അയ്യപ്പഭക്തർക്ക് സുരക്ഷയൊരുക്കി വനപാലകസംഘം
Sunday, November 21, 2021 3:57 PM IST
അയ്യപ്പഭക്തർക്ക് വന്യ ജീവികളിൽ നിന്നും സുരക്ഷയേകാൻ വനപാലക സംഘം സജ്ജം. സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വനം വകുപ്പ്കണ്‍ട്രോൾ റൂമും തുറന്നു. പന്പ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ സ്ഥിരമായി പ്രവർത്തിക്കുന്ന 25 വനപാലകർക്ക് പുറമേ പന്പയിലും സന്നിധാനത്തുമായി കണ്ട്രോൾ റൂമുകളിൽ 21 വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും.
സഹായം ആവശ്യമുള്ള തീർഥാടകർക്ക് പന്പയിലെയോ (04735203492), സന്നിധാനത്തെയോ(04735202077) കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെടാം.പുലർച്ചെ മൂന്നിന് ആദ്യ സംഘത്തെ സന്നിധാനത്ത് എത്തിച്ചും ഹരിവരാസനം കഴിഞ്ഞ് അവസാന സംഘത്തെ കാനനപാതയിലൂടെ പന്പയിലെത്തിച്ചുമാണ് വനപാലകരുടെ സ്പെഷൽ സ്ക്വാഡ് സുരക്ഷാപ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.ബി. സുബാഷിന്റെ കീഴിൽ പന്പ കണ്ട്രോൾ റൂം റേഞ്ച് ഓഫീസർ എ. വേണുകുമാറുംസന്നിധാനം കണ്ട്രോൾ റൂം റേഞ്ച് ഓഫീസർ എം.ടി. ടോമിയുമാണ് കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം നയിക്കുന്നത്.അടിയന്തര ചികിത്സാ സഹായത്തിനായി ചരൽമേടുള്ള ആരോഗ്യ കേന്ദ്രത്തിൽ വനംവന്യജീവി വകുപ്പിന്റെ എമർജൻസി റെസ്ക്യു വെഹിക്കിളും വനംവകുപ്പിന്റെ കീഴിലുള്ള വനം ഇക്കോ ഷോപ്പിൽ ചുക്കുവെള്ള വിതരണവും നടക്കുന്നുണ്ട്.
പന്പയിലും സന്നിധാനത്തും എലിഫന്റ് സ്ക്വാഡിനെയും പാന്പ് പിടുത്ത സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. പന്പ എലിഫന്റ് സ്ക്വാഡിൽ എട്ട് പേരും സന്നിധാനത്ത് രണ്ട് പേരും പ്ലാപ്പള്ളിയിലും നിലയ്ക്കലിലും 10 പേരുമാണ് ഉള്ളത്. ഇതിന് പുറമെ പന്പയിൽ നാല് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. പന്പയിലും സന്നിധാനത്തുമായി പാന്പുകളെ പിടിക്കുന്നതിന് ഓരോ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.