ചുരുളഴിയുന്നു
Saturday, December 18, 2021 12:08 PM IST
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു ചെന്നു തള്ളാൻ കഴിയുന്ന സ്ഥലം. അധികം ജനസാന്ദ്രതയില്ലാത്ത ഉൾപ്രദേശമാണിത്, കാടാണ് അധിക ഭാഗവും. ചിലപ്പോൾ മൃതദേഹങ്ങൾ പോലും വഴിവക്കിലും കാടിനുള്ളിലും കിടക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയിൽ പെടാറുണ്ട്. അവർ ഉടനെ പൊലീസിനെ അറിയിക്കും. അറിയിച്ചാലും സമയത്തിനു പൊലീസ് എത്തുമൊന്നുമില്ല. മൃതദേഹത്തിൽ നിന്നു ദുർഗന്ധം വമിച്ചു തുടങ്ങിയാൽ ചിലപ്പോൾ ഗ്രാമീണർ മറവുചെയ്തെന്നും വരും. ഈ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയുക പോലുമില്ല.
ആ ഫോൺ വിളി
സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം പാട്ടീൽ കണ്ടെത്തി മൂന്നു വർഷക്കാലത്തേക്ക് ഇതേക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടില്ല. 2015 ഓഗസ്റ്റ് 28ന് പാട്ടീലിനെ തേടി പോലീസിന്റെ ഫോൺവിളി വരുന്നു. ഇത്തവണ മുംബൈ പോലീസിൽ നിന്നാണ്. അവർക്ക് അന്നു മൃതദേഹം കിടന്നിരുന്ന സ്ഥലം ഒരിക്കൽ കൂടി കാണിച്ചുകൊടുക്കണമത്രേ.
ഏതോ ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു മുംബൈ പോലീസിൽനിന്നുമൊരു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഹെട്വാനെയിലേക്കു തിരിച്ചിട്ടുണ്ട്, അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും അവര് ആവശ്യപ്പെട്ടു. എല്ലാം ചെയ്തുകൊടുക്കാമെന്നു പാട്ടീൽ ഏൽക്കുകയും ചെയ്തു.
വൻ പോലീസ് സന്നാഹമാണ് മുംബൈയിൽനിന്നു ഹെട്വാനെയിലേക്കെത്തിയത്. പുലർച്ചെ ആറിനു പാട്ടീൽ പോലീസ് സംഘത്തെ, മൂന്നു വർഷം മുമ്പ് മൃതദേഹം മറവു ചെയ്ത ഉൾക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പാട്ടീൽ ചൂണ്ടിക്കാണിച്ച സ്ഥലം കുഴിച്ച അവർക്ക് ഒരു അസ്ഥികൂടം കിട്ടി. അതിന്റെ കൈകാലുകളിലെ അസ്ഥികൾക്കു കേടുപാടൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ള എല്ലുകൾ അവിടവിടെ ഒടിഞ്ഞ അവസ്ഥയിലായിരുന്നു.
ഞെട്ടിക്കുന്ന രഹസ്യം
പിന്നാലെ നിരവധി വാഹനങ്ങളിലായി മാധ്യമപ്രവർത്തകരും കൂട്ടത്തോടെ സ്ഥലത്തെത്തി. ഈ കേസിന്റെ പ്രധാന്യം, അതു കുഴിച്ചെടുക്കാൻ വന്നവർക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു. തികഞ്ഞ ജിജ്ഞാസയോടെ വിവരം തിരക്കിയ പാട്ടീലിനോടു മാത്രമായി പോലീസുകാർ അതു വെളിപ്പെടുത്തി. കൊല്ലപ്പെട്ടിരിക്കുന്ന സ്ത്രീയുടെ പേര് ഷീനാ ബോറ. ഷീനയെ കൊന്നുകളഞ്ഞ കുറ്റത്തിനു പീറ്റർ മുഖർജി എന്ന മാധ്യമ രാജാവിന്റെ ഭാര്യയായ ഇന്ദ്രാണി മുഖർജിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.
