മുങ്ങിത്താഴുന്ന ചിപ്പിക്കഥ
മുങ്ങിത്താഴുന്ന ചിപ്പിക്കഥ
മണൽത്തരികളിൽ കടലമ്മ കള്ളിയെന്നെഴുതി തിരമാലകളെ ക്ഷണിക്കുന്ന കൊച്ചുകുട്ടികളെക്കാൾ നിഷ്കളങ്കരാണ് കടലിന്റെ ആഴങ്ങളിൽ പോയി ചിപ്പിയുമായി കരയിലേക്കെ ത്തുന്നവർ. ഇവരുടെ ജീവിതം അടുത്തറിഞ്ഞാൽ നമ്മളും അങ്ങനെ പറഞ്ഞുപോകും. കടലമ്മ കള്ളിയല്ല അന്നം തരുന്ന ദൈവമാണെന്നു പറയുമ്പോൾ കുട്ടികളുടെ മുഖത്തുള്ള അതേ നിഷ്കളങ്കത ഇവരിലും കാണാം.

ദിവസവും കടലിനെ കീറിമുറിച്ചു കാണാക്കയങ്ങളിലേക്ക് ഊളിയിട്ടു പോയി ജീവിതമാർഗം തിരയുകയാണിവർ. ഇവരാണു ചിപ്പിത്തൊഴിലാളികൾ. ആഴങ്ങളിൽനിന്ന് ആഴങ്ങളിലേ ക്കുള്ള ഇവരുടെ യാത്ര സാഹ സികവും ദുഷ്കരവുമാണ്. ആർത്ത ലയ്ക്കുന്ന തിരമാലകളെ കീറിമുറിച്ചു കടലിനടിയിലേക്ക് ഊളിയിടുമ്പോൾ കരിങ്കൽപാറകളിലും കടൽപുറ്റുകളിലും തട്ടിയുണ്ടാകുന്ന മുറിവുകളെ ഇവർ ഗൗനിക്കാറില്ല, അതിനെക്കാൾ വലുതാണല്ലോ അന്നത്തെ ആഹാരം. ഇവരുടെ ജീവിതത്തിനു ചിപ്പിയുടെ തിളക്കമില്ല. എന്നാൽ, ചിപ്പിയില്ലെങ്കിൽ ഇവരുടെ ജീവിതവുമില്ല. കായലുകളിൽനിന്നും മറ്റും കിട്ടുന്ന കല്ലുമ്മേക്കായയ്ക്കു സമാനമായി കടലിൽനിന്നു ലഭിക്കുന്നതാണ് ചിപ്പി. ഇതിന്റെ മാംസം ഭക്ഷ്യവിഭവമായും പുറന്തോട് അലങ്കാരവസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കുന്നു.

<ആ>കോവളം ലൈറ്റ് ഹൗസ് ബീച്ച്

കോവളം ലൈറ്റ്് ഹൗസ് ബീച്ചിനു സമീപം രാവിലെ എത്തിയാൽ ഇരുപതോളം ചിപ്പിത്തൊഴിലാളികളെ കാണാം. സംഘത്തിന്റെ കാരണവർ 68 വയസുകാരൻ തങ്കയ്യൻ. സംഘത്തിലെ പയ്യൻ സുധി. മത്സ്യത്തൊഴിലാളികളെക്കാൾ ദുരിതപൂർണമായ തൊഴിൽ ചെയ്യുന്നവരാണു ചിപ്പിത്തൊഴിലാളികൾ. കഴിഞ്ഞ 50 വർഷമായി കോവളം ബീച്ചിനു സമീപത്തെ കടലിന്റെ ആഴങ്ങളിൽനിന്നു ചിപ്പി ശേഖരിച്ച് ഉപജീവനം നടത്തുന്ന തങ്കയ്യൻ തന്നെ ജീവിതകഥ പറയുന്നു.

സാധാരണ മത്സ്യബന്ധനത്തിനായി പോകുന്നതു ബോട്ടിലോ വള്ളങ്ങളിലോ ആണ്. വല ഉപയോഗിച്ച് ആഴക്കടലിലോ തീരങ്ങളിലോ പോയി മത്സ്യബന്ധനം നടത്തുന്നു. എന്നാൽ, അക്കേഷ്യ മരത്തിന്റെ രണ്ടു കഷണങ്ങൾ ചേർത്തു കെട്ടുന്ന കട്ടമരം എന്ന വള്ളം മാതൃകയിലാണു ചിപ്പി ശേഖരിക്കാൻ പോവുന്നത്.

<ആ>ജീവൻ പണയപ്പെടുത്തി

തീരത്തുനിന്ന് ഒരു കിലോമീറ്റർ ഉള്ളിൽ വരെ കട്ടമരം തുഴഞ്ഞു പോകും. പിന്നീട് കട്ടമരത്തിൽനിന്നു കടലിലേക്ക് ഇറങ്ങും. ആർത്തലയ്ക്കുന്ന തിരമാലകളെ വകവയ്ക്കാതെ അടിത്തട്ടിലേക്ക്. പൂർണമായും ശ്വാസംപിടിച്ചാണ് കടലിന്റെ അടിയിലേക്കുള്ള യാത്ര. കടലിന്റെ അടിത്തട്ടിലുള്ള പാറകളിൽ ജീവിക്കുന്ന ചിപ്പികൾ ശേഖരിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ല. ഊഹിക്കാവുന്നതിനപ്പുറമുള്ള കാഴ്ചകളാണ് അടിത്തട്ടിലുള്ളത്. കോവളം ബീച്ചിനു സമീപത്തായി തീരത്തോടു ചേർന്നുള്ള കടലിൽ വൻ പാറക്കൂട്ടങ്ങളാണു കാണുന്നത്. ഈ പാറക്കൂട്ടങ്ങളിൽ പലതിനും 15 മീറ്റർ വരെ ഉയരമുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചാണു ചിപ്പി ശേഖരിക്കേണ്ടത്. പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിപ്പികൾ വെട്ടുകത്തി ഉപയോഗിച്ചു വെട്ടിയാണ് എടുക്കേണ്ടത്. വെള്ളത്തിൽ നീന്തി പാറകളിൽ പറ്റിപ്പിടിച്ച ചിപ്പികൾ വെട്ടിയെടുക്കുക സാഹസകമാണ്.

പണ്ടൊക്കെ കടലിലേക്കു ചിപ്പിക്കായി യാത്ര തിരിച്ചാൽ 50 തവണ മുങ്ങിപ്പൊങ്ങുമ്പോൾ മികച്ച വരുമാനവുമായിരുന്നു ലഭിച്ചിരുന്നത്. ഓരോ തവണയും പ്രാണവായു നിശ്ചലമാക്കിക്കൊണ്ടാണ് കടലിന്റെ അടിത്തട്ടിലേക്കു മുങ്ങുന്നത്. പണ്ടൊക്കെ 1,000 രൂപ വരെ പ്രതിദിനം ലഭിച്ചിരുന്ന കാലമുണ്ടായിരുന്നതായി തങ്കയ്യൻ തന്നെ സക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇന്ന് അവയെല്ലാം ഓർമ മാത്രം. നാളെയെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്കകളും ബാക്കി. സാംകുട്ടിയും സുധികുമാറും ജയനും സനൽകുമാറുമെല്ലാം വല്ലം നിറയെ ചിപ്പിവെട്ടിപ്പിടിച്ചെടുത്തുകൊണ്ടുവന്നിരുന്ന കാലത്തെക്കുറിച്ചും തങ്കയ്യൻ വിവരിക്കുന്നു. അപ്പോൾ തീരത്ത് ആവേശമായിരുന്നു അലതല്ലിയിരുന്നത്.

