ബാലൻസ് തെറ്റി വീഴാൻ സാധ്യതയേറും
Wednesday, May 3, 2023 3:28 PM IST
പാർക്കിൻസൺസ് രോഗത്തിനു പ്രധാനമായും നാല് ലക്ഷണങ്ങളാണുള്ളത്.
1.വിറയൽ
സാധാരണയായി വിറയൽ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യിൽ പിടിക്കുമ്പോഴോ അല്ലെങ്കിൽ ജോലി ചെയ്യുമ്പോഴോ വിറയൽ കുറവായിരിക്കും.
രോഗത്തിന്റെ കാലദൈർഘ്യം കൂടുന്നതനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു. മറ്റു കൈ കാലുകളിലേക്കു പടരുകയും ചെയ്യും. കൂടുതൽ ടെൻഷൻ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
2.പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടുകയും മൊത്തത്തിൽ ഒരു കടുപ്പം(stiffness)അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യം ഏതെങ്കിലും ഒരു വശത്തെ കൈകാലുകളിൽ ആയിരിക്കും വരുന്നത്. കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവിൽ കഴുത്തിലെയും നട്ടെല്ലിലെയും പേശികളെ ബാധിക്കുമ്പോൾ കൂന് ഉണ്ടാകാം.
3.പ്രവൃത്തികളിൽ പതുക്കെയാവുക
പഴയ സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത് ചിലപ്പോൾ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ പതുക്കെയാവൽ കാലക്രമേണ പ്രകടമാകും.
4.ബാലൻസില്ലായ്മ
പാർക്കിൻസൺസ് രോഗികളിൽ വീഴ്ചകൾ സാധാരണമാണ്. കിടന്നിട്ട് എഴുന്നേൽക്കുമ്പോഴോ പെട്ടെന്ന് തിരിയുമ്പോഴോ നിരപ്പായ തറയിലൂടെ നടക്കുമ്പോഴോ പടികൾ ഇറങ്ങുമ്പോഴോ ഒക്കെ ബാലൻസ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888