കരൾരോഗം അറിയാൻ വൈകുന്നത്...
Thursday, September 18, 2025 2:44 PM IST
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ.
നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലതു വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്.
അസ്വസ്ഥത തോന്നില്ല
ഏതെങ്കിലും കാരണത്താൽ നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല.
അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്.
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
ശരീരത്തിലെ പഞ്ചസാരയുടെ നില നോർമലായ അവസ്ഥയിൽ സൂക്ഷിക്കുന്നതിൽ കരളിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടു തന്നെ പ്രമേഹത്തിന് ചികിത്സ ചെയ്യുന്നവർ കരളിന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
രോഗങ്ങളും രോഗാണുക്കളും
കരളിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ രസതന്ത്രത്തെ മുഴുവനായി പ്രതികൂലമായി ബാധിക്കുന്നതാണ്.
രോഗങ്ങളും രോഗാണുക്കളുമാണ് കരളിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്.
പ്രതിരോധശേഷി തകരും
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ശരീരം മുഴുവനും അനുഭവപ്പെടുന്നതാണ്. ഒപ്പം, പ്രതിരോധ ശേഷി തകരുകയും ചെയ്യും.
കരൾരോഗ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം, വയർ വീർക്കുക, മനംപുരട്ടൽ, ഛർദി, ശരീരം മുഴുവനും ചൊറിച്ചിൽ, ക്ഷീണം, രോമങ്ങൾ കൊഴിഞ്ഞ് പോകുക, ഉറക്കം കുറയുക, അടിവയറ്റിൽ വേദന, ശരീരഭാരം കുറയുക, വിശപ്പ് ഇല്ലാതാകുക, ശരീരത്തിൽ നീര്, രക്തം ഛർദിക്കുക എന്നിവയാണ് കരളിൽ രോഗം ബാധിക്കുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള പ്രധാന ലക്ഷണങ്ങൾ.
മഞ്ഞപ്പിത്തം എന്ന രോഗലക്ഷണം
കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനമായി പരിഗണിക്കാറുള്ള ലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തെ ഒരു രോഗം എന്ന് പറയുന്നതിനേക്കാൾ ഭേദം അത് ഒരു രോഗലക്ഷണമാണ് എന്ന് പറയുന്നതായിരിക്കും.
ചർമത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണുന്നതാണ് പ്രധാന ലക്ഷണം.
നവജാതശിശുക്കളിൽ
കരളിന് വളർച്ച കുറവുള്ള നവജാത ശിശുക്കളിൽ ഒരുതരം മഞ്ഞനിറം കാണാറുണ്ട്. ഇത് അത്ര ഭയാനകമല്ല.
എന്നാലും കുട്ടിയെ പരിചരിക്കുന്നവർ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393