പ്രഖ്യാപന പെരുമഴ: ആദായ നികുതിയിൽ വൻ ഇളവ്; കർഷകർക്ക് വാരിക്കോരി
Friday, February 1, 2019 1:45 PM IST
ന്യൂഡൽഹി: വിലയിരുത്തലുകൾ അങ്ങനെ തന്നെ സംഭവിച്ചു. മോദി സർക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപന പെരുമഴയായി. ധനസഹ മന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ വമ്പിച്ച പ്രഖ്യാപനങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ആദായ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയാക്കി. 2.5 ലക്ഷം എന്ന പരിധിയിൽ നിന്നാണ് അഞ്ചു ലക്ഷമെന്ന പരിധി പ്രഖ്യാപിച്ചത്. ഈ വർഷം നിലവിലെ നിരക്ക് തുടരുമെന്നും റിബേറ്റ് പിന്നീടെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. പരിധി അഞ്ചു ലക്ഷമാക്കിയത് മധ്യവർഗത്തിൽപ്പെട്ട മൂന്ന് കോടി ആളുകൾക്ക് 18,500 കോടി രൂപയുടെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചു ലക്ഷമെന്ന നിരക്ക് ഇളവുകൾ ചേരുമ്പോൾ ഫലത്തിൽ പരിധി 6.5 ലക്ഷമാകുമെന്നും മന്ത്രി വ്യക്തമാക്കി. 40,000 രൂപയായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50, 000 രൂപയാക്കിയെന്നും വാടകയ്ക്ക് 2.4 ലക്ഷം വരെ ടിഡിഎസ് ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 40,000വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും ടിഡിഎസ് ഇല്ലെന്നും പ്രഖ്യാപനത്തിലുണ്ട്. ഇതിനൊപ്പം, രാജ്യത്തിന്റെ ആദായ നികുതി വരുമാനം 12 ലക്ഷം കോടിയായി വർധിച്ചെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ കർഷകർക്ക് ആഹ്ലാദിക്കാൻ അവസരം നൽകുന്ന ഏറെ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്. കർഷകരുടെ ഉന്നമനമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ഗോയൽ 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വ്യക്തമാക്കി. ചെറുകിട കർഷകർക്കായി വരുമാന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
"പ്രധാൻ മന്ത്രി കിസാൻ സമ്മാൻ' എന്നതാണ് പദ്ധതി. ഇത് പ്രകാരം രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് വർഷം 6,000 രൂപ നൽകും. പണം കർഷകരുടെ അക്കൗണ്ടിലേക്കാണ് നൽകുക. മൂന്ന് ഗഡുക്കളായാണ് ഈ പണം നൽകുകയെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ 12 കോടി കർഷക കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. 75,000 കോടി രൂപ പദ്ധതി നടത്തിപ്പിനായി ഇതിനോടകം മാറ്റി വച്ചെന്നും ഗോയൽ അറിയിച്ചു.
കർഷകർക്കായുള്ള പ്രത്യേക പദ്ധതിക്കു പുറമേ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്ഷന് പദ്ധതി, ഗോ സംരക്ഷണ പദ്ധതി, ഇഎസ്ഐ പരിധി വര്‍ദ്ധന തുടങ്ങിയ ക്ഷേമ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.
ഇഎസ്ഐ പരിധി 21,000 ആക്കി ഉയർത്തുകയും ഗ്രാറ്റുവിറ്റി പരിധി നിലവിലുള്ള 10 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. പ്രതിരോധ മേഖലയ്ക്കായി മൂന്ന് ലക്ഷം കോടിയാണ് മാറ്റിവച്ചിട്ടുള്ളത്. സൈനികരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.