കുതിരയും മനുഷ്യനും
കുതിരയും മനുഷ്യനും
തോമസ് ജോസഫ്

ഒരു മഞ്ഞുമൂടിയ പ്രഭാതത്തിലാണ് ആ വെളുത്ത കുതിരയെ ഞാൻ ആദ്യമായി കാണുന്നത്. ആ നിമിഷം ഇപ്പോഴും വിസ്മയത്തോടുകൂടിമാത്രമേ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നുള്ളൂ. ഒരു കുതിരയുടെ ദർശനം ഒരു സാധാരണ കാഴ്ച മാത്രമല്ലേയെന്നു നിങ്ങൾ ചോദിച്ചേക്കാം. പക്ഷേ, എന്തുകൊണ്ടോ അതിനെ കണ്ടമാത്രയിൽ ഞാൻ അദ്ഭുതംകൊണ്ടു വാ പൊളിച്ചു നിന്നുപോയി. ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങിയപ്പോൾ വീടിനു താഴെ പ്രശാന്തതയിൽ വിളഞ്ഞുകിടന്ന പ്രകൃതിയുടെ ആഴത്തിൽ പരസ്പരം പുണർന്നുനിന്ന മരങ്ങൾക്കിടയിലൂടെ കുതിര ഒരു തിരയിളക്കംപോലെ നടക്കുകയായിരുന്നു. കുതിരക്കാരൻ അലസനായി അതിനെ പിന്തുടർന്നു. ഞാൻ പെട്ടെന്ന് മുറ്റമിറങ്ങി കല്ലിടുക്കുകൾ താണ്ടി ചെടികൾ വകഞ്ഞുമാറ്റി അവരെ അനുഗമിച്ചു...

താഴെ, കീഴ്ക്കാംതൂക്കായി പടർന്നുകിടന്ന മരങ്ങൾക്കും പാറകൾക്കുമപ്പുറത്ത് കുതിരയും അതിന്‍റെ ഉടമസ്ഥനും എത്തിക്കഴിഞ്ഞിരുന്നു. നടക്കുന്നതിനിടയിലും കുതിര ഏതോ കാഴ്ചയിൽ സ്തബ്ധനായാലെന്നപോലെ പ്രകൃതിയിലേക്ക് ഉറ്റുനോക്കുന്നുണ്ടായിരുന്നു. ചില കിളികൾ അതിനുമീതെ തത്തിക്കളിച്ചു പറന്നു. ഞാൻ കിതച്ചുകൊണ്ട് അതിനെ ഒന്നു തൊടാനായി ഓടി. പക്ഷേ, കുതിരയും കുതിരക്കാരനും പെട്ടെന്ന് എവിടെയോ മാഞ്ഞുകഴിഞ്ഞിരുന്നു. കിഴക്കു മലമുകളിൽ പ്രഭാതത്തിന്‍റെ അവസാനത്തെ അഗ്നി കെട്ടടങ്ങിയമർന്നു. പിന്നീടുവന്ന എല്ലാ പ്രഭാതങ്ങളിലും കരിങ്കൽപാറകളിൽ ചിറകുവിടർത്തി പറക്കുന്ന കുതിരകളുടെ കുഞ്ചിരോമങ്ങളിലൂടെ ഞാൻ നൃത്തം വച്ചു നീങ്ങി. പക്ഷേ, എനിക്ക് ആ വെളുത്ത കുതിരയെയായിരുന്നു ആവശ്യം. ഒടുവിൽ തളർന്നകാലുകളിൽ വീട്ടിലേക്കു മടങ്ങുന്പോൾ പാറകൾക്കുമീതെ വെയിലിന്‍റെ കുഞ്ഞുങ്ങൾ പിച്ചവയ്ക്കാൻ തുടങ്ങിയിരുന്നു. വീട്ടിലെത്തുന്പോൾ അമ്മ പരിഭ്രമത്തോടെ എന്നെ കാത്തിരിക്കുകയായിരുന്നു.

