ഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഉലുവ
Wednesday, October 31, 2018 2:52 PM IST
ഉലുവയ്ക്കു കവർപ്പാണെങ്കിലും വിഭവങ്ങൾക്ക്് അത് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്നു. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ ഒന്നുമില്ല.
വിളർച്ച തടയാൻ
ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുന്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗിക്കാറുണ്ട്. രക്തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം (ആഗിരണം)മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പ്രസവം സുഗമമാക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം. പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം.
നീരുകുറയ്ക്കാൻ ഉലുവ
പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുന്പ്, പൊട്ടാസ്യം, ലൈസിൻ, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾതുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം. നീരും വേദനയും കുറയ്ക്കുന്നതിന് ഉലുവ സഹായകം.
മുടിയഴകിന്
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. കുതിർത്ത ഉലുവ നന്നായി അരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നേരത്തേ തയാറാക്കിയ ഉലുവ പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം തല കഴുകണം. മുടികൊഴിച്ചിൽ അകറ്റാം.
ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതും നല്ലത്. ഉലുവയിലടങ്ങിയ പ്രോട്ടീനുകൾ മുടിവളർച്ചയ്ക്കു സഹായകം. താരൻ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി മുഴുവൻ കുതിർത്തുവച്ച ഉലുവ നന്നായരച്ചു കുഴന്പു രൂപത്തിലാക്കി തലയിൽ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുന്പു പറഞ്ഞ പ്രകാരം തയാറാക്കിയ ഉലുവപേസ്റ്റ് തൈരിൽ ചാലിച്ചും തലയിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനും തലയോട്ടിയിലെ ആരോഗ്യപ്രശ്നങ്ങളും പന്പകടക്കും. അകാലനര തടയാനും ഉലുവ സഹായകം. ഉലുവ ചേർത്തു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. അടുത്ത ദിവസം കഴുകിക്കളയുക. അകാലനര തടയാൻ അതു ഗുണകരമത്രേ.
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ.എന്നാൽ പ്രമേഹത്തിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ഉലുവ കഴിക്കുന്നതു ശീലമാക്കുന്നതിനുമുന്പ് ഡോക്ടറുടെ നിർദേശം തേടണം. മരുന്നും ഉലുവയും ഒന്നുചേർന്നു ശരീരത്തിലെത്തുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ തോത് അമിതമായി കുറയുന്നതിന് സാധ്യതയുണ്ട്. അതു ഹൈപ്പോ ഗ്ലൈസീമിയയ്ക്ക് ഇടയാക്കും.
ഷുഗർ വരുതിയിലാക്കാം
മരുന്നിനൊപ്പം ഉലുവ കൂടി ശീലമാക്കിയാൽ ഷുഗർനിലയിലെ വ്യതിയാനം എത്രത്തോളമെന്ന് ഇടയ്ക്കിടെ ഷുഗർ പരിശോധിച്ച് കണ്ടെത്താം. ആഹാരത്തിൽ
ഉൾപ്പെടുത്താവുന്ന ഉലുവയുടെ അളവും ക്രമവും ഡോക്ടറുടെയും ഡയറ്റീഷന്റെയും നിർദേശാനുസരണം സ്വീകരിക്കാം. രക്തത്തിൽ പഞ്ചസാര അമിതമായി കൂടാനും ആവശ്യമായതിൽ കുറയാനും പാടില്ല. നിയന്ത്രിതമായി നിലനിർത്തണം.
ഉലുവയിലെ നാരുകൾ
ജലത്തിൽ ലയിക്കുന്ന തരം നാരുകൾ ഉലുവയിലുണ്ട്. ആമാശയത്തിൽ നിന്നു രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് നാരുകൾ സഹായകം. ഉലുവയിൽ അമിനോ ആസിഡുകൾ ധാരാളം. ഇൻസുലിൻ ഉത്പാദനം കുട്ടുന്നതിന് അമിനോ ആസിഡുകൾ ഗുണപ്രദം. ഉലുവ ചേർത്ത ഭക്ഷണം കഴിച്ചതിനുശേഷം പ്രമേഹബാധിതരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഏറെ കുറഞ്ഞതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്്.
ഹൃദയത്തിന്റെ കാവലാൾ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം.
ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയാരോഗ്യം സുരക്ഷിതം. രക്തം ശുദ്ധമാക്കുന്നതിനും കട്ടിയാകുന്നതു തടയാനും സഹായകം. അങ്ങനെ രക്തസഞ്ചാരം സുഗമമാക്കി ബിപി കൂടാനുളള സാധ്യത ഇല്ലാതാക്കുന്നു.
കരളിൽ നിന്നു വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലടങ്ങിയ കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയും പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.
അസിഡിറ്റിക്കു പ്രതിവിധി
മലബന്ധം തടയുന്നതിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. ആമാശയ അൾസറുകൾ മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയയ്ക്കു പ്രതിവിധിയായും ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി വെളളത്തിൽ കലർത്തി ആഹാരത്തിനു മുന്പ് കഴിക്കുന്നതാണ് ഉചിതം. വിഭവങ്ങളിൽ ഉലുവാപ്പൊടി ചേർക്കാം. പനി, തൊണ്ടപഴുപ്പ് എന്നിവയ്ക്കു പ്രതിവിധിയായി നാരങ്ങാനീര്, തേൻ, ഉലുവാപ്പൊടി എന്നിവ ചേർത്ത് ഉപയോഗിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെളളം ആറിച്ച് കവിൾക്കൊളളുന്നതു തൊണ്ടവേദന കുറയ്ക്കാൻ സഹായകം.
കാൻസർ സാധ്യത കുറയ്ക്കുന്നു
വൃക്കകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നതിന്റെ തോതു കുറച്ച് കല്ലുകൾ രൂപപ്പെടുന്നതിനുളള സാധ്യത കുറയ്ക്കുന്നു. കാൻസർ തടയുന്നതിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതായി പഠനങ്ങൾ പറയുന്നു. സൈനസ് പ്രശ്നങ്ങൾ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം.
അമിതവണ്ണം കുറയ്ക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലെ നാരുകൾ ഭക്ഷണത്തിലെ അമിതകൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്:
പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുന്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം.