കുടുംബങ്ങളിൽ നിറഞ്ഞ വെളിച്ചം
Saturday, October 12, 2019 12:18 PM IST
കേരളമണ്ണിനു ദൈവം വരദാനമായി തന്ന ഒരു വലിയ വിശുദ്ധയാണു വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. വിശുദ്ധ അമ്മത്രേസ്യയെപ്പോലെ ഒരു മിസ്റ്റിക്; വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ ഒരു പഞ്ചക്ഷതധാരി; വിശുദ്ധ മദർ തെരേസയെപ്പോലെ ഒരു ജീവകാരുണ്യ പ്രവർത്തക. 50 വർഷം മാത്രം നീണ്ടുനിന്ന ആ ജീവിതം ക്രൂശിത നാഥനോടുളള ആഴമായ സ്നേഹത്തിൽനിന്നു പൊട്ടിവിരിഞ്ഞ “കുടുംബപ്രേഷിതത്വം’ എന്ന ഒരു പുതിയ ദൗത്യത്തിനു വഴിതെളിച്ചു.
തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിച്ചുവളർന്ന മറിയം ത്രേസ്യ, ദൈവദാസി, ധന്യ, വാഴ്ത്തപ്പെട്ടവൾ എന്നീ പദവികൾ പിന്നിട്ട് വിശുദ്ധ ആയി പ്രഖ്യാപിക്കപ്പെടാൻ ഇനി 12 ദിനങ്ങൾ മാത്രം. ഒക്ടോബർ 13ന് റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പയുടെ പ്രഖ്യാപനം- ഒരു വ്യക്തിയുടെ വിശുദ്ധിക്കു മേലുള്ള ദൈവത്തിന്റെ കൈയൊപ്പാണ്.
ത്രേസ്യ എന്ന ഗ്രാമീണകന്യകയുടെ ആത്മനൈർമല്യവും വിശുദ്ധിയും കണ്ട് ആകർഷിതനായ ദൈവം പലവട്ടം അവൾക്കായി സ്വർഗംവിട്ട് മണ്ണിലിറങ്ങിവന്നു എന്നു മറിയം ത്രേസ്യയുടെ ജീവിതചരിത്രം പഠിക്കുന്നവർക്കു സുവ്യക്തമാണ്. മരണശേഷം ആ അമ്മയോടുളള പ്രാർഥനകൾക്കു ദൈവം നല്കുന്ന മറുപടി എത്രയോ അദ്ഭുതാവഹമെന്നു മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരി ഭവനത്തിൽ ചെന്നാലറിയാം.
അവയിൽ വളരെ പ്രാധാന്യമേറിയ ഒന്ന്, അമ്മാടം പല്ലിശേരി മാത്യു എന്ന ബാലന്റെ ഇരുകാലുകളുടെയും പൂർണസൗഖ്യമാണ്. മറിയം ത്രേസ്യയുടെ മാധ്യസ്ഥ്യം കരഞ്ഞപേക്ഷിച്ച കുടുംബത്തിന്റെ ദുഃഖത്തിനറുതി വരുത്തി, അമ്മ ഒരു രാത്രിയിൽ അവന്റെ കാലുകൾ തഴുകി സുഖപ്പെടുത്തി. കാലിന്റെ അസ്ഥികൾക്ക് ആറ് ഓർത്തോ സർജറി നടത്തിയാൽ പോലും ഇത്രയും സുഖമാകില്ല എന്നു ഡോക്ടർമാർ ഏകകണ്ഠമായി വിധിയെഴുതി. ദൈവത്തിന്റെ വഴികൾ എത്ര വിസ്മയാവഹം!
വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനു ശേഷവും ധാരാളം അദ്ഭുതങ്ങൾ നടന്നു. നാമകരണത്തിനു മുന്നോടിയായി പ്രത്യേകം പഠനവിഷയമായതും മാർപാപ്പ അംഗീകരിച്ചതുമായ അദ്ഭുതം, തൃശൂർ പെരിഞ്ചേരിയിൽ ക്രിസ്റ്റഫർ ജോഷി എന്ന ബാലനു Acute Respiratory Failure എന്ന രോഗത്തിൽനിന്നു ലഭിച്ച അദ്ഭുത രോഗശാന്തിയാണ്.
വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക പുണ്യങ്ങളുടെ വീരോചിതമായ അനുഷ്ഠാനം ജീവിതത്തിലുടനീളം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുക എന്നതാണ് ഒരുവനെ വിശുദ്ധ പദവിക്കർഹമാക്കുന്ന ഏറ്റവും വലിയ മാനദണ്ഡം.
നമ്മുടെ സ്വന്തം മണ്ണിൽ പിറന്നുവീണ്, സഹജീവികളുടെ നൊന്പരവും കണ്ണീരും സ്വന്തമാക്കി, പ്രാർഥനയാലും തപസാലും സ്ഫുടം ചെയ്യപ്പെട്ട ആത്മാവിൽ ദൈവികത നിറച്ച്, കുടുംബങ്ങളിൽ വെളിച്ചം വിതറിയ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ശുഭദിനത്തിലെ മണിനാദത്തിനായി നമുക്കു കാതോർക്കാം.
സിസ്റ്റർ ഡോ. റോസ് ബാസ്റ്റിൻ സിഎച്ച്എഫ്