പാവങ്ങളുടെ അമ്മയും മക്കളും
പാവങ്ങളുടെ അമ്മയും മക്കളും
അലയുന്നവരും അനാഥരുമായ മനോരോഗികൾക്കായി മക്കൾ കൂടാരം പണിയുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പേ ഈ അമ്മ സ്വന്തം ഭവനത്തിൽ ദിവ്യരക്ഷാലയം പണിതു. സമൂഹത്തിൽ നിന്നു വലിച്ചെറിയപ്പെടുന്ന അനാഥക്കുട്ടികളെയും അവിവാഹിതരായ അമ്മമാരെയും സംരക്ഷിക്കുന്നതിനു വേണ്ടി മക്കൾ സ്വപ്നം കാണുന്നതിനു മുമ്പ് ഈ അമ്മ വീട്ടിൽ അനാഥക്കുട്ടികളെ എടുത്തു വളർത്തി. ആശുപത്രികളിലും അനാഥമന്ദിരങ്ങളിലും മക്കൾ അന്നദാനം നടത്തുന്നതിനു മുമ്പ് ഈ ഭവനത്തിൽ പാവപ്പെട്ടവർക്കായി അന്നദാനം തുടങ്ങി. വഴിതെറ്റി വരുന്നവർക്ക് അഭയകേന്ദ്രമാകുന്ന ഭവനമായി. മരുന്നും വസ്ത്രവുമില്ലാതെ അലഞ്ഞുതിരിയുന്നവർക്കായി ഈ ഭവനത്തിന്റെ വാതിൽ തുറന്നു കിടന്നിരുന്നു. ഇതു കണ്ടു മാതാപിതാക്കളുടെ വഴികളിലൂടെ മക്കൾ വളർന്നു. പത്തുമക്കളും ഒരുപോലെ ചിന്തിച്ചു. പ്രവർത്തിച്ചു. ഈ സംഭവമാണ് മൈലക്കൊമ്പ് ഓടയ്ക്കൽ കുടുംബത്തിനു പറയാനുള്ളത്.

ഭർത്താവ് ഓടയ്ക്കൽ മത്തായി മാത്യു ജീവിതത്തിലുടനീളം ചെയ്ത സേവനം മക്കൾ തെരുവിലേക്കിറങ്ങി ചെയ്യുന്നു. പിതാവിന്റെ വേർപാട് നൽകിയ നഷ്ടം മക്കളെ അറിയിക്കാതെ മക്കളിലൂടെ പിതാവ് ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരമ്മ. പിതാവ് മരിച്ചിട്ടു 17 വർഷം ഇന്നലെ പൂർത്തിയായിരിക്കുന്നു.

തെരുവിൽ അലയുന്നവരും അനാഥരുമായ മനോരോഗികളെ കണ്ടെത്തി സംരക്ഷിക്കുന്ന ശുശ്രൂഷാഭവനമായ ദിവ്യരക്ഷാലയത്തിലെ ടോമിയുടെയും അനാഥക്കുട്ടികൾക്കുവേണ്ടി മദർ ആൻഡ് ചൈൽഡുമായി രംഗത്തിറങ്ങി പ്രവർത്തിക്കുന്ന ജോഷിയുടെയും ഇവരുടെ കൂടെനിന്നു സഹായിക്കുന്ന ഫാ. ബെന്നി ഓടയ്ക്കൽ, ബിന്ദു, അനീഷ്, അനു എന്നിവരുടെയും അമ്മയാണ് ഏലിയാമ്മ. എഴുപത്തിയഞ്ചു വയസിലും മക്കളോടൊപ്പം ഈ ശുശ്രൂഷയിൽ അമ്മയുണ്ട്. ഈ അമ്മയ്ക്ക് വിശേഷണങ്ങൾ ധാരാളമാണ്. സ്വന്തം മക്കളെ എപ്രകാരം കാരുണ്യവഴിയിലൂടെ സഞ്ചരിക്കാൻ പഠിപ്പിക്കാമെന്നു കാണിച്ചുതന്ന അമ്മയ്ക്ക് വിശേഷണങ്ങൾ മാത്രമേയുള്ളൂ. മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകിയെങ്കിലും ഉന്നത ഉദ്യോഗസ്‌ഥരാക്കിയില്ല, തറവാട്ടുസ്വത്ത് എഴുതി നല്കിയെങ്കിലും സമ്പന്നരാക്കിയില്ല. പക്ഷേ, കാരുണ്യം വറ്റാത്ത മനസിന്റെ ഉടമകളാക്കി. മനസിൽ നന്മയുടെ സമ്പത്ത് നിറഞ്ഞവരാക്കി മാറ്റി. മക്കളും മരുമക്കളും കൊച്ചുമക്കളും ഒരുപോലെ പാവപ്പെട്ടവനുവേണ്ടി ചിന്തിക്കുന്നു. പ്രവർത്തിക്കുന്നു. ഇന്നും അവസാനവാക്കായി അമ്മയുണ്ട്. ചെറിയ കരടുപോലും മക്കളുടെ മനസിൽ ഉണ്ടാകാതെയിരിക്കാൻ മുന്നിൽ നിന്ന് ഈ അമ്മ നയിക്കുന്നു.

