ദേശീയ ദുരന്തനിവാരണ സേന ശബരിമലയിൽ
Sunday, November 21, 2021 3:51 PM IST
ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം ശബരിമലയിൽ സേവനം തുടങ്ങി. തമിഴ്നാട് ആരക്കോണം നാലാം ബറ്റാലിയൻ ടീമാണ് സന്നിധാനത്തും പന്പയിലും സേവനമനുഷ്ഠിക്കുന്നത്.
സീനിയർ കമാൻഡന്റ് രേഖ നന്പ്യാരുടെ നിർദേശപ്രകാരം 60 പേരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. പന്പയിലും സന്നിധാനത്തും 30 പേർ വീതമാണ് സേവനമനുഷ്ഠിക്കുന്നത്.
പന്പയിൽ എസ്ഐ അരവിന്ദ് ഗാനിയലും എസ്ഐ സുരേഷ് കുമാറും സന്നിധാനത്ത് ഇൻസ്പെക്ടർ ജെ.കെ. മണ്ഡലും എസ്ഐമാരായ കെ.കെ. അശോക് കുമാറും ഗോപി കൃഷ്ണനുമാണ് സേനയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. മണ്ഡല, മകരവിളക്ക് തീർഥാടന കാലം പൂർത്തിയാകുംവരെ എൻഡിആർഎഫിന്റെ സേവനമുണ്ടാകും.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും എൻഡിആർഎഫ് ശബരിമലയിൽ എത്തിച്ചിട്ടുണ്ട്. ഐആർ ബോട്ട്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ആർആർ സോ, ആർപി സോ, ചെയ്ൻ സോ എന്നിവയും സ്ട്രെച്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സന്നിധാനത്തും പന്പയിലും ഒരുക്കിയിട്ടുണ്ട്.