രക്തതാരകം (കഥ: ജിൻസൻ ഇരിട്ടി)
രക്തതാരകം (കഥ: ജിൻസൻ ഇരിട്ടി)
ദിവസം മുഴുവൻ നീണ്ട അലച്ചിലിന് ശേഷം സുധിഷ് ഹോട്ടൽ മുറയിലെ സോഫയിലേക്ക് കഴുത്തു പൊട്ടിച്ചിട്ടില്ലാത്ത വോഡ്ക്കയും നീളൻ ഗ്ലാസുമായി തളർന്നിരുന്നു. ഫ്രിഡ്ജിൽ കരുതി വച്ചിരുന്ന സോഡ എടുത്തുകൊണ്ട് വന്നു അടപ്പ് കോന്തൻ പല്ലിനു കടിച്ചു പൊട്ടിക്കാൻ ഒരുങ്ങിയപ്പോൾ ഇടതു പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ശബ്ദിച്ചു .
''എന്തെകിലും വിവരം ? ''
ചേട്ടന്റെ കനമുള്ള ശബ്ദത്തിന് അൽപ്പം പതർച്ച വന്നതുപോലെ സുധിഷിനു തോന്നി .
''ഇല്ല ''
'' തിരിച്ചെന്നാ ഇങ്ങോട്ടു ?''
''തീരുമാനിച്ചില്ല ''
'' പ്രതീക്ഷയില്ലേൽ പിന്നെയെന്തിനാ അവിടെ നിന്ന് വെറുതെയോരോ പ്രശ്‍നങ്ങൾ വിളിച്ചു വരുത്തുന്നെ . ഇപ്പം നീയിങ്ങോട്ടു വാ എന്നിട്ടു അവിടുത്തെ പ്രശ്‍നങ്ങളൊക്കെ കൊറഞ്ഞിട്ടു വീണ്ടും പോകാം ''
ചേട്ടന്റെ വാക്കുകളിലെ ആധി സുധിഷിന്റെ മുഖത്തും പടർന്നു . അൽപ്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം തീരെ ഉത്സാഹയില്ലാതെ പറഞ്ഞു ;
''വരാം ചേട്ടാ , ഷിവാനയെ കണ്ടെത്താൻ പറ്റുന്ന വിശ്വാസം എനിക്കുണ്ട് .''
''ആ നീയെന്നാന്നു വച്ചാ ചെയ്യ് പറയാനുള്ളത് ഞാൻ പറഞ്ഞു ''
ചേട്ടന്റെ ശബ്ദം കൂടുതൽ കനത്തു . ദേക്ഷ്യത്തോടെ വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു . ചേട്ടന്റെ ആശങ്ക പതുക്കെ മനസിന്റെ ഉള്ളറകളിലേക്ക് കിനിഞ്ഞിറങ്ങുന്നതുപോലെ അയാൾക്ക്‌ തോന്നി . ചേട്ടൻ പറയുന്നതിലും കാര്യമുണ്ട് . ചേട്ടനും തന്നോടൊപ്പം ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽനിന്നു ബിസിനെസ്സ് മാനേജ്‌മന്റ് പഠിച്ചിറങ്ങിയ ആളായതുകൊണ്ടു ചൈനയുടെയും ഹോങ്കോങ്ങിന്റെയും രാഷ്ടിയ ഭൂപടത്തെ കുറിച്ച് നല്ല ധാരണ ഉണ്ട് . അയാൾ അസ്വസ്ഥനായി,ചുരുണ്ട മുടിയിഴകളിലൂടെയും അലക്ഷ്യമായി നീണ്ട താടിയിലൂടെയും വിരലുകൾ ഓടിച്ചുകൊണ്ട് ,മുന്നിലെ വൈൻ ഗ്ലാസ്സിൽ കോറി വച്ചിരിക്കുന്ന ചൈനീസ് അക്ഷരങ്ങളിലേക്കു അൽപ്പ നേരം തുറിച്ചു നോക്കി ഇരുന്നു .പിന്നെ അരിശത്തോടെ വോഡ്കയുടെ കഴുത്തു പൊട്ടിച്ചു ഗ്ലാസിലൂറ്റിട്ട്, ദൃതിയിൽ സോഡ ഗ്ലാസിൽ ഒഴിച്ചപ്പോൾ കുറച്ചു ടേബിളിലേക്കു വീണു . അയാൾ മേശപ്പുറത്തു കിടന്ന ടിഷ്യു പേപ്പറുകൊണ്ട്
തുള്ളികൾ നിലത്തേക്കിറ്റു വീഴാതെ മേശയിൽ പതിച്ചു വച്ചു . ഗ്ലാസിൽ നിന്നൊരു സിപ്പ് എടുത്തിട്ട് ചുരുട്ട് കത്തിച്ചപ്പോൾ ഷിവാനയുടെ രൂപം മനസിലേക്ക് തെളിഞ്ഞു വന്നു . പഞ്ചാബി ബാഗിലെ ചൈനീസ് റെസ്റ്റോറെന്റിൽ വച്ചാണ് ആദ്യം കാണുന്നത് . പരസ്പരം ചൈനീസ് ഭാഷയിൽ തരക്കേടില്ലാതെ സംസാരിക്കാൻ പറ്റുന്നതുകൊണ്ടായിരിക്കാം ആ ബന്ധം വളർന്നു ഡെൽഹിന്ന് തന്റെ വേരുകൾ ചെന്ന് നിൽക്കുന്ന കീഴ്പ്പള്ളിയിലെ നാട്ടുവഴികളിലേക്കു തെയ്യക്കാലത്തു പല കുറി കൂടെ വന്നത് . തെയ്യത്തോട് അവൾക്കു വല്ലാത്തൊരു ഭ്രമമായിരുന്നു. തെരുവത്തെയും കോളയാടത്തെയും മണത്തണയിലെയും തെയ്യത്തിനു താൻ കണ്ടതിനപ്പുറം രാഷ്ടിയ മാനങ്ങൾ പറഞ്ഞത് അവളാണ്.

