ലോകമലയാളികൾ വത്തിക്കാനിൽ; കേരളത്തിന് ധന്യനിമിഷം
Saturday, October 12, 2019 5:32 PM IST
മദർ മറിയം ത്രേസ്യായെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്ന അനുഗ്രഹീത നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ വത്തിക്കാനിൽ ലോക മലയാളികളുടെ സംഗമം.
കേരളത്തിൽനിന്ന് വിശേഷിച്ച് തൃശൂർ, ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ അയ്യായിരത്തിലേറെ പേർ ഇതോടകം റോമിൽ എത്തിക്കഴിഞ്ഞു. മലയാളികളായ യൂറോപ്യൻ പ്രവാസികൾ ചടങ്ങിനും സാക്ഷ്യം വഹിക്കാനും മാർപ്പാപ്പയുടെ ശ്ലൈഹിക ആശിർവാദത്തോടെയുള്ള വിശുദ്ധ കുർബാനയിൽ പങ്കുചേരാനുമായി വിമാനത്തിലും ട്രെയിനിലുമായി എത്തിക്കൊണ്ടിരിക്കുന്നു.
വിവിധ ടൂർ പാക്കേജുകളിൽ റോമും വത്തിക്കാനും ഉൾപ്പെടുന്ന ചരിത്രനഗരി സന്ദർശിക്കാനും വിശുദ്ധ പ്രഖ്യാപനത്തിൽ പങ്കെടുക്കാനും എത്തിച്ചേർന്ന മലയാളി സംഘങ്ങൾ ഭാഗ്യപ്പെട്ട മണിക്കൂർ അടുത്തുവരാനുള്ള പ്രാർഥനയോടെ വിവിധ ദേവാലയങ്ങളിൽ സന്ദർശനത്തിലാണ്.
വത്തിക്കാൻ ദേവാലയവും ഭാരതതീയർ ശുശ്രൂഷ ചെയ്യുന്ന സന്യാസഭവനങ്ങളിലും പേപ്പൽ പതാകയ്ക്കും ത്രിവർണ പതാകയ്ക്കുമൊപ്പം മദർ മറിയം ത്രേസ്യയുടെ വർണചിത്രവും ഇടംപിടിച്ചിരിക്കുന്നു. ഭാരതകത്തോലിക്കാ സഭയുടെ മറ്റൊരു സഹനദാസിയായ മറിയം ത്രേസ്യായെ വിശുദ്ധയെന്നു മാർപാപ്പ പേരുചൊല്ലുന്ന നിമിഷത്തെ അഭിമാനത്തോടെ കാണാനും കേൾക്കാനും എത്തുന്ന ചെറുതും വലുതുമായ സംഘങ്ങൾ ഭാരത പതാക അദരവോടെ കൈകളിൽ പേറിയിരിക്കുന്നു.
വത്തിക്കാനിൽ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കു നടക്കുന്ന തിരുകർമങ്ങളിലാലാണ് നൂറിലേറെ ലോകരാജ്യങ്ങളിൽ നിന്ന് വത്തിക്കാനിൽ സമ്മേളിക്കുന്ന വിശ്വാസികളെ സാക്ഷിനിറുത്തി മറിയം ത്രേസ്യയെ ഫ്രാൻസീസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുക.
കേന്ദ്രമന്ത്രിയും മലയാളിയുമായ വി. മുരളീധരന്‍റെ നേതൃത്വത്തിലുള്ള ഭാരത പ്രതിനിധി സംഘത്തെ കൂടാതെ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങൾ, സന്യാസിനീ സഭാംഗ പ്രതിനിധികൾ, വൈദികർ, അത്മായർ തുടങ്ങിയവരും റോമിൽ എത്തിയിട്ടുണ്ട്.
കുഴിക്കാട്ടുശേരിയുടെ സഹനപുത്രിയും തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയുമായ മദർ മറിയം ത്രേസ്യയ്ക്കൊപ്പം കർദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ (ബ്രിട്ടൻ), വിശുദ്ധ കമീലൊയുടെ പുത്രികൾ എന്ന സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപക ജുസെപ്പീന വന്നീനി (ഇറ്റലി), ദൈവമാതാവിന്‍റെ അമലോത്ഭവത്തിന്‍റെ പ്രേഷിത സഹോദരികൾ എന്ന സന്യാസിനീ സഭാംഗം ദുൾചെ ലോപസ് പോന്തെസ് (ബ്രസീൽ), വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് (സ്വിറ്റ്സർലൻഡ്) എന്നിവരും വിശുദ്ധരായി ഉയർത്തപ്പെടും.
പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ സഹോദരി മറിയം ത്രേസ്യയുടെ മാതൃരൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻകർമങ്ങളിൽ സഹകാർമികനാകും. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത് തുടങ്ങി സീറോ മലബാർ സഭയിലെ നിരവധി ബിഷപ്പുമാർ റോമിലുണ്ട്.
ഭാരത സഭ അനുഗ്രഹീതമാകുന്ന ഞായറാഴ്ചത്തെ കർമങ്ങൾക്ക് മുന്നോടിയായി ശനിയാഴ്ച വൈകുന്നേരം റോമിലെ മേരി മെജോറ ബസിലിക്കയിൽ ഒരുക്കശുശ്രൂഷയുണ്ട്. ചടങ്ങിൽ രണ്ടായിരത്തിലേറെ മലയാളികൾ പങ്കെടുക്കുന്നുണ്ട്.
റോമിലെ സെന്‍റ് അനസ്താസിയ ബസിലിക്കയിൽ സിറോ മലബാർസഭ മേജർആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച അർപ്പിക്കപ്പെടുന്ന കൃതജ്ഞതാ ബലിയിൽ അയ്യായിരത്തിലേറെ മലയാളികൾ പങ്കെടുക്കും.
സിസ്റ്റർ അൽഫോൻസ, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സിസ്റ്റർ എവുപ്രാസ്യ തുടങ്ങിയവർ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട വേളയിലേതുപോലെ മലയാളി സാന്നിധ്യം റോമിലും വിശുദ്ധ പത്രോസിന്‍റെ ബസലിക്ക അങ്കണത്തിലും സജീവമായിരിക്കുന്നു.
വത്തിക്കാനിൽ നിന്നും രാജു കുന്നക്കാട്ട്