ജമ്മു കാഷ്മീർ നിയമസഭയിൽ സീറ്റു കൂട്ടും
Tuesday, August 6, 2019 11:08 AM IST
ന്യൂഡൽഹി: കാഷ്മീരിന്റെ വിധി മാറ്റിയ നിയമനിർമാണത്തിനു പിന്നാലെ മണ്ഡലങ്ങളുടെ എണ്ണവും കൂട്ടുന്നു.
ലഡാക്ക് ഉൾപ്പെടെ നിലവിലുണ്ടായിരുന്ന ജമ്മുകാഷ്മീരിൽ 87 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ലഡാക്കിൽ നാല് സീറ്റുകളാണുള്ളത്. മണ്ഡല പുനർനിർണയത്തിനുശേഷം ഏഴു സീറ്റുകൾ കാഷ്മീരിൽ വർധിക്കും. ഇനി ലഡാക്കിലെ നാലു സീറ്റ് ഒഴിവാക്കിയാലും ജമ്മു കാഷ്മീരിൽ 90 സീറ്റുകളുണ്ടായിരിക്കും.
ജമ്മുകാഷ്മീർ മേഖലയിൽ മൂന്ന് സീറ്റുകൾ കൂട്ടാനുള്ള സർക്കാർ തീരുമാനത്തത്തുടർന്നാണിത്. ഇതിന്റെ തുടർ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണയിക്കും. നിലവിൽ ജമ്മുകാഷ്മീരിൽ 111 നിയമസഭാ സീറ്റുകളും 13 ലോക്സഭാ സീറ്റുകളുമാണ് ഭരണഘടനാപ്രകാരമുണ്ടായിരുന്നത്.ഇതിൽ പാക് അധീന കാഷ്മീരിനായി ജമ്മുകാഷ്മീർ നിയമസഭയിലേക്ക് 24 സീറ്റുകളും ലോക്സഭയിലേക്ക് ഏഴ് സീറ്റുകളുമാണ് നീക്കിവച്ചിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന ജമ്മുകാഷ്മീർ നിയമസഭയുടെ അംഗസംഖ്യ 113ആണ്. ഇതിൽ 87 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നു. രണ്ടുപേർ നാമനിർദേശം ചെയ്യപ്പെടുന്നു. ബാക്കി 24 സീറ്റ് പാക് അധീന കാഷ്മീരിനായി നീക്കിവച്ചിരി ക്കുകയാണ്.
ഭരണഘടനപ്രകാരം ലോക്സഭയിൽ അംഗസംഖ്യ 552 ആണ്. ഇതിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് 543 മണ്ഡലങ്ങളിലേക്ക്. രണ്ടുപേർ നാമനിർദേശം ചെയ്യപ്പെടുന്നു. ബാക്കി ഏഴു സീറ്റ് പാക് അധീന കാഷ്മീരിനായി നീക്കിവച്ചിരിക്കുകയാണ്. ഇപ്പോൾ നിയമസഭാ സീറ്റുകൾ കൂട്ടുമ്പോൾ ലോക്സഭാ സീറ്റിൽ മാറ്റംവരില്ല.