അന്നൊരു വെള്ളിയാഴ്ചയായിരുന്നു
അന്നൊരു വെള്ളിയാഴ്ചയായിരുന്നു
2016 മാർച്ച് നാല്. അന്നു വെള്ളിയാഴ്ചയായിരുന്നു. യെമനിലെ ഏഡൻ നഗരം നിശബ്ദമാണ്. മുസ്ലിം ജനവിഭാഗം പ്രാർഥനയിൽ കഴിയുന്ന ദിനം. എങ്ങും വിജനമായ അന്തരീക്ഷം. 11 മണിക്കുള്ള പ്രാർഥനയ്ക്കായി ആളുകൾ ഒരുങ്ങുന്നു. അല്പം വിശ്രമം. ഒരു വാഹനംപോലും തെരുവോരങ്ങളിലില്ല. എവിടെയും ഇല വീണാൽ അറിയാവുന്ന നിശബ്ദത. എവിടെ നിന്നോ ചീറിപ്പാഞ്ഞു വന്ന വാഹനം. അതു വെള്ളിയാഴ്ച പതിവില്ലാത്തതാണ്. വാഹനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. അവർ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനത്തിനു (വയോജനസേവ കേന്ദ്രം) മുന്നിൽ വന്നുനിന്നു. പിന്നെ വെടിശബ്ദം മാത്രം. നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ അരുംകൊല ചെയ്തു. മലയാളിയായ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയി. ഭീകരർ അവസാനനിമിഷംവരെ ഒരു കന്യാസ്ത്രീയെ തെരഞ്ഞു. കന്യാസ്ത്രീ മഠത്തിന്റെ സുപ്പീരിയർ സിസ്റ്റർ സാലിയെ. കിട്ടിയില്ല. അവരുടെ മുന്നിൽ ഒരു വാതിലിനു മറവിൽ. അഞ്ചു പ്രാവശ്യം ഈ വാതിലിന്റെ സമീപത്തെത്തി ഭീകരർ തെരഞ്ഞു. കണ്ടില്ല. സിസ്റ്റർ സാലിയെ ബാക്കിയാക്കി മരണം കടന്നുപോയി.

തൊടുപുഴ ഇളംദേശം പുൽപ്പറമ്പിൽ ജോസഫിന്റെയും റോസമ്മയുടെയും മകൾ. മിഷനറീസ് ഓഫ് ചാരിറ്റിയുടെ യെമനിലെ സൂപ്പീരിയർ. തൊടുപുഴയിലെ വീട്ടിൽ പിതാവിന്റെ ചാരത്തിരിക്കുമ്പോഴും അവരുടെ മനസിൽ ഒരു നീറ്റലുണ്ട്. കൂടെയുണ്ടായിരുന്നവരെ നഷ്ടപ്പെട്ടതിന്റെ വേദന. എങ്കിലും ദൈവത്തിന്റെ പദ്ധതിക്കു നിന്നുകൊടുക്കുകയാണ് ക്രിസ്തുവിന്റെ ഈ മണവാട്ടി.

<ആ>വെള്ളിയാഴ്ച

ഭീകരന്മാർ വെള്ളിയാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. കാരണം, ജനങ്ങൾ പ്രാർഥനയ്ക്കു പോകുകയും തെരുവ് വിജനമാകുകയും ചെയ്യുന്ന സമയമാണത്. അവരുടെ ലക്ഷ്യം മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും അവരെ സഹായിക്കുന്ന മുസ്ലിം സഹോദരങ്ങളുമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും പൂർണപിന്തുണയോടെയാണു വർഷങ്ങളായി മിഷനറീസ് ഓഫ് ചാരിറ്റി സഭ ആശ്രയഭവൻ നടത്തുന്നത്. മഠത്തിലോ ആശ്രയഭവനിലോ ഒരു ഇല അനങ്ങിയാൽ തെരുവോരങ്ങളിലെ ജനം അറിയും. അതു കൊണ്ടുതന്നെ ഭീകരർ മാറിനിൽക്കുകയായിരുന്നു. വൻമതിലും ശക്‌തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഈ സുരക്ഷകൾ ഒരുക്കിയതുപോലും ജനം പറഞ്ഞിട്ടാണ്. സുരക്ഷാജീവനക്കാരിലും മുസ്ലിം സഹോദരങ്ങളുണ്ട്. ഈ ആശ്രയഭവനിൽ ജീവിക്കുന്ന രോഗികളും വൃദ്ധരും മുസ്ലിം സഹോദരങ്ങളാണ്. ഇവരെ നാട്ടിലെ യുവാക്കളും സന്നദ്ധസംഘടനകളും എത്തിക്കുന്നവതാണ്. തെരുവിൽ കഴിയുന്നവരാണ് ഈ രോഗികളിൽ മിക്കവരും. രോഗം മാറിയാൽ വീണ്ടും തെരുവിലേക്കു പോകും. വെടിയൊച്ച കേട്ടു നാട്ടുകാർ അലറിവന്നപ്പോഴാണ് ഭീകരർ സിസ്റ്റർ സാലിയെ ഉപേക്ഷിച്ചു സ്‌ഥലം വിട്ടത്. അവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

