ഇതു മത്തായി സ്റ്റൈൽ
ഇതു മത്തായി സ്റ്റൈൽ
ആ പേരു കേൾക്കുമ്പോൾ കർണാടകയിലെ അഴിമതിക്കാരും മാഫിയയും ഒന്നു ഞെട്ടും. എന്നാൽ കന്നട ജനതയ്ക്ക് ഇന്ന് ഈ പേരിന്റെ അർഥം പ്രതീക്ഷയെന്നാണ്. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് കേഡറിൽ (കെഎഎസ്) ബംഗളൂരു കോർപറേഷന്റെ (ബിബിഎംപി) അസിസ്റ്റന്റ് കമ്മീഷണറാണ് മലയാളി കൂടിയായ കെ.മത്തായി കെഎഎസ്. അദ്ദേഹത്തിന്റെ സത്യസന്ധമായ കർത്തവ്യനിർവഹണവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കർണാടകയിലെ മലയാളി സമൂഹത്തെ മാത്രമല്ല, കന്നട ജനതയെ മുഴുവൻ മത്തായിയുടെ ആരാധകരാക്കി. ജോലിയിലെ സത്യസന്ധവും കർക്കശവുമായ നിലപാടുകൾ എതിരാളികളുടെ എണ്ണം വർധിപ്പിക്കുമ്പോൾ, അത് കൂടുതൽ കരുത്തോടെ തിന്മകൾക്കെതിരേ പോരാടാനുള്ള ഊർജമാക്കുകയാണ് മത്തായി. വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യനിർവഹണത്തിന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം വളരെ കടുത്തതായിരുന്നു. എട്ടു വർഷംകൊണ്ട് 24 സ്‌ഥലംമാറ്റം. പിന്നെ ശാരീരികവും മാനസികവുമായ കടന്നാക്രമണങ്ങൾ. ഒരു സാധാരണ മലയാളിയിൽ നിന്ന് കർണാടകയിലെ അഴിമതിരാഷ്ട്രീയക്കാരെയും മാഫിയകളെയും വിറപ്പിച്ചു നിർത്തുന്ന ഉദ്യോഗസ്‌ഥനിലേക്കുള്ള യാത്രയിൽ നേരിടേണ്ടിവന്ന പരീക്ഷണങ്ങൾ മത്തായി സൺഡേ ദീപികയോടു വിവരിച്ചു.

<ആ>സൈനിക സേവനം

1979ൽ മംഗളൂരുവിൽ എൻജിനിയറിംഗിനു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മത്തായിക്ക് വ്യോമസേനയിൽ സെലക്ഷൻ ലഭിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലായിരുന്നു ആദ്യനിയമനം. സുവർണക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ കരസേനയ്ക്ക് സഹായം നല്കാനെത്തിയ വ്യോമസേനാ സംഘത്തിൽ മത്തായിയുമുണ്ടായിരുന്നു. പഞ്ചാബ്, ഡൽഹി രാജസ്‌ഥാൻ എന്നിവിടങ്ങളിലും സൈനികസേവനമനുഷ്ഠിച്ച മത്തായിക്ക് വ്യോമസേനയിലെ ആ ബാച്ചിലെ ബെസ്റ്റ് ഓൾറൗണ്ടർ പുരസ്കാരവും ലഭിച്ചു. സൈനികസേവനത്തിനിടയിൽ അദ്ദേഹം നിയമപഠനവും നടത്തിയിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് എൽഎൽബി പാസായ മത്തായി 1994 മുതൽ രണ്ടുവർഷം ബംഗളൂരുവിലെ ആർടി നഗർ ലോ കോളജ് ലക്ചററായി സേവനമനുഷ്ഠിച്ചു. 1998ൽ വ്യോമസേനയിൽ നിന്നു സ്വയം വിരമിച്ച അദ്ദേഹം കർണാടകയിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള കെഎഎസ് പരീക്ഷ എഴുതി പാസായി. 2006ൽ കെഎഎസ് സർവീസിൽ പ്രവേശിച്ചു.