പീറ്ററും ഇന്ദ്രാണിയും മുംബൈയിലെ വിഐപികളായിരുന്നു. സമ്പൽ സമൃദ്ധിയിൽ മുങ്ങിക്കുളിച്ചുകൊണ്ടുള്ള ജീവിതം. രാജ്യമാകെ അവർ കുപ്രസിദ്ധിയാർജിച്ചത് ഷീനാ ബോറാ കൊലപാതകക്കേസ് വെളിച്ചത്തുവന്ന ശേഷമായിരുന്നു.
മുംബൈ മെട്രോ വണ്ണിലെ ഒരു എച്ച്ആർ എക്സിക്യൂട്ടീവായിരുന്നു ഷീന എന്ന ആ ഇരുപത്തിമൂന്നുകാരി. ഇന്ദ്രാണി മുഖർജിയുടെ തനിപ്പകർപ്പായിരുന്ന ഷീന അവരുടെ സഹോദരിയാണ് എന്നു വിശ്വസിച്ചിരുന്ന മാധ്യമങ്ങൾക്കു കൊലപാതകത്തിന്റെ അന്വേഷണത്തിനിടെ അമ്പരപ്പിക്കുന്ന ആ സത്യം ലഭിച്ചു. ഷീന, ഇന്ദ്രാണിയുടെ സഹോദരിയല്ല, മകൾ തന്നെയാണെന്ന്.
സ്റ്റാറിലെ സ്റ്റാർ
സ്റ്റാർ ഇന്ത്യയുടെ സിഇഒ ആയിരുന്നു പീറ്റർ മുഖർജി. നാല്പതിലധികം ചാനലുകളാണ് സ്റ്റാർ ഗ്രൂപ്പിനുണ്ടായിരുന്നത്. കോൻ ബനേഗാ കറോഡ്പതി പോലുള്ള ജനപ്രിയ ഗെയിം ഷോകളിലൂടെയും സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെയും ന്യൂസ് ചാനലുകളിലൂടെയും ഇന്ത്യയിലെ നാലിലൊന്ന് ടിവി പ്രേക്ഷകരെയും ഇവർ സ്വന്തമാക്കി. ആദ്യ വിവാഹബന്ധം വേർപെടുത്തിയ, മുതിർന്ന രണ്ട് ആൺമക്കളുടെ അച്ഛനായ പീറ്റർ, ഇന്ദ്രാണി എന്ന യുവതിയെ പരിചയപ്പെടുന്നത് 2001 ലാണ്. അന്നവർ ഒരു എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ഇന്ദ്രാണിക്ക് അന്നു പ്രായം മുപ്പതു മാത്രം.
2002 ലാണ് ഇന്ദ്രാണിയോടു പീറ്റർ വിവാഹാഭ്യർഥന നടത്തിയത്. രണ്ടുപേരും നേരത്തെ വിവാഹം കഴിച്ചവരായിരുന്നു. വിവാഹ മോചനം നടത്തിയവരും. ഇരുവർക്കും മുൻ വിവാഹങ്ങളിൽ വേറെ കുട്ടികളുമുണ്ടായിരുന്നു. പീറ്ററിനു രാഹുൽ എന്ന പതിനെട്ടു വയസുള്ള ഒരു മകനും, ഇന്ദ്രാണിക്ക് വിദ്ധി എന്ന ഒരു മകളും. പീറ്ററിന്റെ കുടുംബം ഇവരുടെ വിവാഹത്തിൽ പങ്കുചേർന്നെങ്കിലും ഇന്ദ്രാണിയുടെ വീട്ടുകാർ എന്തുകൊണ്ടോ ആരും ചടങ്ങിൽ സംബന്ധിച്ചില്ല.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇന്ദ്രാണിയുടെ ഒരു ബന്ധു, അസാമിൽ നിന്നുള്ള ഒരു അർധ സഹോദരി, മുംബൈയിലെ ഒരു കോളജിൽ ബിരുദ പഠനത്തിനായി മുംബൈയിൽ അവരോടൊപ്പം വന്നു താമസമാക്കി. പേര് ഷീനാ ബോറ. അവിടെ താമസിച്ചു കോളജ് വിദ്യാഭ്യാസം നടത്തുന്ന കാലത്തു ഷീന, പീറ്ററിന്റെ മകൻ രാഹുലുമായി അടുത്തു.
(തുടരും)
തയാറാക്കിയത്: പ്രദീപ് ഗോപി