പന്പാ സ്നാനം: എഡിഎമ്മിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി
Thursday, December 9, 2021 11:26 AM IST
ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് പന്പാ സ്നാനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ശബരിമല എഡിഎം അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ പന്പാ ത്രിവേണിയിലെ നദിക്കരയിൽ പരിശോധന നടത്തി.
സ്നാനത്തിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായാൽ വെള്ളത്തിന്റെ ഒഴുക്കും നദിയിലെ ആഴമുള്ള ഭാഗങ്ങളും കണ്ടെത്തി, അപകടങ്ങളില്ലാതെ ഏതൊക്കെ ഭാഗങ്ങളിൽ അനുമതി നൽകാനാവുമെന്ന സാധ്യതകളാണ് പരിശോധിച്ചത്.
മുൻകരുതലിന്റെ ഭാഗമായി കയർ കെട്ടി തിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും പരിശോധിച്ചു. സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് കൈമാറുമെന്നും പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എഡിഎം അർജുൻ പാണ്ഡ്യൻ അറിയിച്ചു.