സുധിഷ് ചുരുട്ടിൽ നിന്ന് അവസാനത്തെ പഫ് ആഞ്ഞു വലിച്ചിട്ടു ആഷ്‌ട്രേയിലേക്കിട്ടിട്ട് ,കാലുകൾ ടീപ്പോയിലേക്കു എടുത്തു വച്ച് ,സോഫയിൽ അറ്റൻഷനായിരിക്കുമ്പോൾ ജനലിന് വെളിയിൽ നിന്ന് നഷ്ടബോധത്തോടെ സ്വാതന്ത്രത്തെ മാടി വിളിക്കുന്ന ഒരു വിഷാദ ഗാനം ഒഴുകി വന്നു . കുറച്ചു നേരം വോഡ്ക നുണഞ്ഞു കൊണ്ട് ആ വരികളിൽ അലക്ഷ്യമായി ഒഴുകി നടന്നു .അപ്പോൾ ഷിവാനെയെ അവസാനം കണ്ട രാത്രി മനസിലേക്ക് പാറി വന്നു .കാൽക്കാജിയിൽ വച്ചായിരുന്നു അത് . അന്ന് രാത്രി മൂക്ക് മുട്ടെ കുടിച്ചു അവളോടൊപ്പം സൗത്ത് ഡെൽഹിയിലുടെ കുറെ അലഞ്ഞു .
'' നീ പറയുന്ന മധുര മനോജ്ഞ കമ്മ്യൂണിസം ബുക്കിലെ ഒള്ളു , അവർ സ്വാതന്ത്രത്തെ കുറിച്ച് പറയുന്നതിനേക്കാൾ കോമഡി വേറെയില്ല അവര് .... ''
ഷിവാന പറഞ്ഞു മുഴുവിക്കാതെ റോഡരികിലെ ഓടയിലേക്കു തല കുമ്പിട്ടു വയറ്റിൽ ഉരുണ്ടു കേറീത് ഓക്കാനിച്ചു .
'' നിങ്ങടെ കമ്മ്യൂണിസം എനിക്കിതെ ഇതാ ... ''
അവൾ ശര്ദ്ദലിനെ ചൂണ്ടികൊണ്ട് പറഞ്ഞു. എന്നിട്ടു നിർത്താതെ ഉച്ചത്തിൽ കുറച്ചു നേരം ചിരിച്ചു .വീണ്ടും ഓക്കാനിച്ചപ്പോൾ സുധിഷ് അവളുടെ പുറം തിരുമി
'' അങ്ങനെ പറയുന്നെ ശരിയല്ല , കമ്മ്യൂണിസം അത്ര മോശം ആശയമല്ല ''
കീഴ്പ്പള്ളി ലോക്കൽ സെക്രട്ടറിയുടെ മകനെന്ന ചിന്തയും ,പിന്നെ ഡിഗ്രി കാലത്തു ബ്രെണ്ണൻ വരാന്തയിൽ വിപ്ലവം ഒരു വിശുദ്ധ ലഹരിയായി കൊണ്ട് നടന്ന കാലത്തിന്റെ ഉൾപ്രേരണയും മനസ്സിൽ അറിയാതെ പെട്ടന്ന് കയറി വന്നതുപോലെ അരല്പം ബലം കൂട്ടി സുധിഷ് പറഞ്ഞു .
അവൾ പരിഹാസത്തോടെ സുധിഷിനെ ഒന്ന് നോക്കി ചിരിച്ചിട്ട് പറഞ്ഞു:
'' അനുഭവങ്ങളാണല്ലോ സഖാവേ നമ്മളെ ഓരോന്ന് പഠിപ്പിക്കുന്നെ ''
അവളുടേത്‌ വരട്ടു തത്വവാദമാണെങ്കിലും ആ പോയിന്റിൽ അവളെ എതിർക്കാൻ കഴിയില്ലെന്ന് സുധിഷിനു നന്നായി അറിയാം . ചൈനയെ ഇളക്കി മറിച്ച റിയാനെൻ സ്ക്വിർ സ്വതന്ത്ര പ്രക്ഷോപത്തിൽ ചൈനീസ് ലിബറേഷൻ ആർമി വെടിവച്ചു കൊന്ന അമ്മയുടെ രൂപം അവളുടെ മനസ്സിനെ പിടിച്ചു കുലുക്കിയതുപോലെ അവൾ പറഞ്ഞിട്ട് റോഡരികിലെ അരമതിലിൽ തല കുമ്പിട്ടിരുന്നു . അപ്പോൾ തൊട്ടടുത്ത ബാറിൽ നിന്നു ബാസ്‌ ശബ്ദം മുഴങ്ങി . എതിരെ കടന്നു പോയ ഒന്ന് രണ്ടു പോലീസുകാർ കണ്ണ് തെറ്റിച്ചു നോക്കിയപ്പോൾ സുധിഷ് പറഞ്ഞു:
''നമുക്ക് വീട്ടിൽ പോകാം സമയം മൂന്നായി''
'' നീ പേടിക്കണ്ട എന്നെയൊരുത്തനും കേറി പിടിക്കാൻ വാരിയേല, വന്നാ അവന്റെ സുന ഞാൻ ചെത്തും ''
അത് കേട്ട് സുധിഷ് പൊട്ടി ചിരിച്ചു കൊണ്ട് അവളെ നോക്കി . കഴിഞ്ഞ വർഷം സെന്റ്‌ ജൂഡ് പള്ളിലെ പെരുന്നാളിന് ‌ വള്ളിത്തോട് പാലത്തിന്റെ മുകളിൽ വച്ച് ഒരു സംഘം ചെറുപ്പക്കാർ ഷിവാനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'വാജുയെയ്ക്ക്'* വന്നപ്പോൾ അവൾ കുപ്പി എടുത്തു വീശിയത് സുധിഷ് ഓർത്തു
'' രാഷ്ടിയത്തിലും സദാചാരത്തിലും കുറെ അശ്ലീലൻമാരുണ്ടെന്നുള്ളതൊഴിച്ചാൽ നിങ്ങടെ നാട് എനിക്കിഷ്ടാ .കുറഞ്ഞത് സ്വാതന്ത്ര്യയെങ്കിലുമുണ്ടല്ലോ അതില്ലേൽ പിന്നെയെന്തുണ്ടായിട്ടെന്താ കാര്യം .നിങ്ങടെ കമ്മ്യൂണിസത്തെക്കാൾ എനിക്കിഷ്ടം തെയ്യവാ . തെയ്യത്തിനു അടിച്ചമർത്തലുകൾക്കെതിരെ പ്രതിരോധത്തോടെ ഉയർത്തെഴുന്നേൽക്കുന്നയൊരു രാഷ്ടിയമുണ്ട്.ഞാനാ രാഷ്ടിയത്തിന്റെയാളാ ''

മണത്തണയിലെ കരിങ്കാളി തെയ്യത്തെ പോലെയവൾ പെട്ടന്നു എവിടെനിന്നോ ഇരച്ചു വന്ന ഊർജം ഞരമ്പുകളിലേക്ക് ആവാഹിച്ചു ഒറ്റക്കുതിപ്പിന് എണിറ്റു നിന്ന് ഉറഞ്ഞു തുള്ളാൻ തുടങ്ങി . അയാൾ അന്താളിച്ചു നിന്നപ്പോൾ അവൾ ഉറഞ്ഞു തുള്ളി വെളിപാട് ചൊല്ലി;
'' മാവോ സ്വാതന്ത്രത്തിന്റെ ഒറ്റുകാരൻ, ചതിയൻ ,കുലം കുത്തി അവനെ തുറങ്കിൽ അടയ്ക്കണം...''
