ശബരിമലയിൽ തീർഥാടകർക്കായി കൂടുതൽ സജ്ജീകരണങ്ങൾ
Thursday, December 2, 2021 9:21 AM IST
ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി എഡിഎം അർജുൻ പാണ്ഡ്യൻ അറിയിച്ചു. പ്രതിദിനം ദർശനത്തിനെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
വരുംദിവസങ്ങളിൽ കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. നീലിമല പാതയിൽ പോലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു.
നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോമേറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിക്കും.
സന്നിധാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷാ പരിശോധനകൾ നിരന്തരം നടത്തിവരുന്നു. കുടിവെള്ളം പൂർണമായും സുരക്ഷിതമാണ്. കെഎസ്ആർടിസി 24 മണിക്കൂറും സർവീസ് നടത്തുന്നുണ്ട്. നിലവിൽ കാട്ടുപന്നികൾ തീർഥാടകരെ ആക്രമിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
സുരക്ഷയ്ക്ക് ഭീഷണിയായ മരച്ചില്ലകൾ മുറിച്ചുമാറ്റും. സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ്, ഫയർ ആൻഡ് സേഫ്റ്റി, എക്സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ പരിശോധനകളും നടത്തിവരുന്നു.