പട്ടങ്ങൾ
Saturday, November 5, 2016 6:55 AM IST
സണ്ണി കീക്കിരിക്കാട്
ആകാശത്തിന്റെ വിസ്തൃതി
കണക്കാക്കാനാണ്
മനുഷ്യൻ പട്ടം കണ്ടുപിടിച്ചതെന്ന്
അച്ഛൻ ഒരിക്കൽ പറയുന്നതു കേട്ടു
ഭൂമിയിൽനിന്ന് നിൾബ്ദം ഉയരുന്ന
പ്രാർത്ഥനകളാണു പട്ടങ്ങൾ എന്ന്
അമ്മ വിശ്വസിച്ചിരുന്നു
മുതിർന്നപ്പോൾ എനിക്കു മനസ്സിലായി–
പട്ടങ്ങൾ മാനത്തേക്കുയരുന്ന
മനുഷ്യന്റെ സ്വപ്നങ്ങളാണെന്ന്
അവയിൽ ചിലത് ആകാശം കീഴടക്കുന്നു.
ചിലത് കാറ്റിന്റെ കൈകളിൽ കുടുങ്ങി
എവിടേക്കോ അപ്രത്യക്ഷമാകുന്നു.
ചിലതു മരക്കൊമ്പുകളിൽ ഉടക്കിക്കിടക്കുന്നു.
മറ്റുചിലത് നൂൽ പൊട്ടി നിലം പതിക്കുന്നു.
ഇപ്പോഴും മാനത്ത് പട്ടങ്ങൾ പറന്നുയരുന്നു.
സ്വപ്നങ്ങളുടെ നിറഭേദമനുസരിച്ച്
വിവിധ വർണ്ണങ്ങളിൽ
അഭിലാഷത്തിന്റെ തോതനുസരിച്ച്
വിവിധ ഉയരങ്ങളിൽ
കാറ്റിന്റെ ഗതി അനുസരിച്ച്
വിവിധ വേഗങ്ങളിൽ....
ഇനിയും പറത്തേണ്ട പട്ടങ്ങളുമായി
ഇപ്പോഴും ഞാനിവിടെ താഴെയുണ്ട്.