<ആ>കടലിലുമുണ്ട് പട്ടണങ്ങൾ

തിരുവനന്തപുരം, കോവളം എന്നിങ്ങനെ കരയിലെ ഓരോ പ്രദേശങ്ങൾക്കും നമ്മൾ ഓരോ സ്‌ഥലനാമങ്ങൾ നല്കിയതു പോലെ ചിപ്പിത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധനപ്രദേശങ്ങൾക്ക് ഓരോ പേരും നല്കിയിട്ടുണ്ട്. കോവളം ലൈറ്റ് ഹൗസിനു സമീപത്തിരുന്നു ചിപ്പിത്തൊഴിലാളികൾ കടലിലെ ഓരോ ’ചിപ്പിപ്പട്ടണങ്ങളെക്കുറിച്ചും’ വ്യക്‌തമായി വിവരിക്കുന്നു. കഴിഞ്ഞ 25 വർഷമായി മത്സ്യബന്ധനം നടത്തുന്ന സാംകുട്ടിക്ക് ചിപ്പിപ്പട്ടണത്തെക്കുറിച്ചു പറയുമ്പോൾ നൂറു നാവ്. ഏറ്റവും കൂടുതൽ ചിപ്പി ലഭിക്കുന്ന പ്രദേശത്തിനാണ് ചിപ്പിപ്പട്ടണത്തിൽ ഏറ്റവും മുൻഗണന.

പുറമേ നിന്നു നോക്കുമ്പോൾ കടൽ ശാന്തമെന്നു നിങ്ങൾക്ക് തോന്നാം. എന്നാൽ, കടലിനടിയിലേക്കു നീന്തുമ്പോൾ സ്വഭാവം മാറും. കടൽ എത്ര ക്ഷോഭിച്ചാലും തങ്ങൾക്കു കടലമ്മ എന്നും കൂട്ടായിട്ടുണ്ടെന്നാണു സാംകുട്ടി പറയുന്നത്. കോവളം ബീച്ചിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രധാനമായും നാലു ചിപ്പിപ്പട്ടണങ്ങളാണ് കടലിനടിയിലുള്ളത്. ചിപ്പികളും അപൂർവ ഇനത്തിൽപ്പെട്ട മത്സ്യങ്ങളും തിങ്ങിപ്പാർക്കുന്ന അളുവക്കല്ലാണ് കോവളം തീരത്തെ പ്രധാന ചിപ്പിപ്പട്ടണം എന്നു പറയാം. മത്സ്യങ്ങൾക്ക് ഏറ്റവും അനുകൂലമായ ആവാസ വ്യവസ്‌ഥയാണ് ഇവിടെ കൂടുതൽ മീനുകൾക്കു വളരാനുള്ള അവസരം ഒരുങ്ങുന്നത്. രണ്ടു വലിയ കല്ലുകൾ ചേർന്നതാണ് അളുവക്കല്ല്. ഇവയ്ക്ക് ഇടയിൽ ചെറിയ ഗുഹ പോലുള്ള കേന്ദ്രങ്ങൾ ഉണ്ട്. ഇവയ്ക്കുള്ളിൽ മീനുകൾക്കും ചിപ്പിക്കും സുഖമായി കഴിയാൻ സാധിക്കും. കൂടാതെ അളുവക്കല്ലിൽ താഴേക്ക് എത്തുമ്പോൾ അതിഭയങ്കര തണുപ്പായതിനാൽ മീനുകൾക്ക് ഇവിടെ വാസസ്‌ഥലം ഒരുക്കാൻ താത്പര്യമാണ്. കോവളം ബീച്ചിൽനിന്നു കടലിലൂടെ 500 മീറ്റർ കടന്നെത്തിയാൽ അളവക്കല്ലിൽ എത്താം. തൊട്ടടുത്തായിട്ടുള്ളതാണ് മുളവറക്കല്ല്.

<ആ>മുളവറക്കല്ല്

ഏറ്റവും ആഴമുള്ള കല്ലാണ് മുളവറക്കല്ല്. 18 മീറ്റർ ആഴത്തിലുള്ള പാറക്കെട്ടാണിവിടെ സ്‌ഥിതി ചെയ്യുന്നത്. ശക്‌തമായ ഒഴുക്കും തിരയുമുള്ളതിനാൽ ഈ മേഖലയിലെ ചിപ്പി ശേഖരിക്കൽ ബുദ്ധിമുട്ടേറിയതാണെന്നു സാംകുട്ടി പറയുന്നു. പച്ചത്തോട് ചിപ്പിയുടെയും ഓലച്ചിപ്പിയുടെയും കലവറയാണു മുളവറക്കല്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു ചിപ്പിപ്പട്ടണമാണു കരക്കല്ല്. ഒറ്റക്കല്ലുള്ള വൻ പാറയാണ് കരക്കല്ല് എന്ന് അറിയപ്പെടുന്നത്. 22 അടി ഉയരമുള്ള പാറയാണിത്. കരക്കല്ലിൽനിന്നു ശേഖരിക്കുന്ന ചിപ്പിക്കു നല്ല രുചിയാണ്. ഇതിനു ആവശ്യക്കാർ ഏറെയുമാണ്. എപ്പോൾ എത്തിയാലും ചിപ്പികിട്ടും എന്നതാണ് കരക്കല്ലിനോടു ചിപ്പിത്തൊഴിലാളികൾക്ക് ഇഷ്‌ടം കൂടാൻ കാരണം. കോവളം ബീച്ചിൽനിന്നു നീന്തിയെത്തിയാൽ ആദ്യം എത്തുന്ന പാറയാണു പുളപ്പുകല്ല്. പിളർന്നിരിക്കുന്ന കല്ല് എന്നതിനാലാണ് ഈ പേര് ലഭിച്ചതെന്നാണു പറയുന്നത്. അരിമീൻ കല്ല്, വെള്ളാക്കല്ല്, വെള്ളത്തിക്കല്ല്, ചേരീന്തപ്പാറ തുടങ്ങിയ ചിപ്പിപ്പട്ടണങ്ങൾ കോവളം ബീച്ചിന് ഒരു കിലോമീറ്റർ ചുറ്റളവിനുണ്ടായിരുന്നു. കടലിനുള്ളിൽ ഇങ്ങനെ ചിപ്പിപ്പട്ടണങ്ങൾ ഉണ്ടെന്നത് സാധാരണക്കാർക്ക് പുത്തൻ അറിവാണ്.


<ആ>മാലിന്യക്കടലിൽ

കടലമ്മയുടെ കനിവ് ആവോളം ലഭിച്ച ഒരു കാലഘട്ടം തങ്ങൾക്കുണ്ടായിരുന്നുവെന്നു ചിപ്പിത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. എന്നാൽ, ഇന്ന് എല്ലാം മാറി. വൻതോതിൽ കടലിന്റെ അടിത്തട്ടിൽ മാലിന്യവും പ്ലാസ്റ്റിക്കുകളും കുമിഞ്ഞുകൂടുകയാണ്. ഇതോടെ ചിപ്പികളുടെയും മത്സ്യങ്ങളുടെയും സ്വാഭാവിക പാരുകൾ നഷ്‌ടമായി. (കടലിനടിയിൽ ചിപ്പികളും പുറ്റുകളും നിറഞ്ഞുനില്ക്കുന്ന പ്രദേശത്തിനാണ് പാരുകൾ എന്ന് പറയുന്നത്.) ഈ പാരുകളാണ് മത്സ്യങ്ങളുടെയും കടലിലെ മറ്റു ജീവികളുടെയും ഏറ്റവും നല്ല ആവാസവ്യവസ്‌ഥ. ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞതോടെ ചിപ്പിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. പുലർച്ചെ ആറിനു കടലിൽ മുങ്ങൽ ആരംഭിക്കുന്ന ഒരു മത്സ്യത്തൊഴിലാളി തുടർച്ചയായി 100 തവണയിൽ അധികം മുങ്ങിത്താഴ്ന്നാൽ ഇപ്പോൾ ശേഖരിക്കാൻ കഴിയുന്നത് 200 രൂപയുള്ള ചിപ്പികൾ മാത്രം. ഒരു തവണ കടലിൽ മുങ്ങുന്നതു രണ്ടു മിനിറ്റു വരെ സമയത്താണ്. ഓക്സിജൻ സിലിണ്ടറോ മറ്റു യാതൊരു യന്ത്രസഹായമോ ഇല്ലാതെ പ്രതിദിനം അഞ്ചു മണിക്കൂർ വരെയാണ് ഇവർ കടലിൽ മുങ്ങിപ്പൊങ്ങി ഉപജീവനത്തിനായി പോരാട്ടം നടത്തുന്നത്. കടലിൽ ഡ്രഡ്ജിംഗ് നടന്നതോടെ കോവളത്തെ പല പാറക്കൂട്ടങ്ങളും മണ്ണിനടിയിലായി. ചിപ്പികളുടെ സ്വാഭാവിക പാരുകളും നഷ്‌ടമായി. പതിറ്റാണ്ടുകളായി ഉപജീവനം നടത്തിവന്ന ചിപ്പിത്തൊഴിലാളികളുടെ സ്‌ഥിതിയും ഇതോടെ കരിനിഴലിലായി.

