കാത്തിരിപ്പിന്റെ പുണ്യം
Saturday, October 12, 2019 12:26 PM IST
മനോദർപ്പണത്തിൽ ഒരു വലിയ കാത്തിരിപ്പിന്റെ ചിത്രം നിറഞ്ഞുനിൽക്കുന്നുണ്ട്. ജീവിച്ചിരിക്കുന്പോഴേ “വിശുദ്ധ’യെന്നു ജനഹൃദയങ്ങൾ മന്ത്രിച്ച ഒരു പുണ്യജീവിതത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ പുത്തൻചിറക്കാർ മുതൽ അനേകർ അമ്മയുടെ വേർപാടിനുശേഷം കാത്തിരുന്നു. 2019 ഒക്ടോബർ 13 ലെ ആ ഒരു നിമിഷം ഒട്ടേറെപ്പേർ കാണാൻ കൊതിച്ചിരുന്നതാണ്. “എന്നാണു മറിയം ത്രേസ്യാമ്മ ഒരു വിശുദ്ധയാവുക’’? കഴിഞ്ഞ ജൂണ് എട്ടിന് അമ്മ മരിച്ചിട്ട് 93 വർഷം പൂർത്തിയായി. കാത്തിരുന്ന പലരും ഈ ഭൂമിയിൽനിന്നു മറഞ്ഞുപോയി.
കാത്തിരിപ്പ് എന്നതു ജീവിതത്തിന്റെ തന്നെ ഒരു പര്യായമാക്കി മാറ്റിയ ഒരു വലിയ വിശുദ്ധയാണ് മറിയം ത്രേസ്യ. ബാല്യം മുതൽ അവൾ ദാഹത്തോടെ കാത്തിരുന്നു, ഒന്നു കുന്പസാരിക്കാൻ, ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാൻ; തുടർന്ന് ദൈവിക പദ്ധതിയുടെ പൂർത്തീകരണംവരെ. അതിനു വേണ്ടതു തപോനിഷ്ഠകളായാലും, അഭിമാന ക്ഷതങ്ങളായാലും, ശാരീരിക മാനസിക വേദനകളായാലും പ്രശ്നമില്ല, അതു നിറവേറുംവരെ കാത്തിരിക്കുക- അതാണ് മറിയം ത്രേസ്യ.
വിശുദ്ധിയുടെ ഈ പ്രഭാതമലരിന്റെ പരിമളത്തിൽ ദൈവിക തിരുമനസിനു കാത്തുനിന്നതിന്റെ പൂന്പൊടിയുണ്ട്. പ്രപഞ്ചമാകെ നറുമണം പരത്തുന്ന ഈ പുണ്യാത്മാവിന്റെ വിശുദ്ധി നമ്മുടെ അന്തരംഗങ്ങളെ ഉണർത്തട്ടെ.
സഹനത്തിന്റെ അത്യുച്ചാവസ്ഥയിൽ വിക്ഷോഭങ്ങളൊന്നുമില്ലാതെ അവർ പ്രശാന്തയായി കാത്തിരുന്ന ഒരു സംഭവം: അമ്മയുടെ സവിശേഷമായ ദൈവികാനുഭവങ്ങൾ ഒരു സാധാരണക്കാരനു മനസിലാക്കാവുന്നവയായിരുന്നില്ല. മനോവിഭ്രാന്തിയുടെ ബഹിർസ്ഫുരണമെന്ന് ഒരുപക്ഷേ വിശേഷിപ്പിച്ചിരിക്കാം.
ഒരു നൂറ്റാണ്ടു മുൻപ് പൈശാചിക പീഡയെന്നേ പറയൂ. അതാണെന്നു സൂചിപ്പിക്കുന്ന, പിശാചിനെ വിലക്കുന്ന ഒരു കല്പന സഭാധികാര തലങ്ങളിൽനിന്നു സ്വഭവനത്തിന്റെ വാതായനങ്ങളിൽ പ്രസിദ്ധപ്പെടുത്തിയാൽ ഉണ്ടാകുന്ന ആത്മനൊന്പരവും ആത്മാഭിമാന ക്ഷതവും ഒന്നോർത്തുനോക്കൂ. പക്ഷേ, അമ്മയുടെ മനസിൽ അതിനെ അതിജീവിക്കുന്ന വലിയ കാത്തിരിപ്പുണ്ട്. കാരണം, ഇതും ദൈവ തിരുമനസാണ്.
അതിനെ അമ്മ വിശേഷിപ്പിച്ചത് “ഭാഗ്യപ്പെട്ട സമ്മാന’’മെന്നാണ്. കാരണം നശ്വരമായ ഈ സഹനങ്ങൾക്കപ്പുറം വരുന്ന അമൂല്യമായ ഒരു രത്നാകരം അമ്മയുടെ കാത്തിരിപ്പിലുണ്ട്. ദിവസങ്ങളേറെ ചെന്നപ്പോൾ ഈ മുടക്കുകല്പന കേടുവന്നുപോയി. വാതിലിൽ ഒട്ടിച്ചുവച്ച അതു വായിക്കാൻ കഴിയാതെയായി. അതൊന്നു പുതുക്കി വേറെയൊന്നു പകരംവയ്ക്കാൻ എന്തു ചെയ്യണമെന്നാണു മറിയം ത്രേസ്യ ആലോചിച്ചത്. അതുകൊണ്ടുണ്ടാകുന്ന ക്ലേശങ്ങൾക്കും വിധേയപ്പെടലുകൾക്കുമപ്പുറം കാത്തിരിക്കാം; അതാണ് ദൈവതിരുമനസ്- അമ്മയുടെ നിലപാട് അതായിരുന്നു.
നമ്മുടെ ലക്ഷ്യം മഹത്താണെങ്കിൽ നാം ക്ഷമാപൂർവം കാത്തിരിക്കും; ലക്ഷ്യം ചെറുതെങ്കിൽ കാത്തിരിപ്പിന്റെ ദൈർഘ്യവും കുറയും. പരലോകഭാഗ്യംവരെ നീളുന്ന അലൗകികമായ ആ കാത്തിരിപ്പിനുള്ള അനുഗ്രഹം വിശുദ്ധ മറിയം ത്രേസ്യ നമുക്കു പ്രദാനം ചെയ്യട്ടെ.
സിസ്റ്റർ ഡോ. ഇസബെൽ സിഎച്ച്എഫ്