വില്ലേജ് ഓഫീസ്സിലെ ദേവാധിദേവൻ
വില്ലേജ് ഓഫീസ്സിലെ ദേവാധിദേവൻ
പ്രവാസിയായ അജിത് കുമാർ വില്ലജ് ഓഫീസിന്‍റ വരാന്തയിൽ വസ്തുക്കളുടെ കരമടക്കാൻ നിൽക്കുന്പോഴാണ് ഒരു നിഴൽപോലെ വില്ലേജ് ഓഫീസർ ദേവരാജൻ അകത്തേക്ക് പോയത്. ഏതാനം വർഷങ്ങൾക്ക് മുൻപ് തന്‍റെ പേരിലുള്ള വീടും വസ്തുക്കളും മക്കളുടെ പേരിൽകൂട്ടാനെത്തിയപ്പോൾ ഇദ്ദേഹം ഓഫീസ് ക്ലർക്കായിരിന്നു. ഒന്നിലധികം ജീവനക്കാരുള്ള ഓഫീസിൽ ഏറ്റവും കൂടുതൽ തിരക്ക് കണ്ടത് കരമടക്കുന്നവർക്ക് കാശു വാങ്ങി രസീത് കൊടുക്കുന്നതാണ്. അകത്തൊരാൾ എന്തിനുവേണ്ടിയോ ഉച്ചത്തിൽ സംസാരിക്കുന്നത് പുറത്തുകേൾക്കാം. അകത്തേക്ക് കയറി നിന്നു. മേശപ്പുറത്തുള്ള തടിച്ച ബുക്കുകൾ നല്ലൊരു കാഴ്ചയാണ്. ഈ ബുക്കുകളിൽ പഞ്ചായത്തിലെ എല്ലാം വസ്തുക്കളുടെ ഭുമിശാസ്ത്രമുണ്ട്. ഇതൊക്കെ തീപിടിച്ചോ, വെള്ളപ്പൊക്കത്തിലോ നഷ്ടപ്പെട്ടാൽ ഇവർ എന്ത് ചെയ്യും? സാക്ഷരതയിൽ ഒന്നാം സ്ഥാനത്തെന്ന് മേനി പറയുന്നവർ ഇതൊക്കെ ഡിജിറ്റൽ സാങ്കേതിക വിദ്യയിലാക്കിക്കൂടെ? ഓഫീസിന്‍റെയൊരു കോണിൽ അംഗവൈകല്യം ബാധിച്ചൊരു കസേര പൊടി പിടിച്ചിരിക്കുന്നു. സന്തോഷം മാഞ്ഞുപോയ ആ ദിവസത്തെ അജിത് ഓർത്തെടുത്തു. തന്‍റെ കൈയിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയവൻ ഇന്ന് വില്ലജ് ഓഫീസർ പദവിയിലെത്തിയിരിക്കുന്നു. ആകാശത്തിൻ കിഴിൽ എന്തിനും ഒരു കാലമുണ്ട്. വളരാനൊരു കാലം കൊഴിയാനൊരു കാലം. ഇവനെപ്പോലുള്ളവർ കൊഴിഞ്ഞുവീഴാതെ കൊഴുത്തു വളരുന്നു. അധികാരത്തിലിരിക്കുന്നവന് സുഖഭോഗങ്ങൾ ഒരലങ്കാരമാണ്. ദേവൻ പറഞ്ഞതുപോലെ റവന്യൂ സ്റ്റാന്പ് ഒട്ടിച്ചുള്ള അപേക്ഷ പൂരിപ്പിച്ചു കൊടുത്തു. ആകാംക്ഷയായോടെ നിൽക്കവെ ദേവന്‍റ മൃദുവായ വാക്കുകൾ പുറത്തു വന്നു.

ഇത് നിങ്ങൾ വിചാരിക്കും വിധം രണ്ടാഴ്ചകൊണ്ട് നടക്കുന്ന കാര്യമല്ല. മക്കളുടെ പേരിലാക്കാൻ കുറഞ്ഞത് മൂന്ന് മാസമെടുക്കും. ഇവിടുന്ന് പേപ്പറുകൾ കിട്ടാതെ പഞ്ചായത്ത് ഓഫീസിൽ വീടിന് കരമടക്കാൻ പറ്റില്ല.