അവൾ കേരളത്തിലേക്ക് കടന്നപ്പോൾ അള മുട്ടിയ സൈബർ സഖാവിനെപോലെ സുധിഷ് കയറി ഇടപെട്ടുകൊണ്ട് പറഞ്ഞു :
''നീ ഇ എം എസിനെയും , എ കെ ജി യെയും തൊട്ടു കളിക്കരുത് ''
അവൾ വഴിമാറി നോർത്ത് കൊറിയയിലേക്ക് കയറിയപ്പോൾ സുധിഷ് തൊല്ല് ഒരാശ്വാസത്തോടെ അരമതിലിലേക്കിരുന്നിട്ട് സ്വയം പറഞ്ഞു;
'' ഇ എം സും എ കെ ജിയും പാവങ്ങൾക്ക് വേണ്ടി പോരാടിയത്രേം ഇവിടെയൊരു രാഷ്ടിയകാരനും ചെയ്തിട്ടില്ല ''
ചൈനയിലെയും നോർത്ത് കൊറിയയിലെയും ഫാസിസത്തെ നോക്കി ഉള്ളിലെ മനുഷ്യ സ്നേഹിയായ  കമ്മ്യൂണിസ്റ്റിനെ  തള്ളി പറയുന്നത് അർത്ഥയില്ലായിമയാണെന്നു അയാൾക്കു തോന്നി .ഷിവാന വല്ലാത്തൊരാവേശത്തോടെ ഉറഞ്ഞു തുള്ളികൊണ്ടിരുന്നു .അവൾ മാവോയും ,സ്റ്റാലിനും ,കിം ജോങ്ങും അടങ്ങുന്ന ഏകാധിപതികളെ ചവിട്ടി മെതിച്ചു നിന്ന് അലറി . അവസാനം ചോര ചീന്തിയ പോരാട്ടത്തിൽ കാലിടറി വീണ വിപ്ലവകാരിയെ പോലെ അവൾ റോഡിലേക്ക് പടർന്നു കിടന്ന പച്ചപുല്ലിലേക്കു തളർന്നു വീണു
'' ഷിവാനാ...''
അവൾ ചെറിയ ഞരക്കത്തോടെ അനക്കമില്ലാതെ കിടന്നു . സുധിഷ് അവളെ വലതു തോളിലേക്ക് താങ്ങി പിടിച്ചു ബാറിന് പുറകിലെ കാർ പാർക്കിലേക്ക് നടന്നു . കാറിൽ കയറ്റിപ്പോൾ തല ചെറുതായി കാറിന്റെ റൂഫിൽ ഇടിച്ചപ്പോൾ അവൾ 'ഫക്ക്' എന്ന് മുരണ്ടു .സരിതാ വിഹാറിൽ നിന്ന് സാരെ ജൂലൈനയിലേക്കുള്ള വഴിലേക്കു കയറിപ്പഴേക്കും അവളുടെ കെട്ട് പാതി ഇറങ്ങി .അവൾ സീറ്റിൽ എണീറ്റിരുന്നിട്ടു പറഞ്ഞു:
'' നിന്നോട് ഞാൻ പറയാൻ മറന്നു നാളെ ഞാൻ ഹോംഗ് കോങ്ങിന് പോകുവാ ''
അപ്രതീക്ഷീതമായ വാക്കുകൾ കേട്ട്‌ അയാളുടെ കൈയിലെ സ്റ്റിയറിംഗ് ഒന്ന് പതറി.
റോങ് സൈഡിലേക്ക് പാളിയ കാറ് വേഗത്തിൽ നേരെയാക്കിയിട്ടു അവളെ ഒന്ന് പാളി നോക്കി . ഒരു നക്ഷത്ര പൊട്ടു പോലും ഇല്ലാതെ വല്ലാതെ കറത്തു കിടന്ന ആകാശത്തിന് കീഴിൽ താൻ ഏകനാണെന്ന് അയാൾക്ക്‌ തോന്നി
'' എന്തിനാ ഇപ്പോഴൊരു പോക്ക് , പോയിട്ടു മൂന്നു മാസമല്ലേ ആയുള്ളൂ ''
'' ഇപ്പഴാണ് പോകേണ്ടത് .അല്ലെ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യയില്ല സഖാവേ ''
''എനിക്കൊന്നും മനസിലായില്ല ''
അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ അയാൾ അവളെ തറപ്പിച്ചു ഒന്ന് നോക്കി . അപ്പോൾ അവൾ ഏതോ ലോകത്തെന്ന പോലെ സ്വയം പറഞ്ഞു :
'' എല്ലാ അടിച്ചമർത്തലുകൾക്കും ഒരവസാനമുണ്ട് ''
അയാൾ ഒന്നും മനസിലാകാതെ പകച്ചിരുന്നപ്പോൾ കാർ മലബാർ ഹോട്ടൽ പിന്നിട്ടു
ജൂലൈന നഗറിലെ ഹൌസിങ് കോളനിക്കു എതിർ വശത്തെ ഫ്ലാറ്റിനു മുന്നിലെത്തി . കോളനിയിലെ മറ്റു ഫ്‌ളാറ്റുകളിലെല്ലാം ലൈറ്റുകൾ അണഞ്ഞിരുന്നത് കൊണ്ട് അവിടം ആത്മാക്കൾ ഉറങ്ങുന്ന ശ്മശാനം പോലെ ഏകാന്തമായ ഒരിടമാണെന്ന് അയാൾക്ക് തോന്നി .