<ആ>ഹാസനിലെ പരീക്ഷണകാലം

2011ലാണ് മത്തായി ഹാസനിൽ തഹസീൽദാർ ആൻഡ് താലൂക്ക് മജിസ്ട്രേറ്റായി സേവനമാരംഭിച്ചത്. മണൽ മാഫിയയുടെ ശക്‌തമായ വേരോട്ടമുണ്ടായിരുന്ന ഹാസനിൽ ഉദ്യോഗസ്‌ഥരടക്കം മാഫിയയുടെ സ്വാധീനത്തിലായിരുന്നു. അധികൃതരുടെ മൗനാനുവാദത്തോടെ മണൽക്കടത്തുകാർ നദികളിലെ മണൽ യഥേഷ്‌ടം ഊറ്റിയെടുത്തു. എന്നാൽ അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്‌ഥനായ മത്തായിക്ക് ഈ അനീതി കണ്ട് കൈയുംകെട്ടി നോക്കിനില്ക്കാൻ കഴിഞ്ഞില്ല. മണൽക്കടത്തുകാർക്കെതിരേ ശക്‌തമായ നടപടികളിലേക്ക് അദ്ദേഹം നീങ്ങി. താലൂക്ക് മജിസ്ട്രേറ്റ് പദവിയായിരുന്നതിനാൽ സിആർപിസി, ഐപിസി വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കേസെടുക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് മാഫിയയ്ക്കെതിരേ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. ഹാസനിൽ മണൽമാഫിയയ്ക്കെതിരേ പതിനഞ്ചോളം റെയ്ഡുകൾ മത്തായി നടത്തി. പലയിടങ്ങളിലും അദ്ദേഹത്തിന് ഭീഷണികളും നേരിടേണ്ടിവന്നു.

ഒരു ദിവസം മണലുമായി വന്ന അമ്പതു ട്രക്കുകൾ അദ്ദേഹം കസ്റ്റഡിയിലെടുത്തു. വാഹനങ്ങളിൽ മിക്കവയും രാഷ്ട്രീയക്കാരുടെയും അവരുടെ ബിനാമികളുടെയുമൊക്കെയായിരുന്നു. സാധാരണ റെയ്ഡ് നട്തുമ്പോൾ പോലീസ് സഹായത്തിനെത്തുമായിരുന്നുവെങ്കിലും അന്ന് പോലീസ് അവിടെയുണ്ടായിരുന്നില്ല. മാഫിയാ ഗുണ്ടകളിൽ നിന്ന് തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. പക്ഷേ, അവർ വെറുതേയിരുന്നില്ല. അന്നു രാത്രി മത്തായിയുടെ വസതിക്കു നേരേ ആക്രമണമുണ്ടായി. പുലർച്ചെ രണ്ടോടെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറിയ അക്രമികൾ വാതിലിൽ പെട്രോളൊഴിച്ചു തീവച്ചു. ഭാഗ്യവശാൽ കൂടുതൽ നാശനഷ്‌ടങ്ങളുണ്ടായില്ല. ആ സംഭവത്തിനു ശേഷം സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു ഗൺമാനെ നിയമിച്ചു.

ഹാസനിൽ മത്തായിക്ക് സഹായം നല്കിയിരുന്നത് ഒരു സംഘം പൂജാരിമാരായിരുന്നു. ജില്ലയിലെ ക്ഷേത്രങ്ങളുടെ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്ന മത്തായിക്ക് അവരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. മത്തായിക്കെതിരേ ആരോപണങ്ങൾ ഉയർന്നപ്പോൾ പൂജാരിമാർ സംഘടിച്ച് പ്രതിഷേധിച്ച സംഭവം വരെയുണ്ടായി.

