സ്രഷ്ടാവായ ദൈവം
Tuesday, February 16, 2021 4:30 PM IST
ഒരിക്കൽ നിരീശ്വരവാദികളായ ഒരുപറ്റം ശാസ്ത്രജ്ഞർ ചേർന്നു തങ്ങൾക്കു കൈവരിക്കാൻ കഴിഞ്ഞ വലിയ നേട്ടങ്ങള്‍ വിലയിരുത്തി. രോഗങ്ങൾക്കുള്ള മരുന്നുകൾ മാത്രമല്ല മനുഷ്യാവയവങ്ങൾപോലും നിർമിക്കാനും കൃത്രിമ ബീജസങ്കലനത്തിലൂടെ ജീവനു ജന്മംനൽകാനുമൊക്കെയുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് അവർ വീമ്പിളക്കി. ഇനി ദൈവത്തെക്കൊണ്ട് ആവശ്യമൊന്നുമില്ല എന്ന് ഔദ്ധത്യത്തോടെ പറഞ്ഞു.
ആ വീരവാദം കേട്ട് അവരുടെ ഇടയിലേക്കു കടന്നുവന്ന ദൈവം ഒരു മത്സരം നടത്തി. ആരാണു കൂടുതൽ ശക്തൻ, ദൈവമോ ശാസ്ത്രമോ എന്നു തെളിയിക്കാൻ അവരെ വെല്ലുവിളിച്ചു. നമുക്ക് ആദ്യംമുതൽ (മനുഷ്യസൃഷ്ടി മുതൽ) ആരംഭിക്കാം എന്നു ദൈവം പറഞ്ഞു.
തുടർന്ന്, ഏതു മത്സരത്തിനും തയാറായ ഒരു ശാസ്ത്രജ്ഞൻ ദൈവത്തെപ്പോലെ മനുഷ്യനെ നിർമിക്കാനായി കൈയില്‍ മണ്ണുവാരി. അപ്പോൾ ദൈവം അയാളോടു പറഞ്ഞു: ആ പൊടി എടുക്കരുത്, അത് എന്റെ സൃഷ്ടിയാണ്. ആവശ്യമുള്ള മണ്ണ് നിങ്ങൾ സ്വന്തമായി നിർമിച്ചെടുക്കണം.
പ്രപഞ്ചത്തിന്റെ മാത്രമല്ല, സൃഷ്ടവസ്തുക്കളുടെയെല്ലാത്തിന്റെയും സർവസ്വഭാവപ്രകൃതിയുടെയും സ്രഷ്ടാവാണു ദൈവം. പ്രപഞ്ചത്തെയും അതിലെ ചരാചരങ്ങളെയും അതതിന്റെ സ്ഥാനത്ത് അവിടുന്നു ക്രമപ്പെടുത്തി വയ്ക്കുകയും അവയ്ക്കോരോന്നിനും ആജീവനാന്തമുള്ള സ്വപ്രകൃതം നൽകി അവയുടെ സ്വഭാവം നിജപ്പെടുത്തുകയും ചെയ്തു.
ഇപ്രകാരം ക്രമീകൃതമായതും, ദൈവിക വെളിപാടിന്റെ വലിയ നാടകശാലയായിത്തീർന്നതുമായ ലോകത്തിലേക്കാണ് (റോമാ 1:20) ഓരോ മനുഷ്യനും ജനിച്ചുവീഴുന്നത്. മനുഷ്യസൃഷ്ടിക്കുമുമ്പുതന്നെ ദൈവം പ്രപഞ്ചത്തെ ക്രമപ്പെടുത്തിയിരുന്നു എന്ന് ഉല്പത്തിപുസ്തകം പറയുന്നു; എല്ലാറ്റിന്റെയും അന്ത്യത്തിലാണല്ലോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.
നാം ജനിക്കുന്നതിനുമുമ്പേ ദൈവം എല്ലാം നമുക്കായി ക്രമീകരിച്ചിരുന്നു: നമ്മുടെ മാതാപിതാക്കൾ, ഭവനം, കഴിവുകൾ, സാഹചര്യങ്ങൾ… നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ദൈവികമായ ഈ ക്രമീകരണം നമുക്ക് അനുഭവവേദ്യവുമാണ്. ദൈവത്തിന്റെ അളവില്ലാത്ത സ്നേഹവും അത്ഭുതാവഹമായ കരവേലകളുമാണ് സശ്രദ്ധം നമ്മെ ആശ്ലേഷിച്ചു നിൽക്കുന്നത്.
ദൈവം ഒരുക്കിയ പ്രപഞ്ചത്തിലേക്ക് സ്വയം ഇച്ഛിക്കാതിരുന്ന സമയത്തു കടന്നുവരികയും തനിക്കു ലഭിച്ച ശരീരത്തിനും ബുദ്ധിശക്തിക്കും കഴിവുകൾക്കും വികാസം ഉണ്ടാകുന്നതും പിന്നീട് അവയെല്ലാം ഒന്നിനുപിറകെ ഒന്നായി നഷ്ടമാകുന്നതും കാണുന്ന വിവേകിയായ ഒരു മനുഷ്യന് സങ്കീർത്തകനെപ്പോലെ, അവിടുത്തെ ചിന്തയിൽ വരാൻമാത്രം മനുഷ്യന് എന്തു യോഗ്യതയുണ്ട് (സങ്കീ 8:4) എന്നു ചോദിക്കാനല്ലാതെ മറ്റെന്താണു കഴിയുക?
ദൈവത്തിന്റെ സ്നേഹമൊഴുകുന്ന മനസിലാണു പ്രപഞ്ചസൃഷ്ടി എന്ന ആശയം ആദ്യം ആവിഷ്കൃതമായത്. തുടർന്ന്, അവിടുന്ന് പദ്ധതി വിഭാവനം ചെയ്യുകയും പടിപടിയായി (ആറു ദിവസങ്ങൾ) നടപ്പാക്കുകയും ചെയ്തു. ഓരോ ഘട്ടം തീർന്നപ്പോഴും അതു നന്നായിരിക്കുന്നു എന്നവിടുന്നു കണ്ടു.
ആ പ്രപഞ്ചമാണു മനുഷ്യനുവേണ്ടി അവിടുന്ന് നൽകിയത്. നമുക്കു ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു ദൈവത്തിന്റെ ഭൂമിയിലെ നല്ല പ്രതിച്ഛായ എന്ന നിലയിൽ മനുഷ്യവാസയോഗ്യവും സഹവാസ യോഗ്യവുമായ ഒരു ലോകം പടിപടിയായി സ്നേഹത്തോടെ നമുക്കു കെട്ടിപ്പടുക്കാം. അനിവാര്യമായ വിശ്രമവും നമുക്കാവശ്യമാണ്.
ഡോ. ആന്റണി തറേക്കടവിൽ
(തലശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)