ഇനി ജമ്മു കാഷ്മീരിന് പ്രത്യേക പദവി ഇല്ല: ആർട്ടിക്കിൾ 370 റദ്ദാക്കി
Monday, August 5, 2019 4:10 PM IST
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതുസംബന്ധിച്ച് നിർണായക ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലിൽ ഒപ്പുവച്ചത്.
ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയിൽ കൊണ്ടുവന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കുക, ഭരണഘടനയിലെ ആർട്ടിക്കിൾ 35എയിൽ നൽകിയിരിക്കുന്ന ആനുകൂല്യങ്ങൾ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനഃസംഘടിപ്പിക്കുക തുടങ്ങിയവയാണ് അത്.

അമിത്ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് ആർട്ടിക്കിൾ 370 സംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങിയത്. 1950ൽ ഭരണഘടന നിലവിൽ വന്നതു മുതലുള്ള ചരിത്ര ബിൽ തിരുത്തിയെഴുതുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 370-ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു ബിജെപി നിലനിർത്തിയിരുന്നത്. പ്രകടന പത്രികയിലും അവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
രണ്ടു മേഖലകളായി കാഷ്മീരിനെ വിഭജിക്കാനുമാണ് ബില്ലിലെ മറ്റൊരു തീരുമാനം. ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജനം. ജമ്മു കാഷ്മീർ ഡൽഹി മാതൃകയിൽ കേന്ദ്ര ഭരണപ്രദേശമായി മാറ്റും. നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശമായിരിക്കും ഇത്. ഈ ബില്ലിൻ മേൽ രാജ്യസഭയിൽ ഇപ്പോൾ ചർച്ച നടക്കുകയാണ്.
അതേസമയം, ബിജെപി ഭരണഘടനയുടെ അന്ത്യം കുറിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ പറഞ്ഞു. ഭരണഘടന കീറിയെറിഞ്ഞ രണ്ടു പിഡിപി അംഗങ്ങളെ രാജ്യസഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
നേരത്തേ, ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് രാജ്യസഭയിൽ ബില്‍ അവതരിപ്പിക്കാൻ അനുമതി നൽകിയത്. കാഷ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു ദിവസമായി നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാഷ്മീരിലെ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയിരുന്നു.