<ആ>കോളിളക്കം നിയമസഭയിൽ വരെ

ഹാസനിൽ സർവീസിലിരിക്കേ ജെഡി–എസിന്റെ പ്രാദേശിക എംഎൽഎയായിരുന്ന എച്ച്.എസ്. പ്രകാശുമായി മത്തായിക്ക് ഇടയേണ്ടിവന്നു. ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്. മത്തായിയെ സ്‌ഥലംമാറ്റണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. സ്‌ഥലം എംഎൽഎക്കെതിരേ അനാദരവ് കാട്ടി എന്നായിരുന്നു ആരോപണം. എന്നാൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനും ജെഡി–എസ് നിയമസഭാകക്ഷി നേതാവുമായ എച്ച്.ഡി. രേവണ്ണ സഭയിൽ മത്തായിക്ക് അനുകൂലമായി സംസാരിച്ചു. പാർട്ടി നേതാവിൽ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ ജെഡി–എസ് വിട്ട് കോൺഗ്രസിൽ ചേരുമെന്ന് എച്ച്.എസ്. പ്രകാശ് ഭീഷണി മുഴക്കി. ഇതേത്തുടർന്ന് ദേവഗൗഡ സംഭവത്തിൽ ഇടപെട്ടു. വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിച്ചുകൊള്ളാനും രേവണ്ണ തടസം നില്ക്കില്ലെന്നും അദ്ദേഹം എംഎൽഎയെ അറിയിച്ചു.

അടുത്ത ദിവസം വിഷയം വീണ്ടും നിയമസഭയിൽ ഉയർന്നു. ഇപ്പോഴത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള പത്തോളം നേതാക്കൾ മത്തായിയെ പുറത്താക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. ഇതോടെ, വിഷയത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ റവന്യൂ മന്ത്രിയെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്തായിയെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്‌ഥനാണെന്നും വിവരിച്ച് ബിജെപിയുടെ ജില്ലാ ഘടകം ആർഎസ്എസിന്റെ പിന്തുണയോടെ പ്രമേയം പാസാക്കി. ഇത് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇതോടെ മത്തായിക്കെതിരേയുള്ള ആരോപണം അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുന്നതായി യെദിയൂരപ്പ നിയമസഭയിൽ അറിയിച്ചു. ഹാസനിലെ ജില്ലാ കളക്ടറെയും വിളിച്ചുവരുത്തി. കളക്ടർ മത്തായിക്ക് അനുകൂലമായി സംസാരിച്ചതോടെ അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണസംഘത്തിനു ബോധ്യമായി. ഇതോടെ, മത്തായിക്കെതിരായ നടപടി സർക്കാർ തന്നെ പിൻവലിച്ചു.

<ആ>മാണ്ഡ്യയിലെ അഴിമതിവിരുദ്ധ പോരാട്ടം

ഹാസനിൽ നിന്നു മത്തായിക്ക് സ്‌ഥലംമാറ്റം കിട്ടിയത് മാണ്ഡ്യക്ക്. അഴിമതിക്കേസിൽ ഉൾപ്പെട്ട് അവിടത്തെ അർബൻ ഡവലപ്മെന്റ് ഓഫീസർ ജയിലിലായതോടെ മാണ്ഡ്യയിലേക്ക് ഉദ്യോഗസ്‌ഥരാരും ജോലി ചെയ്യാൻ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മത്തായി അവിടെ ചുമതലയേൽക്കുന്നത്. അന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സിനിമാനടൻ കൂടിയായ അംബരീഷ് ആയിരുന്നു. വലിയ തോതിലുള്ള ഭൂമി അഴിമതിയാണ് മാണ്ഡ്യയിൽ നടന്നിരുന്നത്. സർക്കാർ ഉദ്യോഗസ്‌ഥരും രാഷ്ട്രീയക്കാരും വരെ ഈ അഴിമതിക്കച്ചവടത്തിൽ പങ്കാളികളായിരുന്നു. ഈ അഴിമതിയുടെ കണക്കുകൾ മത്തായി അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നു. 300 കോടിയുടെ ഭൂമി അഴിമതിയാണ് അദ്ദേഹം കണ്ടുപിടിച്ചത്. ഈ ഭൂമി ഇടപാട് മൂലം നഷ്‌ടം സർക്കാരിനും ലാഭം ഇടനിലക്കാർക്കുമായിരുന്നു.