<ആ>വേദനയോടെ ഒരു ജനത

യാത്ര പറഞ്ഞപ്പോൾ അമ്മേ ഞങ്ങളെ ഉപേക്ഷിച്ചുപോകരുതേ എന്നു കരഞ്ഞു പറഞ്ഞ രോഗി യെമനിലെ പ്രതീകമാണ്. സിസ്റ്റർ സാലിയെ കെട്ടിപ്പിടിച്ചു കരഞ്ഞ രോഗികൾ തങ്ങളുടെ പ്രാണൻ നഷ്ടപ്പെടുന്ന വേദന അറിയുകയായിരുന്നു. ഇനി തങ്ങൾക്ക് ആരുമില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ദുരന്തം അവരെ തളർത്തി ക്കളഞ്ഞു. രോഗികളെ സർക്കാർ ഏറ്റെടുത്തെങ്കിലും അവർക്കു സന്തോഷമില്ല. ആരുമില്ലാത്ത അവസ്‌ഥ. 80 രോഗികളാണ് ഭവനത്തിലുണ്ടായിരുന്നത്. അവരെവിട്ടു താനില്ലെന്നു സിസ്റ്റർ പറഞ്ഞതാണ്. വീണ്ടും സിസ്റ്ററെ അന്വേഷിച്ചുഭികരർ വരുമെന്ന സൈന്യത്തിന്റെയും സന്നദ്ധസംഘടനകളുടെയും മുന്നറിയിപ്പിനു മുന്നിൽ ഒടുവിൽ വഴങ്ങി. മനസ് തളർന്നാണ് സിസ്റ്റർ യെമൻ വിട്ടത്. കൂടെയുള്ള നാലു കന്യാസ്ത്രീകൾ രക്‌തത്തിൽ കുളിച്ചുകിടക്കുന്നു. സഹപ്രവർത്തകരും സഹജീവികളും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. ആത്മീയ ഗുരുനാഥൻ ഭീകരരുടെ കൈയിൽ. എന്നെ മാത്രം ദൈവം ബാക്കിവച്ചു. എന്തിനുവേണ്ടി. ദൈവമേ നിന്റെ പദ്ധതികൾ വെളിപ്പെടുത്തിത്തരണമേ–മനസിൽ കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ.

<ആ>ദൃക്സാക്ഷ്യം

തെക്കൻ യെമനിലെ ഏഡൻ നഗരത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെട്ട സിസ്റ്റർ സാലി, ആ ഭീകരത ലോകത്തെ അറിയിക്കാനായി ജീവിച്ചിരിക്കുന്ന ദൃക്സാക്ഷിയായി മാറി. യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിൽ ജീവത്യാഗംചെയ്ത കന്യാസ്ത്രീകളെ ‘ഇന്നത്തെ രക്‌തസാക്ഷികൾ’ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്.