എന്തെന്നില്ലാത്ത അസ്വാസ്ഥത തോന്നി. അയാൾ നൽകിയ നിയമങ്ങളും വ്യാഖ്യാനങ്ങളും പേരിൽകൂട്ടാനുള്ള തടസ്സങ്ങളാണോ. അടുത്ത സീറ്റിലിരുന്ന ക്ലാർക്ക് രൂക്ഷമായ ഭാഷയിൽ മുഷിഞ്ഞ ഉടുപ്പും മുണ്ടും ധരിച്ചു നിന്ന നര ബാധിച്ച മനുഷ്യനോട് കയർത്തു.

"എന്താ ഇയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ. നാളെ വരൂ. ഇന്നെനിക്ക് മാവേലിക്കര തഹസിൽദാർ ഓഫീസിൽ പോകണം' അയാൾ ദയനീയ സ്വരത്തിലറിയിച്ചു.

സാറെ ഒരു വരുമാന സർട്ടിഫിക്കറ്റ് കിട്ടാൻ എത്ര ദിവസമായി വരുന്നു.

ഉദ്യോഗസ്ഥന്‍റെ തുറിച്ചുള്ള നോട്ടത്തിൽ ആ മനുഷ്യന്‍റ മുഖം മെലിഞ്ഞു. നിരാശനായി തിരികെ നടക്കുന്പോൾ ആ മുഖത്തൊരു ചോദ്യമുണ്ട്. ഈ ജോലിക്കാരൻ ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇവിടെയിരിക്കുന്നത്? അധികാരത്തിലിരിക്കുന്നവരുടെ പെരുമാറ്റം എത്ര ക്രൂരമെന്ന് തനിക്കും തോന്നി. മനസ്സു നിറയെ പുഞ്ചിരിയുമായി അകത്തു കയറിയ താനും വിഷണ്ണനായി പുറത്തിറങ്ങി. ജ്വലിച്ചു നിന്ന സൂര്യന് താഴെ തണലിനൊരു മരമുണ്ട് മനുഷ്യന് തണൽ നൽകേണ്ടവർ സൂര്യനെപ്പോലെ കത്തി ജ്വലിച്ചു നിൽക്കുന്നത് എന്താണ്? മുൻപ് ശകാരം കേട്ട് പുറത്തു വന്നയാൾ അടുത്ത് വന്ന് സൂക്ഷിച്ചു നോക്കി ചോദിച്ചു.

"സാറും എന്നെപ്പോലെ കയറി ഇറങ്ങുവ അല്ലേ? അതെയെന്ന് മറുപടി കൊടുത്തു.
ഇവന്മാർക്ക് കൈക്കൂലി കൊടുത്താല് എല്ലാം നടക്കും. അത് ഞാൻ കൊടുക്കില്ല സാറെ'.

അദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ദരിദ്രരരുടെ ഭിക്ഷപാത്രത്തിൽ കയ്യിട്ടു വരുന്ന സർക്കാർ വകുപ്പിലെ ദരിദ്രവാസികൾ. അധ്വാനിക്കാത്ത ഈ അത്യാഗ്രഹികളാണല്ലോ കള്ളപ്പണം കൊണ്ട് സ്വന്തം കുട്ടികളെ പഠിപ്പിച്ചുവലുതാക്കി പരവതാനി വിരിച്ച മട്ടുപ്പാവുകളിലുറങ്ങുന്നത്. നാടുവാഴിത്വമുള്ള നാടുകളിൽ പാവപെട്ടവന്‍റെ നടുവൊടിയുക ചരിത്രമാണ്. എന്നും നെടുവീർപ്പിടാൻ വിധിക്കപ്പെട്ടവർ.

പുകയുന്ന മനസ്സുമായി എന്തുചെയ്യണമെന്നറിയാതെ നിന്നു. വരാന്തയിൽ ആൾക്കാരുടെ എണ്ണമേറിവന്നു. ഉള്ളിലേക്ക് പോയ പലരും നിരാശരും നിശബ്ദ്ദരുമായിട്ടാണ് പുറത്തേക്ക് വന്നത്.

