ജീവിതത്തിനു നേര്ക്കുനേര്.....
Thursday, March 8, 2018 4:47 PM IST
നേരം പുലരുന്നതേയുള്ളു. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഈഴക്കോണത്തെ വീട്ടിൽനിന്നും ആറാലുംമൂട് ചന്ത ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് വിജയകുമാരി. കൈയിൽ ചെറിയ ടോർച്ചുണ്ട്. ദുർഘടമായ വഴിയിലൂടെ അരമണിക്കൂറോളം നടന്നു വേണം ഉദിയൻകുളങ്ങരയിലെത്താൻ. അവിടെ നിന്നു ബസിൽ കയറി ആറാലുംമൂട് ചന്തയിലെത്തുന്പോൾ അഞ്ചുമണിയോടടുത്തിരിക്കും. ചന്തയിലെത്തിയാൽ വിജയകുമാരി ചുമലിലേറ്റുന്നതു ജീവിതഭാരമാണ്. 20 വർഷത്തിലേറെയായി തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള ആറാലുംമൂട് ചന്തയിൽ വിജയകുമാരിയെന്ന വീട്ടമ്മ ചുമടെടുത്തു ജീവിതം തുടങ്ങിയിട്ട്. ചുമടെടുത്തു കിട്ടുന്ന ചെറിയ വരുമാനമാണ് വിജയകുമാരിയുടെ കുടുംബത്തെ താങ്ങിനിർത്തുന്നത്. സ്ത്രീകൾക്കു പരിമിതികളുണ്ടെന്നും പുരുഷന്മാരെപ്പോലെ എല്ലാ മേഖലകളിലും വിജയിക്കാൻ കഴിയില്ലെന്നും പറയുന്നവർ വിജയകുമാരിയുടെ ജീവിതത്തെ അറിയുക... സ്ത്രീശക്തിയുടെ ജ്വലിക്കുന്ന അധ്യായമാണ് വിജയകുമാരിയെന്ന വീട്ടമ്മ.....
ഭാരമേറിയ ദിനങ്ങൾ
പുലർച്ചെ അഞ്ചോടെ ചന്തയിലെത്തിയാലുടൻ വിജയകുമാരി തന്റെ ജോലികളിലേക്കു കടക്കും. സാരിയാണ് വേഷം. ഒരു തോർത്ത് തലയിൽ കെട്ടുമെന്നല്ലാതെ മറ്റു രൂപമാറ്റമൊന്നുമില്ല. വിൽക്കാനായി ലോറികളിൽ എത്തിക്കുന്ന പച്ചക്കറികളും മറ്റും വിൽപ്പനക്കാരുടെ അടുത്തെത്തിക്കുകയാണ് ആദ്യജോലി. പിന്നീട് ചന്തയിൽ നിന്നും ആളുകൾ വാങ്ങുന്ന സാധനങ്ങൾ ചുമന്നു പുറത്തെത്തിച്ച് വാഹനങ്ങളിൽ കയറ്റണം. ലോറി, പിക്കപ്പ് വാൻ, പെട്ടി ഓട്ടോ തുടങ്ങിയ വാഹനങ്ങളിലാണ് സാധനങ്ങൾ കയറ്റേണ്ടത്. ചാക്കൊന്നിന് 10 മുതൽ 15 രൂപ വരെയാണ് കൂലി. ചെറിയ ചാക്കാണെങ്കിൽ ലഭിക്കുന്നത് അഞ്ചു രൂപ മാത്രം. ആണുങ്ങളോടൊപ്പമാണ് വിജയകുമാരി ചന്തയിൽ ചുമടെടുക്കുന്നത്. എന്നാൽ അവർ കൂടുതൽ കൂലി ചോദിച്ചു വാങ്ങും. ഹോട്ടലുകാർ, വിവാഹ പാർട്ടികൾ, കച്ചവടക്കാർ, ഹോസ്റ്റലുകാർ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളാണ് ചന്തയിൽ സാധനങ്ങൾ വാങ്ങുന്നതിന് എത്തുന്നത്. കച്ചവടക്കാർക്ക് നിരവധി ചാക്കുകളുണ്ടാകും. ഇതിന് നല്ല കൂലിയും ലഭിക്കും. ഒരു ചായ കുടിക്കണമെങ്കിൽ രാവിലെ പത്തുമണിയാകും. അതുവരെ ജോലി തന്നെ!