<ആ>മക്കൾക്കു നല്കിയ സമ്മാനം

കഞ്ഞിവയ്ക്കാൻ ഒരു കലവും അതിൽ നിറയെ അരിയും നൽകി മകനെ ശുശ്രൂഷയ്ക്കായി അയച്ച അമ്മ. അനാഥക്കുട്ടികളെ വീട്ടിൽ വളർത്തി മക്കൾക്കുള്ള വഴി പറഞ്ഞുകൊടുത്ത അമ്മ. മിഠായി കിട്ടിയാലും പരസ്പരം പങ്കുവയ്ക്കാൻ പഠിപ്പിച്ച അമ്മ. വീട്ടിൽ വന്നു മുട്ടിവിളിക്കുന്നവർക്കു ദാനം നൽകുന്നതു മക്കളായിരിക്കണമെന്നു വാശിപിടിച്ച അമ്മ. ഇതിലൂടെ മക്കൾ നാളെ ആരുമില്ലാത്തവർക്കു തുണയായിരിക്കണമെന്നു ദീർഘവീക്ഷണം ചെയ്ത അമ്മ. ഇതാണ് മൈലക്കൊമ്പ് ഓടയ്ക്കൽ ഏലിയാമ്മ മാത്യു. പരേതനായ മത്തായി മാത്യുവിന്റെ ഭാര്യ. തെരുവിൽ അലയുന്നവരും അനാഥരുമായ മനോരോഗികളെ കണ്ടെത്തി സംരക്ഷിക്കുന്ന ദിവ്യരക്ഷാലയത്തിലെ ടോമി, ബിന്ദു, സിന്ധു, അനീഷ്, അനു, മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ ജോഷി, സൂസന്ന, മേഴ്സി, ലിസി എന്നിവരുടെയും ഇവരോടൊപ്പം ശുശ്രൂഷയിൽ നിറഞ്ഞുനിൽക്കുന്ന ഫാ. ബെന്നിയുടെയും അമ്മ. (ഫാ. ബെന്നി ദിവ്യരക്ഷകസഭ അംഗമാണ്). സാധാരണനിലയിൽ മക്കൾ ഈ അമ്മ നല്കിയ മാർഗം തെരഞ്ഞെടുത്തതിൽ അദ്ഭുതമില്ല.