'' നീ വെളുപ്പിനെയെന്തോ മീറ്റിങ്ങിനു ബാഗ്ലുർക്കു പോകുവാന്നല്ലെ പറഞ്ഞെ ''
''ഉം''
'' എന്നാ പൊയ്ക്കോ നമുക്ക് വന്നിട്ട് കാണാം ''
'' എന്നാ നീ തിരിച്ചിങ്ങോട്ട് ''
'' തീരുമാനിച്ചില്ല .ചെന്നിട്ടു ഞാൻ വിളിക്കാം ''
അവൾ പറഞ്ഞിട്ടു ജീൻസിന്റെ പോക്കറ്റിൽ കൈ ഇട്ടു താക്കോൽ എടുത്തു ഇരുമ്പു കതകിന്റെ താഴ് തുറന്നു ,അകത്തു കയറി ഇരുട്ട് വിഴുങ്ങിയ വീട്ടിൽ വെളിച്ചം ഇട്ടു . പറയാൻ എന്തൊക്കെയോ ഉള്ളിൽ കിടന്നു വിങ്ങുന്നതുപോലെ സുധിഷ് അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഷിവാന അവനോടെന്തോ പറയാൻ ഒരുങ്ങിയെങ്കിലും വാക്കുകൾ അർദ്ധ ഗർഭമായി നാവിൻ തുഞ്ചത്തൊതുക്കി ,അവനെ ചേർത്തു പിടിച്ചു .അപ്പോൾ അവന്റെ ശബ്ദം ചെറുതായി ഇടറി
'' യു ടേക്ക് കെയർ ''
അവൾ മറുപടി ഒന്നും പറയാതെ ദുഃഖം കനം കെട്ടിയ മുഖത്തോടെ വീട്ടിലേക്കു കയറി പോയി .
ഡോറിലുള്ള തുടർച്ചയായ ഉച്ചത്തിലുള്ള മുട്ട് കേട്ടു കൈയിൽ കുടിച്ചു പകുതിയാക്കിയ ഗ്ലാസ്സ് സുധിഷ് ശബ്ദമുണ്ടാക്കാതെ ടീപ്പോയിൽ വച്ചിട്ട് ആരായിരിക്കും എന്ന് ആശങ്കപ്പെട്ടു ചെവി ഓർത്തു . മുട്ട് നിൽക്കുമോന്നറിയാൻ അൽപ്പം കൂടി കാത്തു . മുട്ട് കൂടുതൽ ഉച്ചത്തിലായി . എവിടെനിന്നോ ഭയം പതുക്കെ നെഞ്ചിലേക്ക് അരിച്ചിറങ്ങിയത് പോലെ അയാളുടെ നെഞ്ചിടിപ്പ് കൂടി . സുധിഷ് ശബ്ദമുണ്ടാക്കാതെ ഓരോ സ്റ്റെപ്പും മാർബിൾ തറയിൽ നിന്ന് പറിച്ചെടുത്തു ഡോറിന് അടുത്തെത്തി ,ഡോറിന്റെ താക്കോൽ ദ്വാരത്തിലൂടെ പുറത്തേയ്ക്കു നോക്കി. കോട്ടും ടൈയും കെട്ടിയ കണ്ണട വച്ചയൊരു മധ്യവയസ്‌കൻ ഗൗരവ ഭാവത്തിൽ നിൽക്കുന്നത് കണ്ടു അയാളുടെ നെഞ്ച് ഒന്നുടെ ഉച്ചത്തിൽ കിതച്ചു .ഡോർ തുറന്നപ്പഴേ കഴുത്തിൽ തൂങ്ങി കിടന്ന ഐ ഡി കാട്ടിട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസറെന്ന് അയാൾ സ്വയം പരിചയപ്പെടുത്തി
'' നിങ്ങടെ വിവരങ്ങൾ കളക്റ്റ് ചെയ്യാനാ ഞാൻ വന്നത് .പാസ്സ്പോര്ട്ടും വിസയും ഇങ്ങു എടുക്ക്''
അയാൾ ഗൗരവം വിടാതെ പറഞ്ഞു . സുധിഷ് ഐഡിൽ ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ പോലീസിൽ നിന്നാണെന്നു മനസിലായി .
പാസ്പോര്ട്ട് എടുത്തു കൊടുത്തപ്പോൾ അതിൽ നിന്ന് എന്തൊക്കെയോ വിവരങ്ങൾ കൈയിലെ ഐപാഡിൽ കുറിച്ചു . ഷിവാനയെ കുറിച്ച് അയാളോട് ചോദിച്ചാലോയെന്ന് തോന്നിയെങ്കിലും അയാളുടെ പരുക്കൻ പെരുമാറ്റം കണ്ടപ്പോൾ അതിനുള്ള ധൈര്യം വന്നില്ല .എഴുതുന്നതിനിടയിൽ അയാൾ സുധിഷിനെ ഒന്ന് കണ്ണ് തെറ്റിച്ചു നോക്കിട്ടു ചോദിച്ചു;
'' ഇവിടുത്തെ ഇപ്പത്തെ സാഹചര്യം അറിയാലോ ''
അപ്പോൾ കോറിഡോറിലെ ജനലിനു വെളിയിൽ സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടികൊണ്ടൊരു ചെറു പ്രതിഷേധ കൂട്ടം പോകുന്നത് കണ്ടു . അവരുടെ മുന്നിലും പുറകിലുമായി ഇരകൾക്കു മേൽ കൂട്ട മിന്നലാക്രമത്തിന് കോപ്പു കൂട്ടുന്ന ചെന്നായ്ക്കളെ പോലെ ടിയർ ഗാസും തോക്കും ചൂണ്ടി കറുത്ത സുരക്ഷാ കവചം അണിഞ്ഞ പട്ടാളവും . അയാൾ അവരെ നോക്കി പല്ലിറുമിട്ടു സുധിഷിനു നേരെ ബലത്തിൽ നോക്കികൊണ്ട്‌ പറഞ്ഞു:
'' ഇവിടെ ഹോങ്കോങ്ങിൽ നിങ്ങൾക്കെന്തു ചെയ്യാം എന്ത് ചെയ്യരുതെന്നൊക്കെ അറിയാലോ അല്ലെ? ''
''ഉം''
അല്ലെങ്കിൽ അറിയാലോ ''

അയാൾ ഭീഷണിയുടെ ഭാവത്തിൽ പുരികം ചുളിച്ചു,കണ്ണുകൾ ഭയാനകമാം വിധം വിടർത്തികൊണ്ടു ചോദിച്ചു . സുധിഷ് അറിയാമെന്നയർത്ഥത്തിൽ തലയാട്ടിയപ്പോൾ അയാൾ കുതിര ശബ്ദത്തിൽ കനമുള്ള ബൂട്ടുകൾ മാർബിൾ തറയിൽ അമർത്തി ചവിട്ടികൊണ്ട് സ്റ്റെപ്പുകൾ ഇറങ്ങി പോയി .
