ജോബ്: വിശ്വാസത്തിന്റെ സഹനമാതൃക
Friday, March 12, 2021 10:14 AM IST
സഹനമെന്ന ജീവിത യാഥാർഥ്യത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ഒരു സംവാദമാണ് ജോബിന്റെ പുസ്തകം. ജോബിന്റെ ദൈവത്തിലുള്ള വിശ്വാസം കാര്യസാധ്യത്തിനുള്ളതാണോ, അതോ ഏതു പ്രതിസന്ധിയിലും തന്നെ കൈവിടില്ലെന്നുള്ള ആശ്രയബോധത്തിൽ നിന്ന് ഉരിത്തിരിയുന്നതാണോ എ ന്നുള്ളതാണ് അടിസ്ഥാന പ്രമേയം.
അതുപോലെ, സഹനമെന്നതു മനുഷ്യന്റെ പാപത്തിനുള്ള ശിക്ഷയാണെന്ന ചിന്തയ്ക്കുള്ള ഒരു മറുഭാഷ്യവും കൂടിയാണീ പുസ്തകം. കാരണം സഹനവും കഷ്ടപ്പാടുകളും ഒരുവനോ അവന്റെ മുൻതലമുറക്കാരോ ചെയ്ത പാപങ്ങൾക്കും ക്രൂരതകൾക്കുമുള്ള ദൈവശിക്ഷയാണെങ്കിൽ, നീതിമാന്റെ സഹനത്തെ എങ്ങനെ മനസിലാക്കും? കാരണം ജോബ് എല്ലാ അർഥത്തിലും നീതിമാനായിരുന്നു.
ജോബിന്റെ മൂന്നു കൂട്ടുകാർ ആദ്യം മൗനം ഭജിച്ച് അദ്ദേഹത്തിന്റെ വേദനയിൽ ഭാഗഭാക്കുകളായെങ്കിലും പിന്നീട് ജോബിനെ കുറ്റപ്പെടുത്തുന്ന എതിരാളികളായി. ജോബാകട്ടെ, തന്റെ അസ്വസ്ഥമായ ഉള്ളിന്റെ അവസ്ഥ ഹൃദയച്ചൊരിച്ചിലായി സമർപ്പിക്കാൻ സ്വാതന്ത്ര്യമുള്ള ഉടമ്പടികൂട്ടാളിയായി ദൈവത്തെ കണ്ട് തന്റെ എല്ലാ ഹൃദയവിചാരങ്ങളും ഭയലേശമെന്യെ അവന്റെ മുമ്പിൽ അനർഗള ധാരയായി ചൊരിഞ്ഞു; അതു പ്രാർഥനയാക്കി. ഉള്ളറിയുന്ന ദൈവത്തിന്റെ മുമ്പിൽ, മറച്ചുവച്ചുള്ള ഭക്താഭിനയങ്ങൾക്ക് അർഥമില്ലല്ലോ.
തന്നോടു ചോദ്യങ്ങൾ ചോദിക്കാനും ഉള്ളം ഉള്ളതുപോലെ തുറന്നു പ്രാർഥിക്കാനും തുറവിയുള്ള വിശ്വാസമാണു ശരിയായ വിശ്വാസം എന്നതുകൊണ്ടാവണം ജോബിന്റെ നിർബന്ധത്തിനു വഴങ്ങി അവനുമായി സംവദിക്കാൻ ദൈവം ഇറങ്ങിവരുന്നത്. ഇതു പൂർണഅർഥത്തിൽ നാം കാണുന്നത് ഈശോമിശിഹായിലാണ്. മനുഷ്യനുമായി സംവദിക്കാനും അവന്റെ കൂടെയായിരിക്കാനും മനുഷ്യാവതാരം ചെയ്ത ദൈവമാണല്ലോ ഈശോമിശിഹാ.
ജോബിന്റെ ചോദ്യങ്ങൾക്കു ദൈവം കൊടുക്കുന്ന ഉത്തരം ലളിതമാണ്: മനുഷ്യൻ സൃഷ്ടിയുടെ മകുടമാണെങ്കിലും അവിടുത്തെ സൃഷ്ടജാലങ്ങളിൽ ഒന്നു മാത്രമാണ്. ഈ പ്രപഞ്ചത്തെ മുഴുവൻ സ്വകേന്ദ്രീകൃതമായി നിരൂപിച്ച് പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും അശ്രദ്ധയോടും താൻപോരിമയോടും കൂടി പെരുമാറിയാൽ മനുഷ്യനു തെറ്റി; മറിച്ച്, ദൈവകേന്ദ്രീകൃതമായും ബഹുസ്വരതയോടും കൂടി ജീവിച്ചാൽ അതു നന്മയായി ഭവിക്കുമെന്നു ജോബ് പഠിപ്പിക്കുന്നു.
അതുപോലെ സഹനമെന്ന രഹസ്യത്തെ സ്വയംകൃതാനനർഥങ്ങൾക്കുള്ള ദൈവശാപവും ശിക്ഷയുമായി വളരെ ലളിതമായി വിശദീകരിക്കുന്ന പ്രവണതയെ തിരുത്താനും ജോബിന്റെ സഹനവും ഈശോയുടെ സഹനവും ആവശ്യപ്പെടുന്നുണ്ട്. മതാത്മക സ്തുതിപ്പുകളും കാഹളാരവങ്ങളും മനുഷ്യരുടെ ജീവിതയാഥാർഥ്യവുമായി ചേർന്നുപോകണമെന്നും ജോബ് നിഷ്കർഷിക്കുന്നു.
ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട്, സിഎംഐ
(ബംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)