ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇയുടെ അപൂർവ ബഹുമതി; ജീവനക്കാർക്ക് അവധി
Wednesday, January 30, 2019 10:31 PM IST
അബുദാബി: ഞായറാഴ്ച മുതൽ അബുദാബിയിൽ ത്രിദിന ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇ സർക്കാരിന്റെ അപൂർവ ബഹുമതി. മാർപാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയിൽ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവർക്കെല്ലാം യുഎഇ അവധി നൽകി.
അബുദാബി സഈദ് സ്പോർട്സ് സെന്ററിൽ ചൊവാഴ്ച രാവിലെ നടക്കുന്ന മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാൻ പെർമിറ്റ് ലഭിച്ച രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചതായി മനുഷ്യ വിഭവശേഷിക്കും എമിററ്റൈസേഷനുമായുള്ള മന്ത്രാലയം അറിയിച്ചു. വിദേശരാഷ്ട്ര തലവന്മാരുടെ സന്ദർശനത്തോട് അനുബന്ധിച്ച് അവധി നൽകുന്ന പതിവ് യുഎഇയിൽ ഇല്ല. ദിവ്യബലിക്കായി സ്പോർസ് സെന്ററിലേക്കു പോകുന്ന മുഴുവൻ വിശ്വാസികൾക്കും യുഎഇയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നു സൗജന്യ യാത്രാസൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കാനാണ് ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. പത്തു ലക്ഷത്തോളം വിശ്വാസികളുള്ള ഗൾഫ് മേഖലയിൽ 1,35,000 പേർക്കാണു ദിവ്യബലിയിൽ പങ്കെടുക്കാൻ സൗജന്യ പാസ് ലഭിച്ചത്.
യുഎഇ കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹിയാന്റെ ക്ഷണം സ്വീകരിച്ചാണ് കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ ത്രിദിന സന്ദർശനത്തിനെത്തുന്നത്.