അയാൾ പോയെന്നു ജനലിലൂടെ നോക്കി ഉറപ്പു വരുത്തിട്ടു സുധിഷ് വേഗം മുറിയടച്ചു സ്റ്റെപ്പുകൾ ഓടിയിറങ്ങി ജാഥ കടന്നു പോയ റോഡിലൂടെ മുന്നോട്ടു ഓടി . അടഞ്ഞു കിടന്ന സെന്റർ സ്ട്രീറ്റ് മാർക്കറ്റിന്റെ വളവു തിരിഞ്ഞപ്പോൾ റോഡിൽ ചിതറി കിടക്കുന്ന ഹെൽമെറ്റുകളും എറിയാൻ പാകത്തിനുള്ള ഉരുളൻ കല്ലുകളും ചെരുപ്പുകളും ചോരയും പിന്നെ കെട്ടിടങ്ങളെ വിഴുങ്ങി ആകാശത്തു ഭീതി വിതച്ചു വട്ടമിട്ടു നിൽക്കുന്ന ടിയർ ഗാസിന്റെ പുകയും കണ്ടു സുധിഷ് പകച്ചു നിന്നു. ദുരെ എവിടെയോ നിന്നൊക്കെ അലയടിച്ചു വരുന്ന ആക്രോശങ്ങളും നിലവിളികളും കേട്ടപ്പോൾ അയാളുടെ ഉള്ളിൽ ഭയം കനത്തു . മുന്നോട്ടു പോണോ വേണ്ടയോയെന്ന് സംശയിച്ചു ചുറ്റും പരതികൊണ്ട് നിന്നപ്പോൾ അടഞ്ഞു കിടന്നയൊരു ചെറിയ മസ്സാജ് ഷോപ്പിന്റെ പുറകിൽ കുത്തി ചാരിയിട്ടയൊരു പുഷ് ട്രോളിയുടെ മറവിൽ നിന്ന് ,ഒറ്റ നോട്ടത്തിൽ ചൈനക്കാരനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കൻ അങ്ങോട്ട് ചെല്ലാൻ ഭയവും ആശങ്കയും ചിതറിയ മുഖത്തോടെ ആംഗ്യം കാട്ടി.പോണോ വേണ്ടയോയെന്ന് സംശയിച്ചു നിന്നപ്പോൾ അയാൾ പെട്ടന്ന് വരാൻ വീണ്ടും തിടുക്കത്തിൽ ആംഗ്യം കാട്ടി.സുധിഷ് അടുത്തേയ്ക്കു ചെന്നു.
'' ഇവിടെ പട്ടാളം ഇപ്പം മുന്ന് പേരെ വെടിവച്ചു കൊന്നതെയൊള്ളു . വേഗമിവിടുന്നു സ്ഥലം വിട്ടോ അല്ലേൽ അറസ്റ് ചെയ്തു കൊണ്ടുപോകും ''
അപ്പോൾ നിലവിളി ശബ്ദത്തോടെയൊരു പോലീസ് വാൻ അവിടേയ്ക്കു വരുന്നത് കണ്ടു മധ്യവയസ്‌കൻ പുഷ് ട്രോളിയുടെ മറവിൽ കുനിഞ്ഞിരിക്കാൻ ആംഗ്യം കാട്ടി . വാൻ അവരെ കടന്നു പോയപ്പോൾ അയാൾ പറഞ്ഞു:
'' ഈ മസ്സാജ് ഷോപ്പ് എന്റെ ജീവിതാ , ഇത് വിട്ടു പോകാനെനിക്കാവില്ല അതാ ഞാനിവിടെ പാത്തും പതുങ്ങി നിക്കുന്നെ ''
ആരെങ്കിലും വരുന്നുണ്ടോന്ന് ഒന്ന് കണ്ണ് തെറ്റിച്ചു നോക്കിട്ടു സുധിഷിന്റെ അടുത്തേയ്ക്കു കുറച്ചു കൂടി ചേർന്ന് നിന്നിട്ടു പറഞ്ഞു ;
''സമരം തുടങ്ങിയെ പിന്നെ കച്ചോടയില്ല , കുട്ടികൾക്കെന്തെലും തിന്നാൻ മേടിച്ചു കൊടുക്കണ്ടേ . സ്വാതന്ത്ര്യം വേണം പക്ഷെ കുട്ടികളുടെ വിശന്നിട്ടുള്ള കരച്ചില് കാണുമ്പോൾ സ്വാതന്ത്ര്യയില്ലേലും കുഴപ്പയില്ലെന്നു തോന്നും ''
അയാൾ പറഞ്ഞിട്ടു നിറഞ്ഞു തുളുമ്പിയ കണ്ണുകൾ പുറം കൈകൊണ്ടു തുടച്ചു . അയാളുടെ നെഞ്ചിലെ വിങ്ങൽ തന്നിലേക്കും പടർന്നു കയറുന്നത് സുധിഷ് അറിഞ്ഞു.

'' നിങ്ങളെന്തിനായിങ്ങനെ പ്രശ്‍നയുള്ള സമയത്തിവിടെ ? ''

സുധിഷ് മൊബൈൽ സ്ക്രീനിലെ ഷിവാനയുടെ ഫോട്ടോ കാട്ടികൊണ്ട് ചോദിച്ചു ;
'' ഈ ലേഡിയെ വല്ല പരിചയുണ്ടോ, എന്റെ ഫ്രണ്ടാ ''
അയാൾ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കിട്ടു പറഞ്ഞു .