എന്നാൽ മരുമക്കളും മക്കളുടെ മക്കളും ഈ വഴിയിലൂടെ സഞ്ചരിക്കണമെങ്കിൽ ഈ അമ്മ നൽകിയ പാഠം ചെറുതല്ല. ജോഷിയുടെ ഭാര്യ ബിൻസി, ടോമിയുടെ ഭാര്യ ജയ്മോൾ, അനീഷിന്റെ ഭാര്യ മരിയ, മൂത്തമകൾ സൂസന്നയുടെ മകൻ ജോബി, മകൾ സോഫി, ജോബിയുടെ ഭാരയ ബിന്നി എന്നിവരും ദിവ്യരക്ഷാലയത്തിലെ ശുശ്രൂഷകരാണ്. സൂസന്നയുടെ മകൻ ഫാ. മാത്യു ഓലിക്കൽ വിസി കോട്ടയം പരിത്രാണ ധ്യാനകേന്ദ്രത്തിലെ വൈദികനാണ്. മകൾ സോഫിയുടെ ഭർത്താവ് പ്രിൻസാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ സംരക്ഷിച്ചു രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്ന പ്രത്യാശാഭവന്റെ എല്ലാം. പ്രത്യാശാഭവനും ദിവ്യരക്ഷാലയത്തിന്റെ കോമ്പൗണ്ടിൽ തന്നെയാണ്. പെൺമക്കളായ മേഴ്സിയുടെയും ലിസിയുടെയും മക്കളും സജീവമായി സഹായത്തിനു മുന്നിലുണ്ട്. ഈ അമ്മയുടെ കൊച്ചുമക്കളും ഈ ഭവനത്തിലാണ് വസിക്കുന്നതെന്നോർക്കുമ്പോഴാണ് ദൈവകാരുണ്യം മനസിലാകുന്നത്. ഈ ശുശ്രൂഷയിൽ കൂടുതൽ ആത്മീയഉണർവു പകർന്നു നൽകാനാണ് അമ്മ, മകൻ ഫാ. ബെന്നിയെ സഭയുടെ അനുവാദത്തോടെ ഇവിടെ എത്തിച്ചിരിക്കുന്നത്.

<ആ>ഈ അമ്മ പകർന്ന പാഠം

ഓടയ്ക്കൽ മത്തായി മാത്യു എന്ന ഈ മക്കളുടെ പിതാവ് വഴിയെ പോകുമ്പോൾ ആരുമില്ലാത്തവരെയും വാഹനം കിട്ടാതെ വിഷമിക്കുന്നവരെയും കണ്ടാൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുമായിരുന്നു. കഠിനാധ്വാനത്തിലൂടെ വളരുന്ന ഒരു കുടുംബമായിരുന്നു ഓടയ്ക്കൽ കുടുംബം. എന്നാൽ സമീപവാസികളായ പാവപ്പെട്ടവർക്കായി എന്നും ഭക്ഷണം കരുതിയിരുന്ന കുടുംബം. ഏലിയാമ്മ ഭക്ഷണം തയാറാക്കി വിളമ്പി നൽകും. വീട്ടിലേക്കു കടന്നുവരുന്ന ഭിക്ഷാടകർക്ക് ഓരോ ദിനവും ഓരോ മക്കളാണ് ഭിക്ഷ നൽകിയിരുന്നത്. മക്കൾ ദാനധർമവും നാട്ടിലെ ദാരിദ്ര്യവും കണ്ടുവളർന്നു സഹായിക്കണമെന്ന് അമ്മയ്ക്കു നിർബന്ധമുണ്ടായിരുന്നു. ഒരു മിഠായി കിട്ടിയാൽ പോലും വാതിലിനിടയിൽവച്ചു പൊട്ടിച്ച് എല്ലാവർക്കുമായി വീതംവച്ചു കൊടുക്കും.

ഇതു മക്കൾ ജീവിതത്തിൽ നടപ്പിലാക്കുന്നതാണ് ഈ അമ്മയ്ക്കു സന്തോഷം. കൊടുക്കുന്നതും പങ്കുവയ്ക്കുന്നതും ഒരു ഹരമാണെന്നു മക്കൾ പറയുന്നതും വെറുതെയല്ല. വീടിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നതും ഉച്ചയ്ക്കു നിരവധി ആളുകൾ കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചിട്ടു സന്തോഷത്തോടെ മടങ്ങുന്നതും കണ്ടാണു മക്കൾ വളർന്നത്. മക്കൾ ഉന്നത ഉദ്യോഗസ്‌ഥരാകണമെന്നു പ്രാർഥിച്ചിട്ടില്ലെന്ന് അമ്മ പറയുന്നു. തന്റെ മക്കൾ ദൈവത്തോടു ചേർന്നു വളരണമെന്നുമാത്രമേ അമ്മ പ്രാർഥിച്ചിട്ടുള്ളൂ. തെറ്റിനെ ഒരു കാരണവശാലും ക്ഷമിക്കുന്ന സ്വഭാവക്കാരിയല്ല അമ്മയെന്നു മൂത്ത മകൻ ജോഷി പറയുന്നു. കള്ളം പറഞ്ഞാൽ പോലും നല്ല അടി തരുമായിരുന്നു. ഇന്നും സത്യസന്ധമായി വളരാൻ സഹായിക്കുന്ന ഘടകമാണിത്.

