ശബരിമല ഹബായി പത്തനംതിട്ട കെഎസ്ആർടിസി
Thursday, November 18, 2021 2:22 PM IST
കെഎസ്ആർടിസി യുടെ പന്പ സ്പെഷൽ സർവീസുകളുടെ ഹബായി പത്തനംതിട്ട ബസ് സ്റ്റേഷൻ മാറും. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് പത്തനംതിട്ടവഴിയുള്ള പന്പ സർവീസുകൾ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളിൽ നിന്ന് യാത്ര തുടങ്ങുന്നവർ പന്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താൽ മതിയാകും.
അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയിൽ നിന്ന് പന്പയിലേക്ക് ചെയിൻ സർവീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാരന്റെ ടിക്കറ്റ് നാലു മണിക്കൂർ വരെ ഉപയോഗിക്കാനാകും.
ഭക്ഷണത്തിനും വിശ്രത്തിനുമായി ആവശ്യമെങ്കിൽ നാലു മണിക്കൂർവരെ എടുത്തശേഷം യാത്ര തുടർന്നാൽ മതിയാകും. പത്തനംതിട്ടയിൽ നിന്ന് അഞ്ച് മിനിട്ട് ഇടവേളയിൽ പന്പയിലേക്ക് ചെയിൻ സർവീസ് ഉണ്ടാകും. ഈ ബസുകൾ ഇടയ്ക്ക് ഭക്ഷണത്തിനായി ഒരിടത്തും നിർത്തുകയില്ല.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡിപ്പോകളിൽ നിന്നുള്ള പന്പ സ്പെഷൽ ബസുകളാകും പത്തനംതിട്ടയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത്. ഇതര ജില്ലകളിൽ നിന്നുള്ള പന്പ സ്പെഷൽ സർവീസുകൾ എരുമേലിയിൽ തുറക്കുന്ന ഹബ് വരെയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
22 ന് പരീക്ഷണ സർവീസ് നടത്തും. ആദ്യഘട്ടത്തിൽ ചെയിൻ സർവീസിനായി 50 ബസുകൾ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കും.
കെഎസ്ആർടിസിയുടെ പുതിയ ടെർമിനലിൽ തീർഥാടകർക്ക് വിശ്രമിക്കാനും ബാഗുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകും. ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും യാർഡും ടെർമിനലും ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല.
പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് ബയോശുചി മുറികളും കുടുംബശ്രീയുമായി സഹകരിച്ച് കാന്റീൻ സംവിധാനവും ഒരുക്കും. സമീപ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ദർശനത്തിനായി സർക്കുലർ സർവീസും ആരംഭിക്കും.