മറിയം ത്രേസ്യ എന്ന മിസ്റ്റിക്
Saturday, October 12, 2019 12:34 PM IST
ദൈവവുമായുളള ആഴമായ ബന്ധമാണ് ഒരു വ്യക്തിയെ ‘മിസ്റ്റിക്’ ആക്കിതീർക്കുന്നതെങ്കിൽ, നന്നേ ചെറുപ്പത്തിൽതന്നെ ത്രേസ്യ ഒരു മിസ്റ്റിക് ആയിരുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള സമാഗമത്തിനുവേണ്ടിയുള്ള മനുഷ്യന്റെ നൈസർഗിക തൃഷ്ണയിൽ ഉരുത്തിരിഞ്ഞ ആഴമേറിയ ദൈവാനുഭവ ബോധമാണ് മിസ്റ്റിസിസം.
ആധ്യാത്മികമായ അനുഭൂതിയെന്ന നിലയിൽ ഇതു സാർവലൗകികമാണ്. ദൈവത്തിന്റെ ദർശനത്തിൽനിന്നുണ്ടാകുന്ന ആത്മാനുഭൂതിയുടെ ആവിഷ്കരണം. ദൈവവുമായി ഒന്നിക്കാനുള്ള സ്വാഭാവിക പ്രവണത ഓരോ മനുഷ്യനിലുമുണ്ടെങ്കിൽ, ഈ ദൈവ മനുഷ്യ സംയോഗ വ്യഗ്രതയാണ് മിസ്റ്റിസിസത്തിന് ആധാരമായി നിലകൊള്ളുന്നത്.
ത്രിയേക ദൈവത്തിന്റെ കൂട്ടായ്മയിൽ അസ്തിവാരമിട്ട മറിയം ത്രേസ്യയുടെ വീരോചിതമായ ജീവിതത്തിലേക്ക്, അതിഗഹനങ്ങളായ ദൈവിക രഹസ്യങ്ങൾപോലും ദൈവം വെളിപ്പെടുത്തിക്കൊടുത്തു. മനുഷ്യന്റെ സാമാന്യബുദ്ധിക്കു ഗ്രഹിക്കാനാകാത്ത വിധത്തിൽ, ദൈവാത്മാവുമായി ലയിച്ച മറിയം ത്രേസ്യ, ദൈവികതയെ മാറ്റിനിറുത്തി, ജീവിതത്തിൽ യാതൊന്നുമില്ലാത്ത അവസ്ഥയിലേക്ക് ഉയർന്നു.
കുരിശിന്റെ വിശുദ്ധ യോഹന്നാനും, ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയും സ്വന്തമാക്കിയതുപോലെ, ദിവ്യദർശനങ്ങളിലൂടെയും, മൗതികാനുഭവങ്ങളിലൂടെയും, തന്റെ അന്തരാത്മാവ് സ്വർഗീയാനുഭവത്തിന്റെ ഏഴാംതട്ടുവരെ ഉയർന്നപ്പോഴും മറിയം ത്രേസ്യയുടെ പാദങ്ങൾ ഈ മണ്ണിലെ വേദനിക്കുന്ന മക്കളിലും അവരുടെ കുടുംബങ്ങളിലും ഉൗന്നിനിന്നു.
ക്രൂശിതനായ ക്രിസ്തുവിനോടു താദാത്മ്യപ്പെടാനുള്ള ഉൽക്കടമായ ആഗ്രഹത്തിൽ അവൾക്കു ലഭിച്ച ഒളിമങ്ങാത്ത സമ്മാനമാണ് ദൈവം കനിഞ്ഞുനല്കിയ പഞ്ചക്ഷതങ്ങൾ. ഈശോയുടെ തിരുഹൃദയത്തിന്റെ നേർക്കുള്ള ഭക്തി ഈ ഭക്തയിൽ കത്തിയെരിഞ്ഞിരുന്നതിനാൽ മുൾമുടിയാൽ ചുറ്റപ്പെട്ട തന്റെ തിരുഹൃദയത്തെ ഈശോ സമ്മാനിച്ചു. അതിനാൽ മരണംവരെ എപ്പോഴും ഇവളുടെ ചങ്ക് വേദന അനുഭവിച്ചിരുന്നു. ദൈവൈക്യത്തിന്റെ മുദ്രയായി ജ്ഞാനവിവാഹത്തോളമെത്തുന്ന സ്വർഗീയാനുഭൂതി മറിയം ത്രേസ്യ അനുഭവിച്ചിരുന്നു.
ആത്മമണവാളനായ യേശു വിരലിൽ മോതിരം ചാർത്തുന്നതും ഹൃദയഭേദനവും ഇതര മിസ്റ്റിക്കുകളുടെ ജീവിതത്തിലെന്നപോലെ ഈ വിശുദ്ധാത്മാവിന്റെ ജീവിതത്തിലും അനുഭവവേദ്യമായി. ഒരിക്കൽ ഒരു മാലാഖ വന്നു കുന്തം കൊണ്ട് അവളുടെ ഇടത്തെ വിലാവിൽ കുത്തി. ചോരയും വെള്ളവും ഒഴുകി. അതോടെ ത്രേസ്യയ്ക്കു ബോധക്ഷയമുണ്ടായി. ചങ്കിലെ വേദന ഭയങ്കരമായി. ആ മുറിവിൽനിന്നൊഴുകിയ രക്തം പുരണ്ട വസ്ത്രം തിരുശേഷിപ്പുകളുടെയൊപ്പം ഇന്നും കാണാം, കുഴിക്കാട്ടുശേരിയിൽ. വെള്ളിയാഴ്ചദിവസങ്ങളിൽ ഉച്ചതിരിഞ്ഞു കർത്താവിന്റെ പീഡാനുഭവങ്ങൾ മറിയം ത്രേസ്യക്കു കൊടുത്തിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ദൈവാനുഭവത്തിൽ ചാലിച്ചെടുത്ത മൗതികാനുഭവങ്ങളെ, സാധാരണക്കാരന്റെ സമുദ്ധാരണത്തിനായി പരിവർത്തനം ചെയ്ത മറിയം ത്രേസ്യയുടെ ജീവിതശൈലി സ്വർഗത്തിന്റെ വാതായനങ്ങൾ തുറക്കാൻ പര്യാപ്തമായി. അങ്ങനെ, മറിയം ത്രേസ്യ എന്ന തപസ്വി തന്റെ ജീവിതം ആത്മീയോത്സവങ്ങളുടെ പറുദീസയാക്കുകയായിരുന്നു.
സിസ്റ്റർ ഡോ. ജോസഫിൻ ഡേവിസ് സിഎച്ച്എഫ്