'' ഇത് ഷിവാനയാണല്ലോ,ഞങ്ങളൊരേ വില്ലേജ് കാരാ . സമരത്തിന് പോയിട്ട് അവളേം വീട്ടു കാരേം പട്ടാളം പിടിച്ചോണ്ട് പോയി . ഇനി പുറത്തിറങ്ങല് പാടാ.അവരെയാ ചെകുത്താൻമ്മാരവിടിട്ട് കൊന്നില്ലേൽ ഭാഗ്യം ''
തിരിച്ചു ഹോട്ടലിലേക്ക് നടക്കുമ്പോൾ സുധിഷ് ബീജിങ്ങിലുള്ള അഭിഭാഷകനായ സുഹൃത്തിനോടെന്തെങ്കിലും വഴി ഉണ്ടോയെന്ന് അന്വേഷിച്ചു .
'' അറസ്റ്റു ചെയ്തവരെ കാണാനൊന്നും ഇപ്പഴത്തെ സാഹചര്യത്തിൽ പറ്റിയേല .ബീജിങ്ങിലെ നിയമമല്ല ഹോങ്കോങ്ങിലുള്ളത് . എവിടെയാന്നറിയാതെ ആരോട് ചോദിക്കാനാ .പോലീസ്‌റ്റേഷനിൽ ചെന്ന് ചോദിച്ചാ ചിലപ്പം നിന്നേം അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ട് . ഇവിടേം അവിടേം രാജ്യ ദ്രോഹ കുറ്റം തലപോകുന്ന കേസാ . നീ എത്രേം പെട്ടന്ന് തിരിച്ചു പോകാൻ നോക്ക് ''
'' വേറൊരു വഴിം യില്ലേ ? ''
പ്രതീക്ഷ കൈ വെടിയാതെ സുധിഷ് വീണ്ടും ചോദിച്ചു . ഇല്ലന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ സുധിഷ് നിരാശയോടെ ഫോൺ കട്ട് ചെയ്തു .
ഇനി എന്ത് ചെയ്യുമെന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ അരക്ഷിതമായ മനസ്സോടെ സുധിഷ് ഹോട്ടൽ റൂമിലെ സോഫയിലേക്ക് വീണു . അൽപ്പ സമയം കഴിഞ്ഞു എന്തോ പെട്ടന്ന് മനസിലേക്ക് വന്നതുപോലെ ടീപ്പോയിൽ പാതി കുടിച്ചു വച്ച വോഡ്കയുടെ ബാക്കി എടുത്ത് ഒറ്റവലിക്ക് കുടിച്ചിട്ട്, മൊബൈലിൽ സമയം നോക്കി . മൂന്നു മണി.അയാൾ വേഗം റൂം അടച്ചു, തിടുക്കത്തിൽ നടന്നു . മതിലിനു മുകളിൽ കമ്പിവേലികൊണ്ടു കവചം തീർത്ത നഗരത്തിലെ വലിയ പോലീസ്‌റ്റേഷന്റെ കോംബൗണ്ടിനുള്ളിൽ കേറിയപ്പോൾ നെഞ്ചിലേക്ക് ഇരച്ചു വന്ന ഭയത്തിന്റെ കൊള്ളിയാനെ നിഷ്ഭ്രമം ആക്കികൊണ്ട് എവിടെനിന്നോ വല്ലാത്തൊരു ആത്മ ധൈര്യം മലവെള്ള പാച്ചില് പോലെ കയറി വന്നു .
സുധിഷ് ഉറച്ച കാൽ വെപ്പോടെ സ്റ്റെപ്പ് കേറി.പകുതി ചെന്നപ്പഴേക്കു സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒറ്റ കണ്ണൻ തോക്കു ചൂണ്ടിക്കൊണ്ട് ഭയപ്പെടുത്തുന്ന നോട്ടത്തോടെ ഒരു പട്ടാള കാരൻ നേർക്ക് വന്നു .
പെട്ടന്ന് തലച്ചോർ ഞെരമ്പുകളിലൂടെ ഇരമ്പി വന്ന ഭയവും ധൈര്യവും ദ്വന്ദഭാവത്തിൽ ചിതറി തെറിച്ച മുഖത്തോടെ അയാൾ നിശ്ചലനായി നിന്നപ്പോൾ ,ഗൗരവമൊട്ടും വിടാതെ കനമുള്ള ശബ്ദത്തിൽ പട്ടാളക്കാരൻ തൊട്ടടുത്തു വന്നു നിന്നിട്ടു ചോദിച്ചു:
''എന്ത് വേണം ?''
സുധിഷ് മൊബൈലിലെ ഫോട്ടോ കാണിച്ചപ്പോൾ പട്ടാളക്കാരന്റെ മുഖം ചുവന്നു. അയാൾ ക്രോധത്തോടെ തോക്കു വീശിക്കൊണ്ട് ഇറങ്ങി പോകാൻ ആംഗ്യം കാട്ടി .അത് കണ്ടു ഡോർ തുറന്നു വന്ന ഒറ്റ നോട്ടത്തിൽ ഉന്നത പോലീസ് ഉദ്യാഗസ്ഥൻ എന്ന് തോന്നിക്കുന്ന പരുക്കൻ മുഖഭാവമുള്ള ചെറുപ്പക്കാരൻ അടുത്തേക്ക് വന്നിട്ട് കൈയിലെ മൊബൈൽ മേടിച്ചു സുധിഷിനെ ഒന്ന് സൂക്ഷിച്ചു നോക്കി . എന്നിട്ടു പാസ്സ്പോര്ട്ടും വിസയും മേടിച്ചു കൈയിലിരുന്ന മൊബൈൽ ക്യാമറയിൽ പകർത്തിട്ടു തിരിച്ചു കൊടുത്തു . പിന്നെ ഒരുപാട് പോക്കറ്റുകളുള്ള അയാളുടെ കറുത്ത പാന്റിന്റെ പുറകിലത്തെ പോക്കറ്റിൽ നിന്നൊരു ഐപാഡ് എടുത്തു നീട്ടി
'' റയിറ്റ് യുവർ അഡ്രസ് ഹിയർ ''
എഴുതിയത് ശേഷം വീണ്ടും ഷിവാനായെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ ദേക്ഷ്യത്തോടെ കൈ ഉയർത്തി പോകാൻ ആക്രോശിച്ചു .