വിഴിഞ്ഞം, കോവളം മേഖലകളിലാണ് ഏറ്റവുമധികം ചിപ്പിത്തൊഴിലാളികൾ താമസിക്കുന്നത്. വിഴിഞ്ഞത്തു നിർമാണം ആരംഭിച്ചതോടെ കടലിനടിയിൽ വൻ ഇരമ്പൽ ശബ്ദമാണ് കേൾക്കുന്നത്. കൂടാതെ കടലിനടിയിലെ വെള്ളവും കലങ്ങിമറിഞ്ഞു. ഇതോടെ ഈ ചിപ്പിത്തൊഴിലാളികൾ തങ്ങളുടെ കട്ടമരം കരയ്ക്കടുപ്പിച്ചു കാത്തിരിപ്പാണ്. പതിറ്റാണ്ടുകളോളം തങ്ങളുടെ ഉപജീവനമായിരുന്ന കടലമ്മയെ നോക്കി.... ഇനിയൊരു നല്ല നാളേക്കായി.

<ആ>ചിപ്പിത്തൊഴിലാളികൾ കണ്ട കപ്പൽ

പതിറ്റാണ്ടുകൾക്കു മുമ്പ് കടലിനടിയിൽ മുങ്ങിത്താണ കപ്പലിനെക്കുറിച്ചു മലയാളികൾക്കു വിവരം നല്കിയത് ചിപ്പിത്തൊഴിലാളികളായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ചു വ്യക്‌തമായ പഠനം നടത്തുന്ന റോബർട്ട് പന്നിപ്പിള്ള ഇതിനെക്കുറിച്ചു വളരെ വ്യകതമായി വിശദീകരിച്ചു. അഞ്ചു തെങ്ങിനു സമീപം ബ്രിട്ടീഷ് യുദ്ധക്കപ്പൽ തകർന്നുകിടക്കുന്നതു പുറംലോകത്തെ അറിയിച്ചതു ചിപ്പിശേഖരിക്കാൻ കൂടി പോയിരുന്ന മത്സ്യത്തൊഴിലാളികളായിരുന്നു. ശത്രുരാജ്യത്തിന്റെ അന്തർവാഹിനി തകർത്തതാണെന്നും അതല്ല കൊടുങ്കാറ്റിലോ തീപിടിത്തത്തിലോ മുങ്ങിത്താണതാണെന്നും പല അഭിപ്രായങ്ങൾ കേട്ടിരുന്നു. ഇന്ത്യൻ ആർക്കിയോളജി വകുപ്പിനുപോലും ഇക്കാര്യത്തിൽ വ്യക്‌തത ഇല്ലായിരുന്നു. എന്നാൽ, 1754ൽ തീവച്ചു നശിപ്പിച്ച കപ്പലാണെന്നു നെതർലൻഡിലെ ആർക്കിയോളജി വിഭാഗത്തിൽനിന്നു റോബർട്ട് പന്നിപ്പിള്ളയ്ക്കു വിവരം ലഭിച്ചു. അഞ്ചുതെങ്ങിന് ഏതാണ്ട് പത്ത് കിലോമീറ്റർ തെക്കായിട്ടാണ് ഈ കപ്പൽ മുങ്ങിക്കിടക്കുന്നതെന്നു വർഷങ്ങൾക്കു മുമ്പ് സുക്കൂറച്ചൻ എന്ന തൊഴിലാളിയാണു കണ്ടെത്തിയത്.

