മുല്ലപ്പെരിയാർ അണക്കെട്ട്: കേരളത്തിൽ നിശബ്ദപ്രചാരണം; അഞ്ചു ലക്ഷം ഒപ്പുകൾ പ്രധാനമന്ത്രിക്ക്
Thursday, October 4, 2018 11:15 AM IST
മൂവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സേവ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ നിശബ്ദവിപ്ലവം. ഓൺലൈനിലൂടെ അഞ്ചു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ചു പ്രധാനമന്ത്രിക്കു സമർപ്പിച്ചു കേരളത്തിനനുകൂലമായ നിലപാട് സ്വീകരിപ്പിക്കാനാണു സേവ് കേരള പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
“മുല്ലപ്പെരിയാർ ഡാം ആഗോള ദുരന്തം. കേരളത്തെ രക്ഷിക്കൂ’’ എന്നാവശ്യപ്പെട്ട് ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈൻ പ്രചാരണപരിപാടിയിൽ ഇതിനകം രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ ഒപ്പിട്ടു കഴിഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നു കേരളത്തിനനുകൂലമായ വിധി സന്പാദിച്ച ആലുവസ്വദേശി അഡ്വ. റസൽജോയിയുടെ നേതൃത്വത്തിലാണു സേവ് കേരള ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. സേവ് കേരളയുടെ പ്രസിഡന്റായ റസൽ ജോയി ഒപ്പിട്ടാണു പ്രചാരണം ആരംഭിച്ചത്.
പൊതുസമൂഹത്തിനു മുന്നിൽ ഈ വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഓണ്‍ലൈൻ സംരംഭത്തെ സേവ് കേരള കാണുന്നു. സുപ്രീംകോടതിയിൽ ഈ വിഷയം അവതരിപ്പിച്ചു മുന്നോട്ടു പോകുന്പോൾ തന്നെ കേന്ദ്രസർക്കാരിനും ഈ വിഷയത്തിൽ കേരളത്തെ സഹായിക്കാൻ സാധിക്കുമെന്നു പ്രചാരണക്കാർ ചൂണ്ടിക്കാട്ടുന്നു.
കാലപ്പഴക്കം മാത്രം നോക്കിയാൽ മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ അഞ്ചു ജില്ലകൾ ഈ അണക്കെട്ടിനെ ഭയന്നാണ് കഴിയുന്നത്. ഏകദേശം 40 ലക്ഷം ആളുകൾ, മൃഗങ്ങൾ, വസ്തുക്കൾ എന്നിവയെല്ലാം മുല്ലപ്പെരിയാറിനൊരു വിനാശം വന്നാൽ തകർന്നടിയും. ഇതു കേരളത്തെ രണ്ടായി വിഭജിക്കും.
തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ മുല്ലപ്പെരിയാറിനെ ആശ്രയിച്ചാണു കൃഷി ചെയ്യുന്നത്. കേരളത്തപ്പോലെതന്നെ തമിഴ്നാടിനും പ്രധാനപ്പെട്ടതാണ് ഇതിന്റെ നിലനിൽപ്.
കേരളത്തെയും തമിഴ്നാടിനെയും ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നിവേദനത്തിൽ സേവ് കേരള ആവശ്യപ്പെടും.
ജോണ്സണ് വേങ്ങത്തടം