നെയ്തെടുത്ത ജീവിതം
നെയ്ത്തുകാരിയായിരുന്നു വിജയകുമാരി. ആറാം ക്ലാസിൽ പഠനം അവസാനിപ്പിച്ചതുമുതൽ ആരംഭിച്ചതാണ് തുണി നെയ്ത്ത്. അമ്മ മടിയിലിരുത്തി പഠിപ്പിച്ച ജോലിയായിരുന്നു ഇത്. വർഷങ്ങളോളം വിജയകുമാരി നെയ്ത്തു ജോലി ചെയ്തു ജീവിച്ചു. തുച്ഛമായ വേതനമാണു ലഭിച്ചിരുന്നത്. പിന്നീട് കന്പനി പൂട്ടിയപ്പോഴാണ് ജോലി നിർത്തിയത്. അന്ന് കന്പനി നിർത്തിയില്ലായിരുന്നെങ്കിൽ ഇന്നും ആ ജോലി തന്നെ തുടരുമായിരുന്നുവെന്ന് അവർ പറയുന്നു.
""ഇന്ന് നെയ്ത്തിന് അന്നത്തേക്കാൾ മെച്ചമായ ശന്പളമുണ്ട്. എന്നാൽ ശ്വാസകോശ സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നതിനാൽ ആ ജോലി എനിക്കു ബുദ്ധിമുട്ടായിരുന്നു. നെയ്ത്തുപുര നിറുത്തിയ സമയത്ത് നാളുകളോളം ജോലിയില്ലാതായി. മറ്റു പല ജോലികൾക്കും പോയെങ്കിലും ഒന്നും അധികനാൾ നീണ്ടുനിന്നില്ല. അങ്ങനെയിരിക്കെയാണ് ചന്തയിൽ ചുമടെടുക്കുന്ന ജോലിയിലേക്ക് എത്തുന്നത്. പുരുഷന്മാർ ചുമടെടുക്കുന്നതു കണ്ടു മാത്രം പരിചയമുള്ള തനിക്ക് ഈ ജോലി ഇണങ്ങുമെന്ന് ആദ്യം കരുതിയിരുന്നില്ല. ജോലിയൊന്നുമില്ലാതെ കുടുംബം പട്ടിണിയായ അവസ്ഥയായിരുന്നു അന്ന്. പിന്നെ ഒന്നും നോക്കിയില്ല. ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ എത്ര നാൾ ചെയ്യുമെന്നൊന്നും അറിയില്ലായിരുന്നു. ആദ്യനാളുകളിൽ ചുമട് വലിയ ആയാസകരമായ ജോലിയായിരുന്നു. കടുത്ത തലവേദനയും പുറം വേദനയും അലട്ടിയിരുന്നു. എങ്കിലും ആണുങ്ങൾ പോലും എടുക്കാൻ മടിക്കുന്ന ഭാരം എടുക്കാനും യാതൊരു മടിയുമില്ല. കാരണം അടുപ്പു പുകയണമെങ്കിൽ ഈ ജോലി കൂടിയേ തീരൂ''-വിജയകുമാരി പറയുന്നു.
കുടുംബം
അമരവിളയിലെ ഒരു ഓട്ട് കന്പനിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു വിജയകുമാരിയുടെ ഭർത്താവ്. കന്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടു. കഠിനാധ്വാനിയായിരുന്നതിനാൽ അദ്ദേഹം പിന്നീട് പല ജോലികളും ചെയ്തു കുടുംബം പുലർത്തി. പിന്നീട് കടുത്ത ക്ഷയരോഗം പിടിപെട്ടതോടെ ആരോഗ്യം ക്ഷയിച്ചു. പല തവണ ചികിത്സ നടത്തിയെങ്കിലും പൂർണമായും സുഖപ്പെട്ടില്ല. രോഗബാധിതനായതോടെ വർഷങ്ങളായി വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ല. രണ്ടു കുട്ടികളുണ്ട്. ഒരു ആണ്കുട്ടിയും ഒരു പെണ്കുട്ടിയും. ചന്തയിൽ ചുമടെടുത്തുതന്നെ പെണ്കുട്ടിയെ നല്ല നിലയിൽ വിവാഹം കഴിച്ചയച്ചു. മകൻ ഒരു ലോറിയിൽ ക്ലീനറായി പോകുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ജോലി. അതിൽ നിന്നും അവന് കഴിയാനുള്ളതു പോലും ലഭിക്കില്ല. അതുകൊണ്ടുതന്നെ താൻ ജോലി ചെയ്യാതെ വീട്ടിൽ അടുപ്പു പുകയില്ല. ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്തേ മതിയാകൂ- വിജയകുമാരി നെടുവീർപ്പെടുന്നു.
