മറിയം ത്രേസ്യ അനുഭവിച്ച സ്വാതന്ത്ര്യം
Saturday, October 12, 2019 12:28 PM IST
മനുഷ്യൻ ഏറ്റവും വിലമതിക്കുന്ന ഒന്നാണു സ്വാതന്ത്ര്യം. ഒരു കൊച്ചുകുഞ്ഞ് ജനിച്ചുവീഴുന്പോൾ മുതൽ വളർച്ചയോടൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടിയുളള അവന്റെ ദാഹ തീക്ഷ്ണതയും ഏറിവരുന്നു. സ്നേഹവും ബഹുമാനവും ഉള്ളിടത്തു സ്വാതന്ത്ര്യം കൂടുതൽ പ്രകടമാകുന്നു; അല്ലാത്തിടത്ത് അകൽച്ചയും അസമാധാനവും.
യഥാർഥ സ്വാതന്ത്ര്യം എക്കാലവും നിർലോഭം അനുഭവിച്ച വ്യക്തിയാണു വിശുദ്ധ മറിയം ത്രേസ്യ. ദൈവം സ്വന്തം പിതാവെന്ന് അടിയുറച്ചു വിശ്വസിച്ച മറിയം ത്രേസ്യ, ആ പിതാവിനെ ചേർത്തുപിടിച്ചു ജീവിച്ചപ്പോൾ അനുഭവിച്ച സ്വാതന്ത്ര്യം ദൈവമക്കളുടെ സ്വാതന്ത്ര്യമായിരുന്നു.
സ്ത്രീകൾക്കു വീടിനു പുറത്തിറങ്ങാനോ ഉച്ചത്തിൽ സംസാരിക്കാനോ വിദ്യ അഭ്യസിക്കാനോ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് (1876-1926) വീടുകൾ തോറും കയറിയിറങ്ങി സമാധാനവും സന്തോഷവും പകർന്നുകൊടുക്കുകയും വിദ്യാലയങ്ങൾ സ്ഥാപിച്ചു കുട്ടികളെ പ്രബുദ്ധരാക്കുകയും ദുർമാർഗത്തിൽ ചരിച്ചിരുന്നവരെ നേർവഴിക്കു തിരിക്കുകയും അന്ധവിശ്വാസത്തിൽ കഴിഞ്ഞവരെ ദൈവവിശ്വാസത്തിലേക്കും ദൈവസ്നേഹത്തിലേക്കും നയിക്കുകയും ചെയ്യാൻ മറിയം ത്രേസ്യയ്ക്കു സാധിച്ചു.
ദൈവത്തെ സ്നേഹിക്കാൻ നന്നേ ചെറുപ്പം മുതൽ ക്ലേശിച്ചിരുന്ന മറിയം ത്രേസ്യ, സഹോദരങ്ങളിൽ ദൈവത്തെ കണ്ടു, സ്നേഹശുശ്രൂഷ ചെയ്തു. കുടിലിലെ തൈരി മുതൽ കൊച്ചി മഹാരാജാവ് വരെ അവളുടെ ശുശ്രൂഷയുടെ കരങ്ങൾ നീണ്ടു.
രാത്രിയും പകലും അമ്മയ്ക്കു പ്രവർത്തന സമയമായിരുന്നു. കാരുണ്യം ചൊരിയാൻ സന്യാസത്തിന്റെ മതിൽക്കെട്ടുകളോ വിശുദ്ധ വസ്ത്രമോ നിയമങ്ങളോ സഭാധികാരികളോ ചുറ്റുമുള്ള ജനങ്ങളോ ആ വിശുദ്ധയ്ക്ക് ഒരു വിലങ്ങായിരുന്നില്ല; മറിച്ച്, സ്വാതന്ത്ര്യത്തിലേക്കു പറക്കാനും ഉൗളിയിട്ടിറങ്ങാനും അവളുടെ ചിറകുകൾക്കു ബലം പകരുന്നവയായിരുന്നു.
സന്യാസ വസ്ത്രവും നിയമങ്ങളും അധികാരികളും ഒക്കെ ഇന്നു സ്വതന്ത്രപൂർണമായ ജീവിതത്തിനു തടസം എന്നു തോന്നുന്നവർക്ക്, ധൈര്യമായി മറിയം ത്രേസ്യയുടെ ജീവിതം കണ്ടു പഠിക്കാം. ദൈവത്തിനു സ്വമനസാ സന്പൂർണ സമർപ്പണം ചെയ്ത മറിയം ത്രേസ്യയ്ക്കു ദൈവഹിതം തിരിച്ചറിയാനും അതു നിറവേറ്റി ജീവിക്കാനും സദാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നമ്മുടെ മനഃസാക്ഷിയും നിയോഗങ്ങളും ശുദ്ധമെങ്കിൽ ദൈവം നമ്മുടെ പക്ഷത്തുണ്ടാകും. ദൈവം നമ്മുടെ കൂടെയെങ്കിൽ ആരു നമുക്ക് എതിരു നിൽക്കും?
ദൈവത്തെ സ്നേഹിച്ചു ജീവിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കും. ഈലോക ബഹുമാനം തെല്ലും ആഗ്രഹിക്കാതെ പരലോക ബഹുമാനം മാത്രം തേടി ജീവിച്ച മറിയം ത്രേസ്യയ്ക്ക് ഇന്നു പരലോക ബഹുമാനത്തോടൊപ്പം ഏറ്റവും ഉന്നതമായ ലോകബഹുമാനവും ദൈവം സമ്മാനിച്ചിരിക്കുന്നു!
സിസ്റ്റർ ഡോ.ആനി കുര്യാക്കോസ് സിഎച്ച്എഫ്