സിസ്റ്റർ സാലി മനസുതുറന്നു. ദിവ്യബലിയിൽ പങ്കെടുത്തുകഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനായി എല്ലാവരും നീങ്ങി; എന്നാൽ പതിവുപോലെ ഫാദർ ടോം ഉഴുന്നാലിൽ ചാപ്പലിൽ ഒറ്റയ്ക്കു പ്രാർഥന തുടർന്നു.
8.00 മണി പ്രാർഥനയ്ക്കു ശേഷം അഞ്ചു കന്യാസ്ത്രീകളും ഭവനത്തിലേക്കു മടങ്ങി.
8.30 നീല വസ്ത്രം ധരിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഗേറ്റ് കടന്നെത്തി. ഗാർഡിനെയും െരഡെവറെയും വധിച്ചു. ഭീകരർ കന്യാസ്ത്രീകളെ വധിക്കാനെത്തിയിരിക്കുന്നു എന്നു പറയാനായി അഞ്ച് എത്യോപ്യർ വൃദ്ധഭവനത്തിനു നേരേ ഓടി. അവരെയെല്ലാം ഭീകരർ മരത്തിൽ കെട്ടിയിട്ടതിനു ശേഷം തലയിൽ വെടിവയ്ക്കുകയും തല തകർക്കുകയും ചെയ്തു. ഈ ഏത്യോപർ മുസ്ലിം സമുദായത്തിലെ സഹോദരങ്ങളായിരുന്നു. കന്യാസ്ത്രീകളെ സഹായിച്ചുവെന്നതായിരുന്നു അവരുടെ കുറ്റം.

പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് ആശ്രയ ഭവനങ്ങൾ അവിടെ പ്രവർത്തിച്ചിരുന്നു. അതിലുള്ളവരെ രക്ഷിക്കാനായി രണ്ടു കന്യാസ്ത്രീകൾ പുരുഷ ഭവനത്തിലേക്കും മറ്റു രണ്ടുപേർ വനിതകളുടെ ഭവനത്തിലേക്കും ഓടി. നാലു സ്ത്രീ ജീവനക്കാർ ‘കന്യാസ്ത്രീകളെ കൊല്ലരുതേ’ എന്നു കരഞ്ഞുവിളിച്ചു പറഞ്ഞു. 15 വർഷമായി അവിടെ പാചകക്കാരിയായി സേവനം ചെയ്യുന്ന സ്ത്രീ ഉൾപ്പെടെ ആ നാലു പേരെയും ഭീകരർ വെടിവച്ചുകൊന്നു.അതിനു ശേഷം അവർ സിസ്റ്റർ ജൂഡിത്തിനെയും സിസ്റ്റർ റെജിനെറ്റിനെയും പിടിച്ചു ബന്ധിച്ചു. എന്നിട്ട് തലയിൽ വെടിവച്ചു കൊന്നു. പിന്നീടവർ അടുത്ത ഭവനത്തിലെത്തി സിസ്റ്റർ ആൻസ്ലെമിനെയും സിസ്റ്റർ മർഗരറ്റിനെയും ബന്ധിച്ച് വെടിവച്ച് തല തകർത്തു. ആരുമല്ലാത്തവർക്കുവേണ്ടി സ്നേഹവും ജീവനും നൽകിയ സഹോദരിമാരോടാണ് ഭീകരർ ഇതു ചെയ്തത്. സുപ്പീരിയർ സിസ്റ്റർ സാലി കോൺവെന്റ് ചാപ്പലിൽ പ്രാർഥിച്ചുകൊണ്ടിരിക്കുന്ന ഫാ.ടോമിന് മുന്നറിയിപ്പ് നൽകാനായി ഓടി. പക്ഷേ, അവർക്ക് ചാപ്പലിൽ എത്താൻ കഴിഞ്ഞില്ല. അതിനു മുമ്പ് ഭീകരർ കോൺവെന്റിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

സിസ്റ്റർ സാലി തുറന്നുകിടന്ന റെഫ്രിജറേറ്റർ മുറിയിൽ പ്രവേശിച്ച് വാതിലിന്റെ പിറകിൽ നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ച് പല തവണ ഭീകരർ ആ മുറിയിൽ കയറിയിറങ്ങി. യാതൊരു മറയുമില്ലാതെ വാതിലിന്റെ പിന്നിൽ നിന്ന കന്യാസ്ത്രീയെ അവർക്ക് കണ്ടുപിടിക്കാനായില്ല. അതൊരു അദ്ഭുതമായിരുന്നു.