<ആ>ഓടയ്ക്കൽ കാരണവൻമാർ

വല്യപ്പച്ചൻ ചാക്കോ മത്തായിയിൽ നിന്നും വല്യമ്മച്ചി അന്നമ്മയിൽ നിന്നും പകർന്നു ലഭിച്ച പുണ്യം മകൻ മത്തായി മാത്യു ജീവിതത്തിൽ പകർത്തി മക്കൾക്കു കൈമാറുക മാത്രമാണു ചെയ്തത്. പൈങ്കുളം മനോരോഗ ആശുപത്രിയിൽ എത്തുന്നവർക്കു തിരിച്ചു പോകാൻ വാഹനം കിട്ടിയില്ലെങ്കിൽ ചാച്ചൻ വീട്ടിലേക്കു കൂട്ടി ക്കൊണ്ടുവരുമെന്ന് ഏലിയാമ്മ ഓർമിക്കുന്നു. അന്നും വീട്ടിൽ ദാനധർമവും അന്നദാനവും നടന്നിരുന്നു. മകൻ ടോമിക്കു ചാച്ചൻ മത്തായി മാത്യുവിന്റെ സേവനത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയാൻ നൂറുനാവാണ്. 55 വർഷം സെന്റ് വിൻസന്റ് ഡി പോൾ പ്രവർത്തകനും 15 വർഷം അതിന്റെ പ്രസിഡന്റും നാലു പ്രാവശ്യം മൈലക്കൊമ്പ് ഫൊറോന പള്ളിയിലെ കൈക്കാരനും രണ്ടു പ്രാവശ്യം വിൻസന്റ് ഡി പോൾ പർട്ടിക്കുലർ കൗൺസിലിന്റെ അംഗവുമായിരുന്നു പിതാവ്. സാധുജനസേവനം, സാധുജനവിവാഹപദ്ധതി, ഭവനനിർമാണം എന്നിവയിലായിരുന്നു അദ്ദേഹം കൈവച്ചിരുന്നത്. എന്നും രാവിലെ പള്ളിയിൽ പോകുന്ന പിതാവിനെയാണ് ഈ മക്കൾ കണ്ടുവളർന്നത്. ഇവർക്കു പകർന്നുകിട്ടിയത് എല്ലാം പുണ്യങ്ങൾ മാത്രം.

ഈ ജീവിതപാതയിൽ പ്രാർഥനയിലൂടെ ശക്‌തി പകരുന്നത് ഇവരുടെ ജീവിതത്തെ തൊട്ടറിഞ്ഞ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവും മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ടുമാണ്. ഇവരുടെ വഴികളിലെ പ്രയാസങ്ങളിൽ എന്നും താങ്ങായി ഇവർ നിൽക്കുന്നതാണ് ഇവരുടെ ശക്‌തി. കെസിബിസിയുടെ കാരുണ്യസന്ദേശയാത്രയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അമ്മ ഏലിയാമ്മയെ ആദരിച്ചപ്പോൾ മക്കളുടെ സേവനത്തിനുള്ള പൂച്ചെണ്ടുകൂടിയായി മാറുകയായിരുന്നു.


