1008 നെയ്ത്തേങ്ങകളുമായി സോമനാചാരി ശബരിമലയ്ക്ക്
Wednesday, November 24, 2021 9:52 AM IST
മണ്ഡലകാലത്ത് 1008 നെയ്ത്തേങ്ങകളുമായി സോമനാചാരി ശബരിമലയ്ക്ക് പുറപ്പെട്ടു. നീണ്ടൂർ വെള്ളാപ്പള്ളിയിൽ സോമൻ ആചാരി 28 വർഷമായി മുടങ്ങാതെ മല കയറുന്ന ഇദ്ദേഹം 2012 ലാണ് കൂടുതൽ നെയ്ത്തേങ്ങകളുമായി ആദ്യമായി മല ചവിട്ടിയത്.
മലയ്ക്കു പോകാൻ കഴിയാത്തവർ നിറച്ചു നൽകിയ തേങ്ങകളുൾപ്പെടെ ആദ്യയാത്രയിൽ 106 മുദ്രകളുള്ള ഇരുമുടിക്കെട്ടുമായിട്ടായിരുന്നു ശബരിമല യാത്ര. തുടർന്ന് ഓരോ വർഷവും നെയ്ത്തേങ്ങകളുടെ എണ്ണം കൂടി വന്നു. കഴിഞ്ഞ വർഷം ഇവയുടെ എണ്ണം 1007 വരെയായി.
2019 ൽ 806 തേങ്ങകൾ സ്വയം ചുമന്നാണ് സോമൻ ആചാരി ശബരിമല ദർശനം നടത്തിയത്. ഈ യാത്രയ്ക്കാവശ്യമായ തേങ്ങകൾ ഒറ്റ തെങ്ങിൽ നിന്ന് ലഭിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. വൃശ്ചികം എട്ടിന് രാവിലെ എട്ടിന് നീണ്ടൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽനിന്നും കെട്ടുനിറച്ചാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്.
ശബരിമല മുൻ മേൽശാന്തി ശങ്കരൻ നന്പൂതിരിയുടെ നേതൃത്ത്വത്തിലാണ് കെട്ടുനിറയ്ക്കൽ ചടങ്ങുകൾ നടന്നത്.
മന്ത്രി വി.എൻ. വാസവൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു. സ്വർണപ്പണിക്കാരനായ സോമനാചാരി അറിയപ്പെടുന്ന പാന്പ് പിടിത്തക്കാരൻ കൂടിയാണ്.