ഉത്തർ പ്രദേശിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്
ഉത്തർ പ്രദേശിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്
പദ്ധതി നിക്ഷേപം 500 കോടി രൂപ

ലഖ്‌നൗ: ഉത്തർ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണപാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര - ഭക്ഷ്യസംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്നചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍,
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി,മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്തു.

ലോകോത്തര നിലവാരമുള്ള സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയ്ക്ക്
വലിയ കൈത്താങ്ങായി മാറുമെന്ന് എം എ യൂസഫലി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്
വിശദീകരിച്ചു. പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടണ്‍ പഴങ്ങളും-പച്ചക്കറികളും
കയറ്റുമതി ചെയ്യാനും, ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടെ
വിതരണം ചെയ്യാനുമാണ് ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനതം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നത്. ചടങ്ങില്‍ ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിന്റെ മാതൃക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു.

കര്‍ഷകര്‍ക്ക് മികച്ച ലാഭം ഉറപ്പാക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന്
നേരിട്ട് സംഭരിയ്ക്കുന്ന രീതിയായിരിക്കും പിന്തുടരുകയെന്നും എം എ യൂസഫലി
വ്യക്തമാക്കി.

അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാകുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേര്‍ക്ക് നേരിട്ടും 1500ലധികം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിയ്ക്കും.


ലഖ്‌നൗവിലെ ലുലു മാളിന്റെ ഉദ്ഘാടനം 2022 ഏപ്രിലില്‍

2000 കോടി രൂപ നിക്ഷേപത്തില്‍ ലഖ്‌നൗവില്‍ സജ്ജമാകുന്ന ലുലു മാളിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന്എം എ യൂസഫലി. ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റോടു കൂടിസജ്ജമാകുന്ന ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

ലഖ്‌നൗവിലെ അമര്‍ ഷഹീദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ലുലു മാളിന്റെ വിസ്തീര്‍ണ്ണം 22 ലക്ഷം ചതുരശ്രയടിയാണ്. 200ലധികം അ്ന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലോകോത്തര നിലവാരമുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 3000 പേര്‍ക്ക് ഒരേസമയം ഭക്ഷണംകഴിക്കാനാകുന്ന ഫുഡ് കോര്‍ട്ട്, വിവിധ രാജ്യങ്ങളിലെയടക്കം
ഭക്ഷ്യ വിഭവങ്ങള്‍ ലഭ്യമാകുന്ന റെസ്‌റ്റോറന്റുകള്‍, പിവിആര്‍ ഗ്രൂപ്പ് ഒരുക്കുന്ന 11 സ്‌ക്രീന്‍ തീയറ്റര്‍, 3000ത്തിലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം എന്നിവയടക്കമാണ്

ലഖ്‌നൗവിലെ ലുലു മാളിന്റെ പ്രത്യേകതകള്‍.

കോവിഡ് തീര്‍ത്ത പ്രതിസന്ധി മൂലം മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം തടസ്സപ്പെട്ടെങ്കിലും, യു പി സര്‍ക്കാരിന്റെ വികസനാനുകൂല കാഴ്ചപ്പാടും നിലവിലെ വ്യവസായ അനുകൂലനയവും പദ്ധതി പൂര്‍ത്തീകരണത്തിന് സഹായകമാണെന്ന് എം എ യൂസഫലി പറഞ്ഞു. ലഖ്‌നൗ ലുലു മാള്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നതോടെ വിനോദത്തിനും
ഷോപ്പിംഗിനും ഉത്തരേന്ത്യയിലുള്ള ഏറ്റവും വലിയ കേന്ദ്രമായി ഇത്
മാറും. ലുലു മാള്‍ പൂര്‍ണ്ണ സജ്ജമാകുന്നതോടെ 5000 പേര്‍ക്ക്നേരിട്ടും, 10000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കാനാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യു പി സര്‍ക്കാരും നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞനന്ദി രേഖപ്പെടുത്തുന്നതായും
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി.

ലുലു ലഖ്നോ റീജിയണൽ ഡയറക്ടർ ജയകുമാർ , ഫെയർ എക്സ്പോര്ട്സ് സി ഇ ഒ നജിമുദീൻ എന്നിവരും സന്നിഹിതരായിരുന്നു

പശ്ചിമേഷ്യ, ഈജിപ്ത്, ഇന്ത്യ, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലായി 220 ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഷോപ്പിംഗ് മാളുകളുമാണ് ലുലു ഗ്രൂപ്പിനുള്ളത്.ആകെ 57000 തൊഴിലാളികളാണ് വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്.



ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ലുലു ഗ്രൂപ്പ്സ്ഥാപിയ്ക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനുള്ള 20 ഏക്കര്‍ സ്ഥലം അനുവദിച്ച രേഖകള്‍ ഗ്രേറ്റര്‍ നോയിഡ് ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ നരേന്ദ്ര ഭൂഷണ്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെസാന്നിധ്യത്തില്‍ എം എ യൂസഫലിക്ക് കൈമാറുന്നു.ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി
സമീപം

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ലുലു ഗ്രൂപ്പ്സ്ഥാപിയ്ക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ മാതൃക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അനാവരണം ചെയ്യുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ഫെയർ എക്സ്പോര്ട്സ് സി ഇ ഒ നജിമുദ്ദിൻ , ലുലു ലഖ്‌നോ റീജിയണൽ ഡയറക്ടർ ജയകുമാർ എന്നിവർ സമീപം