<ആ>ദിവ്യരക്ഷാലയം

ദിവ്യരക്ഷാലയത്തിനു വിത്തുപാകിയത് അമ്മയാണെന്നു മകൻ ടോമി പറയും. രോഗികളെ ശുശ്രൂഷിക്കാൻ ആദ്യപാഠം പഠിപ്പിച്ചതു അമ്മയാണ്. ചെറിയൊരു കൂടാരം പണിതു മാറാനുള്ള ആഗ്രഹം മനസിൽ ഉദിച്ചപ്പോഴും അമ്മയോടു പറഞ്ഞു. പ്രാർഥന മാത്രമല്ല, സ്വന്തം പുരയിടത്തിലൊരിടത്തു കൂടാരം പണിയാൻ പറഞ്ഞതും അമ്മയാണ്. അതാണ് ഈ മകന്റെ ശക്‌തി. അശരണരും നിരാലംബരും അനാഥരുമായ മനോരോഗികൾക്കൊരു ഭവനം. ഇതാണു ദിവ്യരക്ഷാലയം. ഇവിടെ സമൂഹം വലിച്ചെറിഞ്ഞ 236 സഹോദരങ്ങളുണ്ട്. അസുഖം മാറിയിട്ടും ബന്ധുക്കൾ സ്വീകരിക്കാത്തവരും ഇവിടെയുണ്ട്. ടോമിയുടെ മനസിൽ ഉദിച്ച ഒരു സ്വപ്നമാണിത്. തൊടുപുഴ സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകനായിരുന്നു ടോമി. 1994ൽ തൊടുപുഴ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന മണി എന്ന യുവാവിനെ ചികിത്സിച്ചു ഭേദമാക്കിയെങ്കിലും ആരും സ്വീകരിച്ചില്ല. ടോമി മണിയെ കൂട്ടി വീട്ടിലേക്കു വന്നു. ഏലിയാമ്മയും മാത്യുവും മകനെപ്പോലെ മണിയെ സ്വീകരിച്ചു. പിന്നീട് രോഗം ഭേദമായി വാസു വന്നു.

ഒരു കൂടാരം മനോരോഗികൾക്കുവേണ്ടി പണിയാൻ മകൻ ടോമി ആഗ്രഹിച്ചപ്പോൾ മാതാപിതാക്കൾ എതിരു നിന്നില്ല. മകന്റെ വഴി അമ്മയും അപ്പനും തിരിച്ചറിഞ്ഞിരുന്നു. സാധാരണനിലയിൽ മകൻ വീടു മാറുമ്പോൾ ഭാര്യയെയും കുട്ടികളെയും കൂട്ടിയാണ് മാറുന്നത്. ഭ മകൻ വീട് മാറിയപ്പോൾ കൂടെ നാലു മനോരോഗികളായിരുന്നു ഉണ്ടായിരുന്നത്. അമ്മ നൽകിയ സമ്മാനവും കൈയിലുണ്ടായിരുന്നു. കഞ്ഞിവയ്ക്കാൻ ഒരു കലവും അതിൽ നിറയെ അരിയും. ഇന്നും അരിക്കു പഞ്ഞമില്ലെന്നു ടോമി ഓർമിക്കുന്നു. മൂന്നര ഏക്കർ സ്‌ഥലത്തിരിക്കുന്ന ദിവ്യരക്ഷാലയത്തിലേക്ക് ഓരോ ദിനവും പുതിയ അതിഥികൾ കടന്നുവരുന്നു. ആരെയും സ്വീകരിക്കില്ലെന്ന് ഈ മക്കൾ പറയില്ല. നോ എന്നു പറയാനോ മുഖം കറുപ്പിച്ചൊരു വാക്കു പറയാനോ ഈ മക്കൾക്ക് അറിയില്ല. ഇവരെ അങ്ങനെ പഠിപ്പിച്ചിട്ടില്ല. പുഞ്ചിരിക്കുന്ന മുഖത്തോടുകുടി മാത്രമേ ഈ മക്കളെ കാണാൻ കഴിയു. ഇവിടെ ഫാ. ബെന്നി, അനീഷ്, ബിന്ദു, ജയ്മോൾ, ജോബി, ബിന്നി തുടങ്ങിയവർ മുഴുനീളപ്രവർത്തനവുമായി രംഗത്തുണ്ട്.