ന്ധന്ധനീ എവിടെ പോയിരിക്കുകയായിരുന്നു?”നിന്‍റെ ഭ്രാന്ത് ഇനിയും അവസാനിച്ചില്ലേ? വരൂ, കഞ്ഞികുടിക്കാം’’ അമ്മ പറഞ്ഞു. അമ്മയുടെ കണ്ണുകൾ ഈറനായിരുന്നു. ഞാൻ അവരെ തൃപ്തിപ്പെടുത്താൻ മാത്രം അല്പമെന്തെങ്കിലും വാരിത്തിന്നു കിടക്കയെ ശരണം പ്രാപിച്ചു. പെട്ടെന്ന് ഉറങ്ങിപ്പോയതുമാത്രം ഓർമയുണ്ട്. കണ്ണുതുറക്കുന്പോൾ ആ വെളുത്തകുതിര ജാലകത്തിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. അതിനു പിന്നിലായി നിന്നിരുന്ന കുതിരക്കാരൻ ഇളംവെയിൽപോലെ എന്നോടു ചിരിച്ചു.

ന്ധന്ധഈ കുതിരയെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല’’ കുതിരക്കാരൻ കുസൃതി നിറഞ്ഞ ഒരു മന്ദഹാസത്തോടെ പറഞ്ഞു. പിന്നെ അതിനെയുംകൊണ്ട് അവിടെനിന്നു നടന്നുമറഞ്ഞു. അനങ്ങാനാവാതെ ഞാൻ ആ കാഴ്ചയും കണ്ടു വെറുതേ ഇരുന്നതേ ഉള്ളൂ. കുതിരയുടെ വെളുത്ത കുഞ്ചിരോമങ്ങൾ എന്‍റെ ഓർമകളിൽ നൃത്തം ചെയ്യുകയായിരുന്നു. അതിനെ സ്വന്തമാക്കണമെന്ന ഒരു തീരുമാനം ഞാനറിയാതെ എന്‍റെയുള്ളിൽ രൂഢമൂലമായി. അപ്പോൾ അമ്മ മുറിയിലേക്കു കടന്ന് എന്‍റെ സമീപത്തു വന്നുനിന്നു.

ന്ധന്ധഇനിയൊരിക്കലും മോൻ ആ കുതിരയെക്കുറിച്ച് ഓർമ്മിക്കരുത്. ദൈവത്തെയും കുതിരയെയും വെറുതെ വിടുന്നതായിരിക്കും നല്ലത്..’’ അമ്മ പറഞ്ഞു.


ന്ധന്ധഅയാൾ നഗരത്തിലെ ഒരു കുതിരയോട്ടക്കാരനാണ്. കുതിരയെ മേയ്ക്കാനായി പ്രഭാതങ്ങളിൽ ഇതുവഴി വരുന്നതാണ്’’ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

അമ്മ നിശ്ശബ്ദമായി പുറത്തിറങ്ങി. അമ്മയുടെ മൗനത്തിൽ ഒരു ഗൂഢത കനം വച്ചു കിടപ്പുണ്ടെന്നു തോന്നി. എങ്ങും വെയിൽ മങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ പതിവുപോലെ കുളിച്ചു വസ്ത്രം മാറി പുറത്തേക്കു നടന്നു. കുതിരയെ എവിടെയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. ഇരുട്ടുവീണു തുടങ്ങിയപ്പോൾ ഞാൻ ഹതാശനായി വീട്ടിലേക്കു മടങ്ങിപ്പോന്നു. എന്തുകൊണ്ടോ കുതിരയെകുറിച്ചോർത്ത് എനിക്ക് ഉറക്കം വന്നില്ല. അതിന്‍റെ ഉജ്ജ്വലമായ തലയെടുപ്പും പ്രസരിപ്പുംനിറഞ്ഞ സാന്നിദ്ധ്യവും അപ്പോഴും എനിക്കനുഭവപ്പെട്ടു.