’സുക്കൂറച്ചൻ കണ്ടുപിടിച്ചൊരു കപ്പൽ പാര്
അതിൽ ഇരയില്ലാതെ മീൻ പിടിച്ചു തെക്കൻമാര്’
അഞ്ചുതെങ്ങിൽ തകർന്നുകിടന്ന കപ്പലിനെക്കുറിച്ചു ചോദിച്ചാൽ ആദ്യം മത്സ്യത്തൊഴിലാളികൾ പാടുന്ന രണ്ടു വരിപ്പാട്ടാണു മുകളിൽ വിവരിച്ചത്. സുക്കൂറച്ചന്റെ പ്രാധാന്യമാണ് ഇതു വെളിവാക്കുന്നത്. ഈ തകർന്നു കിടന്ന കപ്പലിനുള്ളിൽ വിവിധതരം മത്സ്യങ്ങൾക്കു വളരാനുള്ള ആവാസവ്യവസ്‌ഥ രൂപപ്പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ ഈ കപ്പൽ വരാൻ ഇടയാക്കിയത്.

കടലിൽ 40 മീറ്റർ ആഴത്തിലാണ് ഈ കപ്പൽ മുങ്ങിക്കിടന്നത്. മത്യാസ് എന്ന മത്സ്യത്തൊഴിലാളിയാണു റോബർട്ടിന് അഞ്ചുതെങ്ങിൽ മുങ്ങിത്താണ കപ്പൽ കിടക്കുന്ന സ്‌ഥലം കാട്ടിക്കൊടുത്തത്. പിന്നീടു മുങ്ങൽവിദഗ്ധരുമായെത്തി റോബർട്ട് ആ കപ്പലിന്റെ ഭാഗങ്ങളുടെ ചിത്രങ്ങളും എടുത്തു. കടലിനടിയിൽ തകർന്നു കിടക്കുന്ന കപ്പലിന്റെ ഡക്കിനു മുകളിൽ നിറയെ കൂട്ടത്തോടെ സഞ്ചരിക്കുന്ന കാക്കക്ലാത്തികളാണ്. അവയുടെ ഇടയിലായി ശലഭമത്സ്യങ്ങളുടെ ഒരു കൂട്ടമാണ്. കപ്പലിന്റെ പിൻഭാഗത്ത് ഏറ്റവും അടിയിലായി ഭീമൻ കലവ മത്സ്യത്തിന്റെ വാസമായിരുന്നു. മുങ്ങിക്കിടക്കുന്ന കപ്പലിനു ചുറ്റും പലയിനം മത്സ്യങ്ങൾ വട്ടമിട്ടു സഞ്ചരിച്ചുകൊണ്ടേയിരുന്നു. കടലിന്റെ അടിത്തട്ടിൽ ഉറച്ചിരിക്കുന്ന കപ്പലിന് ഏതാണ്ട് എട്ടു മീറ്ററോളം ഉയരമുണ്ടെന്നാണു കണ്ടെത്തിയത്. കടലിന്റെ നേരനുഭവങ്ങൾ ഏറ്റവും അടുത്തറിയണമെങ്കിൽ ചിപ്പിത്തൊഴിലാളികളോടു തന്നെ നേരിട്ടു ചോദിച്ചറിയണം.

അവരുടെ അന്നത്തിന്റെ കലവറയിൽ ഉണ്ടാകുന്ന തകർച്ച ഒരു ജനതതിയുടെ തന്നെ ജീവിതത്തിനു നേർക്കാണു കരിനിഴൽ വീഴ്ത്തുന്നത്. കോവളം, വിഴിഞ്ഞം തുറമുഖത്തുനിന്നു ചിപ്പിയുടെ വിടവാങ്ങലോടെ തങ്ങളുടെ തൊഴിൽ തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ഇപ്പോഴിവർ. കടലിലേക്കു മാലിന്യം തള്ളുന്നതിനു മുമ്പ് ഇവരെ ഓർക്കുക... കാരണം ചിപ്പി ഇവരുടെ ജീവിതമാണ്.

<ആ>തോമസ് വർഗീസ്