<ആ>മദർ ആൻഡ് ചൈൽഡ്

കുട്ടികളുടെയും അമ്മമാരുടെയും എണ്ണം വർധിച്ചപ്പോഴാണ് ദിവ്യരക്ഷാലയത്തിൽ നിന്ന് ഇവരെ മാറ്റിത്താമസിപ്പിക്കണമെന്നു സഹോദരങ്ങൾ ആലോചിച്ചത്. ദിവ്യരക്ഷാലയത്തിലെ മനോരോഗികളോടൊപ്പം കുട്ടികൾ വളരുന്നതിന്റെ അപകടം മക്കൾ അമ്മ ഏലിയാമ്മയോടും ചാച്ചൻ മാത്യുവിനോടും പറഞ്ഞു. ആദ്യം അമ്മ ഈ കുട്ടികളെ ഓടയ്ക്കൽ തറവാട്ടിൽ താമസിപ്പിച്ചു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ അമ്മയാണ് അതിനു പരിഹാരം കണ്ടെത്തിയത്. അമ്മ നൽകിയ 90 സെന്റ് ഭൂമിയിലേക്കു കൂടാരം കെട്ടി മാറി. അതുവരെ ദിവ്യരക്ഷാലയത്തിലായിരുന്നു ഇവർ. വിവിധ കാരണങ്ങളാൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുപോയവരും അവഗണിക്കപ്പെട്ടവരുമായ അമ്മമാരും ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കളും ഇവിടെ അഭയം കണ്ടെത്തുന്നു. ഇന്നു പീഡനമേറ്റുവാങ്ങുന്ന ഏതു കുട്ടികളുടെയും അമ്മമാരുടെയും കേസിലും സർക്കാർ ആദ്യം നോക്കുന്നതു മദർ ആൻഡ് ചൈൽഡിലേക്കാണ്. തീർത്തും നിസഹായരും പൂർണമായോ ഭാഗികമായോ അനാഥരുമായ കുട്ടികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അഗതികളും അശരണരും സൃഷ്‌ടിക്കപ്പെടുന്നത് അവരുടെ കുറ്റംകൊണ്ടല്ലെന്നു സമൂഹം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സാമൂഹ്യമായ കടമ ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ ജാതി–മത–വർണാടിസ്‌ഥാനത്തിലുള്ള പ്രത്യേക പരിഗണനകൾക്കോ വിവേചനത്തിനോ സ്പർധയ്ക്കോ അവസരമില്ല. കേന്ദ്ര–സംസ്‌ഥാന ഗവൺമെന്റുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പൂർണമായി പാലിക്കുന്നതുകൊണ്ടു സ്‌ഥാപനത്തിന്റെ ഭദ്രതയും അച്ചടക്കവും സുദൃഢമാണ്. ഇവിടെ എത്തിയിട്ടുള്ള കുട്ടികളും അമ്മമാരും സർക്കാർ സംഭാവനമാത്രമാണ്.

1998ൽ കുഞ്ഞുങ്ങളുടെ ശുശ്രൂഷ ആരംഭിച്ചെങ്കിലും 2000 മേയ് 24നാണ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നത്. അമ്മച്ചി ഏലിയാമ്മ നൽകിയ 90 സെന്റ് ഭൂമിയിലാണ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ലൈസൻസുകളും അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ ദത്തു നൽകുന്നതിനുള്ള ലൈസൻസുമുണ്ട്. 164 കുട്ടികളും 13 അമ്മമാരും മദർ ആൻഡ് ചൈൽഡിന്റെ തണലിൽ കഴിയുന്നു. .തോമസ് മൈലാടൂർ പ്രസിഡന്റും ജോഷി മാത്യു ഓടയ്ക്കൽ സെക്രട്ടറിയുമായി ഒമ്പതംഗ കമ്മിറ്റിയാണ് ഈ സ്‌ഥാപനത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ജോഷി മാത്യു ഓടയ്ക്കലും ഭാര്യ ബിൻസി(സ്നേഹ) ജോഷിയും മുഴുവൻസമയവും കുട്ടികൾക്കൊപ്പമുണ്ട്.