ചന്തയിലേക്ക്
30-ാം വയസിലാണ് താൻ ചന്തയിൽ എത്തുന്നതെന്ന് വിജയകുമാരി പറയുന്നു. കുറച്ചു ദിവസം ചുമടെടുത്തു നോക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇതു തന്നെ ജീവനോപാധിയായി മാറുമെന്ന് ആദ്യം കരുതിയിരുന്നില്ല. ആദ്യദിനം 20 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്. ശരാശരി ഒരു ചുമടിന് ഒരു രൂപ മുതൽ അഞ്ചുരൂപ വരെ ലഭിച്ചിരുന്നു. ഒരു വാഴക്കുല ചുമക്കുന്നതിന് അന്ന് ഒരു രൂപയായിരുന്നു കൂലി. എന്നാൽ ആണുങ്ങൾക്ക് കൂലി കൂടുതൽ ലഭിച്ചിരുന്നു. തുടക്കക്കാരിയായതിനാൽ ഇതേക്കുറിച്ച് ആരോടും ചോദിച്ചില്ല, പറഞ്ഞുമില്ല. കൂലിക്കു തർക്കിച്ച് ഉള്ള ജോലി കൂടി ഇല്ലാതാക്കണ്ട എന്നു കരുതി. ഇന്ന് ചന്തയിൽ വരുന്ന കുറച്ചുപേർ സ്ഥിരമായി വിജയകുമാരിയെ ചുമട്ടു ജോലികൾക്കായി വിളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു സ്ഥിരവരുമാനവും ലഭിക്കുന്നു.
സ്ത്രീയുടെ വെല്ലുവിളികൾ
ചന്തയിൽ ചുമടെടുക്കുന്ന സ്ത്രീകളെക്കുറിച്ചു കേട്ടിട്ടില്ല. അതുകൊണ്ടുതന്നെയാകാം പുരുഷന്മാർക്കു ലഭിക്കുന്ന കൂലി തനിക്കു ലഭിക്കുന്നില്ലെന്നു വിജയകുമാരി പറയുന്നു. പുരുഷന്മാർക്കു പതിനഞ്ചോ ഇരുപതോ രൂപ ലഭിക്കുന്പോൾ വിജയകുമാരിക്കു ലഭിക്കുന്നത് 10 രൂപ മാത്രം. കൂലി ലഭിച്ചില്ലെങ്കിൽ പുരുഷന്മാർ ചോദിച്ചു വാങ്ങും. എന്നാൽ താൻ ഇക്കാര്യത്തിൽ തർക്കിക്കാനൊന്നും പോകാറില്ലെന്നും വിജയകുമാരി പറയുന്നു.
""തർക്കിച്ചിട്ടുകാര്യമില്ല. കാരണം നമുക്കു ജോലിയാണല്ലോ വലുത്. ചിലർ തുച്ഛമായ കൂലിയേ നൽകൂ. ചിലർ മനസറിഞ്ഞു തരും. മറ്റു ചിലരാകട്ടെ കൂടുതൽ ജോലി ചെയ്യിച്ച് കുറച്ച് കൂലി തരുന്നവരാണ്. അവർ രണ്ടും മൂന്നും ചാക്കുകൾ തലയിൽ വച്ചുതരും. ഞാൻ മടിയില്ലാതെ ചുമക്കും! ക്വിന്റൽ ചാക്കുകൾ എടുക്കുന്നതു ശീലമാക്കിയതോടെ ക്വിന്റൽ കുമാരിയെന്നു പേരും വീണു''- വിജയകുമാരി പറയുന്നു.
കനമുള്ള ചാക്കുകൾ
കാബേജ് നിറച്ച ചാക്കിനാണ് ഏറ്റവും അധികം കനമുള്ളതെന്നു വിജയകുമാരി അനുഭവത്തിൽ നിന്നും പറയുന്നു. 90 മുതൽ 100 കിലോ വരെയാണ് കാബേജ് ചാക്കുകളുടെ തൂക്കം. ചേന്പ് നിറച്ച ചാക്കിനും നൂറുകിലോയോളം തൂക്കം വരും. വെള്ളരി, വെണ്ട എന്നിവ നിറച്ച ചാക്കിനു താരതമ്യേന ഭാരം കുറവാണ്.
ജീവിക്കാനുള്ള ആത്മവിശ്വാസം
വിജയകുമാരിക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്തു ജീവിക്കണം. സ്വന്തമായി അധ്വാനിച്ച് ഒരു വീടുവയ്ക്കണമെന്നതാണ് വിജയകുമാരിയുടെ ഇപ്പോഴത്തെ സ്വപ്നം. ഇപ്പോഴുള്ള വീട് ഇടിഞ്ഞു വീഴാറായി. മകളെ വിവാഹം കഴിച്ചയച്ചതിന്റെ ബാധ്യതകളുണ്ടായിരുന്നതിനാൽ വീട് നന്നാക്കാനായില്ല. എന്നാൽ പഞ്ചായത്തിൽ നിന്നും വീട് അനുവദിക്കുന്നതിനായി അപേക്ഷ കൊടുത്തു കാത്തിരിപ്പ് ആരംഭിച്ചിട്ട് വർഷങ്ങളായി. പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇതുവരെ ലഭിച്ചില്ല. പിന്നെ മകന് തൊഴിലെടുത്തു ജീവിക്കുന്നതിന് ഒരു കടയിട്ടു കൊടുക്കണം. എല്ലാം ഈ ചുമലിൽ ഭദ്രമാണ്. വിജയകുമാരിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.
റിച്ചാർഡ് ജോസഫ്