മാണ്ഡ്യയിലെ സർക്കാർ ഭൂമിയിടപാടുകളിലെ അഴിമതിയെക്കുറിച്ച് വിശദമായി പഠിച്ച അദ്ദേഹം നാലു റിപ്പോർട്ടുകൾ സമർപ്പിച്ചു. മൊത്തം 1678 പേജുകളുള്ള ഈ റിപ്പോർട്ടുകൾ നിറയെ ഞെട്ടിക്കുന്ന കണ്ടെത്തലുകളായിരുന്നു. ഈ റിപ്പോർട്ട് അടിസ്‌ഥാനമാക്കി സർക്കാർ അന്വേഷണം സിബിഐയെ ഏൽപ്പിച്ചു. ഇതിന്മേലുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. മത്തായിയുടെ റിപ്പോർട്ടിൽ മന്ത്രി അംബരീഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഈ വിവരം പുറത്തായതോടെ വിവിധ കോണുകളിൽ നിന്ന് അംബരീഷിന്റെ അനുയായികൾ ഭീഷണികളും മുഴക്കിത്തുടങ്ങി. നാൽപതു പേരടങ്ങുന്ന ഒരു സംഘം മത്തായിയുടെ ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. ഒരു മാധ്യമപ്രവർത്തകൻ വിവരമറിയിച്ചതിനെ തുടർന്ന് മത്തായി മുൻകരുതൽ സ്വീകരിച്ചതോടെയാണ് ആക്രമണപദ്ധതി പൊളിഞ്ഞത്. എങ്കിലും വിവിധയിടങ്ങളിൽ നിന്നു സമ്മർദങ്ങൾ ഉയർന്നുകൊണ്ടിരുന്നു. ഒടുവിൽ അംബരീഷിന്റെ ഇടപെടൽ മൂലം മത്തായിക്ക് വീണ്ടും സ്‌ഥലംമാറ്റം ലഭിച്ചു.

ഇത്തവണ മഹാരാഷ്ട്ര അതിർത്തിയിലെ ബിദാറിലേക്കായിരുന്നു സ്‌ഥലംമാറ്റം. കുടിവെള്ള പ്രശ്നം രൂക്ഷമായ ആ മേഖലയിൽ മത്തായി ഏറെ ബുദ്ധിമുട്ടനുഭവിച്ചു. ഇതുതന്നെയായിരുന്നു എതിരാളികളുടെയും ലക്ഷ്യം. ഇതിനിടയിലും സ്‌ഥലംമാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. മൂന്നു മാസത്തിനിടെ ആറു സ്‌ഥലംമാറ്റങ്ങൾ. ഏതൊരു ഉദ്യോഗസ്‌ഥനും മാനസികമായി തകരുന്ന സാഹചര്യം. എന്നാൽ പുതിയപുതിയ കർമമേഖലകളിൽ തന്റെ പ്രവർത്തനമികവ് പ്രകടമാക്കി മത്തായി മുന്നേറുകയായിരുന്നു. ശൃംഗേരി, ജോയ്ഡ, ഭട്കൽ, ഹാവേരി, മടിക്കേരി, യാദ്ഗിർ, ഹിരെക്കേരുർ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

<ആ>ഇത് മത്തായി മാജിക്

ആറു മാസം മുമ്പായിരുന്നു മത്തായി ബംഗളൂരുവിലെത്തിയത്. നാലുമാസത്തിനിടയിലെ അദ്ദേഹത്തിന്റെ ആറാമത്തെ സ്‌ഥലംമാറ്റമായിരുന്നു ബിബിഎംപിയിലേക്ക്. പരസ്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണറായി നിയമനം. മുമ്പുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്‌ഥരും ഉപേക്ഷിച്ചു പോയ സ്‌ഥാനം മത്തായിക്കു വച്ചുനല്കിയത് അദ്ദേഹത്തെ മാനസികമായി തളർത്താൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. എന്നാൽ, പിന്നീട് നടന്നത് ചരിത്രമാണ്. ഇപ്പോഴും കർണാടകയിലെ മാധ്യമങ്ങളും ജനസമൂഹവും വാഴ്ത്തുന്ന മത്തായിയുടെ യുദ്ധവിജയത്തിന്റെ ചരിത്രം.