ആ രാത്രി ഭീകരതയുടെ മുടിയഴിച്ചിട്ടുകൊണ്ട് എന്നെ കണ്ണുമിഴിച്ചു നോക്കിനിൽക്കുകയായിരുന്നു. ഞാൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നു ചെടിപ്പടർപ്പുകൾക്കിടയിൽനിന്നു കുതിരക്കാരൻ എന്‍റെ മുന്പിലേക്കു ചാടിവീണു. പേടിച്ചുവിറച്ചു ഞാൻ പിന്നിലേക്കു മലച്ചുപോയി. ഞാൻ അകത്തേക്കു കയറി അമ്മയുടെ അരികിലെത്തിയപ്പോൾ അമ്മയ്ക്കു പനി തുടങ്ങിയിരുന്നു. അമ്മയുടെ ശരീരമാകെ തീക്കനലുകൾ നീറി. പ്രഭാതമാകുന്നതിനുമുന്പേ അമ്മ മരിച്ചു. അവരുടെ മരണശേഷം എല്ലാ രാത്രികളിലും ഉറങ്ങാനാവാതെ ഞാൻ കിടക്കയിൽ പുറത്തേക്കു നോക്കിയിരുന്നു. ഇരുട്ടിലൂടെ അവർ ഒരു വടിയുമായി കുതിരയുടെ പിന്നാലെ ഓടി. അതിനുശേഷം എനിക്ക് ആ വീട്ടിൽ താമസിക്കാൻ കഴിഞ്ഞില്ല. നഗരത്തിലെ ഒരു ഫ്ളാറ്റിൽ ഞാൻ ഒതുങ്ങിക്കൂടി. സന്ധ്യയ്ക്ക് ഓഫീസു വിട്ടുവന്നാൽ അരുന്ധതി പകർന്നു തരുന്ന ചായയും കഴിച്ചു ഞാനെന്‍റെ മുറിയിലേക്കു കയറി. എല്ലാ ദിവസവും അത്താഴത്തിനു സമയമാകുന്നതുവരെ പുസ്തകം വായിച്ചു.

അതൊരു നിലാവുള്ള രാത്രിയായിരുന്നു. അരുന്ധതി അന്നത്തെ അത്താഴത്തിനുള്ള പച്ചക്കറി അരിയുകയായിരുന്നു. എഴുതാനോ വായിക്കാനോ ഉത്സാഹമില്ലാതെ ഞാൻ പുറത്തേക്കു നോക്കിയിരുന്നു. അപ്പോൾ പടികടന്ന് ആ വെളുത്ത കുതിര ഞങ്ങളുടെ ഫ്ളാറ്റിനുനേരേ ഓടിവരുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ മുറ്റത്തേക്ക് ഓടിയിറങ്ങി. കുതിര എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അതിന്‍റെ കുഞ്ചിരോമങ്ങൾ ഇളക്കിക്കൊണ്ട് അവളെ മുട്ടിയിരുമ്മി നിന്നു. അരുന്ധതി കുതിരയെ ആലിംഗനം ചെയ്തുകൊണ്ട് അതിന്‍റെ പുറത്തേക്കു വലിഞ്ഞുകയറി. കുതിര നടന്നുതുടങ്ങിയപ്പോൾ അവൾ എന്നെയൊന്നു തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്‍റെ എല്ലാ ശക്തിയും അവസാനിച്ചതുപോലെ തോന്നി. എങ്കിലും അവളെ നഷ്ടപ്പെടുത്താൻ മനസ്സില്ലാതെ ഞാൻ അവരെ അനുഗമിച്ചു. കുതിര മരങ്ങൾക്കിടയിലൂടെ പുളഞ്ഞുനീങ്ങുന്ന ഒരൊറ്റയടിപ്പാതയിലെത്തിക്കഴിഞ്ഞിരുന്നു. ഞാൻ ചോർന്നുപോകുന്ന എല്ലാ ശക്തിയും സംഭരിച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു കുതിരയ്ക്കു പിറകേ ഓടാൻ തുടങ്ങി.

useful_links
story
article
poem
Book