മനസ്സ് മന്ത്രിച്ചു. കൈക്കൂലി കൊടുത്തില്ലെങ്കിൽ വന്ന കാര്യം നടക്കില്ല. അവരുടെ ഉള്ളിലിരിപ്പ് അറിയണമായിരിന്നു. ആ പരീക്ഷണത്തിനൊന്നു മുതിർന്നാലോ? താൻ പാർക്കുന്ന ബ്രിട്ടനിൽ കൈക്കൂലി കേട്ടിട്ടില്ല. നീതിന്യായ വകുപ്പുകളിൽ ഭരണാധികാരികൾ ഇടപെടാറില്ല. ലോകം ആദരവോടെ കാണുന്ന ഇന്ത്യൻ ജനാധിപത്യം, മതേതരത്വം ഇന്ന് രാഷ്ട്രീയ പാർട്ടികൾ ജാതിമതത്തിൽ വീതിച്ചെടുത്തിട്ടു പ്രസംഗിക്കുന്നതോ തങ്ങൾ സോഷ്യലിസ്റ്റുകൾ കൂടിയെന്നാണ്. ഇന്ത്യയിൽ കുടുതലും ദരിദ്രരായ മാടപ്പിറാവുകളാണ്. ആ മാടപ്പിറാവിന്‍റെ ചിറകിലാണ് ഭരണാധിപന്മാരൊക്കെ അവരുടെ നികുതിപണത്തിലാണ് മക്കളും കൊച്ചുമക്കളുമടക്കം ലോകമെങ്ങും ചുറ്റിക്കറങ്ങുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന അഴിമതി, സ്വാജനപക്ഷവാദം, വർഗീയത, മത ഭക്തന്മാർക്ക് കൊടുക്കുന്ന അഭിഷ്ടസിദ്ധിയൊന്നും ആദരവോടെ കാണുന്നവർക്കറിയില്ല. പാവങ്ങൾ ദാരിദ്യ്രം പേറിയും യുവതിയുവാക്കൾ സ്വപ്നങ്ങൾ കണ്ടുറങ്ങുന്നു.

നിയമപരമായി മൂന്നു മാസത്തോളം കാത്തിരിക്കാതെ മക്കളുടെ പേരിൽകൂട്ടാൻ സാധിക്കില്ലെന്നാണ് ദേവനറിയിച്ചത്. ആശങ്കയോട് മിഴിച്ചു നിന്ന നിമിഷങ്ങൾ. രണ്ടാഴ്ച്ച അവധിക്ക് വന്ന തനിക്ക് നീണ്ട മാസങ്ങൾ കാത്തിരിക്കാനുള്ള സമയമില്ല. എത്രയും വേഗത്തിൽ പേരിൽകുട്ടി മടങ്ങണം. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അതൊക്കെ കടലാസിൽ പൊടിപിടിച്ചുറങ്ങുന്നു.

നിരാശനായി പുറത്തിറങ്ങി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയോട് മിഴിച്ചു നിന്ന നിമിഷങ്ങളിൽ ദേവൻ പുറത്തിറങ്ങി മറ്റൊരു മരത്തണലിലെത്തി സിഗരറ്റിന്‍റ പുകച്ചുരുളുകൾ പുറത്തേക്ക് വിട്ടു.

ഒരു ദീർഘനിശ്വാസത്തോടെ ദേവന്‍റെ അടുക്കലെത്തി തന്‍റെ ഹൃദയ ഭാരങ്ങൾ ഇറക്കിവച്ചു. യജമാനന്‍റെ മുന്നിലെ ഒരടിമ. അജിത് അനുകന്പയോടെ നോക്കി. കണ്ണുകൾ വിടർന്നു. അവർ ഒരു രഹസ്യധാരണയിലെത്തി. ആദ്യം ആവശ്യപ്പെട്ടത് പതിനായിരം രൂപ. അതെന്തോ കാരുണ്യം ചെയ്തതുപോലെ അയ്യായിരമായി കുറച്ചു. ഇടനിലക്കാരന് പകരം സിഗരറ്റ് ആണ് ഇടനിലക്കാരനായത്. ആ ദേവ കാരുണ്യം അജിത്തിന് ഒരനുഗ്രഹമായി. ദേവലോകത്തെത്തിയ അജിത് ദേവപ്രസാദം വാങ്ങി വീട്ടിലേക്ക് മടങ്ങി.

കാരൂർ സോമൻ

useful_links
story
article
poem
Book