അതേസമയം കോൺവെന്റ് ചാപ്പലിൽ പ്രാർഥനയിലായിരുന്ന ഫാ. ടോം, വെടിയൊച്ചയും മറ്റു ബഹളങ്ങളും കേട്ട്, എന്താണ് നടക്കുന്നതെന്ന് ഊഹിച്ചു. തിരുവോസ്തി അവർ അപമാനിക്കും. ക്രിസ്തുവിനെ അവർ അവഹേളിക്കും. ഉടൻതന്നെ തിരുവോസ്തി എല്ലാം അദ്ദേഹം ഭക്ഷിച്ചു തീർത്തു. വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് അദ്ദേഹം വെള്ളത്തിൽ അലിയിച്ചുതീർത്തു. അപ്പോഴേക്കും അവരെത്തിക്കഴിഞ്ഞിരുന്നു. ആരാധനാ വസ്തുക്കളെല്ലാം നശിപ്പിച്ചു. എന്നിട്ട് ഫാ. ടോമിനെ ബന്ധിച്ച് കാറിലാക്കി.വീണ്ടും അവർ തിരിച്ചുവന്നു. സിസ്റ്റർ സാലിയെ ഒന്നുകൂടി തെരഞ്ഞു. പക്ഷേ, കണ്ടില്ല. തെരുവോരം ഉണർന്നു. ആളുകളുടെ ശബ്ദവും അലർച്ചയും ഉയർന്നു.

10.00 : കൂട്ടക്കൊല കഴിഞ്ഞ് ഭീകരർ സ്‌ഥലംവിടുന്നു. സിസ്റ്റർ ഓടി വരുമ്പോൾ കണ്ടു കാറിൽ ബന്ധിക്കപ്പെട്ട നിലയിൽ ഫാ. ടോമിനെ കൊണ്ടുപോകുന്നത്. അദ്ദേഹം നിശബ്ദനായിരുന്നു. സിസ്റ്റർ ഓരോ രോഗിയുടെയും അടുത്തെത്തി അവർക്കൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. 10.30 ആയപ്പോൾ, കൊല്ലപ്പെട്ട പാചകക്കാരിയുടെ മകനും പട്ടാളവും സ്‌ഥലത്തെത്തി.അഞ്ചാമത്തെ കന്യാസ്ത്രീയെയും കൊല്ലാനായി ഭീകരർ വീണ്ടും വരുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ, പട്ടാളം നിർബന്ധിച്ച് സിസ്റ്റർ സാലിയെ അടുത്തുള്ള ആശുപത്രിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡർ എന്ന സന്നദ്ധസംഘടനാ പ്രവർത്തകരും സൈന്യവും നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. മൃതശരീരങ്ങൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. സുരക്ഷിതകേന്ദ്രത്തിൽ എത്തിയപ്പോൾ സിസ്റ്റർ കരഞ്ഞു. മറ്റുള്ളവരോടൊപ്പം താനും മരിച്ചാൽ ഇത്ര വേദനയില്ലായിരുന്നു എന്നോർത്തു വിലപിച്ച സിസ്റ്റർ സാലിയോടു മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ റിയ പറഞ്ഞു, നടന്നതെന്തെന്ന് ലോകത്തെ അറിയിക്കാനാവാം ദൈവം സിസ്റ്ററെ കാത്തു സംരക്ഷിച്ചതെന്ന്. യെമന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായി മാർപാപ്പയുടെ സെക്രട്ടറി നിരന്തരം ബന്ധം പുലർത്തിയിരുന്നു.

