ശബരിമല പാതയിൽ മാനം തെളിഞ്ഞു, കൂടുതൽ തീർഥാടകരെ കടത്തിവിട്ടു
Sunday, November 21, 2021 3:33 PM IST
വെള്ളിയാഴ്ച വൈകുന്നേരവും രാത്രിയിലുമായി പെയ്ത കനത്ത മഴ ഉയർത്തിയ ആശങ്കയ്ക്കിടെ ശബരിമല യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്നലെ രാവിലെയോടെ നീക്കി.
രാവിലെ ഒന്പതു മുതൽ തീർഥാടകരെ കയറ്റിവിടാൻ തീരുമാനമായി.വെള്ളിയാഴ്ച രാത്രി പന്പ ത്രിവേണിയിൽ വെള്ളം കയറിയതിനേ തുടർന്ന് അയ്യപ്പഭക്തരെ നിലയ്ക്കലിൽ തടഞ്ഞിരുന്നു. പിന്നീട് രാത്രിയിൽ ശബരിമല യാത്രയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവും വന്നു.
എന്നാൽ ഇന്നലെ രാവിലെയോടെ മഴ കുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സന്നിധാനത്തുണ്ടായിരുന്ന തീർഥാടകരെ തിരികെ അയയ്ക്കാനും നിലയ്ക്കലിൽ നിന്നു തീർഥാടകരെ പന്പയിലേക്ക് അയയ്ക്കാനും തീരുമാനിച്ചു.
പിന്നാലെ ഘട്ടംഘട്ടമായി തീർഥാടകരെ പന്പയിലെത്തിച്ചു. ഇന്നലെ പകൽ മഴ പെയ്തില്ലെങ്കിലും പന്പ ഡാം തുറന്നതോടെ പന്പാനദിയിൽ ത്രിവേണി ഭാഗത്ത് ജലനിരപ്പ് ഉയർന്നു നിന്നു. എന്നാൽ അപകടകരമായ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. റവന്യു, ജലസേചന വകുപ്പുകൾ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. പന്പാനദിയിലേക്ക് തീർഥാടകർ ഇറങ്ങുന്നതിനു വിലക്ക് തുടരുകയാണ്.