പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്തേക്ക്
Monday, December 13, 2021 12:31 PM IST
പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിത്തുടങ്ങി.
ഇന്നലെ പുലര്‍ച്ചെ രണ്ടു മുതലാണ് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തിവിടാന്‍ തുടങ്ങിയത്. കന്നിഅയ്യപ്പന്മാര്ക്ക് ശരംകുത്തിയും നീലിമലയും ചവിട്ടി സന്നിധാനത്തേക്ക് എത്താന്‍ അനുമതി നല്കിയി ട്ടുണ്ട്.
പാത തുറന്നതോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ശബരിമല എഡിഎം അര്ജുന് പാണ്ഡ്യന്റെയും പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്. ആനന്ദിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നുണ്ട്.
കാര്യങ്ങള്‍ വിലയിരുത്തി ആവശ്യാനുസരണം വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എഡിഎം പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് പമ്പ - സന്നിധാനം പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നത്. തീര്‍ഥാടകരുടെ ആവശ്യാനുസരണം നീലിമല വഴിയും സ്വാമി അയ്യപ്പന് റോഡുവഴിയും സന്നിധാനത്തേക്ക് പോകാം. പമ്പയില്‍ സ്നാനത്തിനുള്ള അനുമതി ശനിയാഴ്ച തന്നെ നല്‍കിയിരുന്നു.
മല കയറുന്ന ഭക്തര്‍ക്കായി ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തനക്ഷമമാണ്.
ആവശ്യമായ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. 44 കുടിവെള്ള കിയോസ്കുകളും ചുക്കുവെള്ള വിതരണ സംവിധാനവും ഏര്‍പ്പെടുത്തി.
56 ടോയ്ലറ്റ് യൂണിറ്റുകളും അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സ്ട്രെച്ചര്‍ യൂണിറ്റുകളും സജ്ജമാണ്.