കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി വിസ്മയമൊരുക്കുന്ന "കേവ്സ് സ്വാലോ'
Saturday, December 18, 2021 10:15 AM IST
ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ആമകുളത്തുള്ള സെമിത്തേരി കെട്ടിടത്തിലാണ് മണ്ണുകൊണ്ടുള്ള കിളിക്കൂട് കൗതുക കാഴ്ചയാകുന്നത്.
വളരെ അപൂർവമായ കാഴ്ചയായതിനാൽ സെമിത്തേരിയിലെത്തുന്നവർ ഏറെ നേരം ചെലവഴിച്ചാണ് കൂടുനിർമാണ രീതികൾ കണ്ട് തിരിച്ചുപോകുന്നത്. "കേവ്സ് സ്വാലോ' എന്ന ചെറിയ പക്ഷിയാണ് കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി മനുഷ്യരെ വിസ്മയപ്പെടുത്തുന്നത്.
തലയ്ക്ക് മുകളിൽ ബ്രൗണ്‍ കളറും കറുത്ത വട്ടംകൂടിയ ചിറകുകളുമാണ് ഇവയുടേത്. മണ്ണിനൊപ്പം തൂവൽ, മുടി, പുല്ല്, ഇലകൾ തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.
പാലങ്ങളും റോഡുകളും നിർമിച്ച് ദിവസങ്ങൾക്കുള്ളിൽ തകരുന്ന നമ്മുടെ എൻജിനിയർമാരെ വെല്ലുന്ന വൈദഗ്ധ്യത്തോടെയാണ് ഈ കുഞ്ഞൻ പക്ഷികൾ കൂട് ഒരുക്കുന്നതെന്ന് പക്ഷികളുടെ കൂട് നിർമാണം നിരീക്ഷിച്ചിരുന്ന പള്ളിയിലെ ശുശ്രൂഷി ജോണ്‍ മണക്കളം പറഞ്ഞു.
സമീപത്തെ മംഗലം പുഴയോരത്തു നിന്നും ചതുപ്പു നിലത്തുനിന്നുമാണ് കൊക്കിൽ മണ്ണുമായി കിളികളെത്തി കൂട് നിർമിച്ചിരുന്നത്. മണൽ ചാക്ക് അടുക്കുന്ന മട്ടിൽ കുഞ്ഞുകുഞ്ഞു മണ്ണുരുളകൾ അടുക്കിയടുക്കി കൂടിന്റെ ചുമർ ഉയർത്തും.
കൊക്കിൽ രണ്ടോ മൂന്നോ തുള്ളി വെള്ളം കൊണ്ട് വന്ന് ഉണങ്ങിയ മണ്ണ് നനച്ച് ബലപ്പെടുത്തും. മണ്ണിന്റെ ആയിരം ചെറു ഉരുളയെങ്കിലും കൂടിന്റെ അടുക്കുകളിലുണ്ട്.
ആണ്‍പക്ഷിയും പെണ്‍പക്ഷിയും ഒന്നിച്ചാണ് കൂടുനിർമാണത്തിനുള്ള സാധനങ്ങൾ പലയിടത്തുനിന്നായി കൊണ്ടുവരുന്നത്. അതിരാവിലെ തുടങ്ങുന്ന പണികൾ വൈകും വരെ നീളും. അപ്പോഴേക്കും ഇവകൾ തളർന്നു അവശരാകും.
ദേഹത്ത് ചെളി കട്ടപിടിച്ച് പറക്കാൻ തന്നെ ബുദ്ധിമുട്ടുന്ന കാഴ്ച പലപ്പോഴും കാണാറുണ്ടെന്ന് ഇടയ്ക്കിടെ സെമിത്തേരിയിൽ സന്ദർശനം നടത്തുന്ന കൈക്കാരൻമാരായ റെജി പൊടിമറ്റത്തിലും ഷാജി ആന്റണി ചിറയത്തും പറഞ്ഞു. പഴയകാലത്ത് കടൽത്തീരത്തെ കല്ലുകൾക്കിടയിലാണ് ഈ ഇനം ദേശാടന പക്ഷികൾ കൂടുനിർമിച്ചിരുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ സാക്ഷ്യം.
എന്നാൽ അവിടെയെല്ലാം കല്ലുമ്മക്കായ പെറുക്കാനും മറ്റുമായി മനുഷ്യ സാന്നിധ്യം കൂടിയതോടെയാണ് ഇത്തരത്തിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കൂടൊരുക്കാൻ തെരഞ്ഞെടുക്കുന്നത്. പാലങ്ങൾക്കടിയിലും ഉപയോഗിക്കാത്ത കെട്ടിടങ്ങളിലും ഗുഹാ കൂടുകൾ കാണപ്പെടുന്നുണ്ട്.
പെട്ടെന്ന് ദേഷ്യം വരാത്ത പക്ഷിയാണെങ്കിലും മനുഷ്യരുമായി വലിയ ചങ്ങാത്തത്തിനൊന്നും ഇവ മെനക്കെടാറില്ല. മനുഷ്യർ അടുത്തെത്തിയാൽ ഉടൻ പറന്നകലും. ഓണ കൊയ്ത്തിന് നെല്ല് പാകമാകുന്പോൾ വയലോരങ്ങളിലെ തെങ്ങുകളിലും കരിന്പനകളിലും കൂടു കൂട്ടുന്ന കുഞ്ഞാറ്റ കിളികളെപോലെ ഇവയും കൂട്ടമായാണ് കഴിയുക.
കൂടു നിർമാണം കഴിഞ്ഞാൽ പിന്നെ ഇവ വാനിൽ പറന്നുല്ലസിക്കും. ചെറിയ സംഗീതം പുറപ്പെടുവിക്കാനുള്ള കഴിവും ഇവയ്ക്ക് ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.