അരവണപ്പായസ നിര്‍മാണം: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ദേവസ്വം ബോര്‍ഡ്
Thursday, November 18, 2021 3:16 PM IST
ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും അതിന്റെ നിര്‍മാണ രീതിയെക്കുറിച്ചും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്.
സമീപ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പായസം നിര്‍മാണത്തെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നതു ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്നാണ് നടപടി.
ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നുമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാം കൂര് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.
അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ചില വാര്‍ത്താ മാധ്യമങ്ങളും നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സികുട്ടീവ് ഓഫീസര്‍ സന്നിധാനം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.