<ആ>മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ

ഗാസ, ഇസ്രയേൽ, ജോർദാൻ, ജറുസലേം, യെമൻ എന്നിവിടങ്ങളിൽ സിസ്റ്റർ സാലി സേവനംചെയ്തു. മൂന്നു വർഷമായി യെമനിലെത്തിയിട്ട്. പലസ്തീനും ഇസ്രയേലും തമ്മിലുള്ള യുദ്ധക്കെടുതിയിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും ബോംബിംഗിന്റെ ഭീകരത അനുഭവിച്ചിട്ടുണ്ട്. തലയ്ക്കു മീതേ പാഞ്ഞു പോയ വെടിയുണ്ടകൾ പലപ്പോഴും ഭിത്തിയിൽ തുളച്ചുകയറുമ്പോഴാണ് മരണം അടുത്തുകൂടി കടന്നുപോയതറിയുന്നത്. എങ്കിലും ഭയന്നിട്ടില്ല. കാരണം ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നവരാണ് സമർപ്പിതർ. മദർ തെരേസയുടെ ഭവനത്തെ ഒരിക്കലും ഭീകരർ ആക്രമിക്കുമെന്നു പ്രതീക്ഷിച്ചില്ലായിരുന്നു. മുസ്ലിം സഹോദരങ്ങളുടെ പിന്തുണയും ശക്‌തിയും സംരക്ഷണവും അത്രമാത്രം വലുതായിരുന്നു. അത്രമാത്രം ബഹുമാനത്തോടെയാണു ജനം പെരുമാറിയിരുന്നത്. ഒന്നും പ്രതീക്ഷിക്കാതെയാണ് കന്യാസ്ത്രീകൾ സഹോദരങ്ങളെ ശുശ്രൂഷിക്കുന്നതെന്ന് അവർ നമ്മളെക്കാൾ അധികമായി മനസിലാക്കിയിരുന്നു.

<ആ>മദർ തെരേസയോടൊപ്പം

മദറിന്റെ പാവങ്ങളോടുള്ള കരുണയെക്കുറിച്ചുള്ള വാർത്തകളാണ് എന്നെ മിഷനറീസ് ഓഫ് ചാരിറ്റിയിലെത്തിച്ചത്. മദറിനൊടൊപ്പം ഒരുദിവസമെങ്കിലും ഒന്നിച്ചു താമസിക്കുന്നതുതന്നെ പുണ്യമാണ്. ജോർദാനിൽ നിന്നും ഗാസയിൽ നിന്നും എത്തുമ്പോൾ മദറിനൊപ്പം ഒരുദിവസമെങ്കിലും താമസിക്കും. എന്നും എപ്പോഴും അമ്മ ഞങ്ങൾക്കു നൽകുന്ന ഉപദേശം, പുണ്യവതിയായിരിക്കണമെന്നു മാത്രമാണ്. മദർ ദൈവത്തിന് ഒരു വാഗ്ദാനം നൽകിയിട്ടുണ്ടെന്നും പറയും. ദൈവമേ നിനക്കു ഞാൻ പുണ്യവതികളെ നൽകുമെന്നായിരുന്നു അത്. യെമനിൽ വെടിയേറ്റു മരിച്ച നാലു കന്യാസ്ത്രീകളും നന്മയുടെ പ്രതിരൂപങ്ങളായിരുന്നു. മാർച്ച് പതിന്നാലിനു സെന്റ് ലൂയീസ് അതിരൂപതയിൽ രക്‌തസാക്ഷികളായ നാലു കന്യാസ്ത്രീകൾക്കു വേണ്ടി ദിവ്യബലി സമർപ്പണ വേളയിൽ ബിഷപ് എഡ്വേർഡ് റൈസ് പറഞ്ഞത് സിസ്റ്റർ സാലി ഓർമിക്കുന്നു. ‘ആശ്ചര്യം ഉളവാക്കുന്ന വിശ്വാസമാണിത്. അനുഗ്രഹിക്കപ്പെട്ട മദർതെരേസ തന്റെ സന്യാസിനികളെ ദൈവസമക്ഷത്തിലേക്ക് ആനയിക്കാൻ കാത്തു നില്ക്കുകയായിരുന്നു. കർത്താവുതന്നെ അവരെ കാത്തുനിൽക്കുകയായിരുന്നു.’

