അധ്യാപനത്തിൽ നിന്ന് അറിവിന്റെ സംരംഭത്തിലേക്ക്
Friday, December 24, 2021 4:21 PM IST
പുത്തൻ ജോലിസാധ്യതകളും അറിവിന്റെ പുതിയ മാനങ്ങളും കുരുന്നുകൾ ആർജിക്കുന്പോൾ ഇന്ന് ഡോ. ആന്റണിക്ക് അധ്യാപകന്റെ കുപ്പായമല്ല. സ്കൂൾ ചെയർമാൻ എന്ന പദവിയാണ്. സംസ്ഥാനത്തിനു പുറമേ സൗത്ത് ആഫ്രിക്കയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള അദ്ദേഹം ഇവിടത്തെ കുട്ടികൾക്കായി വിദേശപഠനം സാധ്യമാക്കുന്നതിനുള്ള തിരക്കിലാണ്.
കണക്കിനോടു കൂട്ടുകൂടി
ചെറിയ ക്ലാസ് മുതൽ കണക്കിനോടു തോന്നിയ ഇഷ്ടം മുതിർന്ന ക്ലാസുകളിൽ എത്തിയപ്പോൾ വർധിച്ചു. പ്രീഡിഗ്രിക്ക് സയൻസ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്തു. തുടർന്ന് കണക്ക് മുഖ്യവിഷയമായി ബിരുദപഠനവും പൂർത്തിയാക്കി. ചങ്ങനാശേരി എസ്ബി കോളജിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം റാഞ്ചി യൂണിവേഴ്സിറ്റിയിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും പിഎച്ച്ഡിയും സ്വന്തമാക്കി.
കണക്കിൽ നേടുന്ന നേട്ടങ്ങളിൽ മാത്രം തൃപ്തനാകാത്തതുമൂലം അറിഞ്ഞതും മനസിലാക്കിയതുമായ അറിവിനെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി അധ്യാപനവൃത്തിയിലേക്ക് തിരിഞ്ഞു. ’കണക്കിനെ വിദ്യാർഥികൾക്ക് ലളിതമായി സമീപിക്കാൻ കഴിയുന്ന വിഷയമാക്കി മാറ്റുകയെന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം.’ ഡോ. ആന്റണി പറയുന്നു.
1981 മുതൽ 1993 വരെ ബിഹാറിലെ ഗേൽപുർ മൗണ്ട് അസീസ് സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിദ്യാർഥികളുമായി ചെലവിടുന്ന സമയങ്ങൾ എന്നും ഏറ്റവും വിലപ്പെട്ടതായി ഡോ. ആന്റണി കാണുന്നു.

വിദേശ പഠനസാധ്യതകൾ തേടി
1994-ൽ സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാനയിൽ സ്വന്തമായി സ്ഥാപനം ആരംഭിച്ചു. ഗബറോണ് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ ആൻഡ് പ്രഫഷണൽ സ്റ്റഡീസ് (ജിയുസി) എന്ന സ്ഥാപനം ഇന്ന് ലോകത്തുതന്നെ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കിടപിടിക്കാൻ പോന്നവയാണ്.
ജോലി കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ കൂടുതൽ മനസിലാക്കുന്നതിനും വിദ്യാർഥികൾക്ക് അവ ലഭ്യമാക്കുന്നതിനുമാണ് വിദേശത്ത് വിദ്യാഭ്യാസ സംരംഭം ആരംഭിച്ചത്. വിദേശികളായ വിദ്യാർഥികൾക്ക് പുറമേ കേരളത്തിൽനിന്നും രാജ്യത്തിനകത്തുനിന്നും വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ആറ് ഡിപ്പാർട്ട്മെന്റുകളിലായി 2500ഓളം വിദ്യാർഥികൾ ജിയുസിയിൽ പഠിക്കുന്നുണ്ട്.
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ രീതിയിൽനിന്നും തികച്ചും വ്യത്യസ്തമായ വിദ്യാഭ്യാസ സന്പ്രദായമാണ് വിദേശരാജ്യങ്ങളിൽ പിന്തുടരുന്നത്. കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾക്കു പുറമേ അതാത് പ്രായത്തിൽ അറിഞ്ഞിരിക്കേണ്ടതും ഗ്രഹിച്ചിരിക്കേണ്ടതുമായ പൊതുകാര്യങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നതിനൊപ്പം പഠനാനന്തരം ഏതു ജോലി തെരഞ്ഞെടുക്കണമെന്നുള്ള ബോധ്യവും ഉണ്ടാക്കിയെടുക്കുന്നു. ഇത്തരം രീതികൾ പുതുതായി ചുമതലയേറ്റ സ്ഥാപനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രഭാത് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ
വിദേശത്തെ സ്ഥാപനങ്ങളുടെ നടത്തിപ്പിനൊപ്പം വീണ്ടും നാട്ടിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡോ. ആന്റണി പി. ജോസഫ് വീണ്ടുമൊരു സ്കൂളിന്റെ ഭാഗമായത്. എറണാകുളം കരിമുകൾ പ്രഭാത് റെസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ അമരക്കാരിലൊരാളായി ചുമതലയേൽക്കുന്പോഴും വിദേശ പഠനസാധ്യതകളും ജോലിസാധ്യതകളും കുട്ടികളിലെത്തിക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
കരിമുഗൾ ജംഗ്ഷനിൽനിന്നും തിരക്കൊഴിഞ്ഞ പ്രകൃതിരമണീയമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം മുതൽ അത്യാധുനിക കളിസ്ഥലങ്ങൾവരെ ഏർപ്പെടുത്തിയിട്ടുണ്ട്. കംപ്യൂട്ടറിന്റെ പഠനസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി വിശാലമായ ലാബും വിദ്യാർഥികൾക്കായി ലൈബ്രറിയും സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
വാഹനസൗകര്യവും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. പത്താംക്ലാസ് വരെയുള്ള സ്കൂളിലെ 90 ശതമാനം പഠനവും സ്മാർട്ട് ബോർഡുകളുടെ സഹായത്തോടെയാണ്.
വിദേശ പഠനത്തിന് അവസരം
പഠനത്തിനുശേഷം ജോലിയെന്നുള്ള രീതിക്കു വിഭിന്നമായി പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും തുടർന്ന് പഠനശേഷം സ്ഥിരം ജോലിയുമെന്നതാണ് ഡോ. ആന്റണിയുടെ പോളിസി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്തെ സർവകലാശാലകൾക്കും കോഴ്സുകൾക്കും ആവശ്യക്കാരേറിയതോടെ ഈ രംഗത്ത് ഇപ്പോൾ വൻ തിരക്കാണ്.
പ്രഭാത് റെസിഡൻഷ്യൽ സ്കൂളിന്റെ ഭാഗമായി പഠനം നടത്തുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും വളരെ എളുപ്പത്തിൽ വിദേശപഠനവും മറ്റും സാധ്യമാക്കുമെന്നതാണ് സ്കൂളിന്റെ ആകർഷണീയതകളിലൊന്ന്.
ഡോ. ആന്റണി ജോസഫിന്റെ സ്ഥാപനമായ ജിയൂസിയിലാണ് വിദ്യാർഥികൾക്ക് പഠനത്തിന് അവസരമൊരുക്കുന്നത്. ഇവിടെ ഹയർ സെക്കൻഡറിയും ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.