മഹത്തരമായ പത്തുകല്പനകൾ
Wednesday, February 24, 2021 10:06 AM IST
രക്ഷാകരചരിത്രത്തിലെ ഒരു നാഴികക്കല്ലാണു ദൈവം ഇസ്രയേൽ ജനതയ്ക്കു നൽകുന്ന പത്തു കൽപനകൾ. ദൈവിക അധരത്തിൽനിന്നുള്ള വെളിപാടെന്ന നിലയിൽ പത്തു കല്പനകൾ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.
ദൈവ-മനുഷ്യ ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന യഥാർഥ മാനദണ്ഡങ്ങളും മനുഷ്യന്റെ സാമൂഹികവും മതപരവുമായ എല്ലാ കർമമണ്ഡലങ്ങളെയും ബാധിക്കുന്ന തത്വങ്ങളും മാത്രമാണ് ഇതിലുൾച്ചേർന്നിരിക്കുന്നത്. യാതൊരു വ്യവസ്ഥകളുമില്ലാത്ത, ഏതു സാഹചര്യത്തിലും എല്ലായ്പ്പോഴും ഉപയോഗപ്രദമായ നിയമങ്ങളാണിവ.
ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സീനായ് മലയിൽ നൽകപ്പെട്ട എല്ലാ നിയമങ്ങളും ഉടന്പടിയുടെ പുസ്തകവും (പുറ 20: 22-23:3) പത്തു പ്രമാണങ്ങളുടെ വ്യാഖ്യാനമാണ്. പത്തു പ്രമാണങ്ങൾക്കു തുല്യമായ ഒരു നിയമസംഹിത ബൈബിളിനു പുറമേ കൃത്യമായി കാണാൻ സാധിക്കില്ലെങ്കിലും ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ നിലനിന്നിരുന്ന ഹമ്മുറാബിയുടെ നിയമസംഹിതയോടും ഹിത്യരുടെ നിയമസംഹിതകളോടും സാമ്യമുള്ളതായി കാണാം.
പത്തു കല്പനകൾ വിശുദ്ധ ഗ്രന്ഥത്തിൽ രണ്ടു സ്ഥലങ്ങളിൽ കാണപ്പെടുന്നു (പുറ 20: 2-17; നിയമാ 5: 6-21). പുറപ്പാട് ഗ്രന്ഥത്തിന്റെ പാരന്പര്യമനുസരിച്ച് പത്തു പ്രമാണങ്ങൾ ദൈവം നേരിട്ടല്ല, മോശവഴിയും മോശയിലൂടെയുമാണ് ഇസ്രയേൽ ജനത്തിനു നൽകിയത് (പുറ 19:9). എന്നാൽ, നിയമാവർത്തന ഗ്രന്ഥത്തിൽ ഇതിനു വിപരീതമായി ദൈവം ഇസ്രയേൽ ജനത്തോടു നേരിട്ടു പ്രമാണങ്ങൾ നൽകുന്നതായി കാണുന്നു (നിയമ 5:1).
ഈ രണ്ടു പാരന്പര്യങ്ങൾ നിലനിൽക്കുന്പോഴും വെളിവാക്കപ്പെട്ട ദൈവഹിതമാണ് ഈ പത്തു പ്രമാണങ്ങളുടെ സാരാംശമായി നാം സ്വീകരിക്കേണ്ടത്. ദൈവ-മനുഷ്യ ബന്ധത്തിന്റെ പ്രാധാന്യത്തെ വരച്ചുകാട്ടുകയാണ് ആദ്യത്തെ മൂന്നു പ്രമാണങ്ങൾ. തുടർന്നുള്ള ഏഴു പ്രമാണങ്ങൾ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു.
സീനായ് ഉടന്പടിയിലൂടെ നൽകപ്പെട്ട പത്തു കല്പനകൾ ഇസ്രയേൽ ജനത്തിനു മാത്രമല്ല, സകല ജനതകൾക്കും നൽകപ്പെട്ട ദൈവത്തിന്റെ തിരുഹിതമാണെന്നതിൽ സന്ദേഹമില്ല. ഇന്നും എന്നും യഥാർഥ സ്വാതന്ത്ര്യവും സംരക്ഷണവും എല്ലാവർക്കും കൈവരിക്കണമെങ്കിൽ ഈ അടിസ്ഥാന പ്രമാണങ്ങൾ അനുസ്മരിക്കുകയും അഭംഗുരം കാത്തുപരിപാലിക്കുകയും ചെയ്യണം. ഇവയിൽ ഏതെങ്കിലും അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്പോൾ സ്പഷ്ടമായ അനീതികൾക്കും അക്രമങ്ങൾക്കും വിദ്വേഷങ്ങൾക്കും മുന്നിൽ മൗനംപാലിക്കുന്നവരായി നാം മാറുന്നുവെന്നു വിസ്മരിക്കാതിരിക്കണം.
ശാശ്വതമൂല്യവും പ്രസക്തിയുമുള്ള പത്തു കല്പനകൾ ഈ നോമ്പുകാലത്തു നമ്മുടെ ധ്യാനവിഷയമാകണം. ദൈവത്തോടും സഹജീവികളോടുമുള്ള നമ്മുടെ സമീപനത്തെ അവയുടെ വെളിച്ചത്തിൽ നമുക്കു പുനഃക്രമീകരിക്കാം.
ഡോ. മനോജ് പാറയ്ക്കൽ എംഎസ്ടി
(ഉജ്ജൈൻ റൂഹാലയാ മേജർ സെമിനാരിയിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)