കർമോത്സുകമായ അജപാലനം
Saturday, October 12, 2019 12:41 PM IST
അജപാലന ശുശ്രൂഷാരംഗത്തു ക്രിസ്തുശിഷ്യത്വത്തിനു ലോകം വച്ചുനീട്ടുന്ന അലച്ചിലിന്റെയും യാതനയുടെയും കർമഭൂമിയിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ നടത്തിയ ആത്മീയ വിളവെടുപ്പിന്റെ സമൃദ്ധി ആരെയും അത്ഭുതപ്പെടുത്തും. അജ്ഞതയും അന്ധവിശ്വാസങ്ങളും ചേർത്തൊരുക്കിയ ദുഃശ്ശീലങ്ങളുടെ ചതിക്കുഴികളിൽപെട്ട് നശിച്ചുപോകുന്ന കുടുംബങ്ങളെ ഉദ്ധരിച്ചെടുക്കുവാൻ അവർക്കിടയിലേക്കു പറന്നിറങ്ങിയ ആ മാലാഖയുടെ ചിറകുകൾക്കു കരുത്തു പകർന്നതു സ്വർഗീയ ദർശനങ്ങളും അനുഭവങ്ങളുമാണ്.
പാപത്തിനെതിരേയുള്ള യുദ്ധമായിരുന്നു പാപികളുടെ രക്ഷയ്ക്കുവേണ്ടിയുള്ള മറിയം ത്രേസ്യയുടെ ജീവിതമുറ. പാപികളുടെ മാനസാന്തരത്തിനുവേണ്ടിയുളള പ്രാർത്ഥനയും, കുമ്പസാരത്തിനും വിശുദ്ധ കുർബാന സ്വീകരണത്തിനുമുള്ള ഒരുക്കലും ഈ യുദ്ധത്തിൽ, പരഹൃദയ ജ്ഞാനിയായ മറിയം ത്രേസ്യക്ക് ദൈവം നല്കിയ പ്രത്യേക ദൗത്യങ്ങളായിരുന്നു. പണമോ പ്രത്യുപകാരമോ പ്രതീക്ഷിക്കാതെ ശാരീരിക മാനസിക രോഗങ്ങളാൽ പീഡിതരായവരെ ശുശ്രൂഷിക്കുക മറിയം ത്രേസ്യയുടെ പതിവായിരുന്നു. ഒരു പാപിയെ നല്ല വഴിക്കാക്കുകയും ആരോരുമില്ലാത്തവരേയും ദരിദ്രരേയും സഹായിക്കുകയും ചെയ്യുന്നവർക്കു ദൈവം തന്റെ കൃപകൾ സമൃദ്ധമായി വർഷിക്കുമെന്നു ത്രേസ്യ പലപ്പോഴും പറഞ്ഞിരുന്നു.
ദരിദ്രരെ സംരക്ഷിക്കുക, രോഗികളെ ശുശ്രൂഷിക്കുക, നല്ല മരണത്തിനുവേണ്ടി മരണാസന്നരെ ഒരുക്കുക, പാപികളെ മാനസാന്തരപ്പെടുത്തുക തുടങ്ങി നിത്യരക്ഷയ്ക്കായി എന്തെല്ലാം ശുശ്രൂഷകൾ ആവശ്യമുണ്ടോ അതെല്ലാം അവൾ ചെയ്തിരുന്നു. ഇടവകാംഗങ്ങളിൽ ഒരാൾ മരിച്ചാൽ ആത്മാവ് സ്വർഗപ്രവേശനം ചെയ്യുന്നതുവരെ, ശുദ്ധീകരാത്മാക്കളുടെ ദർശനം ലഭ്യമായിരുന്ന മറിയം ത്രേസ്യ പരിഹാരങ്ങളനുഷ്ഠിച്ച് പ്രാർത്ഥിക്കുമായിരുന്നു. മരണവേളയിൽ തന്റെ സാന്നിധ്യവും പ്രാർത്ഥനയും ലഭിക്കാതെ ഒരു പാപിപോലും നശിക്കരുത് എന്ന തീവ്രമായ ആഗ്രഹം ത്രേസ്യക്കുണ്ടായിരുന്നു.
ദിവ്യകാരുണ്യവും കുരിശിൻചുവടും ഇഷ്ട ഇടങ്ങളായിരുന്ന മറിയം ത്രേസ്യ, മുറിക്കപ്പെടുന്ന അപ്പത്തിലും കുരിശു ചുമക്കുന്ന ദിവ്യനാഥനിലും കണ്ടതു ലോകം മുഴുവനിലെയും, വിശിഷ്യ, സ്വന്തം ഇടവകയിലെയും മുറിവേറ്റ ഹൃദയങ്ങളെയാണ്. തന്റെ തനിമയാർന്ന ദൗത്യത്തെക്കുറിച്ച് ബോധ്യം ലഭിച്ചപ്പോൾ മുതൽ ഏതു ഭവനത്തിലും പ്രശ്നമോ രോഗമോ ഉണ്ടെന്നറിഞ്ഞാൽ മറ്റെല്ലാം മാറ്റിവച്ച് സ്വന്തം വീട്ടുകാരുടെ എതിർപ്പിനെയും മറികടന്ന് ആ വീടുകളിൽ പോയി പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
തിരുസഭയുടെ ഹൃദയഭാഗത്തു പ്രതിഷ്ഠിതരായ സമർപ്പിതർ സഭാഗാത്രത്തിന്റെ ചെറുപതിപ്പാണ്. സമർപ്പിതയുടെ അജപാലനശുശ്രൂഷ പ്രസക്തമാകുന്നതു ജനത്തിന്റെ കണ്ണുനീർ കോരിയെടുത്ത് ആശ്വസിപ്പിക്കാൻ അവർക്കു കഴിയുമ്പോഴാണ്. പുത്തൻചിറ ഇടവകയുടെ സ്വത്തായിരുന്ന, പരിധികളില്ലാതെ അജപാലന ദൗത്യം നിറവേറ്റിയിരുന്ന മറിയം ത്രേസ്യയുടെ ഇടവകശുശ്രൂഷയുടെ പ്രസക്തി ഇവിടെ വ്യക്തമാകുന്നു. ഇടവകവികാരിയായ ധന്യൻ ജോസഫ് വിതയത്തിൽ പിതാവിന്റെ സഹകരണത്തോടെ അമ്മ ഇടവകയുടെ അജപാലനരംഗത്തു കെടാവിളക്കായി മാറി. ഇടവകശുശ്രൂഷയ്ക്കായി തനതായ വഴികൾ കണ്ടെത്തിയ മറിയം ത്രേസ്യ, ഈ യുഗത്തിലെ സന്യസ്തർക്കു മാതൃകാജീവിതം നയിക്കുന്നതിനുള്ള മാർഗദർശിയാണ്.
സിസ്റ്റർ ബ്ലെസി സിഎച്ച്എഫ്