കോർപറേഷനിലെ പരസ്യങ്ങളുടെ നികുതിയുടെ പേരിൽ കോടികളുടെ അഴിമതി നടക്കുന്നതായി മത്തായി കണ്ടെത്തി. ഈ പരസ്യമാഫിയയിൽ ഉന്നത ഉദ്യോഗസ്‌ഥർ വരെ പങ്കാളികളാണ്. എന്നാൽ അഴിമതിയാരോപണം ഉണ്ടായാൽ ബലിയാടാകുന്നത് അസിസ്റ്റന്റ് കമ്മീഷണറായിരിക്കും. ഈ സത്യം മനസിലാക്കിയ മത്തായി കരുതലോടെ മുന്നോട്ടുനീങ്ങി. പരസ്യയിനത്തിൽ നികുതിയായി ബിബിഎംപി പിരിച്ചെടുക്കുന്നത് 30 മുതൽ 35 വരെ കോടിയാണ്. വിശദമായ പഠനം നടത്തിയപ്പോൾ ശരിക്കും പിരിഞ്ഞുകിട്ടേണ്ടതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് മത്തായി കണ്ടെത്തി. ഒരു വർഷം 250 കോടി രൂപയാണ് പരസ്യനികുതിയിനത്തിൽ കിട്ടേണ്ടത്. ഇതു പ്രകാരം കഴിഞ്ഞ എട്ടു വർഷമായി ബിബിഎംപിക്കു കിട്ടേണ്ടത് 2,000 കോടി രൂപ! ഞെട്ടലോടെയാണ് അദ്ദേഹം ആ സത്യം മനസിലാക്കിയത്. മത്തായിയിലെ നീതിബോധം ഉണർന്നു. തന്റെ കണ്ടെത്തലുകൾ അടിസ്‌ഥാനമാക്കി അദ്ദേഹം വിശദമായ റിപ്പോർട്ട് തയാറാക്കി. ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്കും അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചു.

മത്തായിയുടെ കണ്ടെത്തൽ സംസ്‌ഥാനത്ത് വലിയ തീ ആളിക്കത്തിച്ചു. മാധ്യമങ്ങൾ വിവാദം ഏറ്റുപിടിച്ചതോടെ മത്തായിക്കെതിരേ ഗൂഢാലോചനകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ മേൽ ലൈംഗികാരോപണം മുതൽ ലോകായുക്‌തയെക്കൊണ്ട് കേസെടുപ്പിക്കാൻ വരെ നീക്കം നടന്നു.