ഹോട്ടലിലേക്ക് തിരിച്ചു പോകുന്ന വഴി വിശപ്പ് അസഹനീയം ആയതുകൊണ്ട് സായ് യിങ് പൻ മാർക്കറ്റിലെ ഏതു നിമിഷവും അടയ്ക്കാവുന്ന പരുവത്തിന് പാതി ഷട്ടർ മാത്രം തുറന്നു വച്ച് കച്ചവടം നടത്തിയ ടേക്ക് വേയിൽ നിന്ന് മേടിച്ച നൂഡിൽസ് ബെഡിലിരുന്നു കഴിച്ചോണ്ടിരിക്കുമ്പോൾ അയാൾ ഓർത്തു ; ഷിവാനായിപ്പോൾ ജീവിച്ചിരിപ്പൂണ്ടോ ആവോ? . ജീവിച്ചിരുപ്പുണ്ടെങ്കിൽ ആർക്കാണവളെയും കുടുംബത്തെയും രക്ഷിക്കാൻ കഴിയുക?. ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ കൊണ്ട് അയാളുടെ തല പെരുത്തു. ഹോങ്കോങ്ങിലെ സ്വതന്ത്രയില്ലായിമയിൽ നിന്ന് സ്വാതന്ത്ര്യം തേടി ഡെൽഹിയിലെ ഇത്തിരി വെളിച്ചത്തിൽ വന്നു പറ്റിയ ഈയാം പാറ്റയാണ് ഷിവാനയെന്ന് സുധിഷിനു തോന്നി . ജെ എൻ യു വിലെ സ്കോളർഷിപ്പിൽ ഭൗതിക ശാസ്ത്രം പഠിക്കാൻ എത്തുക അത്ര നിസാര കാര്യമല്ല .ന്യൂഡിൽസ് കഴിച്ചു കഴിഞ്ഞ ശേഷം കൈ കഴുകിട്ടു ചുരുട്ട് കത്തിച്ചു ആഞ്ഞു വലിക്കുമ്പോൾ പല തരം ചിന്തകൾ സുധിഷിനെ പിടി കൂടി . അവൾ സത്യത്തിലാരാണ് തനിക്ക് ? ഒറ്റ വാക്കിൽ ഉത്തരം പറയുക പ്രയാസം .കേവലമായ പ്രണയത്തിനപ്പുറം മറ്റാരെല്ലാമോ ആണ് . അപ്പോൾ കാലിൽ ചങ്ങല മുറുകിയൊരു ഭ്രാന്തന്റെ രോദനം പോലെ ഒറ്റ പെട്ട ഒരു നിലവിളി അവിടെ അലതല്ലി വന്നു .ദുരെ യുദ്ധ ടാങ്കറുകളുടെ കറുത്ത പുക വരിഞ്ഞു മുറുക്കാൻ പതിയിരിക്കുന്ന വിക്ടോറിയ പീക്കിനു മുകളിൽ, വിഷാദ ഭാവത്തോടെ മറയാൻ ഒരുങ്ങിയ സൂര്യന് കശാപ്പു ചെയ്യപ്പെട്ട സ്വതന്ത്ര ദാഹികളുടെ ചോരയുടെ നിറമായിരുന്നു .മനസ്സിൽ അപ്പോൾ കരിങ്കാളി തെയ്യം പതുക്കെ രൗദ്ര ഭാവത്തിൽ ഉറഞ്ഞു തുള്ളാൻ തുടങ്ങി . സുധിഷ് ബെഡിൽ നിന്ന് ചാടി എണിറ്റു,പുറത്തു വിങ്ങി പൊട്ടുന്ന അതിരില്ലാത്ത സ്വാതന്ദ്ര്യ ദാഹത്തെ വല്ലാത്തൊരാവേശത്തോടെ നോക്കി നിന്നു .അവർക്കിടയിൽ ഉറഞ്ഞു തുള്ളുന്ന കരിങ്കാളി തെയ്യത്തെ അന്നേരം സുധിഷ് മാത്രം കണ്ടു .കരിങ്കാളിക്ക് അപ്പോൾ ഷിവായനയുടെ മുഖമാണെന്നു അയാൾക്ക്‌ തോന്നി .

ഒറ്റയാൻ പോലെ പാഞ്ഞു വന്നയൊരു കാറ്റ് ജനലിന്റെ കൊളുത്ത് തട്ടി തെറിപ്പിച്ചു ശക്തിയോടെ അടച്ചതിന്റെ ഒച്ചയിലാണ് സുധിഷ് ഉറക്കത്തിൽ നിന്ന് ഉണർന്നത് . പുറത്തെ പ്രതിഷേധക്കാരുടെ മുദ്രാവാക്ക്യത്തിന് അപ്പോൾ ശക്തി കൂടി . പുറകെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കി കൊണ്ട് പോലീസ് വാനുകളും ടാങ്കറുകളും നാല് പാടും പായുന്ന ശബ്ദം അസഹനീയമായപ്പോൾ അയാൾ ബ്ലാഗെറ്റ് മാറ്റി,ബെഡിൽ എണീറ്റ് ഇരുന്ന്‌ ചെവി പൊത്തി . ഭിത്തിയിലെ വട്ട ക്ലോക്കിലേക്ക് നോക്കിയപ്പോൾ പന്ത്രണ്ടു മണിയെന്ന് കണ്ടു . അയാൾ ടീപ്പോയിലേക്കു കൈ എത്തി ഒരു ചുരുട്ട് കൂടി എടുത്തു കത്തിച്ചു വലിച്ചിട്ട് ,വീണ്ടും ബെഡിന്റെ ഓരം ചേർന്ന് തലയിണയിൽ മുഖം അമർത്തി കമന്നു കിടന്നു . ഷിങ് സായ് റോഡിലെ 'സിയുയോ*' വിളികൾ വീണ്ടും കൂടതൽ ഉച്ചത്തിലായപ്പോൾ അയാൾ എണിറ്റു ജനലിലൂടെ എത്തി നോക്കി .വെള്ള പ്ലക്കാടിലെ ബോർഡിൽ ചോര നിറത്തിൽ എഴുതിരിക്കുന്ന ചൈനീസ് അക്ഷരങ്ങൾ അയാൾ പെറുക്കി വായിച്ചു; ' വുമെൻ സിയാങ് യോ സിയുയോ*'. ഇരുണ്ടു പുകഞ്ഞ ആകാശത്തിന് കീഴെ പകലെന്നോ രാത്രി എന്നോ വേർതിരിച്ചു പറയാൻ പറ്റാത്ത പോലെ വെളിച്ചം നിറഞ്ഞു നിന്ന ഷിങ് സായി റോഡിലും അതിനോട് ചേർന്ന ബീച്ചിലും അടങ്ങാനാവാത്ത സ്വതന്ത്ര മോഹത്തോടെ സ്വതന്ത്ര ദാഹികൾ തൊണ്ട പൊട്ടുമാറു അലമുറ ഇട്ടുകൊണ്ടിരുന്നു . ഷിങ് സായിലെ കടൽ അപ്പോൾ വേലിയിറക്കത്തിന്റെ ആലസ്യത്തിൽ മൂകയായി കരയിലേക്ക് എത്തി നോക്കാതെ ഒരു വിഷാദ രോഗിയെ പോലെ ഒറ്റപെട്ടു നിന്നു. ഹാര്ബറിനു ചുറ്റും തീർത്ത പട്ടാള ബാരിക്കേഡിനു മുകളിൽ ടിയർഗാസുകളും യന്ത്ര തോക്കുകൾകൊണ്ട് ഉന്നം പിടിച്ചിരിക്കുന്ന പട്ടാളക്കാരെ കണ്ടപ്പോൾ സുധിഷ് ആധിയോടെ ടീപ്പോയിൽ തുറന്നു കിടന്ന പായ്ക്കറ്റിൽ നിന്ന് ചുരുട്ട് എടുത്തു കത്തിച്ചു, ആഞ്ഞു വലിച്ചു .

