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് റഷ്യയിൽ ആരംഭിച്ച കമ്മ്യൂണിസം നാസികളുടെ പതനത്തിനു ശേഷവും അധികാരത്തിൽ തുടർന്നു. മറ്റു പല ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. രണ്ട് അധർമ്മത്തിൽ തഴച്ചുവളർന്ന പ്രസ്‌ഥാനങ്ങളാണെങ്കിലും കമ്മ്യൂണിസത്തിന്റെ മുമ്പിൽ നാസിസം താരതമ്യേന ചെറുതാണെന്നു കുർത്വ നിരീക്ഷിക്കുന്നു.

‘കറുത്ത പുസ്തകം’ ഏതെല്ലാം ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ടുവോ അവിടെയെല്ലാം സജീവമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും അതു വഴിമരുന്നിട്ടു. ന്യൂയോർക്ക് ടൈംസിനുവേണ്ടി അതു നിരൂപണം ചെയ്ത ടോണി ജഡിന്റെ നിരീക്ഷണങ്ങൾ അതിവ ശ്രദ്ധേയങ്ങളത്രേ. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ലോകമെങ്ങും ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളുടെ ഭീതിജനകമായ സമാഹരണമാണീ പുസ്തകം. നിസ്തുലപ്രതിഭന്മാരായ പണ്ഡിതന്മാരുടെ ഒരു സംഘം വസ്തുതകൾ സൂക്ഷ്മമായി പഠിച്ചു ത്യാജ്യഗ്രാഹ്യവിവേചനത്തിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളും അഭിപ്രായങ്ങളുമാണ് ഇതിലുള്ളത്. ചിലതൊക്കെ നേരത്തേ അറിയപ്പെട്ടിരുന്നവ തന്നെ. മറ്റു ചിലതാകട്ടെ നാളിതുവരെ ലഭ്യമല്ലാതിരുന്ന ചരിത്രരേഖകളുടെ പിൻബലത്തോടെ സ്‌ഥിരീകരിക്കപ്പെട്ടവയും. അക്കാരണത്താൽത്തന്നെ അനിഷേധ്യങ്ങളും. ലെനിന്റെ മഹത്തായ പൈതൃകം പിൻഗാമികൾ വർഗ്ഗശത്രുക്കൾക്ക് ഒറ്റിക്കൊടുത്തതാണെന്ന എതിർവാദം ഇതോ ടെ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ ക്രിമിനൽസ്വഭാവത്തെപ്പറ്റി ഇനി ആർക്കും അജ്‌ഞതയോ അനിശ്ചിതത്വമോ അഭിനയിക്കാനാവില്ല. മറന്നുകളയാൻ ശ്രമിക്കുന്നവർ അതെല്ലാം വീണ്ടും ഓർത്തെടുക്കാൻ നിർബന്ധിതരാവുന്നു.

കമ്മ്യൂണിസ്റ്റു ഭരണത്തിൻകീഴിൽ കൊല്ലപ്പെട്ടവരുടെയും പട്ടിണിമരണത്തിനു വിധേയരായവരുടെയും കൃത്യമായ കണക്ക് ഇപ്പോഴും വിവാദവിഷയമാണ്. ‘കറുത്ത പുസ്തക’ത്തിൽ കൊടുത്തിരിക്കുന്നതിനേക്കാളേറെപ്പേരാണു ബലിയാടുകളായതെന്നു ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. മറ്റു ചിലർ നേരേ മറിച്ചും.

റഷ്യയിലെ ഭക്ഷ്യക്ഷാമം സ്റ്റാലിൻ മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നത്രേ ‘കറുത്ത പുസ്തക’ത്തിലെ സാക്ഷ്യം. സ്റ്റാലിൻ മനപ്പൂർവ്വം ഉണ്ടാക്കിയതല്ല, മറിച്ച് സോവ്യറ്റ് ഭരണകൂടത്തിന്റെ മണ്ടത്തരവും കെടുകാര്യസ്‌ഥതയുംമൂലമുണ്ടായതാണ് അതെന്നു ചരിത്രകാരനായ ആർക്ക് ഗേറ്റി അഭിപ്രായപ്പെടുന്നു. ഭക്ഷ്യക്ഷാമം സ്റ്റാലിൻ മനപ്പൂർവ്വം സൃഷ്ടിച്ചതുതന്നെ എന്നാണു ‘ദി ഗ്രേറ്റ് ടെറർ’ എന്ന വിശ്രുതഗ്രന്ഥത്തിന്റെ കർത്താവ് റോബർട്ട് കൊൺക്വസ്റ്റിന്റെ അഭിമതം.