മത്തായിയുടെ കണ്ടെത്തൽ അംഗീകരിക്കാൻ ബിബിഎംപി അധികൃതർ തയാറായില്ല. ഒടുവിൽ അവരെ സത്യം ബോധ്യപ്പെടുത്താൻ മത്തായി പ്രത്യേക സർവേ നടത്താൻ അനുമതി തേടി. ശന്താള നഗർ വാർഡാണ് അദ്ദേഹം പഠനത്തിനായി തെരഞ്ഞെടുത്തത്. അവിടെ നിന്ന് 15 ലക്ഷം രൂപ മാത്രമേ പരസ്യ നികുതിയിനത്തിൽ പിരിഞ്ഞുകിട്ടിയിരുന്നുള്ളൂ. വാർഡിൽ വിശദമായ സർവേ നടത്തിയ മത്തായി മിക്ക പരസ്യങ്ങളും നിയമവിരുദ്ധമാണെന്നും നികുതി ലഭിക്കാത്തതാണെന്നും കണ്ടെത്തി. പരസ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും ചേർത്ത് വിശദമായ റിപ്പോർട്ട് തയാറാക്കിയ അദ്ദേഹം ശന്താള നഗറിൽ നിന്ന് നാലു കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇതിലും തൃപ്തിവരാത്ത മേലുദ്യോഗസ്‌ഥർ അദ്ദേഹത്തോട് നാലുകോടി രൂപ പിരിച്ചെടുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. ഇതു വെല്ലുവിളിയായി സ്വീകരിച്ച മത്തായി കീഴുദ്യോഗസ്‌ഥർക്കൊപ്പം നേരിട്ട് നികുതി പിരിക്കാനിറങ്ങി. അങ്ങനെ പത്തു ദിവസം കൊണ്ട് 40 ലക്ഷം രൂപയാണ് ഒരു വാർഡിൽനിന്നു മാത്രം ശേഖരിച്ചത്. 45 ദിവസം കൊണ്ട് മൂന്നു കോടി രൂപ പിരിച്ച് അദ്ദേഹം അധികൃതരെ വീണ്ടും ഞെട്ടിച്ചു. കർണാടകയിലെ മാധ്യമങ്ങൾ ഇത് വലിയ പ്രാധാന്യത്തോടെ വാർത്തയാക്കി. ചാനൽ ചർച്ചകളിലും അദ്ദേഹത്തിന് ക്ഷണമുണ്ടായി. എല്ലായിടത്തും അദ്ദേഹം ഈ അഴിമതിക്കെതിരേ തുറന്നടിച്ചു. പ്രമുഖ ചാനലായ ടിവി9 അദ്ദേഹം പങ്കെടുത്ത ചാനൽ ചർച്ചയ്ക്ക് പേരു നല്കിയത് ’മത്തായി മാജിക്’ എന്നായിരുന്നു.

<ആ>പോരാട്ടം തുടരും

മത്തായിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി, സർക്കാർ, ലോകായുക്‌ത തലങ്ങളിൽ ശക്‌തമായ അന്വേഷണം നടക്കുകയാണ്. ശന്താളനഗർ മാതൃകയിൽ കോർപറേഷന്റെ എല്ലാ വാർഡുകളിലും ഇത്തരത്തിൽ പഠനം നടത്തണമെന്നാണ് മത്തായിയുടെ ആവശ്യം. സർവീസിൽ ഉള്ള അത്രയും കാലം അഴിമതിക്കെതിരേ പോരാടുമെന്ന് കന്നഡ ജനതയ്ക്ക് ഈ മലയാളി വാക്കുനല്കുന്നു.

സാമൂഹ്യപ്രവർത്തനത്തിനൊപ്പം ദൈവവിശ്വാസവും മുറുകെപ്പിടിച്ചാണ് മത്തായിയുടെ ജീവിതം. മാണ്ഡ്യ രൂപതാ ഭരണസമിതിയിൽ അംഗമാണ് ഇദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം പല രൂപങ്ങളിൽ തന്റെയടുത്ത് എത്തിയിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹൈക്കോടതി അഭിഭാഷകയായ ഭാര്യ റീത്തയും മത്തായിക്ക് വലിയ പിന്തുണയാണ് നല്കുന്നത്. മൂത്ത മകൻ നിതിനും ഹൈക്കോടതി അഭിഭാഷകനാണ്. ഇളയമകൻ നിഖിൽ ഏഴാംക്ലാസ് വിദ്യാർഥിയാണ്. ബൽത്തങ്ങാടിയിലെ കക്കിഞ്ചയാണ് മത്തായിയുടെ സ്വദേശം. അദ്ദേഹത്തിന്റെ പിതാവ് അധികാരത്തിൽ കുര്യാക്കോസ് പാലാ മണർകാട്ടുനിന്നും മംഗളൂരുവിലെത്തിയതാണ്.

<ആ>ഡെന്നിസ് ജേക്കബ്