<ആ>പ്രത്യാശാഭവൻ

ദിവ്യരക്ഷാലയത്തിൽ ആരോരുമില്ലാത്തവരുടെയും സഹായം ആവശ്യമുള്ളവരുടെയും എണ്ണം വർധിച്ചപ്പോൾ പ്രത്യേകം ഭവനങ്ങൾ രൂപപ്പെടാൻ തുടങ്ങി. ദിവ്യരക്ഷാലയത്തിന്റെ മുറ്റത്തു നിൽക്കുന്ന മരങ്ങൾപോലെ മദ്യപാനികൾക്കും മയക്കുമരുന്നിന് അടിമകളായവർക്കും തണലാകുകയാണ് പ്രത്യാശാഭവൻ. പ്രിൻസാണ് ഈ ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നത്. പ്രിൻസിനെ സഹായിക്കാൻ ഭാര്യസോഫി മാത്രമല്ല, ഈ സഹോദരങ്ങൾ ഒന്നാകെ കൂടെയുണ്ട്. ആദ്യമൊക്കെ മദ്യത്തിന് അടിമകളായവരെ രക്ഷിക്കാൻ വിവിധ സ്‌ഥാപനങ്ങളിൽ എത്തിക്കുമായിരുന്നു. ഇരിങ്ങാലക്കുട രൂപതയുടെ നവചൈതന്യയിലാണ് ഏറ്റവും കൂടുതൽ ആളുകളെ എത്തിച്ചത്. മനോരോഗികളെ ശുശ്രൂഷിക്കുമ്പോഴും അനാഥക്കുട്ടികളെ സംരക്ഷിക്കുമ്പോഴും ഇവരുടെ മനസിൽ ഒരു ചോദ്യചിഹ്നമായി മദ്യപാനികളും അവരുടെ കുടുംബവുമുണ്ടായിരുന്നു. ടോമിയും പ്രിൻസും ജോഷിയും മദ്യപാനികളുടെ പ്രശ്നം ചർച്ചചെയ്യാൻ തുടങ്ങി. ഇതിനായി പ്രത്യേകം പ്രാർഥിച്ചു. പലരിൽനിന്നു പ്രാർഥനാസഹായം ആവശ്യപ്പെട്ടു. പിന്നീട് ജോഷിയും പ്രിൻസും രാത്രിവൈകിയും ഇവർക്കു വേണ്ടി പ്രാർഥിച്ചിരിക്കും. 2011 ആയപ്പോൾ ദിവ്യരക്ഷാലയത്തിനോടു ചേർന്നു പ്രത്യാശാഭവൻ ആരംഭിച്ചു. ഇവിടെ ചികിത്സ തേടുന്നവർക്ക് ബന്ധുക്കളോ ഭാര്യയോ ഉണ്ടായിരിക്കണം. ഭാര്യ കൂടെയുണ്ടെങ്കിൽ മാത്രമേ ഇവരെ രക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നു പ്രിൻസ് പറയുന്നു. 15 പേർക്കുവരെ താമസിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്. 31 ദിവസത്തെ ചികിത്സയാണ്. തുടർചികിത്സയോ ഫോളോഅപ്പോ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്. എല്ലാ ഞായറാഴ്ചയും കൂട്ടായ്മയിൽ എത്തിയിരിക്കണം. 45 ശതമാനം പേർ രക്ഷപ്പെടുന്നുണ്ടെന്നു പ്രിൻസ് പറയുന്നു. ധാരാളം പേരെ ഇതിനകം രക്ഷിക്കാൻ സാധിച്ചു. പക്ഷേ, വീണ്ടും വീണ്ടും ചികിത്സ തേടി വരുന്നവരുമുണ്ട്.

ഒരു അടിസ്‌ഥാന കർഷക കുടുംബം. എല്ലുമുറിയെ പണിയെടുത്തു സമ്പത്തുകൾ സ്വരൂപിക്കുമ്പോഴും അന്യന്റെ വേദന മനസിൽ നീറ്റലായി സ്വീകരിച്ചു. അയൽക്കാരന്റെ കണ്ണീരൊപ്പുന്നതു ജീവിതവ്രതമായി സ്വീകരിച്ചവർക്കു മനോരോഗികളെയും അനാഥക്കുട്ടികളെയും നോക്കുമ്പോഴും ജീവിതത്തിൽ വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും സമൂഹത്തിനു മുന്നിൽ അവഹേളിതരായിനിൽക്കേണ്ടി വരുമ്പോഴും ഇവർക്കു തുണയായി ഒരു അമ്മയുണ്ട്. ഇവരുടെ വേദനകളും പ്രയാസങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും പങ്കുചേരാനും ഒരമ്മ. ഇതാണ് ഈ മക്കളുടെ ശക്‌തിയും തുണയും. കാലം എത്ര ഉരുണ്ടാലും ഈ മക്കൾ അറിയപ്പെടുന്നതു മാതാപിതാക്കളുടെ സുകൃതം ചേർത്തായിരിക്കും.

<ആ>ജോൺസൺ വേങ്ങത്തടം
ഫോട്ടോ: ബിബിൻ സേവ്യർ