പുറത്തു നിലവിളികളും ആക്രോശങ്ങളും ഭയാനകമാം വിധം കൊമ്പു കോർത്തപ്പോൾ,ഉള്ളിൽ വോഡ്കയുടെ ബലത്തിൽ പിടിച്ചു നിന്ന മനോധര്യം ഭയത്തിനു വഴി മാറുന്നതുപോലെ നെഞ്ചിടിപ്പിന് ആക്കം കൂടി. മനുഷ്യർക്ക് സ്വാതന്ത്ര്യം കൊടുക്കാതെ ഇവരെന്തു പ്രത്യയശാസ്ത്രം ഉണ്ടാക്കിട്ടെന്ത് കാര്യം എന്നാലോചിച്ചുകൊണ്ട് കുപ്പിയുടെ മൂട്ടിൽ അവശേഷിച്ച വോഡ്ക കൂടി ഗ്ലാസിൽ ഊറ്റി. അത് കുടിക്കുന്നതിനു മുന്നേ വെട്ടം കെട്ടുപോയ മൊബൈൽ ബെഡിന് അരികിൽ ചാർജിനു ഇട്ടിട്ടു തിരിച്ചു വന്ന് ഒരു ചുരുട്ട് കൂടി കത്തിച്ചു . അപ്പോൾ കുറെ കാലത്തിനു ശേഷം സുധിഷ് മരണത്തെ കുറിച്ച് ചിന്തിച്ചു . പിടിച്ചോണ്ട് പോകുന്ന മനുഷ്യരെ ഇവരെങ്ങനെയായിരിക്കും കൊല്ലുക? .കൊലയിൽ മനുഷ്യത്വം പ്രതീക്ഷിക്കണ്ട. ഓരോ ഏകാധിപതികൾക്കും ഓരോ രീതികളാണ് . ചിലര് പരമാവധി വേദനിപ്പിച്ചു,നരകിപ്പിച്ചു കൊല്ലും . ചിലര് പൂ പറിക്കുന്ന ലാഘവത്തിൽ ഒരു വെടിക്ക് തീർക്കും. മുള്ളാൻ മുട്ടൽ പെരുകിയപ്പോൾ കുറെ നേരമായുള്ള ഒരേ ഇരിപ്പിൽ കട്ട് കഴച്ച ഇടതു കാൽ നിലത്തു അമർത്തി ചവിട്ടാതെ ഭിത്തിയിൽ പിടിച്ചു ടോയ്‌ലെറ്റിൽ പോയി മൂത്രം ഒഴിച്ചിട്ട്, ചൂണ്ടു വിരലിൽ ഇറ്റിയ മൂത്ര തുള്ളികൾ കഴുകികളയാൻ വാഷ് ബേസിനിൽ കൈ വച്ചപ്പോൾ, മുന്നിലത്തെ കണ്ണാടിയിൽ പതിഞ്ഞ സ്വന്തം മുഖത്തേയ്ക്കു സുധിഷ് ഒന്ന് അലസമായി നോക്കി . മുൻപൊരിക്കലും കണ്ടിട്ടില്ലാത്തപോലെ മുഖം വല്ലാതെ വിളറിയിരിക്കുന്നത് സുധിഷ് ശ്രദ്ധിച്ചു . തിരിച്ചു വന്നു കെട്ടുപോയ ചുരുട്ട് കത്തിച്ച് ഒരു പുക എടുത്തിട്ട് ,ഗ്ലാസ് കൈയിൽ എടുത്തപ്പോൾ പെട്ടന്ന് ,പുറത്തു നിന്ന് ഒരേ താളത്തിലുള്ള ബൂട്ടുകളുടെ കുട്ട അടി ശബ്ദവും ആക്രോശങ്ങളും കേട്ടു . അയാൾ ചുരുട്ട് ആഷ്‌ട്രേയിൽ കുത്തി കെടുത്തി അവർ ഇങ്ങോട്ടാണോ വരുന്നതെന്ന് ചെവി ഓർത്തു . ഇങ്ങോട്ടു തന്നെ . ആക്രോശങ്ങളുടെയും ബൂട്ടുകളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ അടുത്തേയ്ക്കടുത്തേയ്ക്കു വന്നു . ഹോട്ടൽ കിടുങ്ങി വിറച്ച മുട്ടൽ വാതിലിൽ പതിച്ചപ്പോൾ,വരവ് പ്രതീഷിച്ചിരുന്നതുപോലെ പതർച്ച ഏതുമില്ലാതെ അയാൾ എണിറ്റു . അപ്പോഴും, പുറത്തു വെടിയൊച്ചകൾക്കും ആക്രോശങ്ങൾക്കും മേൽ മുഴങ്ങിയ കൂട്ട നിലവിളികൾ, കാറ്റ് പ്രതിഷേധത്തോടെ വട്ടം പിടിച്ചു കുലുക്കിയ ജനലിലൂടെ മുറിയിൽ വന്ന് ആർത്തലച്ചു വീഴുന്നുണ്ടായിരുന്നു .

വാജുയെ* = കിളയ്ക്കുക
വുമെൻ സിയാങ് യോ സിയുയോ*= ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം
സിയുയോ*= സ്വാതന്ത്ര്യം

useful_links
story
article
poem
Book