<ആ>ഫാ. ടോം ഉഴുന്നാലിൽ

2015 ജൂലൈയിലായിരുന്നു ഫാ.ടോം ഉഴുന്നാലിൽ ആശ്രയ ഭവനിലെത്തുന്നത്. മാനസികമായും ആത്മീയമായും ഉണർവു നല്കുന്ന പിതാവായിരുന്നു അദ്ദേഹം. ആശ്രയഭവനോടു ചേർന്നുള്ള ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ വാസം. പ്രാർഥനയിൽ ധാരാളം സമയം മുഴുകിയിരിക്കും. ചാപ്പലിൽ സക്രാരിക്കു മുന്നിൽ മുട്ടിന്മേൽ നിന്നു പ്രാർഥിക്കുന്ന അച്ചന്റെ രൂപം മാത്രമേ ഞങ്ങളുടെ മനസിലുള്ളൂ. നാം രക്‌തസാക്ഷികളാകാൻ ഒരുങ്ങിയിരിക്കണമെന്ന് അച്ചൻ പ്രാർഥനാമധ്യേയും സംസാരമധ്യേയും പറയുമായിരുന്നു. ദിവ്യകാരുണ്യത്തിനു മുന്നിൽ പ്രാർഥിക്കുന്ന, ജീവിക്കുന്ന അച്ചനു ദൈവം എന്തെങ്കിലും അരുളപ്പാട് നൽകിക്കാണും. അദ്ദേഹം ഇപ്പോഴും ജീവനോടെ ഉണ്ടെന്നു വിശ്വസിക്കുന്നു. കൂടുതലൊന്നും അറിയില്ല–ഒരു നിമിഷം സിസ്റ്റർ സാലി നിശബ്ദയായി.

<ആ>കുടുംബം

സിസ്റ്റർ സാലിയുടെ മൂത്തസഹോദരി സിസ്റ്റർ കാതറിൻ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു. രോഗത്തെത്തുടർന്നു മരണമടഞ്ഞു. മൂന്നാമത്തെയാളാണ് സിസ്റ്റർ സാലി. സഹോദരിയോടൊപ്പമാണ് മദർ തെരേസയുടെ സഭയിലേക്കു പ്രവേശിക്കുന്നത്. കോതമംഗലത്ത് താമസിക്കുന്ന ജോർജ് ജോസഫ്, കോതമംഗലം സ്വദേശി ബേബിയുടെ ഭാര്യ മേരി, ഇളംദേശത്ത് പിതാവിനോടൊപ്പം താമസിക്കുന്ന ടോമി എന്നിവരാണ് മറ്റു സഹോദരങ്ങൾ. ഇടയ്ക്കൊന്നും സിസ്റ്റർ സാലി നാട്ടിലേക്കു വരില്ല. 2012–ൽ വന്നിരുന്നു. എങ്കിലും സാധാരണനിലയിൽ പത്തുവർഷമെങ്കിലും കഴിഞ്ഞേ വീട്ടിലേക്കു വരാറുള്ളൂ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സഭാ അധികാരികൾ അനുവദിച്ചിട്ടു വന്നതാണ്. ഒരുമാസക്കാലം കുടുംബത്തോടൊപ്പം വിശ്രമജീവിതം.

<ആ>വീണ്ടും യെമനിലേക്ക്?

എവിടെയാണെങ്കിലും അധികാരികൾ ഏല്പിക്കുന്ന ദൗത്യം ഏറ്റെടുക്കുക എന്നതു മാത്രമാണ് എന്റെ കടമ. യെമനിലേക്കു പോകണമെന്നു സഭ കല്പിച്ചാൽ അനുസരിക്കും. എവിടെയാണെങ്കിലും പാവങ്ങളോടു കരുണ കാണിക്കാനും സഹജീവികളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും മാത്രമാണു സമർപ്പിതർ വിളിക്കപ്പെട്ടിരിക്കുന്നത്. അവിടെ ഭീകരർ എന്നോ യുദ്ധമേഖലയെന്നോ ഒന്നുമില്ല. യുദ്ധത്തിൽ മുറിവേറ്റു വീഴുന്നവരെ സഹോദരങ്ങളെപോലെ കണ്ടല്ലേ ശുശ്രൂഷിക്കേണ്ടത്.

‘ഒരുമാസം കഴിഞ്ഞു സിസ്റ്റർ സാലി ജോർദാനിലേക്കു മടങ്ങും. അവിടെ എത്തിയശേഷം പുതിയ ദൗത്യം ഏറ്റെടുക്കും. ദൈവം നല്കുന്നതു സ്വീകരിക്കുകയാണ് കടമ. അതുമാത്രമാണു ജീവിതം.

<ആ>ജോൺസൺ വേങ്ങത്തടം