ശബരിമല തീര്‍ഥാടനം: പമ്പയില്‍ ആധുനിക ബാരിക്കേഡുകള്‍
Friday, November 19, 2021 10:00 AM IST
ശബരിമല തീര്‍ഥാടകര്‍ക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അധിക സൗകര്യം ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
പമ്പാ സ്നാനം സംബന്ധിച്ച് നിലവിലത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുമായി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പമ്പയില്‍ ബാരിക്കേഡ് നിര്‍മിക്കും.
സ്വീവേജ് പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. നുണങ്ങാറില്‍ പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അനുസരിക്കും.
ഇറിഗേഷന്‍, പിഡബ്യുഡി ബ്രിഡ്ജസുമായി കൂടിയാലോചിച്ച് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. എടിഎം, മൊബൈല്‍ കവറേജ് എന്നിവ ഉടന്‍ തന്നെ ബന്ധപ്പെട്ട വിഭാഗം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പിന് സമീപത്തിലെ റോഡിലെ വെള്ളക്കെട്ട് 48 മണിക്കൂറിനുള്ളില്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ആശയവിനിമയം നടത്തി. ശബരിമല എ.ഡി.എം അര്ജുന് പാണ്ഡ്യന്, നിലയ്ക്കല്‍ പമ്പ ചാര്‍ജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.