ശിഷ്യത്വം: ഈശോയുടെ കൂടെയായിരിക്കൽ
Thursday, March 25, 2021 11:59 AM IST
മലയിലെ പ്രസംഗത്തിൽ ഈശോ ക്രിസ്തുശിഷ്യരായിരിക്കുക എന്നാൽ എന്താണെന്നു പഠിപ്പിച്ചു. പിതാവിന്റെ വിശ്വസ്ത പുത്രനായ ഈശോതന്നെ ശിഷ്യത്വത്തിന്റെ പാത അനുയായികൾക്കു കാണിച്ചു കൊടുത്തു. ആ പാതയിലൂടെ നടന്നുകൊണ്ട് ശിഷ്യത്വം കഠിനതരമായ ഒരു ആത്മീയ സാധനയാണെന്ന് അവിടുന്ന് വ്യക്തമാക്കി.
അതു കുരിശിന്റെ വഴിയാണ്. നീതിക്കുവേണ്ടിയുള്ള സമരവും പാവങ്ങളോടുള്ള പക്ഷം ചേരലും ആത്മപരിത്യാഗവും ശിഷ്യത്വത്തിന്റെ അഴിഭാജ്യഘടകങ്ങളാണ്. കുരിശുകൾ വഹിച്ചുകൊണ്ടു വിശ്വാസികൾ നടത്തുന്ന കുരിശിന്റെ വഴി എന്ന ഭക്തകൃത്യം നമുക്കു സുപരിചിതമാണ്.
വിശ്വാസികൾ വഹിക്കുന്ന കുരിശുകൾ അവർക്ക് ഈശോയുടെ സാമിപ്യത്തിന്റെയും അവിടുത്തെ സഹനത്തിലുള്ള പങ്കുചേരലിന്റെയും പ്രതീകമായിത്തീരുന്നു. ഈശോയുടെ പാടുപീഡകളുടെ സ്മരണ ഹൃദയത്തിൽ പേറി, അവിടുത്തോടൊപ്പം നടന്നാണ് അവർ പ്രാർഥിക്കുന്നത്.
വിശുദ്ധ മർക്കോസിന്റെ സുവിശേഷമനുസരിച്ച് ക്രിസ്തുശിഷ്യത്വത്തിന്റെ പ്രഥമലക്ഷ്യം ഈശോയുടെ കൂടെയായിരിക്കുക എന്നതാണ് (മർക്കോസ് 3:13). പ്രസംഗിക്കാൻ അയക്കപ്പെടുക, പിശാചുക്കളെ ബഹിഷ്കരിക്കുക തുടങ്ങിയ ദൗത്യങ്ങളെല്ലാം ഈശോയുടെ കൂടെയായിരിക്കുന്നതിന്റെ ബഹിർസ്ഫുരണങ്ങളാണ്.
ഈശോയുടെ കൂടെയായിരിക്കുന്നതാണു ക്രൈസ്തവ ജീവിതത്തിൽ എന്തിനും ഏതിനും അടിസ്ഥാനവും ആഴവും അർഥവും നൽകുന്നത്. വലുതോ ചെറുതോ പ്രാധാന്യമുള്ളതോ അല്ലാത്തതോ ആയ ഏതൊരു പ്രവൃത്തിയും യേശുവിനോടൊപ്പം ചെയ്യുന്പോൾ ദൈവികമായി മാറുന്നു.
’ഈശോയോടുള്ള സ്നേഹത്തോടെ ഒരു കരിയില പെറുക്കിക്കളഞ്ഞാലും ഒരാത്മാവിനെ സ്വർഗത്തിലേക്കുയർത്താൻ അതു പ്രാപ്തമാണ്’ എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ വചനങ്ങൾ നാം ഇതിനോടു ചേർത്തുവായിക്കണം.
നോന്പുകാലം ഈശോയുടെകൂടെ മാത്രം ആയിരിക്കുവാനുള്ള പരിശ്രമത്തിന്റെ പുണ്യവേളയാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ ജീവിതത്തെ സ്വാർഥതയിൽനിന്നും അഹംഭാവത്തിൽനിന്നും പകയിൽനിന്നു മുക്തമാക്കി ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പാത തെരഞ്ഞെടുക്കണം.
തിരുവചന പാരായണവും കൂദാശകളിലെ ഭാഗഭാഗിത്വവും പ്രാർഥനകളും പരിത്യാഗ പ്രവൃത്തികളും എപ്പോഴും ഈശോയോടുകൂടെയായിരിക്കാൻ നമ്മെ സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിന് നിരക്കാത്തതെല്ലാം വെറുത്തുപേക്ഷിക്കുവാൻ ക്രിസ്തു ശിഷ്യർക്കു സാധിക്കണം. എന്തു ചെയ്താലും എവിടെയായിരുന്നാലും ‘ഈശോയുടെ കൂടെയും ഈശോയ്ക്കിഷ്ടമുള്ളപോലെയും’ എന്നു നമുക്കു മനസിൽ ഉറപ്പിക്കാം.
ഡോ. പോൾ കുഞ്ഞാനായിൽ എംസിബിഎസ്
(താമരശേരി സനാതന എംസിബിഎസ് മേജർ സെമിനാരി ബൈബിൾ പ്രഫസറാണു ലേഖകൻ)