ഇരു വ്യവസ്‌ഥിതിയിലും നരഹത്യ വ്യാപകമായും നിരന്തരമായും നടന്നു. അഞ്ചോ പത്തോ ലക്ഷമല്ല, കോടിക്കണക്കിനു മനുഷ്യരാണ് നാസി ജർമ്മനിയിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കൊല്ലപ്പെട്ടത്. നാസിസത്തിലെന്നപോലെ കമ്മ്യൂണിസത്തിലും വ്യവസ്‌ഥിതിയുടെ പ്രത്യക്ഷഫലമാണത്. ‘കമ്മ്യൂണിസത്തിന്റെ കറുത്ത പുസ്തകം’ എന്ന ഗ്രന്ഥനാമത്തോടൊപ്പം കുറ്റകൃത്യങ്ങൾ, ഭീകരത, അടിച്ചമർത്തൽ എന്നീ വാക്കുകളും കവർപേജിൽത്തന്നെ ചേർക്കാനുള്ള കാരണവും അതുതന്നെ.

858 പേജ് ദൈർഘ്യവും ഒന്നരക്കിലോ തൂക്കവുമുള്ള ഈ ബൃഹത് ഗ്രന്ഥത്തിലൊരിടത്തും ഇന്ത്യയോ കേരളമോ പരാമർശിക്കപ്പെടുന്നില്ല. 823 മുതൽ 856 വരെ പേജുകളിലായി നീളുന്ന വിഷയസൂചികയിൽ ബഹുശതം വ്യക്‌തിനാമങ്ങളും സ്‌ഥലനാമങ്ങളും ചേർത്തിട്ടുണ്ടെങ്കിലും ഇന്ത്യയോ കേരളമോ ഇ.എം.എസോ എ.കെ.ജി.യോ അക്കൂട്ടത്തിലില്ല. അവരെ വിട്ടുകളയാനുള്ള കാരണം വ്യക്‌തമാക്കിയിട്ടുമില്ല. കമ്മ്യൂണിസ്റ്റുപാർട്ടി പരമാധികാരത്തോടെ ഭരണം നടത്തിയ പ്രദേശങ്ങൾ മാത്രമേ ഗ്രന്ഥകർത്താക്കൾ പരിഗണിച്ചിട്ടുള്ളൂ എന്നുവരാം. ലെനിൻ–സ്റ്റാലിൻ–മാവോമാരുടെ മുമ്പിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുനേതാക്കൾ വെറും വട്ടപ്പൂജ്യങ്ങളാണെന്നു പാശ്ചാത്യപണ്ഡിതന്മാർ തെറ്റിധരിച്ചതാവാനും ഇടയുണ്ട്. ഏതായാലും ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ’ എഴുതിയ ഡോക്ടർ തോമസ് ഐസക്കിന്റെ സൂക്ഷ്മദൃഷ്ടിയിൽപ്പെട്ട സിഐഎ ബന്ധമോ കോടിക്കണക്കിനു ഡോളറിന്റെ കൈമാറ്റമോ ഒന്നും ഈ പുസ്തകത്തിൽ ഇടം നേടിയില്ലെന്നതും കൗതുകാവഹം. അതൊക്കെ എന്തുതന്നെയായാലും കമ്മ്യൂണിസത്തെപ്പറ്റിയുള്ള ഒരു വിഖ്യാതഗ്രന്ഥത്തെ വായനക്കാർക്കു പരിചയപ്പെടുത്തുക എന്നതല്ലാതെ ഏതെങ്കിലും പാർട്ടിക്കോ മതത്തിനോ പ്രത്യയശാസ്ത്രത്തിനോ വേണ്ടി വാദിക്കുക ഈ ലേഖകന്റെ ലക്ഷ്യമല്ലെന്നു വ്യക്‌തമാക്കിക്കൊള്ളട്ടെ.

useful_links
story
article
poem
Book