നിപ്പ: സർക്കാരിന് പൂർണ പിന്തുണയെന്ന് ചെന്നിത്തല
Tuesday, June 4, 2019 11:27 AM IST
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ്പ രോഗം സംശയിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ നൽകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ്പയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല. വൈറസിനെ ഫലപ്രദമായി ചെറുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകിയിരിക്കുന്ന പരിശോധനാ ഫലം ഇന്നു ലഭിക്കുമെന്നാണ് വിവരം. രാവിലെ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.